ഇന്നലെ വരെ
പ്രവൃത്തി ദിനങ്ങളിൽ
കൃത്യത കണ്ടുപിടിച്ച-
ആളെപോലെയായിരുന്നു
വേണുഗോപാലൻ മാഷ്
കൃത്യം എഴുന്നേറ്റു
കൃത്യം പ്രഭാതകൃത്യങ്ങൾ ചെയ്തു
കൃത്യം പാചകത്തിൽ ചേർന്നു
കൃത്യം പ്രഭാത ഭക്ഷണം ഭുജിച്ചു
കൃത്യം കുട്ടികളെ ഒരുക്കി
കൃത്യം സ്കൂളിൽ വിട്ടു
കൃത്യം സ്കൂളിൽ വന്നു
കൃത്യം പഠിപ്പിച്ചു
കൃത്യം പരീക്ഷ നടത്തി
കൃത്യം മൂല്യ നിർണയം ചെയ്തു
കൃത്യം ഉത്തരക്കടലാസുകൾ വിതരണം ചെയ്തു
കൃത്യം വീട്ടുസാധനകൾ വാങ്ങി
കൃത്യം വൈദ്യുതബിൽ വെള്ളക്കരം-
ലോൺ പോളിസികൾ അടച്ചു
കൃത്യം ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങി
കൃത്യം രതി ഉറക്കം
കൃത്യത വ്യതിചലിച്ചാൽ
ലോകം അവസാനിക്കുമെന്ന് ഭയന്നു
അങ്ങിനെയിരിക്കെ ഒരു ദിനം
പുലർച്ചെ ചലനമറ്റ ഘടികാര സൂചികൾ-
മാഷിനെ നോക്കി ചിരിച്ചു
അവധി ദിനം ആയിരുന്നില്ല
കിടന്നിടത്തുനിന്ന് എഴുന്നേറ്റേയില്ല
പ്രഭാത കൃത്യങ്ങൾ വേണ്ടെന്ന് തോന്നി
അടുക്കളയിലേക്ക് പോയില്ല
ദാഹിച്ചില്ല വിശന്നില്ല
അനന്തരം
കട്ടിലിനരികിൽ
ഭാര്യ മക്കൾ കൂട്ടുകാർ
സഹപ്രവർത്തകർ ഡോക്ടർ
ഉറക്കെയും പതിഞ്ഞും തട്ടിയും
വിളിച്ചുണർത്താൻ ശ്രമം
കൈ കാലുകൾ തിരുമ്മുന്നു
കണ്ണിൽ വെളിച്ചം തെളിക്കുന്നു….
ചോദ്യമില്ലാതെ ഉത്തരം-
അതിനിടയിൽ ആരോ പറഞ്ഞു
‘കഴിഞ്ഞു …..’
അന്നേരമെല്ലാം മാഷ്
ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു
‘ആരെങ്കിലുമൊന്ന് ദയവുചെയ്ത്
ആ ക്ലോക്ക് പ്രവർത്തിപ്പിക്കൂ
നിലച്ചസമയ സൂചികൾ കൃത്യമാക്കൂ ….’
മറ്റൊരു ലോക മൗനഭാഷ ആരും കേട്ടില്ല.