ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ

സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്. സന്ദർശകർക്കുള്ള പ്രവേശനനാനുമതിയ്ക്കിനിയും അരമണിക്കൂർ സമയം ബാക്കിയുണ്ട്.

പല ദേശത്തുനിന്നുള്ള മനുഷ്യർ ഒറ്റയായും കൂട്ടമായും പ്രവേശനകവാടത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. വലതു വശത്തുള്ള കുന്നിൽ ദി കേവ് ( ഗുഹാമുഖം ) എന്നെഴുതിയ നിയോൺ വെട്ടത്തിനു മധുശാലയുടെ തിളക്കം. എട്ടരയായപ്പോഴും തിരക്ക് വർധിച്ചു. പരിശോധനയ്ക്ക് ശേഷം സന്ദർശകർ ഇരുൾ പരന്ന ചെമ്മൺ പാതയിലൂടെ നടന്നു തുടങ്ങി. ഇരുവശത്തും നിലത്ത് ചുവന്ന കടലാസുകൊണ്ട് മറയ്ക്കപ്പെട്ട മെഴുകുതിരി ദീപങ്ങൾ വഴികാട്ടികളായി ഇരിപ്പുണ്ട്. ഏറെക്കാലം മനുഷ്യസ്പർശമേൽക്കാതിരുന്ന ഒരു സംസ്‌കൃതിയുടെ അഭിമാനസ്തംഭങ്ങൾക്ക് മേലേ ചന്ദ്രന്റെ മന്ദസ്മിതം. വെളുത്ത ചുണ്ണാമ്പു പാറകൾക്ക് മേൽ കാലം കോറിയിട്ട മുറിവുകളാണ് ഞങ്ങൾ കടന്നു പോവുന്ന പാത. മേലെ പാറകൾക്ക് ഇടയിലെ വിടവിലൂടെ ചന്ദ്രൻ – ഈദിനു ശേഷമുള്ള നിലാവ്. ആകാശത്ത് വളരെ കുറച്ചു മാത്രം നക്ഷത്രങ്ങൾ. നടന്നു പോവുന്ന മനുഷ്യർ ഇടയ്ക്ക് നിൽക്കുന്നുമുണ്ട്. ചിലർ ഇരുട്ടിന്റെ കരുത്തിനെ വെല്ലുവിളിക്കുന്ന മട്ടിൽ ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്നു.

ഇപ്പോൾ നടത്തത്തിന് കൂട്ടായി സംഗീതമുണ്ട്. ഏറെ ദൂരം നടന്നുവെന്നു തോന്നുന്നു. ചെന്നെത്തിയ ഇടത്തേക്ക് പ്രകാശത്തിന്റെ ഒരു പാളി വീണു. അതിലൂടെ കല്ലിൽ കൊത്തിയെടുത്ത ഭീമാകാരമായ ഒരു കെട്ടിടത്തിന്റെ, അതോ കോട്ടയുടെയോ ദൃശ്യം കണ്ണിൽ പതിഞ്ഞു.

രാവെളിച്ചത്തിൽ കുറച്ചു വിശാലമെന്നു തോന്നിപ്പിക്കുന്ന ഒരു മൈതാനത്തിന്റെ ഒരറ്റത്താണ് ഞങ്ങളിപ്പോൾ. മൈതാനം നിറയെ മെഴുകുതിരി ദീപങ്ങൾ. നേരത്തെ കണ്ട കൊട്ടാരസമാനമായ മലയുടെ പൂമുഖത്ത് മൂന്നു നാല് മനുഷ്യർ. അവർ അസംഖ്യം മെഴുകുതിരി ദീപങ്ങൾക്ക് മുന്നിലായി നിരന്നിരിക്കുന്ന ജനാവലിയ്ക്ക് അഭിമുഖമായി നിൽക്കുകയാണ്.

ഈ രാത്രി ഇനി രണ്ടു മണിക്കൂറോളം ആ കലാകാരന്മാർ സന്ദർശകർക്കായി കലാവിരുന്നൊരുക്കും. മൈതാനത്തിന് ഒരു കോണിൽ ഒരു വലിയ തിരശ്ശീലയിൽ “പെട്ര നൈറ്റ് ” എന്ന് ഇപ്പോൾ വായിക്കാനാവുന്നുണ്ട്.

ഒരു നിമിഷം, നിങ്ങളിപ്പോൾ നൂറ്റാണ്ടുകൾ കാത്തുവച്ച കാലത്തിന്റെ മുറിവുകൾക്ക് നടുവിൽ അഗാധമായ മൗനത്തിന്റെ താഴ്വാരത്തിലാണ്. ഈ നിമിഷം അധിനിവേശത്തിന്റെയും പിടച്ചെടുക്കലിന്റെയും ബോധപൂർവ്വമുള്ള തമസ്കരണ ശ്രമങ്ങളുടെയും നീണ്ട ചരിത്രത്തെ അറിയാനുള്ള എളിയ നിയോഗമാണ് നിങ്ങൾക്കുള്ളത്. ചരിത്രത്തിന്റെ ആവർത്തനങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ നിങ്ങൾക്കും ഒരു പങ്കു വഹിക്കാനുണ്ട് എന്നതാണ് പ്രകൃതി മറ്റേതോ കാലത്തിന്റെ മുറിവുകളെ നിങ്ങൾക്ക് മുന്നിൽ തുറന്നു വയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഈ രാത്രി, ഈ നിമിഷം ആ കടമ ഓർമ്മിക്കാനുള്ളതാക്കൂ. ഉള്ളിലിരുന്ന് ആരോ പറയുന്നു.


“Those who cannot remember the past are condemned to repeat it.” – George Santayana

എഴുതപ്പെട്ട ചരിത്രത്തിന്റെ വായനയിലൂടെ, ചരിത്രാവശേഷിപ്പിച്ച മുറിവടയാളങ്ങളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെ വിവേകശാലിയായ ഒരു മനുഷ്യൻ എന്താണ് പഠിക്കുന്നത് ?

എന്ത് കാരണത്താലാണ് മനുഷ്യൻ ചരിത്രം പഠിക്കേണ്ടത്? പലപ്പോഴും തോന്നുന്ന സന്ദേഹങ്ങളാണ്. ഈ സന്ദേഹങ്ങൾക്ക് വിഭിന്നങ്ങളായ ഉത്തരങ്ങളുടെ സാധ്യതയുമുണ്ട്.

ചരിത്രം മനുഷ്യനെ ഒന്നും ശാശ്വതമല്ലെന്നു പഠിപ്പിക്കും, വർത്തമാനകാലത്തെ കുറിച്ചുള്ള ആശങ്കകളെ അവ എത്ര നിരർഥകമാണെന്ന് ഓർമ്മിപ്പിക്കും.

മറ്റു ചിലപ്പോൾ ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്തു ജീവിക്കുന്ന മനുഷ്യൻ അവന്റെ പ്രപ്രിതാക്കളുടെ എഴുതപ്പെട്ടതും തെളിവുകൾ നിരത്തപ്പെട്ടതുമായ സാംസ്കാരികവും സാമൂഹികവുമായ മേൽക്കോയ്മാ സാധ്യതയുള്ള ജീവിതകാലങ്ങളെ അഥവാ ആ ചരിത്രത്തെ ആഘോഷിക്കുന്നതിന്റെ ബാലിശതയെ ഓർമ്മിപ്പിക്കും. കാരണം ലോകത്തിന്റെ മറ്റു പല ഭാഗത്തും സമാനമായ ജീവിതം മനുഷ്യർ നയിച്ചിരുന്നു എന്നതിന്റെ തെളിവുകൾ നിരത്തി സമർത്ഥിക്കാൻ ചരിത്രത്തിന്റെ ചിതറിക്കിടക്കുന്ന മുറിവുകൾ കഴിയും.

