ഗർഭം

ഗർഭമൊരു മഹാ
സംഭവമൊന്നുമല്ല!

സ്ത്രീകളുടെ
ജൻമോദ്ദേശം
വംശപരിപാലനമെന്ന്
കരുതുന്നവരോടാണ്,

പാതിമുറിഞ്ഞ സ്വപ്നംപോലെയാണ്
സ്ത്രീയുടെ ജീവിതമെന്ന്
അവർതന്നെ പറഞ്ഞതാണ്.

അറ്റുപോയ
മറുപാതിതേടി
വീണ്ടുമുറങ്ങിയുണരുന്ന
നിരാശയാണ്
അവരുടെ ജീവിതമെന്ന്
അവർതന്നെ പറഞ്ഞതാണ്.

ഒരു ജന്മത്തിൽതന്നെ
ഒന്നിലധികം ജന്മങ്ങളിലൂടെ
കടന്നുപോകാറുണ്ടെന്ന്,

ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും
കഴിഞ്ഞകാലത്തിലേക്ക്
തിരിഞ്ഞുനോക്കുമ്പോൾ
അത് മുജ്ജന്മം പോലെ തോന്നാറുണ്ടെന്ന്,

കണ്ണാടിയിൽ നോക്കിനിൽക്കുമ്പോൾ
സ്വന്തം ആത്മാവിനെക്കുറിച്ച്
ആലോചിച്ചുപോകാറുണ്ടെന്ന്,

ജന്മസിദ്ധമായ
ചില കഴിവുകൾ
ഭൂതകാലത്തെവിടെയോ
കുഴിച്ചുമൂടപ്പെട്ടപോലെ
തോന്നാറുണ്ടെന്ന്,

പണ്ടത്തെ ഇഷ്ടരുചികളെല്ലാം
നാവ് മറന്നുപോയെന്ന്,
(അവർതന്നെ പറഞ്ഞതാണ് )

ഈ മഹാസംഭവങ്ങൾക്കിടയിൽ
ഗർഭമൊരു സംഭവമേയല്ലെന്ന
ധിക്കാരമാണ്
അവർക്ക് നിങ്ങളോട് പറയാനുള്ളത്.

ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആണ്. നവ മാധ്യമങ്ങളിൽ എഴുതാറുണ്ട്