ഒരു വറുതിക്കാല രാത്രിയിൽ
ഒരു തകരപ്പാത്രം നിറയെ ചക്കര
തലയിൽ ചുമടായി
ഏറെ ദൂരം നടന്ന് അച്ഛൻ
വീട്ടിൽ കൊണ്ട് വന്നു.
ഞങ്ങൾ കുട്ടികളുടെ നാവ്
തകരപ്പാത്രത്തിന്റെ
തുറന്ന വായിൽ തൊട്ട വിരലാൽ
രാത്രി മുഴുവൻ മധുരിച്ചു.
പിറ്റേന്നു വളഞ്ഞ വിരലിൽ തടഞ്ഞ
ചക്കര തുണ്ട് ക്ലാസിലിരുന്ന്
നുണയുന്നതോർത്ത്
ഞങ്ങൾക്ക് സ്വപ്നത്തിലും മധുരിച്ചു.
അച്ഛനാവട്ടെ
ആ രാത്രി തന്നെ ചക്കര മുഴുവൻ
വെള്ളത്തിൽ കലക്കിക്കളഞ്ഞു.
കുറെ ദിവസം കഴിഞ്ഞപ്പോൾ
വീട്ടിനുള്ളിൽ പൊന്തിയ വാടയ്ക്കൊപ്പം
എന്നെയെന്തിനാ വെള്ളത്തിൽ
കലക്കിയതെനന്ന് ചക്കരയുടെ
ഒച്ച പൊങ്ങിക്കൊണ്ടിരുന്നു.
അച്ഛനല്ലേ ആള്?
ചക്കരവെള്ളത്തെ
തീയിൽ വേവിച്ചു ഒച്ചയടക്കാൻ തുടങ്ങി
ഒടുവിൽ ചക്കരയ്ക്ക് കരച്ചിലായി
ആ കണ്ണ് നീര് തീയെ പോലും കത്തിച്ചു
ആ കണ്ണ് നീർത്തുള്ളിയെ ഒരു ഗ്ലാസ്സിലാക്കി
അച്ഛൻ വീടിനു പുറത്തിരുന്നു
പതിയെ നുണഞ്ഞു തീയണച്ചു.
*
അച്ഛൻ വീടിനു പുറത്തിരുന്ന
ഒരു വൈകുന്നേരം
എതിർവശത്തുള്ള വീട്ടിൽ
കുറെ ആളുകൾ വന്നു.
ആ നേരം ആ വീട്ടിലേക്ക്
ഒരു വണ്ടിയും
അതിൽ നിറയെ
അരിച്ചാക്കുകളും വന്നു.
ആളുകൾ ചാക്കെല്ലാം കെട്ടിടത്തിൽ വച്ചു
ഒഴിഞ്ഞ വണ്ടി പോയപ്പോൾ
അവർ കെട്ടിടം പൂട്ടി മടങ്ങിപ്പോയി.
അടുത്ത വേനലും
അടുത്ത മഴയും
അടുത്തടുത്ത
പിന്നേതാണ്ടെല്ലാം വന്നു പോയി.
ചാക്കുകൾ അകത്തും
ഞങ്ങൾ പുറത്തും വെറുതെയിരുന്ന
നാളുകളായിരുന്നു അത്
*
ഒരിക്കൽ ചക്കരവെള്ളത്തിന്
മത്തു പിടിച്ചു.
അച്ഛനോട് പിണങ്ങിയ അത്
തിളച്ചു കൊണ്ടിരുന്ന കലത്തിൽ നിന്നും
വെളിയിൽ ചാടി
അമ്മയെ വട്ടം പിടിച്ചു.
അമ്മയുടെ മേലാകെ ചക്കരയുടെ
സങ്കടം തിണർത്തു കിടന്നു.
പിന്നീടുള്ള ദിവസങ്ങളിൽ
അമ്മ വീടിനുള്ളിലും
അരിച്ചാക്കുകൾ കെട്ടിടത്തിനുള്ളിലും
ഞങ്ങൾ വീട്ടിൽ നിന്ന്
ദൂരെയെവിടെയെങ്കിലുമായി
വളർന്നു കൊണ്ടിരുന്നു.
*
ഞാനിപ്പോൾ ഒരു ഗ്ളാസ് നിറയെ
ചക്കരക്കണ്ണുനീരുമായി
വീടിന് പുറത്തിരിക്കുന്നു.
അരിച്ചാക്കു സൂക്ഷിച്ചിരുന്ന
കെട്ടിടത്തിൽ നിന്നും
ഉറുമ്പുകളുടെ ഒരു വരി
അമ്മയുടെ കട്ടിൽക്കാലിലേക്ക്
കുതറിക്കയറുന്നു
ഞാൻ ചക്കരക്കണ്ണീരിനാൽ
തൊണ്ടയ്ക്ക് തീപിടിപ്പിക്കുന്നു