ആർഷഭാരത സംസ്കാരം എന്നൊരു നൂലിൽ തൂങ്ങിയാടുന്ന ശരാശരി ഭാരതീയന്റെ കണ്ണ് തുറപ്പിക്കാൻ പോന്ന ചിലത്, മനുഷ്യ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടതും അവന്റെ അന്തമില്ലാത്ത ഭാവനയും സ്വപ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ജീവിതക്രമവും ഓർമ്മിപ്പിക്കാൻ പോന്ന കാഴ്‌ചകളാണ് ജോർദാൻ എന്ന കൊച്ചു രാജ്യത്തിന് പങ്കു വയ്ക്കാനുള്ളത്.

ഒരിക്കൽ ഒരു ചങ്ങാതി യാത്രകളെ പറ്റി പറഞ്ഞു – യാത്ര എന്നത് സഞ്ചരിക്കുക, കിട്ടുന്നതെന്തും അനുഭവിക്കുക എന്ന മട്ടിലാവണം, ചെന്നെത്താൻ പോവുന്ന ഇടത്തെ പറ്റി ഒരു മുൻവിധിയും പുലർത്താതെ നിർമമതയോടെ കിട്ടുന്നതെല്ലാം ഉള്ളിലേക്ക് ആവാഹിക്കുക.

ഒരു പരിധി വരെ ജോർദാനിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളോടും പറയാനുള്ളത് ഇതാണ്. മിഡിൽ ഈസ്റ്റിലെ മറ്റേത് രാജ്യവും പോലെയാണ് പുറമെ നിന്ന് ജോർദാൻ, പക്ഷെ അതിന്റെ ഉള്ളിൽ ഏറെ വ്യത്യസ്തമായ, ചരിത്രവും സംസ്കാരവുമായി ഇഴചേർന്ന കാഴ്‌ചകളുടെ മാസ്മരികതയുണ്ട്. അതറിയാനും കണ്ടെത്താനും ശാരീരികക്ഷമത ആവശ്യമാണ്. കിലോമീറ്ററുകളോളം നീളുന്ന നടത്തം അല്ലെങ്കിൽ അത്രത്തോളം പോന്ന ശാരീരിക ക്ഷമത ആവശ്യപ്പെടുന്നതാണ് ജോർദാനിലെ കാഴ്ചകൾ. തുടർച്ചയായ മൂന്നു ദിവസത്തെ നടത്തത്തിന് ശേഷം ചങ്ങാതിയുടെ വാച്ച് പറഞ്ഞു – നിങ്ങൾ ഇപ്പോൾ നന്നായി അദ്ധ്വാനിക്കുന്നുണ്ട്, 65 കിലോമീറ്റർ നടന്നു തീർത്തിരിക്കുന്നു.

പ്രണയത്തിന്റെ (സ്നേഹത്തിന്റെ) മുന്തിരി വള്ളികളും സമാധാനത്തിന്റെ ഒലിവിലകളും ഇഴകലർന്ന ഒരു ദൃശ്യത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സാമൂഹികാന്തരീക്ഷമാണ് ജോർദ്ദാൻ എന്ന ചെറിയ രാജ്യത്തിന്റേത്. ഒരു പരിധി വരെ പൊതുവിടങ്ങളിൽ കാണാനാവുന്നത്. രാജ്യത്തെ ചരിത്രപരമായ പ്രാധാന്യമുള്ള പലയിടങ്ങളിലും മൂന്ന് മതവിഭാഗങ്ങളുടെ ഒരുമ കാണാനാവും. ജൂത-മുസ്ലിം-കൃസ്ത്യൻ വിശ്വാസങ്ങളുടെ ജുഗൽബന്ധി പോലെയാണത്.


ദൈവം മോസസിനെ തന്നിലേക്ക് വിളിച്ചു. അഥവാ, മൌണ്ട് നെബു കുന്നിലേക്ക് പോകുവാനും അവിടെ നിന്നും വാഗ്ദത്ത ഭൂമി ദർശിക്കാനുമുള്ള നിർദ്ദേശമായിരുന്നു അത്. ആവർത്തനപുസ്തകപ്രകാരം മോസസ് ഈജിപ്തിൽ നിന്നും വിമോചിതരാക്കിയ ഇസ്രായേലുകാരെ ഈ സ്ഥലത്തേക്ക് നയിച്ചുവത്രെ. കുന്നിൻ മുകളിലെത്തിയ മോശ വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കാനാവാതെ 120- മത്തെ വയസിൽ മരിച്ചു എന്നാണ് വിശ്വാസം.

മൂന്നു സമുദായങ്ങളും – ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിങ്ങളും – തങ്ങളുടെ വിശ്വാസങ്ങളിൽ ഒരേ പ്രാധാന്യം കൽപ്പിക്കുന്ന ഒരിടമാണ് മൗണ്ട് നെബു. ക്രിസ്തുമതത്തിന്റെ വളർച്ചയുടെ ചരിത്രവുമായി മൌണ്ട് നെബുവിന് വലിയ പ്രാധാന്യമുണ്ട്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങളിൽ ഇവിടെ ഒരു ചെറിയ ആരാധനാലയം നിർമ്മിക്കപ്പെട്ടുവത്രെ. നാലാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ ഗലാഷ്യയിൽ ജനിച്ച ഒരു ഹിസ്പാനോ-റോമൻ സഞ്ചാരിയും പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു വരുന്ന കൂട്ടത്തിൽ മൗണ്ട് നെബുവിലുമെത്തി. സഞ്ചാരിയായ അദ്ദേഹം അക്കാലത്ത് മൂന്നു മകുടങ്ങളോട് ചേർന്ന ഒരു ചെറിയ പള്ളി ഇവിടെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തി. ഒന്നര നൂറ്റാണ്ടിനു ശേഷം ബൈസാന്ത്യൻ കാലത്ത് ഒരു വിശുദ്ധ സ്നാനഘട്ടം കൂടി ഇവിടുത്തെ ദേവാലയത്തോടു ചേർക്കപ്പെട്ടു.

1932-ൽ Custody of the Holy Land-ന് ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുകയും തുടർന്ന് നടത്തപ്പെട്ട പുരാവസ്തു ഗവേഷണങ്ങൾ ചരിത്രപ്രാധാന്യമുള്ള പല കണ്ടെത്തലുകളും നടത്തുകയും ചെയ്തു.

തെളിച്ചമുള്ള ദിവസങ്ങളിൽ സ്‌മാരകവുമായി ചേർന്നുള്ള വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ വാഗ്ദത്ത ഭൂമിക്ക് പുറമെ, ജെറുസലവും ഗോലാൻ കുന്നും ചാവുകടലും ദൃശ്യമാകുമത്രേ. സന്ദർശന ദിവസം പൊടിക്കാറ്റ് ഉണ്ടായിരുന്നതിനാൽ വിദൂരദൃശ്യങ്ങൾ സാധ്യമായില്ല. അവിശ്വാസികളോട് ദൈവത്തിന്റെ പരീക്ഷണമാകാം.

ഇവിടെ പുതിയതായി നിർമ്മിക്കപ്പെട്ട സ്മാരകങ്ങളിൽ ഒന്ന് നാഗദംശനത്തിനു പ്രതിവിധിയായി മോസസ് നൽകിയിരുന്ന മരുന്നിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പറയുന്നു. ഒരു ദണ്ഡും അതിന്മേൽ ഒരു നാഗവുമുൾപ്പെടുന്ന ബ്രാസൻ സർപ്പ സ്മാരകം മോശ മരുഭൂമിയിൽ സൃഷ്ടിച്ച വെങ്കല സർപ്പത്തിന്റെ പ്രതീകമായി ഇറ്റലിയിൽ നിന്നുള്ള ശില്പ്പി യോവാനി ഫാൻതോണി സൃഷ്ടിച്ചതാണ്.

