ചിത്രവധക്കൂട്ടിലെ ഗന്ധർവ്വന്മാർ

ഒന്നു വിളിച്ചിരുന്നെങ്കിൽ
മൂഢ  സ്വർഗത്തിൽ നിന്ന്
ഞാനെപ്പഴേ ഇറങ്ങി വന്നേനെ.
സ്വയമൂതിക്കെടുത്തിയ
ആട്ടവിളക്ക് ഞാൻ നമുക്ക് വേണ്ടി
ഒരു വട്ടം കൂടി കൊളുത്തിയേനെ.

പാതിരാ മഴക്കാറ്റിൽ
കവിതകളിൽ പൂത്ത
ഗന്ധർവ്വ പുഷ്പത്തെ
കാൽപനികതയുടെ
പരുക്കൻ വിരലുകൾ കൊണ്ടു
നിന്നെയെന്നോണം ഞാൻ
നുള്ളിയെടുക്കുമായിരുന്നു.
അന്ന് പാതിരാവിൽ
നീയെന്നോട് ഇറങ്ങിവരാൻ
വിളിക്കുന്നുണ്ടെന്ന്
സ്വപ്നം കാണുകയും ചെയ്യും.

കൂടെ ഇറങ്ങിവരാൻ വിളിക്കുന്ന
കാമുകന്മാരുടെ സ്വരങ്ങൾക്കെല്ലാമപ്പോൾ
പാട്ടുകാരുടെ നാദമായിരിക്കുമെന്ന് തോന്നി. 
തീർച്ചയായും ഞാൻ ഇറങ്ങി വരുമ്പോൾ 
അവന്റെ  കണ്ണുകൾ മൽഹാർ
രാഗത്തിൽ  ഗസൽ മഴ പെയ്യിക്കുകയും
അവന്റെ ചുണ്ടുകളിൽ
ഉസ്താദ് ബിസ്മില്ലാഖാന്റെ ഷഹനായി
മംഗള ഗാനം പാടുകയും
ചിങ്ങപ്പുലരികളിൽ പെയ്യുന്ന
മഴയുടെ ഈണത്തിൽ കോർത്തൊരു
താലി കെട്ടുകയും ചെയ്യും.

പലപ്പോഴും സ്വപ്നങ്ങളിൽ
നിന്നോട് ചേർന്നു നടക്കാതെ നമ്മൾ
ഒറ്റയായി പകലന്തിയെപ്പോലെ
ഇരു ദിശകളിലേക്ക്
വേർപ്പെട്ടു പോകുകയും 
പണിയെടുത്തു വിയർക്കുകയും
തിരികെ ഞാനെന്റെ
മൂഢ സ്വർഗ്ഗത്തിലേക്ക്
യാത്ര തിരിക്കുകയും ചെയ്യുമായിരുന്നു.

ഞാൻ വീണ്ടും പൂജ്യത്തിലേക്ക് നടന്നു.
പൂഴിമണ്ണിൽ 
കുഴിയാനയതിന്റെ മഹത്തായൊരു
വൃത്തം വരച്ചു.
ആ ഗോളാന്തരത്തിൽ നീ
വീണ്ടും ജനിക്കാനെന്ന വണ്ണം
മരിച്ച കുഞ്ഞായിക്കിടന്നു.

മൽഹാർ രാഗത്തിൽ നിന്റെ കണ്ണുകളതിൽ
മഹാ ദുഃഖത്തിന്റെ ഗസൽ മഴ കൊണ്ടൊരു
ചാവുനദി തീർക്കുകയും
ഞാനതിലൊരു കാക്കപ്പൂപോലെ 
ഒഴുകുകയും ചെയ്തു.
പുഴച്ചുഴിയിലേക്കെന്ന പോലെ
നിന്റെ കണ്ണുകളിലെ
അഗാധ സംഗീതത്തിന്റെ 
കയങ്ങളിലേക്ക് ഞാനെന്നെ
ഇറക്കിക്കൊണ്ട് പോയി.

പക്ഷെ,
എന്നിട്ടും ഞാൻ നിന്റെ പൂജ്യത്തിലേക്ക് ഇറങ്ങിവന്നിരുന്നില്ല.
എന്റേത് എന്തൊരശ്ലീല-
പ്രണയമായിരിക്കുമെന്ന് ഞാൻ
എന്നെത്തന്നെ ഭയക്കുകയും
എന്റേതെന്നു തോന്നിപ്പിക്കുന്നൊരു
നിഴലിനെ നിന്റെ തീരത്ത്
ഉപേക്ഷിക്കുകയും ചെയ്തു.

ചിത്രവധക്കൂട്ടിനുള്ളിലെ നിന്റെ
അസ്ഥികൂടത്തിലേക്ക് ഞാൻ
ഒരു തീമഴ പോലെ പെയ്തു തീർത്തു.
ഉസ്താദ് ബിസ്മില്ലാഖാന്റെ
ഷഹനായി പോലെ ഞാനതിൽ
നീ പോയ കൊടും ദുഃഖത്തിന്റെ
മരണ താപത്തിൽ വെന്തുരുകി.

“മരണ ഗീതമേ, വഴിമാറിനടക്കുകെൻ –
സ്മരണതാപത്തിൻ കൊടും ചൂടിലേറ്റം
കൃതികൾ രചിക്കട്ടെ, കിനാവിലെങ്കിലു-
മവന്റെ കനൽ ശയ്യയിലൊരു മേനിയായി
അഗ്നിയെ ഞാനും പുണർന്നുറങ്ങട്ടെ”…

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു