ചാരുകസേര

രംഗം 1

(പോലീസ് സബ്ഇൻസ്പെക്റ്റര്‍ മണികണ്ഠൻ നായരുടെ വീട്. ഉമ്മറത്ത് ഒരു ചാരുകസേര കാണാം. മുറ്റത്ത് രണ്ടുമൂന്നു സ്ത്രീകള്‍ നിന്ന് സംസാരിക്കുന്നുണ്ട്. അതിലൊന്ന് എസ്.ഐ യുടെ ഭാര്യ ലേഖയാണ്)

രമണി – ഇതെന്താ, ലേഖയിന്ന് നേരത്തെയാണല്ലോ. അതെന്തുപറ്റീന്നറിയാനാ ഞങ്ങളിങ്ങോട്ടു കേറിയത്

ലേഖ – അതെ രമണിച്ചേച്ചീ, നേരത്തെയാണ്. ഓഫീസിൽനിന്നിറങ്ങി റോഡിലെത്തിയപ്പോള്‍ത്തന്നെ ബസ്സ് കിട്ടി.

മാധവി –      ലേഖേ, നാളെയല്ലേ നിന്റെ സാറ് റിട്ടയര്‍ ചെയ്യുന്നത് ? എന്തൊക്കെയാ പരിപാടി ?

ലേഖ –      അതെ, അതിന്റെ പാര്‍ട്ടിയുണ്ട് മാധവ്യേച്ചീ. അവര്, സ്റ്റേഷനിലെ അഞ്ചുപത്തു പോലീസുകാര് അദ്ദേഹത്തെ കൊണ്ടുവിടാൻ കൂടെ വരുമത്രേ.

മാധവി –     അവര്‍ക്ക് ഭക്ഷണമൊക്കെ ഒരുക്കണ്ടേ ?അതിന്റെ ഏര്‍പ്പാടുകളൊക്കെ ചെയ്തോ ?

ലേഖ     –      വേണം. ഞാൻ, സിറ്റി ഹോട്ടലിലെ കാറ്ററിങ്ങിൽ ബുക്കുചെയ്തിട്ടുണ്ട്. അവര്‍ അഞ്ചുമണിയാവുമ്പോഴേക്കും ഭക്ഷണമിങ്ങെത്തിക്കും. എല്ലാം അവരു വേണ്ടപോലെ ചെയ്തോളും. നിങ്ങളൊക്കെ നേരത്തെതന്നെയിങ്ങെത്തണേ. ചേട്ടൻമാരെയൊക്കെ അങ്ങേര് നേരത്തെതന്നെ ക്ഷണിച്ചിട്ടുണ്ട്.

രമണി –    എന്തിനാ ലേഖേ, കാറ്ററിങ്ങ്കാരെ ഏല്പിച്ചത് ? നമുക്കെല്ലാര്‍ക്കുംകൂടി ഇവിടുന്ന് ഉണ്ടാക്കാമായിരുന്നില്ലേ ?

ലേഖ –   എന്റെ രമണിച്ചേച്ചീ. നമ്മുടെ നടുവൊടിയും. ഒരു കൈസഹായം ഈ ആണുങ്ങളിൽനിന്നു കിട്ടില്ല. മക്കളും തിരിഞ്ഞുനോക്കില്ല. ഇത്രകാലവും ഞാനനുഭവിച്ച കഷ്ടപ്പാട് എനിക്കല്ലേ അറിയൂ

രമണി –    അതുശരിയാ. നേരം പുലരുംമുമ്പ് തുടങ്ങി നട്ടപ്പാതിരാവരെ നമുക്ക് വീട്ടുജോലികളാണ്. എന്നാലും, ഈ പുരുഷന്മാര്‍ പറയുന്നതെന്താ, അവള്‍ക്ക്  ജോലിയൊന്നുമില്ല എന്നല്ലേ ?

മാധവി –    ശരിയാ, എല്ലാ പെണ്ണുങ്ങളുടെയും സ്ഥിതി ഇങ്ങനെത്തന്നെയാ

ലേഖ –    എന്റെ ചേച്ചീ, എനിക്കും സമയത്തിന് ഓഫീസിൽ പോകണ്ടേ ? കിട്ടുന്ന ശമ്പളം മുഴുവൻ അങ്ങരെ ഏല്പിക്കയും വേണം. ഒരു രൂപ കുറഞ്ഞുപോയാൽ നൂറു ചോദ്യങ്ങളായി. അങ്ങേര് രാവിലെ എണീറ്റുവന്ന്, പത്രവുമെടുത്ത് ചാരുകസേരയിലങ്ങിരിക്കും, അപ്പോഴേക്കും ചായ അവിടെ കിട്ടണം. വെള്ളം ചൂടാക്കിവെച്ച്, ബ്രഷും പേസ്റ്റും കൊണ്ടുകൊടുക്കണം. എന്നിട്ട് ബ്രേക്ക്ഫാസ്റ്റിന്റെ പരിപാടിതുടങ്ങണം. കുളി കളിയുമ്പോഴേക്കും യൂണിഫോം അയൺചെയ്ത് റഡിയാക്കണം. ചോറും കറിയും ശരിയാക്കി മക്കളുടെ ടിഫിനൊരുക്കണം എനിക്കും പോകണ്ടേ ഓഫീസിൽ ? ഒരുമിനിറ്റ് വൈകിയാൽ, ബസ്സുപോകും. പിന്നെ ആട്ടോ പിടിക്കണം. നിങ്ങളറിയോ, പലദിവസങ്ങളിലും, രാവിലെ നേരമില്ലാത്തതുകൊണ്ട്, കാഞ്ഞവയറുമായാണ് ഞാൻ പോയിരുന്നത്. ഒരു ദിവസംപോലും, എന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അങ്ങേര്  ചോദിച്ചിട്ടില്ല. പെണ്ണായി ജീവിച്ച് മടുത്തുപോയി ഞാൻ (വാക്കുകളിൽ ഇടര്‍ച്ച)

മാധവി –      മോള് ഒന്നിനും സഹായിക്കില്ലേ ?

ലേഖ – സഹായിക്കും, അവള്‍ക്കിഷ്ടമുള്ള ഭക്ഷണമാണെങ്കിൽ  തിന്നു സഹായിക്കും. തിന്ന പ്ലേറ്റ്പോലും കഴുകാതെ എണീറ്റുപോകേംചെയ്യും.

രമണി – എല്ലാ വീട്ടിലേയും കഥ ഇതുതന്നെയാ. ഈ ആണുങ്ങളുടെ പുറത്തുനിന്നുള്ള പെരുമാറ്റവും ഭാവവുമൊക്കെ കാണുമ്പോ എത്ര നല്ല തങ്കപ്പെട്ട മനുഷ്യനാണെന്ന് വിചാരിച്ചുപോവും. അവരുടെ തനിനിറം അറിയണമെങ്കിൽ അവരുടെ ഭാര്യമാരോടുചോദിച്ചുനാക്കണം. അല്ലേ ?

മാധവി –    ഇങ്ങനെ മേക്കപ്പുംചെയ്ത് അണിഞ്ഞൊരുങ്ങി കുട്ടപ്പൻമാരായിനടക്കുന്ന ഈ ആണുങ്ങളുടെ ഭാവം, വീട്ടുജാലികള്‍ ചെയ്യലും, ചോറുംകറിയും വെക്കലുമൊക്കെ പെണ്ണുങ്ങള്‍ക്ക്  ആജന്മകരാർ നല്കിയ പണികളാണെന്നാ

രമണി –    ഞാൻ ചിലപ്പോ ആലോചിക്കാറുണ്ട്, ഇങ്ങനെ പെണ്ണായിപിറക്കാൻമാത്രം കഴിഞ്ഞ ജന്മത്തിൽ ഞാനെന്തു കൊടും  പാപമാണപ്പാ ചെയ്തിട്ടുണ്ടാവുകയെന്ന്

ലേഖ  – ശരിയാ ചേച്ചീ, എല്ലാ സ്ത്രീകളും അവരുടെ ജീവിതത്തിൽ, എപ്പോഴെങ്കിലുമൊക്കെ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവും,

(മാധവിയും രമണിയും ഒന്നിച്ച് )- അതു ശരിയാ

ലേഖ –  അങ്ങേര്, കഴിഞ്ഞൊരുദിവസം എന്നോടു പറഞ്ഞതറിയോ ? അങ്ങേര്‍ക്ക്  എന്നെ സഹായിക്കണംന്നൊക്കെ ആഗ്രഹമുണ്ടത്രേ . പക്ഷേ, മറ്റാണുങ്ങളറിഞ്ഞാൽ അവരു പരിഹസിക്കുമെന്നോര്‍ത്താണുപോലും സഹായിക്കാതിരുന്നത്. ഇനി, റിട്ടയര്‍ ചെയ്താൽ, വീട്ടിലെ പണിയൊക്കെ അങ്ങേരുതന്നെ ചെയ്തോളുമെന്ന് എനിക്കു വാക്കുംനല്കീട്ടുണ്ട്.

മാധവി –   പടച്ചോനേ , നേരോ ?

ലേഖ –   അങ്ങേര് സത്യത്തിലൊരു പാവമാ ചേച്ചീ, വാക്കുപറഞ്ഞാൽ വാക്കാ. എന്നിട്ടുവേണം എനിക്ക് രാവിലെ എണീറ്റ് ഉമ്മറത്തെ ചാരുകസേരയിൽചെന്നിരുന്ന് ചായകുടിച്ചുകൊണ്ട് പത്രമൊന്നു വായിക്കാൻ. അതെന്റെ സ്വപ്നമാണ്.

രമണി –    ലേഖയുടെ പിന്നാലെ ഞങ്ങളുമുണ്ടാവും. അല്ലപിന്നെ

ലേഖ – എന്നാൽ നാളെ കാണാം

(മറ്റു രണ്ടു സ്ത്രീകളും പോകുന്നു. ലേഖ വീട്ടിനകത്തേക്കു കയറുന്നു )

രംഗം 2 (രണ്ടുമാസത്തിനുശേഷം )

(ഒന്നാം രംഗത്തിൽ കണ്ട അതേ വീടിന്റെ ഉമ്മറം. ചാരുകസേലയിൽ പത്രം വായിച്ചുകൊണ്ടിരിക്കുന്ന ലേഖ. പഴയ ലേഖയല്ല. ആളാകെ മാറിയിരിക്കുന്നു. അഹങ്കാരംവും പൊങ്ങച്ചവും അധികാരപ്രമത്തതയുമുണ്ട് ഭാവത്തിൽ )

ലേഖ – (അകത്തേക്കു നോക്കി ) ചായ കിട്ടിയില്ല

മണികണ്ഠൻ നായര്‍ –   (ചായയുമായി കടന്നുവരുന്നു. കൈലിമുണ്ടും ബനിയനും. തലയിൽ തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്) ഇതാ ചായ

ലേഖ – ഒരു ചായയുണ്ടാക്കാൻ ഇത്ര താമസമോ ?

മണികണ്ഠൻ  – അല്ല, ചായ എടുത്തുവച്ച് ഞാൻ  അപ്പംചുടുകയായിരുന്നു.

ലേഖ – നേരത്തെ എണീക്കാതിരുന്നിട്ടല്ലേ ?

മണി – അത്, നേരത്തെതന്നെ എന്റെ ഉറക്കം ഞെട്ടിയിരുന്നു, എന്തോ ആലോചിച്ചു കിടന്നുപോയി

ലേഖ – റിട്ടയര്‍ചെയ്ത നിങ്ങള്‍ക്കെന്താണിനി ആലോചിക്കാൻ ? വേഗം പോയി ബ്രേക്ക്ഫാസ്റ്റ് റഡിയാക്കൂ.

മണി – പിന്നെ ലേഖേ, പലചരക്കുകടക്കാരൻ പൈസയ്ക്കാവശ്യപ്പെട്ടിട്ടുണ്ട്.

ലേഖ – എത്രയാ ?

മണി – ഇരുപത്തഞ്ചായിരമാണ് കഴിഞ്ഞമാസത്തെ പറ്റ്…….

ലേഖ – ഇരുപത്തഞ്ചായിരമോ ? ഇതിനുമാത്രം എന്താ നിങ്ങള്‍ ഈ വീട്ടിലേക്കു വാങ്ങിക്കുന്നത് ?
നാണമില്ലേ മനുഷ്യാ. ഈ മാസം  പതിനഞ്ചിലൊതുക്കണം

മണി – (അദ്ഭുതത്തോടെ ലേഖയെ നോക്കുന്നു )എന്താ ലേഖേ ? , നീയിപ്പോള്‍ വല്ലാതെ മാറിപ്പോയല്ലോ

ലേഖ – രണ്ടുമാസം മുമ്പുവരെ നിങ്ങളുമിങ്ങനെതന്നെയായിരുന്നില്ലേ ?

മണി – അത്, ഞാൻ….. ഇപ്പോള്‍ അതെല്ലാം മാറിയില്ലേ ?

ലേഖ – അപ്പോള്‍ മാറ്റം എനിക്കുമാകാമല്ലോ. നിന്നുകിണുങ്ങാതെ പോയി ഭക്ഷണം ശരിയാക്കൂ മനുഷ്യാ
(മണികണ്ഠൻ നായര്‍ വിഷമത്തോടെ അകത്തേക്കുപോകുന്നു. മകള്‍ കടന്നുവരുന്നു)

മകള്‍ – അമ്മേ, എനിക്ക് സ്റ്റഡി ടൂറിനുപോകണം.

ലേഖ – അതിന് ?

മകള്‍ – ഇരുപത്തഞ്ചായിരം രൂപയാണ് കൊടുക്കേണ്ടത്.

ലേഖ – ഇത്രയും പണംകൊടുത്ത് നീ ടൂറിനുപോകേണ്ട

മകള്‍ – അമ്മേ, അമ്മയെന്താ ഇങ്ങനെ ? മുമ്പ്, അച്ഛൻഎതിരു പറഞ്ഞിരുന്നപ്പോഴൊക്കെ അമ്മ ഞങ്ങള്‍, മക്കളുടെ ഭാഗത്തായിരുന്നല്ലോ ?

ലേഖ – അക്കാലമൊക്കെ പോയി മോളേ. ഇവിടെ പണംകായ്ക്കുന്ന മരമൊന്നുമില്ല. നീ ടൂറിനു പോകണ്ട.

മകള്‍ –   കൂട്ടുകാരോടെല്ലാം ഞാനുമുണ്ടാവുമെന്ന് പറഞ്ഞുപോയമ്മേ. പ്ലീസ് അമ്മേ. ടൂറിനു വിടുന്നില്ലെങ്കിൽ, എന്നാ ഞാനിനികോളേജിലും പോകില്ല. ഈ നാണക്കേടും സഹിച്ച് ഞാൻ കോളേജിൽ പോകില്ല, ഉറപ്പാണ്

ലേഖ – (ഉച്ചത്തിൽ) പോകേണ്ടെടീ, നീയിനി കോളേജിൽ പോകേണ്ട. (ദേഷ്യത്തിൽ അകത്തേക്കുപോകുന്നു. മകള്‍ ദുഃഖത്തോടെ ഒരു കസേരയിലിരിക്കുന്നു . മകൻ കടന്നു വരുന്നു)

മകൻ – (സഹോദരിയോട്) അമ്മയെന്തുപറഞ്ഞെടീ ?

മകള്‍ – അമ്മ പൈസ തരില്ലെന്ന്. അമ്മെയ്ക്കെന്തുപറ്റിപ്പോയി ചേട്ടാ ?

മകൻ – അച്ഛൻ റിട്ടയര്‍ചെയ്ത് വീട്ടുജോലികള്‍ ചെയ്യാൻ തുടങ്ങിയതിനുശേഷമാണ് ഈ മാറ്റം

മകള്‍ – അന്ന് അച്ഛനിങ്ങനെയായിരുന്നു. ഇന്ന് അച്ഛൻ പാവമായി. അമ്മ മറിച്ചും.

മകൻ – നീ ശ്രദ്ധിച്ചിട്ടുണ്ടോ, അന്ന് അച്ഛനിരിക്കും പോലല്ലേ അമ്മ ചാരുകസേരയിലിരിക്കുന്നത് ?അന്നത്തെ അച്ഛന്റെ അതേ സ്വഭാവം അമ്മയ്ക്ക്  വരികേം ചെയ്തു. എനിക്കുതോന്നുന്നത്, ആ ചാരുകസേരയാ ഇതിനൊക്കെ കാരണമെന്നാ. കസേരകള്‍ അതിലിരിക്കുന്ന ആളെത്തന്നെ മാറ്റിക്കളയുന്നു !

മകള്‍ – (ആലോചിച്ച് ) ശരിയാ ചേട്ടാ. ഫാസിസ്റ്റ് അധികാരശ്രേണിയുടെ പ്രതീകമായ ആ ചാരുകസേര തന്നെയാകും ഇതിനു കാരണം.

മകൻ – എന്നാൽ, നമുക്കാ കസേര നശിപ്പിച്ചുകളഞ്ഞാലോ ?

മകള്‍ – അതേ, ഇന്ന് അമ്മ ഓഫീസിലേക്കുപോയാൽ, നമുക്കാ കസേരയെടുത്ത് സ്റ്റോര്‍ റൂമിന്റെ അട്ടത്തുകൊണ്ടുപോയി വെക്കാം. അവിടെയാവുമ്പോ ആരും കാണില്ല. അങ്ങനെ നമുക്ക്  അമ്മയെ തിരിച്ചുപിടിക്കാം

(മണികണ്ഠൻ നായര്‍ ഇതൊക്കെ കേട്ടുകൊണ്ട് കടന്നുവരുന്നു മക്കള്‍ ഞെട്ടലോടെ പരസ്പരം നോക്കുന്നു)

മണി – ശരിയാണ് മക്കളേ, നിങ്ങള്‍ കണ്ടതുതന്നെയാണ് ശരി. അധികാരം എന്നും ഇങ്ങനെ തന്നെയാണ്, അധികാരത്തിന്റെ കസേരകള്‍ നശിപ്പിക്കുന്നതിലൂടെ നമുക്ക് സ്വതന്ത്രരാവാം. ആ കസേരയിൽനിന്ന് ഇറങ്ങിയപ്പോഴാണ് എനിക്കും അത് മനസ്സിലായത്. ഞാനുമുണ്ട് നിങ്ങളുടെകൂടെ. നമുക്കങ്ങനെ അമ്മയെ രക്ഷപ്പെടുത്താം.

(നാടകം അവസാനിക്കുന്നു)

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.