മറ്റൊരു സ്മാരകം രണ്ടായിരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മൗണ്ട് നെബു സന്ദർശനവുമായി അനുബന്ധിച്ച് ഇറ്റാലിയൻ ശില്പിയായ വിൻസെൻസോ ബിയാൻഷി നിർമ്മിച്ച മോണോലിത്താണ്. ജോർദാനിലെ ഹല്ലബത്തിൽ നിന്ന് കൊണ്ടുവന്ന പതിനാറ് അടി ഉയരമുള്ള വെളുത്ത ചുണ്ണാമ്പുകല്ലു കൊണ്ടാണ് ഇത് നിർമ്മിച്ചത്. (ജോർദാനിൽ പൊതുവെ വെളുത്ത ചുണ്ണാമ്പു കല്ലാണ് കണ്ടു വരുന്നത്, എങ്കിലും ചുരുക്കം കറുത്ത കല്ലുകളും കാണാനാവും എന്ന് ഗൈഡ് പറയുകയുണ്ടായി) ഒരു വലിയ പുസ്തകം ഈ കുന്നിൽ വച്ചതിന്റെ മാതൃകയിലാണ് ഇത്. മോസ്സസ് തന്റെ ജീവൻ വാഗ്ദത്ത ഭൂമിയിൽ ഉപേക്ഷിച്ചതിനെ ഓർമ്മിപ്പിക്കുന്നു ഈ സ്മാരകം. അതെ സമയം തന്നെ ഈ സ്തൂപം ജൂതരുടെയും ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളായ തോറ, സത്യവേദപുസ്തകം ഖുർ ആൻ എന്നിവയെ കൂടി പ്രതിനിധാനം ചെയ്യുന്നു. മോസസ് എല്ലാവരുടെയും പ്രവാചകനെന്ന സങ്കല്പത്തെയാണ് സ്തൂപ നിർമ്മിതിയ്ക്ക് ആധാരം. സ്നേഹത്തിന്റെ പുസ്തകമാവുന്നു ഇത്, ദൈവവും സ്നേഹവുമാകുന്നു എന്നതാണ് ദാർശനിക അടിസ്ഥാനം.

അതിപുരാതനമായ (1863- CE) മൊസയ്ക്കുകളുടെ ഒരു ശേഖരം കൂടി ഇവിടെയുണ്ട്. അൽ-മുഖായത് മൊസയ്ക്കുകൾ , മൗണ്ട് നെബു മൊസയ്ക്കുകൾ, കിർബെത്ത്ന്നാ അൽ- മുഖായത്ത്, എന്നാണ് ഇവയെ വിളിക്കുന്നത്. ഈ കല്ലുകളിൽ പക്ഷി,മൃഗാദികളുടെയും സസ്യ ലതാദികളുടെയും മുദ്രങ്ങളുണ്ട്, ഒപ്പം ദൈനംദിന ജീവിതവും കഥകളും രേഖപ്പെടുത്തിരിക്കുന്നു. പുരാതന ചിത്രകലയുടെയും ശില്പചാതുര്യത്തിന്റെയും അടയാളങ്ങളായി ഇവയെ കാണാവുന്നതാണ്. ഈ കുന്ന് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം എഴുനൂറ് മീറ്റർ ഉയരത്തിലാണ്.


മൌണ്ട് നെബുവിന്‌ താഴെയാണ് മദ്ബയിലെ പുരാവസ്തുകേന്ദ്രമുള്ളത്. ഇവയും ബൈസന്റൈൻ കാലത്തെ അടയാളപ്പെടുത്തുന്നു. നഷ്ടപ്പെട്ട കൊട്ടാരം (Lost Palace) എന്നൊരു വലിയ ഫലകത്തിനു പിന്നിലാണ് ഈ കെട്ടിടമുള്ളത്. ഇവിടെയും നൂറ്റാണ്ടുകൾക്ക് മുൻപുള്ള ജീവിതത്തെ അടയാളപ്പെടുത്തുന്ന കല്ലുകളിൽ കൊത്തിയ ചിത്രങ്ങളുണ്ട്. മദ്ബ – ജീവിതത്തിന്റെ മരം (tree of life) ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ എലിജാ പള്ളിയുടെ തറയിലാണ് ഇത് കാണാൻ കഴിയുക. 1897-ൽ ആണത്രേ ഈ പള്ളി കണ്ടെത്തിയത്. ഏകദേഹം നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നിരവധി കല്ലുകളിൽ ഒന്നാണ് ഇത്. ഒരു മുദ്രണം “You who with your prayer set in motion, as is fitting, the clouds, bearers of rain, and who give mercy to the people, O prophet, remember also the benefactors and this humble city.” എന്നാണ്.

പുരാവസ്തു വകുപ്പിലെ ജീവനക്കാരൻ സുലൈമാൻ കാഴ്ചയ്ക്ക് യേശുവിനെപ്പോലെ. ചിരിക്കുമ്പോൾ, മിണ്ടുമ്പോഴൊക്കെ നേരത്തെ പരിചയമുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഒരാൾ. സ്നേഹത്തോടെ ചങ്ങലകൊണ്ട് സന്ദർശകർക്കുള്ള അനുമതി നിഷേധിച്ചിരുന്ന ജീവൽമരത്തിന്റെ മാർബിൾ കഷണം കാണിച്ചു തന്നു. വേഗം പടമെടുത്ത് വാ എന്നു പതിയെ പറഞ്ഞു.

കൂട്ടത്തിൽ സഹാബി മരത്തെ കുറിച്ചും ഓർമ്മിക്കേണ്ടതുണ്ട്. ആയിരത്തി അഞ്ഞൂറു വര്ഷം പഴക്കമുള്ള ഈ മരം സഫവിയിലാണ് ഉള്ളത്. മക്കയ്ക്കും ഡമാക്കസിനും ഇടയിലെ പഴയ കച്ചവട പാതയിലാണ് ഇതുള്ളത്. അമ്മാവൻ അബൂ തൈബിനൊപ്പം സിറിയയിൽ നിന്നും മക്കയിലേക്കുള്ള ഒരു യാത്രയ്ക്കിടയിൽ പന്ത്രണ്ടു വയസുണ്ടായിരുന്ന മുഹമ്മദ് ഈ മരത്തിന്റെ തണലിൽ വിശ്രമിച്ചു എന്നാണ് വിശ്വാസം.


ചാവ് കടലിലേക്ക് (Dead Sea) നടക്കുന്ന വഴിക്ക് രണ്ടു സൂചനാഫലകങ്ങൾ കാണാനിടയായി. 2005ലും 2010ലും ചാവുകടലിന്റെ സ്ഥാനം എവിടെയായിരുന്നു എന്നതു സൂചിപ്പിക്കുന്നവയാണ് ഈ ഫലകങ്ങൾ. അവ സന്ദർശകരോട് പറയുന്നു – ചാവുകടലിന്റെ ഉയരം വളരെ വേഗത്തിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും മരുഭൂമിയിലെ ഈ പ്രകൃതി വിസ്മയത്തിന്റെ ആയുസ്സ് വളരെ വേഗം കുറച്ചു കൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിച്ചു, ജലോപഭോഗം വർദ്ധിച്ചു. അതിനാൽ തന്നെ ചാവുകടലിലേക്ക് മഴവെള്ളം ജലം എത്തുന്നില്ല.

ഭൂമിയുടെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ ഒന്നാണ് ചാവുകടൽ. സമുദ്ര നിരപ്പിൽ നിന്നും 430- മീറ്റർ താഴ്ന്ന ഈ കടലിലെ വെള്ളം സാധാരണ സമുദ്രജലത്തെക്കാൾ പത്തു മടങ്ങ് ഉപ്പുരസം കൂടിയതും വലിയ അളവിൽ ലവണ സാന്നിധ്യമുള്ളതുമാണ്. അതിനാൽ തന്നെ ഈ വെള്ളം കുടിക്കാൻ പാടില്ല. പക്ഷെ കുളിക്കുന്നത് കൊണ്ട് ത്വക്കിന് നല്ലതാണ് താനും.

“ചങ്ങാതി, ആദ്യം ഉടൽ നനച്ചു വരൂ, പിന്നെ ഈ മണ്ണുകൊണ്ട് ഉടൽ മുഴുവൻ തേച്ചു പിടിക്കൂ. വെയിൽ കായൂ . ശേഷം അത് കടലിൽ കഴുകി കളയൂ പിന്നെ ഈ ടാപ്പിലെ വള്ളത്തിൽ ഉടൽ വീണ്ടും കഴുകൂ. ഞാൻ നിങ്ങൾക്ക് സമുദ്രത്തിലെ ഉപ്പു പരൽ എടുത്തു തരാം. അത് തേച്ച് വീണ്ടും കഴുകൂ, അപ്പോൾ കാണാം നിങ്ങളുടെ ഉടൽ മിനുങ്ങുന്നത്.” ഹോട്ടലിന്റെ ഭാഗമായ കടൽ സൂക്ഷിപ്പുകാരൻ പറഞ്ഞു. ഉപ്പിന്റെ രണ്ടു വലിയ കട്ടകൾ സമീപത്തെ കടലിൽ നിന്നും അയാൾ എടുത്തു കൊണ്ട് വന്നു.

നിങ്ങളുടെ മനസും ശാരീരികാവസ്ഥയുമാണ് കടലിനെ വെള്ളത്തിന്റെ പ്രത്യേകതകളെക്കാൾ നിങ്ങളെ അതിൽ മുങ്ങിപ്പോവാതെ ഉയർത്തിക്കിടത്തുന്നത്. ചാവുകടലിൽ പൊങ്ങിക്കിടക്കുമ്പോൾ കയ്യിൽ പിടിക്കാൻ പുസ്തകവുമായി കാവൽക്കാരൻ നിന്നു, അപ്പോൾ വേണമല്ലോ പടം പിടിക്കാൻ. പക്ഷെ പൊങ്ങിക്കിടാൻ കടലും ശരീരവും അനുവദിച്ചില്ല. അതിനാൽ പുസ്തകാചാരം സ്വാഹാ !


ബഥനിയിലേക്കുള്ള വഴി മദ്ധ്യേ ഡ്രൈവർ അഹമ്മദ് ചോദിച്ചു – നിങ്ങൾ ക്രിസ്ത്യാനിയാണോ? ഞാൻ പറഞ്ഞു – അല്ല. പിന്നെയെന്തിനാണ് നിങ്ങൾ ബഥനിയിലേക്ക് പോവുന്നത്, അവിടം ക്രിസ്ത്യാനികൾക്ക് പോവാനുള്ളതാണ്.

ഞാൻ പറഞ്ഞു, ഞങ്ങൾ ഇങ്ങനെയാണ് ചങ്ങാതി. വിശ്വാസവും സന്ദർശനങ്ങളും ഞങ്ങൾക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ്.

Antiquities Law 21/1988, art. 3, par 8 പ്രകാരം സംരക്ഷിക്കപ്പെടുന്ന ഇടമാണ് വിശുദ്ധ ജോണിനാൽ യേശു ജ്ഞാനസ്നാനം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന, ബഥനി അഥവാ ബീയോണ്ട് ദി ജോർദാൻ എന്ന പേരുകളിൽ അറിയപ്പെടുന്ന ഇടം.

ജോർദാൻ നദി ഇസ്രയേലിന്റെ വെസ്റ്റ് ബാങ്കിനെയും ജോർദാന്റെ ഈസ്റ്റ് ബാങ്കിനെയും തൊട്ടു കടന്നു പോവുന്ന ക്രിസ്തുമത വിശ്വാസികളുടെ പുണ്യ സ്ഥലമാണിത്. ഒരു നദിയുടെ രണ്ടു കരകളിൽ രണ്ടു രാജ്യങ്ങളുടെ പതാകകൾ പാറുന്നു. രണ്ടു രാജ്യങ്ങളുടെയും വിരലിൽ എണ്ണാവുന്ന സൈനികൾ ഇരു കരകളിലായുണ്ട്. വിശുദ്ധനായ ജോണിന്റെ പേരിലുള്ള ദേവാലയത്തിന്റെ ശേഷിപ്പുകൾ ജ്ഞാനസ്നാനം ചെയ്യപ്പെട്ട സ്ഥലത്തിന് അടുത്തായുണ്ട്.

ഒപ്പം വന്ന ഫിലിപ്പിനോ കുടുംബത്തിലെ നാഥൻ മറുകരയിലെ ഇസ്രായേലിൽ തീരത്ത് നിൽക്കുന്ന നാട്ടുകാരനെ കണ്ട് സന്തോഷവാനായി. അവർ ഉച്ചത്തിൽ തഗലോഗിൽ എന്തൊക്കെയോ സന്തോഷങ്ങൾ വായുവിലൂടെ പങ്കുവച്ചു.

ജോർദാൻ നദിയിലേക്ക് തങ്ങൾ സുവനീർ കടയിൽ നിന്ന് വാങ്ങി വന്ന ആരാധനാവസ്തുക്കൾ നിവേദിക്കുന്നുണ്ടായിരുന്നു വിശ്വാസികൾ. ചിലർ നദിയിലെ ജലത്തിൽ ഉടൽ നനച്ചു. ചിലർ കുപ്പിയിൽ നിറച്ചെടുത്തു. ഇത്രയധികം സന്ദർശകർ വന്നു പോയിട്ടും ഈ ചെറിയ സ്ഥലത്തെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലും ശാന്തിയിലും സൗന്ദര്യത്തിലും നിലനിർത്താൻ Baptism Site Commissionനു സാധിക്കുന്നുണ്ട്.


പെട്രയിൽ ദസ് സേറ ദേവാലയത്തിന്റെ അവശിഷ്ട മുറിവുകൾക്കു മുന്നിൽ നിൽക്കുമ്പോൾ ജോസഫ് എന്ന ഗൈഡ് ചോദിച്ചു, – നിങ്ങൾക്ക് ഇന്ത്യയിലും ഒരു ദേവിയില്ലെ, ദുസ് സെറ എന്ന പേരിൽ.

ദസറ എന്ന പേരിൽ ഒരു ആഘോഷം ഞങ്ങൾക്കുണ്ട്.

“ഇയാൾക്കെങ്ങനെ അതറിയാം? “

“അതോ വല്ല ഹൈപ്പർ ഹിന്ദു വിശ്വാസിയും വന്നിട്ടുണ്ടാവും ചങ്ങാതി, അയാൾ ഈ ക്ഷേത്രത്തെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ ആ ഹൈപ്പർ ഭക്തൻ ഈ ക്ഷേത്രവും തങ്ങളുടേതാണ് എന്ന് ആവേശത്തോടെ ബോധിപ്പിച്ചിട്ടുണ്ടാവും.”

അതാണല്ലോ നമ്മുടെ ഇപ്പോഴത്തെ ഫാഷൻ, ചിരിക്കാനുള്ള വഴിയായി.

ആദ്യം ഇവിടെ എത്തിയതാരാണ്? ബദുക്കളായ അറബ് ഗോത്രവിഭാഗത്തിലെ സഞ്ചാരികൾ; നബാത്തിയന്മാർ.

പിന്നെന്താ അവർ സഞ്ചാരം നിർത്തി ഇവിടെ കൂടിയത്?

പെട്ര മലനിരകളിൽ എത്തിയപ്പോൾ അറബ് മേഖലയ്ക്കു പടിഞ്ഞാറൻ രാജ്യങ്ങളുമായുണ്ടായിരുന്ന കച്ചവട ഇടനാഴിയായിരുന്നു ഈ പ്രദേശം. കച്ചവടത്തിൽ നിന്നും തങ്ങൾക്ക് ലഭിക്കാനിടയുള്ള ചുങ്കത്തിന്റെ സാധ്യത അവർ തിരിച്ചറിഞ്ഞു. അങ്ങനെ രക്തത്തിലലിഞ്ഞിരുന്ന സഞ്ചാരത്തെ മറന്ന് അവർ ആ മലനിരകളിൽ തങ്ങളുടെ വാസസ്ഥലം സൃഷ്ടിച്ചു. അത് നബാത്തിയൻ രാജവംശത്തിന്റെ തുടക്കമായി.

വെള്ള ചുണ്ണാമ്പു കല്ലുകളിൽ കൊത്തിയെടുത്ത ആ മനോഹര നഗരത്തിന്റെ അവശേഷിപ്പുകൾ തേടിയാണ് സഞ്ചാരികൾ ഇപ്പോൾ പെട്രയിലെത്തുന്നത്. സാഹസികമായ സഞ്ചാരത്തിനും മനുഷ്യന്റെ ഭാവനയുടെയും എത്രയോ നൂറ്റാണ്ട് മുൻപുള്ള നഗര രൂപകല്പ്പനയുടെയും അവയെ കായികക്ഷമത കൊണ്ട് എങ്ങനെ പൂർത്തീകരിക്കാനായി എന്നതിന്റെയും അവശേഷിക്കപ്പെട്ട തെളിവാണ് ലോക മഹാത്ഭുതങ്ങളിൽ ഒന്നായ പെട്ര.

എന്തുകൊണ്ടാണ് നബാത്തിയന്മാർ തങ്ങളുടെ തലസ്ഥാനമായി പെട്ര തിരഞ്ഞെടുത്തത്?
ആദ്യ കാഴ്ചയിൽ തന്നെ ഉത്തരം വ്യക്തമാണ് – ഈ സ്ഥലം ശത്രുക്കൾക്ക് കണ്ടെത്താനോ പിടിച്ചെടുക്കാനോ അത്രയെളുപ്പമല്ല .

എന്തായിരുന്നു അവരുടെ നഗരത്തെ സംബന്ധിച്ച സുസ്ഥിര പദ്ധതികൾ?

ഇവിടെ വർഷം മുഴുവൻ ജലലഭ്യതയില്ല. പ്രാരംഭ ദശയിൽ നബാത്തിയന്മാർ ജലദൌർലഭ്യം നേരിട്ടു. മഴ പെയ്യുമ്പോൾ ലഭിക്കുന്ന വെള്ളം സൂക്ഷിച്ചു വെയ്ക്കേണ്ടതുണ്ട് എന്നത് അവർ തിരിച്ചറിഞ്ഞു. അവർ ഈ മലകളിൽ വലിയ ജലസംഭരണികൾ കൊത്തിയെടുത്തു. അവയിൽ നിന്ന് മലകൾക്ക് ഇടയിലൂടെ കനാലുകളും ചെറിയ സുഷിരങ്ങൾ വഴി പൈപ്പ് ജലം പോലെ വെള്ളം പങ്ക് വയ്ക്കാനും വേണ്ട സൌകര്യമുണ്ടാക്കി. മഴജലസംരക്ഷണത്തിന്റെ പുരാതനരീതികളുടെ അടയാളങ്ങൾ ഇപ്പോഴും പെട്രയിലുണ്ട്. ഡാമുകൾ വഴി വെള്ളപ്പൊക്കത്തിൽ നിന്നും തങ്ങളുടെ നഗരത്തെ സംരക്ഷിക്കാനും കൃഷി ചെയ്യാനുള്ള ജലം കണ്ടെത്താനും അവർക്കായി, അതുവഴി ഭക്ഷ്യ ലഭ്യതയും ഉറപ്പാക്കി.

കച്ചവടത്തിന്റെ ചുങ്കത്തിലൂടെ ബൈസാന്തിയന്മാർ ധനികന്മാരായി. ഇത് കണ്ട ഗ്രീക്ക് സാമ്രാജ്യം അവരെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ബി.സി 312- ൽ അലക്‌സാഡ്രരുടെ ജനറൽ ആയിരുന്ന ആന്റിഗോനസ് പെട്ര ആക്രമിച്ചു എങ്കിലും അവരെ തോൽപ്പിക്കാനായില്ല. എ.ഡി 106 ൽ റോമക്കാർ പെട്രയെ ആക്രമിച്ചു. നബാത്തിയന്മാർ തങ്ങളുടെ പരമാധികാരം റോമക്കാർക്ക് വിട്ടുകൊടുത്ത് രാജ്യം ഭരിക്കാൻ നിർബന്ധിതരായി.

ഏ.ഡി നാലാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കം വരെ സാമന്ത ഭരണം തുടർന്നു. ഈ ഭൂമികുലുക്കത്തിൽ പെട്രയിലെ കെട്ടിടങ്ങളിൽ പലതും നിലം പൊത്തിയിരുന്നു. പിന്നീടാണ് പെട്ര ബൈസാന്തിയന്മാരുടെ ഭരണത്തിലാവുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അവർ മുന്നൂറ് വർഷത്തോളം ഭരിച്ചു. ഇക്കാലത്ത് നബാത്തിയന്മാരുടെ നിർമ്മിതികളിൽ പലതും കൃസ്ത്യൻ പള്ളികളായി മാറ്റപ്പെട്ടു. എങ്കിലും റോമക്കാർക്കോ ബൈസാന്തിയന്മാർക്കോ നബാത്തിയന്മാരുടെ വാസ്തുശില്പ്പ നിർമ്മിതികളെ പൂർണ്ണമായും മാറ്റി മറിക്കാൻ കഴിഞ്ഞില്ല. (ഇവിടെയാണ് വർത്തമാന കാലത്ത് ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന പുരാതന നിർമ്മിതികളുടെ പുനർ നാമകരണത്തിന്റെ വ്യർഥത ഒരു തമാശയായി അനുഭവപ്പെടുന്നത്). മൂന്നു തരം വാസ്തുശില്പരീതികളുടെ അടയാളങ്ങളുണ്ട് അവശേഷിച്ച പെട്രയിൽ, അത് നബാത്തിയന്മാരിൽ തുടങ്ങി റോമക്കാരിലൂടെ ബൈസാന്തിയന്മാരിൽ എത്തി നിൽക്കുന്നു.

തുടർച്ചയായുണ്ടായ ഭൂമി കുലുക്കങ്ങളും പ്രകൃതി ക്ഷോഭങ്ങളും പെട്രയുടെ പ്രാധാന്യം നശിപ്പിച്ചു. ഇവിടം വിസ്മൃതിയിലായി. എട്ടാം നൂറ്റാണ്ടിനു ശേഷം ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായി പെട്ര. ജിപ്സികളായ ആട്ടിടയന്മാരുടെ വാസസ്ഥലമായി നിർമ്മിതികൾ പലതും. 1812-ൽ സ്വിസ്സ് പര്യവേക്ഷകനായ സഞ്ചാരി ജോൺ ലുഡ്വിഗ് ബർക്കേഡ് പെട്ര കണ്ടെത്തി. അയാൾ തന്റെ സഞ്ചാര രേഖകളിൽ ഈ സ്ഥലത്തെ അടയാളപ്പെടുത്തി.

