ചിതലുകൾ

ചിതലുകൾ മുൻവിധിയില്ലാത്ത വായനക്കാരും
നല്ല വിമർശകരുമാണ്
എത്ര വേഗമാണവ
ഓരോ പുസ്തകവും കണ്ടെത്തുന്നത്
പരസ്യംപോലും വേണ്ട
പുസ്തകമിറങ്ങുമ്പോഴേക്കും
അവ നേരിട്ട് പുസ്തകങ്ങളിലേക്ക് പ്രവേശിക്കുന്നു.

നിങ്ങളുടെ അലമാരയിലായാലും
ലൈബ്രറിയിലായാലും
പ്രസാധകരുടെ ഗോഡൌണിലായാലും
അവതേടിയെത്തുന്നു

വിജയനേയും ആനന്ദിനേയുമൊക്കെ
അവയ്ക്കെന്തിഷ്ടമാണെന്നോ !
സുകുമാർ അഴീക്കോടിനെ
അവ നിശ്ശേഷം വായിച്ചുതീർത്തു !
സച്ചിദായുടെ മിക്കകൃതികളും
അവ മാറ്റിവെച്ചിട്ടില്ല !
അവാർഡുകൃതികളും
പലപതിപ്പിറങ്ങിയ രചനകളും
അവയ്ക്ക് ഹരമാണ് !

എൻ്റെ അലമാരയിലിനി
ചന്തുമേനോനും ബഷീറും ബാക്കിയുണ്ട് ,
എഴുത്തനുമുണ്ട് ,
ചങ്ങമ്പുഴയും മുട്ടത്തുവർക്കിയുമുണ്ട്
വൈലോപ്പിള്ളിയും, ഇടശ്ശേരിയുമുണ്ട്
രാജൻ സി. എഛിൻ്റെ കവിതകളും
അവ തൊട്ടിട്ടില്ല

ഇതുനോക്കൂ, ഒരുമൂലയിൽ
എൻ്റെ കവിതയുമുണ്ട് !
(എനിക്കറിയാം, അതിതുവരെ
അവയുടെ കണ്ണിൽപെട്ടിരിക്കില്ല ! )
ഇത്രയും വായിച്ചിട്ടും
അവയ്ക്കൊരു
ഭാവവ്യത്യാസവുമില്ല !
വിളറിവെളുത്ത്
ആർക്കും വെളിപ്പെടാതങ്ങനെ
സ്വന്തമായൊരുക്കിയ മൺപന്തലിൽ
അടങ്ങിയൊതുങ്ങി ജീവിക്കുമ്പോൾ
അവ പുസ്തകചർച്ചകൾ നടത്തുന്നില്ല !

അലമാരയിൽ ബാക്കിയുള്ള പുസ്തകങ്ങളോട്
ഞാനിങ്ങനെ പറഞ്ഞു :
ചിതലുകളുടെ സ്നേഹസ്പർശത്തിനായി
ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും
അവ ശിപാർശകൾ സ്വീകരിക്കാറില്ല !
നിങ്ങളോ,
ചിതലുകളുടെ മൂല്യനിർണ്ണയം
കാത്തിരിക്കുന്ന രചനകൾ !
(എന്തുനല്ല രൂപകം ! )

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.