1929 ൽ ബ്രിട്ടീഷ് പര്യവേക്ഷകർ പെട്രയിൽ തങ്ങളുടെ അന്വേഷണം ആരംഭിച്ചു. 1985ൽ യുനെസ്‌കോ പെട്രോയെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. അതോടെ പെട്രയിൽ താമസിച്ചിരുന്ന ബദുക്കളെ മാറ്റിപ്പാർപ്പിക്കാൻ ജോർദാൻ സർക്കാർ തീരുമാനിച്ചു. ഇപ്പോഴും ആടുകളെയും ആട്ടിടയന്മാരെയും പെട്രയിൽ കാണാൻ കഴിയും. 2000 ലാണ് പെട്ര ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ചേർക്കപ്പെടുന്നത്. റോമൻ മാതൃകയിലുള്ള തീയേറ്റർ, കൊട്ടാരം, ആരാധനാലയങ്ങൾ, മൊണാസ്ട്രി, ശവകുടീരങ്ങൾ തുടങ്ങി ഒരു നഷ്ട നഗരത്തിന്റെ എല്ലാ അടയാളങ്ങളും ഇവിടെയുണ്ട്. എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ നിർമ്മിതി ഇന്ത്യാന ജോൺസ് ആൻഡ് ദി ലാസ്‌റ് ക്രൂസേഡ് സിനിമയിൽ ചേർക്കപ്പെട്ട ട്രഷറി(ഖസാന)യാണ്. അതിന്റെ ഉള്ളിലേക്ക് ഇപ്പോൾ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഒരു വലിയ പാറയിലുള്ള ട്രഷറി ബി.സി. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാവാം എന്ന് കരുതപ്പെടുന്നു. പര്യവേഷണങ്ങളുടെ ആദ്യ കാലങ്ങളിൽ അപൂർവ നിധിശേഖരം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ട്രഷറി ഒരു ആരാധനാലയമോ അല്ലെങ്കിൽ ശവകുടീരമോ ആവാം എന്ന് കരുതുന്നവരുണ്ട്.


ഒരു മത്സ്യത്തിന്റെ ആകൃതിയിൽ കൊത്തപ്പെട്ട പാറ ചൂണ്ടി ഗൈഡ് പറഞ്ഞു – ഇത് ഏതോ വെള്ളപ്പൊക്കത്തിൽ ചെങ്കടലിൽ നിന്ന് കയറി വന്ന വലിയ മത്സ്യത്തിന്റെ ഓർമ്മയിൽ നബാത്തിയന്മാർ കൊത്തിയെടുത്തതാണ്.

സുഹൃത്ത് പറഞ്ഞു – ഇവന് കഥ പറയാൻ അറിയാം.

പിരിയുന്നതിനു മുൻപ് അയാളോട് ഞങ്ങൾ പറഞ്ഞു – നിങ്ങൾ ഒരു നല്ല കഥ പറച്ചിലുകാരനാണ്

അയാൾ ചിരിച്ചു, എന്നിട്ട് ചോദിച്ചു, ആ മീനിന്റെ കാര്യമല്ലേ? അങ്ങനെ ചിലത് നിങ്ങളെ രസിപ്പിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.


തലസ്ഥാനമായ അമ്മാനിൽ നിന്നും 45 കിലോമീറ്റർ ദൂരെയാണ് റോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഡെക്കാപോളിസിന്റെ ഭാഗമായ ജെറാഷുള്ളത്. 6,500 വർഷം നീളുന്ന മനുഷ്യ വാസത്തിന്റെ കഥയാണ് പെട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ജെറാഷിനു പറയാനുള്ളത്.

റോമൻ ഭരണസിരാകേന്ദ്രത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അവശിഷ്ടങ്ങളാണ് ജെറാഷിൽ കാണാൻ കഴിയുക. ബി.സി 64 – ൽ ജനറൽ പോംപി നഗരത്തെ കീഴ്‌പ്പെടുത്തി. ജെറേസ എന്നായിരുന്നു അപ്പോഴത്തെ പേരത്രെ. മൂന്നാം ശതകത്തിൽ ഇത് ഒരു സമ്പന്നനഗരമായി മാറി. പന്ത്രണ്ടാം ശതകത്തിൽ തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾ, തുടർ പ്രകൃതി ക്ഷോഭങ്ങൾ – എല്ലാം കൂടി ജെറേസയെ ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കി. പത്തൊൻപതാം ശതകത്തിലാണ് ജെറേസയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. എഴുപത് വർഷത്തോളം നീണ്ടു നിന്ന, ഇപ്പോഴും തുടരുന്ന പുരാവസ്തു ഗവേഷണത്തിന്റെ ഫലമാണ് ഇപ്പോഴുള്ള ജെറാഷ്. ജനങ്ങൾക്ക് ഒത്തു ചേരാനുള്ള രണ്ടു വലിയ തീയേറ്ററുകൾ, മലമുകളിൽ തീർത്ത ദേവാലയങ്ങൾ, നഗര ചത്വരങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, വലിയ സ്വാഗതകമാനങ്ങൾ തുടങ്ങി റോമൻ നാഗരികതയുടെ അടയാളങ്ങൾ എല്ലാമുണ്ട് ജെറാഷിൽ. ഗ്രീക്ക്-റോമനും അറബിക്കും ചേർന്ന കിഴക്കു പടിഞ്ഞാറിന്റെ വാസ്തുശില്പ കൂടിച്ചേരലാണ് ഈ നിർമ്മാണത്തിന്റെ പ്രത്യേകത.

ഏ .ഡി -129 ലെ ഹാഡ്രിയൻ ചക്രവർത്തിയുടെ സന്ദർശനം ഓർമ്മപ്പെടുത്താൻ വേണ്ടി നിർമ്മിച്ച ഹാഡ്രിയൻ കമാനമാണ് തെക്കൻ കവാടം. ഇത് അപൂർണ്ണമാണ്‌. ഏകദേശം മധ്യത്തിലായി ആർത്തെമിസ് ദേവാലയം, മൂവായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 56 തൂണുകളിൽ നിർമ്മിക്കപ്പെട്ട തെക്കൻ തീയേറ്റർ – സ്റ്റേജിൽ നിന്ന് ചെറിയ ഒച്ചയിൽ സംസാരിച്ചാലും എല്ലാവർക്കും കേൾക്കാനാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, നഗരത്തിന്റെ ഉപേദശക സമിതി യോഗങ്ങൾക്കായി നിർമ്മിക്കപ്പെട്ട വടക്കേ തീയറ്റർ – ഏ. ഡി 165 ൽ ഇതിൽ ആകെ പതിനാലു നിരകളാണ് ഉണ്ടായിരുന്നത്രെ. പിന്നീട് ഏ.ഡി 235ൽ ഇപ്പോൾ കാണുന്ന 1600 പേർക്ക് ഇരിക്കാവുന്ന നിലയിലേക്ക് പുതുക്കി പണിഞ്ഞു. റോമൻ നഗരങ്ങളിൽ ഉള്ള ജലധാരകളെ ഓർമ്മിപ്പിക്കുന്ന ഒന്ന് 191 ഏ.ഡി യിൽ നിർമ്മിക്കപ്പെട്ടതിന്റെ അവശിഷ്ടങ്ങൾ കാണാനാവും. ഏഴു സിംഹശിരസുകളിലൂടെ വെള്ളം ചിതറിപ്പിക്കുന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിനുള്ളത്. ഈ ജലം ഭൂമിക്ക് താഴെക്കൂടി പുറത്തേക്ക് ഒഴുക്കി കളയാനുള്ള സംവിധാനവുമുണ്ട്. ജലധാരയ്ക്ക് അടുത്തുള്ള ഒരു വലിയ തൂണ് ഇപ്പോഴും സ്വയം തിരിയുന്ന ഒന്നാണ്. ദിയോണസിന്റെ ദേവാലയം, ഒരു ബൈസാന്ത്യൻ പള്ളി (ഇപ്പോൾ കത്തീഡ്രൽ ). പടവുകൾ കയറി ചെല്ലുമ്പോൾ വിശുദ്ധ മേരിയുടെ പള്ളി തുടങ്ങിയവും കാണാം. അവിശ്വസനീയമായ ഈ നിർമ്മിതികളിൽ ചിലത് മാർബിൾ കൊണ്ടാണ്. കുതിരകളെ പൂട്ടിയ രഥങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും സഞ്ചാരത്തിനിടയിൽ തകരാത്ത രീതിയിൽ ചുണ്ണാമ്പുകല്ലുകൾ പാകിയ രാജവീഥിയുടെ (245 മീറ്റർ നീളവും 52 മീറ്റർ വീതിയും) ഇരുവശത്തു കൂടിയും ജനങ്ങൾക്ക് കാൽനടയായി സഞ്ചരിക്കാനുള്ള പാതയുമുണ്ട്.


സിറ്റാഡലിൽ നിന്നാൽ ജോർദാൻ എന്ന രാജ്യത്തിൻറെ ഒരു 360 ഡിഗ്രി കാഴ്ച ദൃശ്യമാകും. ഒരു ഭാഗത്ത് പഴയ മാതൃകയിൽ പണികഴിപ്പിച്ച ഇടതിങ്ങിയ കെട്ടിടങ്ങളുടെ പഴയ ജോർദാൻ, പിന്നീട് പഴയതിനും പുതിയതിനും ഇടയിലെ ഒരു ഭാഗം, നേരെ എതിർ ഭാഗത്ത് പുതിയ ജോർദാൻ. അവിടെ ആർക്കും സ്വന്തമാക്കാവുന്ന മോഡേൺ ആഡംബരങ്ങളുള്ള ലോക നിലവാരത്തിലുള്ള കെട്ടിടസമുച്ചയങ്ങൾ.

ജെറാഷിലെ ഗൈഡ് പറയുന്നു – ചങ്ങാതി, അമ്മാൻ എത്ര ശുദ്ധവായു ഉള്ള ഇടം എന്ന് നോക്കൂ. പാരിസ്ഥിതിക ദോഷകാരണങ്ങളായ ഒരു വ്യവസായവും ഇവിടെയില്ല. താമസസ്ഥലങ്ങളിലേക്ക് വാഹനങ്ങൾക്ക് പോലും സ്വാഗതമില്ല. – ശരിയാവണം.

അമ്മാനിലെ ഏറ്റവും വലിയ കുന്നിനു മുകളിൽ, സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 850 മീറ്റർ ഉയരത്തിലാണ് ജബൽ അൽ ഖാല. അവിടെയാണ് സിറ്റാഡൽ സ്ഥിതിചെയ്യുന്നത്. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എന്ന അർത്ഥത്തിലാണ് സിറ്റാഡൽ എന്ന പേര്. ഹെർക്കുലീസിന്റെ റോമൻ ദേവാലയം, ഉമ്മയാദ് കൊട്ടാരം, ഒരു ഭൂഗർഭ ജലസംഭരണി, ബൈസാന്ത്യൻ പള്ളി, അയ്യൂബിദ് നിരീക്ഷണ ഗോപുരം തുടങ്ങിയവയാണ് സിറ്റാഡലിൽ ഉള്ളത്. ഹെർക്കുലീസിന്റെ ഒരു കൽ പ്രതിമയുടെ ഛേദിച്ച മട്ടിലുള്ള മുട്ടും മുഷ്ടിയും അവിടെ കാണാൻ കഴിയുന്നുണ്ട്. രണ്ടു ഭീമാകാര തൂണുകളാണ് ഹെർക്കുലീസ് ദേവാലയത്തിന്റേതായി അവശേഷിക്കുന്നത്.

വെങ്കല യുഗത്തിന്റെ അടയാളങ്ങൾ പേറുന്ന ഒരു കോട്ടയും കച്ചവട കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു തുറന്ന ഇടവും ഇവിടെയുണ്ട്. ഉമയാദ് കൊട്ടാരത്തിൽ ഒരു വലിയ ഹാളുണ്ട് സ്പാനിഷ് പുരാവസ്തു ഗവേഷകരാണ് ഈ കൊട്ടാരത്തിന്റെ മേൽക്കൂര പുനർനിർമ്മിച്ചത്. കുറെയേറെ മാർബിൾ അവശിഷ്ടങ്ങളും ഇവിടെ കാണാനുണ്ട്. ഭൂകമ്പത്തിൽ തകർന്നു പോയ ഒരു ബൈസാന്ത്യൻ ബസിലിക്കയുള്ള സിറ്റാഡലിൽ നിന്നാൽ താഴെ ഹാശിമി സ്ട്രീറ്റിനടുത്തുള്ള റോമൻ തീയറ്റർ കാണാൻ കഴിയും.


പഴമയുടെ പ്രൗഢിയാണ് ഡൌൺ ടൗണിന് ഉള്ളത്. വിവിധയിനം ഭക്ഷണങ്ങൾ വറുത്തെടുക്കുന്നതിന്റെ സമ്മിശ്ര ഗന്ധമുള്ള, വിലകുറഞ്ഞ വസ്ത്രങ്ങളുടെ വ്യാപാരസ്ഥാപനങ്ങളുടെ തെരുവ്. വിവിധ വസ്തുക്കൾക്ക് വേണ്ടി പ്രത്യേകം ഇടങ്ങൾ – ദീപാലങ്കാര വസ്തുക്കൾക്ക് വേണ്ടിയുള്ള കടകൾ നിറഞ്ഞ ഒന്നോ രണ്ടോ തെരുവുകൾ, വിവിധ തരത്തിലുള്ള ഭക്ഷണശാലകളുടെ ഇടങ്ങൾ, പാർക്ക് ചെയ്യാൻ ഇടം തിരഞ്ഞു കാത്തു കിടക്കുന്ന വാഹനങ്ങളുടെ അക്ഷമ, ജനത്തിരക്ക്.

പുസ്തകങ്ങൾക്ക് നല്ല വിലയാണത്രെ ജോർദാനിൽ. ബുക്ക് സ്വാപ്പിങ് വഴി ചിലവുകുറഞ്ഞ വായനയെ പ്രമോട്ട് ചെയ്ത ഒരു പുസ്തകശാലയുടമയുടെ അപകടമരണ വാർത്ത കുറെ വർഷം മുന്നേ വായിച്ചിരുന്നതോർത്തു . ആകസ്മികത പോലെ അയാളുടെ മരണത്തിനു കുറച്ചു മുൻപായി പുസ്തകശേഖരത്തിലെ ഒരു ചെറിയ ഭാഗം ചെറിയൊരു തീപിടുത്തത്തിൽ പെട്ട് കത്തിപ്പോയിരുന്നു. ഹിഷാം മായ്ത്താ എന്നായിരുന്നു ആ 48 വയസുകാരന്റെ പേര്. മായ്ത്താ-യുടെ പ്രത്യേകത തന്റെ കടയിൽ വന്നിരുന്ന എല്ലാ പുസ്തകവും അയാൾ വായിച്ചിരുന്നു എന്നതാണ്. അയാളുടെ പിതാവ് 1910 ൽ കരക്ക് നഗരത്തിൽ തുടങ്ങിയ കട പിന്നെ ജെറുസലേമിലും അവിടെ നിന്നും 1950 ൽ അമ്മാനിലെക്കും മാറ്റപ്പെട്ടു.1993ൽ പിതാവിന്റെ മരണശേഷം പുസ്തകശാല ഏറ്റെടുത്ത് തന്റേതായ രീതിയിൽ (ഒരു ദിനാർ ഫീസിൽ ) തുടരുകയായിരുന്നു മായ്ത്താ. ഇതോടൊപ്പം ചേർത്ത ഫോട്ടോ എടുക്കുമ്പോൾ ഡൌൺ ടൗണിൽ നിന്ന് മടങ്ങാനുള്ള തിരക്കിലായിരുന്നത് കൊണ്ട് ഇപ്പോൾ മയാത്തിന്റെ മകനും സഹോദരനും തുടർന്ന് നടത്തുന്ന പുസ്തകശാല ഇത് തന്നെയാണോ എന്ന് ചോദിക്കാനുമായില്ല.

രണ്ട് മണിക്കൂർ കാത്തു നിലക്കേണ്ടി വരും 1906 -ൽ ആരംഭിച്ചു എന്ന് ബോർഡിൽ പറയുന്ന ഹഷിം റസ്റ്റോറണ്ടിൽ നിന്നും ഫലാഫിൽ കിട്ടാൻ. വലിയൊരു ആൾക്കൂട്ടം കാത്തു നിൽക്കുന്നുണ്ട്.

റെയിൻബോ സ്ട്രീറ്റ് ഒരു നിറവൈവിധ്യങ്ങളുടെ തെരുവാണ്. ഡൌൺ ടൗണിനോളം തിരക്കില്ല. പക്ഷെ അതിനേക്കാളും കളർഫുൾ എന്ന് പറയാവുന്ന തരത്തിലാണ് ഈ തെരുവ് സജ്ജീകരിച്ചിരിക്കുന്നത്. ഉള്ളിൽ ഉപഭോക്താവിന് ഇരിപ്പിടം ഒരുക്കാൻ ഇടമില്ലാത്ത കടകൾക്ക് മുന്നിലായി തെരുവിൽ, നേരെ എതിർവശത്ത് മരച്ചുവട്ടിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇലകളുടെ ഒച്ചകേട്ട്, ഇളം കാറ്റേറ്റ് ഭക്ഷണം കഴിക്കാം.
അൽ ഖുട്സ് ഫലാഫൽ 1966 ആരംഭിച്ച ഒരു കുടുംബ ബിസിനസാണ്. നല്ല ഭക്ഷണമാണ് എന്ന അഹമ്മദിന്റെ റേറ്റിംഗ് ശരിവയ്ക്കുന്നു അവരുടെ ഫലാഫൽ. മരത്തണലിൽ ഇരുന്നു കഴിച്ചു കൊണ്ടിരിക്കെ വൃദ്ധനായ ഒരാൾ ചോദിക്കുന്നു – ഇന്ത്യൻ ? കേരള ? സംശയം നിവർത്തിച്ചു, ഭോജനം നിവർത്തിച്ചു.

ഇവിടെ ഒരു സാധാരണ തൊഴിലാളിക്ക് എത്ര രൂപ കിട്ടും ബ്രോ?

ദിവസം 25 ദിനാർ ബ്രോ, എന്നായി അഹമ്മദ്.

അയാൾ എന്ത് പണിയാവും ചെയ്യുക?

അയാളോ , നിങ്ങൾ വീട് വെയ്ക്കാൻ പറഞ്ഞാൽ ഒരു നല്ല വീട് വച്ച് തരും, എന്നിട്ട് അഹമ്മദ് ഒറ്റപ്പെട്ട ഒരു വീട് കാണിച്ചു തന്നു.

ഓ, അപ്പോൾ ഒരു മേസ്തിരിയുടെ ദിവസക്കൂലിയാണ് അത്.

എന്നാൽ ഒരു എഞ്ചിനീയർക്ക് കിട്ടുക മാസം 350 ദീനാറാണ്, പക്ഷേ അത് കൊണ്ട് കുടുംബം പുലർത്താനാവില്ല, പെണ്ണും കെട്ടാനാവില്ല. അത് കൊണ്ട് ഞാൻ ടൂറിസ്റ്റുകളുടെ കാറോടിക്കുന്നു. അഹമ്മദ് ചിരിച്ചു അപ്പോൾ ഒരു നേർസിന്റെ മാസ ശമ്പളമോ? 550ദിനാർ. ഒരു അപ്പാർട്ട്മെന്റിന് 250-350 വരെയാകും.

കടന്നു പോവുന്ന വഴിയിൽ നിറയെ രാജകുമാരന്റെയും അദ്ദേഹം അടുത്തിടെ വിവാഹം കഴിച്ച പെണ്കുട്ടിയുടെയും ചിത്രങ്ങൾ. പടിഞ്ഞാറൻ മാതൃകയിൽ വസ്ത്രം ധരിച്ച മട്ടിലുള്ളവ,പല സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തവ. കുറച്ചു മുന്പ് ഒരു പെട്രോൾ പമ്പിൽ സന്ദർശകരോട് യാചിച്ചു കൊണ്ടിരുന്ന ഒരു യുവതിയെ ഓർത്തു. മുഖം മാത്രം പുറത്തു കാണാവുന്ന യാഥാസ്ഥിക രീതിയിൽ വസ്ത്രം ധരിച്ചിരുന്ന ആ യുവതി കിട്ടിയ ചില്ലറകൾ കൊണ്ട് തൊട്ടടുത്ത കോഫീ ഷോപ്പിൽ നിന്ന് ടർക്കിഷ് കാപ്പി വാങ്ങുന്നുണ്ടായിരുന്നു ഞങ്ങൾ കടന്നു പോരുമ്പോൾ.

അബ്ദുള്ള ഒന്നാമൻ രാജാവിന്റെ പേരിലുള്ള ബ്ലൂ മോസ്ക് ഏറെ പ്രശസ്തമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ജാതിമതവ്യത്യാസം കൂടാതെ പ്രവേശനം അനുവദിച്ചിട്ടുള്ള മനോഹരമായ ഈ ആരാധനാലയത്തിന്റെ മറ്റൊരു പ്രത്യേകത അത് സ്ഥിതി ചെയ്യുന്ന റോഡിന് അടുത്തായി സ്ഥിതിചെയ്യുന്ന രണ്ടിലധികം ക്രിസ്തീയ ദേവാലയങ്ങളാണ്. വൈവിധ്യങ്ങളുടെ ഭംഗിയുടെ അടയാളം പോലെ അവ നിലകൊള്ളുന്നു. മതം വിഭജനത്തിനായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ മനസ് നിറയ്ക്കുന്ന ഒരു കാഴ്ചയാണ് ഈ ദേവാലയങ്ങളുടേത്.

വാൽക്കഷണം
ഒന്ന്- അമ്മാനിൽ വിശ്വസിക്കാൻ പാടില്ലാത്ത കൂട്ടർ ഒരു വിഭാഗം ടാക്സിക്കാരാണ്. പിന്നെയുള്ളത് നൈറ്റ് ലൈഫ് എന്ന പേരിൽ പ്രവർത്തിക്കുന്ന അധോലോകവും. സൂക്ഷിച്ചാൽ ദു:ഖിക്കാതിരിക്കാം.

രണ്ട്- ജോർദാൻ സഞ്ചാരത്തിന് ആവശ്യം വേണ്ടത് നടക്കാനുള്ള മനസ്സാണ്. മൃഗങ്ങളെ പീഡിപ്പിക്കാതെ കാഴ്ചകൾ കണ്ടു മടങ്ങാൻ ഏറെ കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )