വ്യാഴാഴ്ചരാത്രി രണ്ടു മണിയൊക്കെ കഴിഞ്ഞ നേരത്തെപ്പോഴോ അച്ചായന്‍ വരുന്നതിപ്പോ മൂന്നാമത്തെ തവണയാ. ബോധം വന്ന നേരത്ത് അച്ചായന്റെ കഴുത്തിനോട് ചേര്‍ന്ന് കിടന്ന കൊന്തയിലെ കുരിശു തിളങ്ങുന്നതു കണ്ടു. കണ്ണ് തൊറന്നു നോക്കീയപ്പോ എന്നെ നോക്കിയങ്ങേരു ഒരുമാതിരിച്ചിരി പാസാക്കി. ഞാനപ്പോ മൊത്തം കണ്ണങ്ങു തൊറന്നെമ്മെച്ചും എണീക്കാന്‍ നോക്കി. പിന്നെ ചുറ്റും കണ്ണില്‍ കുത്ത്യാ അറിയാത്ത ഇരുട്ടാ. ഒരു വിധത്തില്‍ രാത്രിയങ്ങ് വെളിപ്പിച്ചെങ്കിലും ആരോടും പറയാനൊന്നും പോയില്ല. മൂന്നുതവണയും വെള്ളിയാഴ്ച ഈ നേരം വരെ എങ്ങനെയൊക്കെയോ അങ്ങ് പോയി.
അഞ്ചാഴ്ച മുന്നേയാ. ഇതുപോലൊരു വെള്ളിയാഴ്ച ദേവസം. നാപ്പത് കഴിഞ്ഞ ആണുങ്ങള്‍ക്കുള്ള ചന്തമുണ്ട് വെള്ളിയാഴ്ചയ്ക്കലത്തെ വൈകുന്നേരത്തിനു. അഞ്ചു ദിവസം കുണ്ടികൊണ്ട് കുണ്ടറയെന്നെഴുതി, അഞ്ചാം ദിവസം ആഴ്ചയുടെ അന്ത്യകൂദാശ തുടങ്ങുന്ന വെള്ളിയാഴ്ചയ്ക്ക് അതിന്റെ മധ്യവയസുകഴിഞ്ഞപ്പോ ഇരുന്ന ഇരുപ്പായിരുന്നു. അവശനായ വെള്ളി പയ്യെപ്പയ്യെ ശനിയിലേക്ക് വേച്ചു വീണിട്ടും ആ ഇരുപ്പീന്നു ഞങ്ങളെണീറ്റില്ല. ഇടയ്ക്കെപ്പോഴോ അനൂം ആരതീം ടോയിലറ്റിലൊക്കെ പോയി വന്നു. ബാക്കി ആണുങ്ങള്‍ നാലുപേരും ഇരുന്നിടത്തിരുന്നു അത്താഴോം കഴിച്ചു.
ഇപ്പൊ വന്നുവന്ന് എല്ലാ ആഴ്ചാവസാനവും ഇങ്ങനെയൊക്കെയാണ്. ഞങ്ങള് നാലും അവളുമാരും കൂടിയങ്ങിരിക്കും. അവളുമാര്‍ക്കും ഗുലാന്‍ പെരിശൊരു ഭ്രാന്തായിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല; മച്ചൂണന്മാരും കണക്കാ. ചീട്ടു കണ്ടാല്‍ അവിടെ വീഴും വേച്ച്. മൂത്തമച്ചു സെബാന്‍. അവന്‍ അച്ചന്‍ പട്ടത്തിനു സെമിനാരീല്‍ പോയോനാ. അവന്റെ ഒടുക്കത്തെ വായനേം, അറിവും. അവനവിടന്നു ഓടിപ്പോന്നു. അവന്‍ പറഞ്ഞാ സെമിനാരിക്കഥയൊക്കെ കേട്ടത്. ചീട്ടു കളിക്കുന്നതിനിടെ കള്ളടിയ്ക്കുമ്പോ ഞാനവനെ സെമീ നാറീന്നൊന്നു നീട്ടി വിളിക്കും. അപ്പൊ അവന്റെ മോന്തയൊന്നു കാണേണ്ടതാ.
പൂണ്യാഹം തളിക്കുമ്പോലെ ആ പെണ്ണ് അനൂന്റെ ചീട്ടിടല്‍. വീഴുന്ന കണ്ടാല്‍ അറിയാം കൊണം പിടിക്കില്ലെന്ന്. മുടിഞ്ഞുപാനക്കൊണ്ടെന്നു ചീട്ടെടുത്തപ്പോ പൊറകിക്കൂടെ എന്തോ ഓടിപ്പോവുന്ന കണ്ടു.
ഒള്ളത് പറഞ്ഞാ ഇപ്പൊ ഓടിപ്പോവുന്ന ഒച്ച കേട്ടാ ഉള്ളിലോരാന്തലാ. അതൊരു കഥയാ. രണ്ടു മാസം മുന്നേ ഇതുപോലെ കളിച്ചോണ്ടിരിക്കുമ്പോ ഒരെലി. ഈ ചെറുവിരലിന്റെ അത്രേള്ളൂ. ജീന്‍സിന്റെ എടെക്കൂടെ മുട്ടിനു താഴെ, അല്ല ഏതാണ്ട് മുട്ടിന്മേ വരെയെത്തി. തട്ടി നോക്കി, തടഞ്ഞു നോക്കി. കോപ്പ് പോണില്ല. അതെങ്ങാന്‍ മേലേക്ക് കേറിപ്പോയാലത്തെ കാര്യമോര്‍ത്തപ്പോ ഉള്ളങ്ങാന്തി. പിന്നൊന്നും നോക്ക്യെല്ല. പാന്റിന്റെ തുണിയോടു ചേര്‍ത്തങ്ങു പിടിച്ചതിനെ. പുല്ലുകെടന്നു കൊറേ പെടച്ചു. ഞാവ്വിട്ടില്ല. അവിടെ ഇരുന്നത് ചത്തു. പാന്റ് മേലോട്ട് തെറുത്ത് കേറ്റി നോക്കിയപ്പോ ചോര ചക്കെടെ ഞെടുപ്പേന്നു കറ പോലിങ്ങനെ പൊടിക്കുന്നു. പിന്നീല്ലാര്‍ക്കും നിര്‍ബന്ധം, പോയി ഡോക്ടറെ കാണിക്കാന്നു. അഞ്ചെണ്ണത്തിന്റെ പിന്നാലെ ഞോണ്ടിക്കുതിരേപ്പോലെ ആശൂത്രീ ചെന്നപ്പോ അവിടാകെ വെഞ്ചരിച്ച മണമായി. അമ്മാതിരി അടിയായിരുന്നു ബീയര്‍. അവന്‍ സെബാന്‍, അവന്റെ എടക്കിടക്കൊള്ള ഒടുക്കത്തെ ഏമ്പക്കം വിടലില്‍ അശൂത്രിലുണ്ടാരുന്ന രണ്ടു നേര്‍സുപെണ്ണുങ്ങളും മൂക്ക് പൊത്തി.
ഡോക്ടര്‍ ഒണ്ടാരുന്നില്ല. നേര്‍സ് സിസ്സിലിക്ക് എന്നെ കണ്ടപ്പോ മുഖത്ത് നോക്കാന്‍ മടി. കാരണോണ്ട്. അവള് നമ്മള് മലയാളികളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാറില്ല. ഏതോ നോര്‍ത്തിന്ത്യക്കാരീന്ന ഭാവത്തിലെ അവള്‍ടെ ജീന്‍സും ടീ ഷര്‍ട്ടും.
രണ്ടാഴ്ച മുന്നെയാ. ഹോളീടെ രണ്ടു ദെവസം മുന്നയോ മറ്റോ. ഞാന്‍ മേലെ തുണിവിരിച്ചോണ്ട് നിക്കുന്നു. ദൂരെന്നേ എന്നെ കണ്ടപ്പോ അവള്‍ടെ മൊഖത്തൊരു പുശ്ചം. ഞാനും നോക്കീല്ല. അവള്‍ടെ കെട്ടിടത്തിന്റെ അടുത്തെത്താറായപ്പോ എങ്ങാണ്ടുന്നോ രണ്ടു ചെക്കന്മാര്‍. ഒരു പീച്ചാങ്കുഴലീന്നു കൊച്ചു പിള്ളാര് പെടുക്കും പോലെ ചായം ചീറ്റിച്ച് അവള്‍ടെ നേരെ. അവള്‍ക്കെന്തോ തോന്നീട്ടാവണം. രണ്ടു കയ്യും കഴുത്തില്‍ ക്രോസ് പിടിച്ചു നെലത്തങ്ങിരുന്നു. അതിലൊരു ചെക്കനാനേരത്ത്, ഉച്ച നേരമായോണ്ട് ആരും വെളീലില്ലെന്നു തോന്നീട്ടാവണം, പീചാം കുഴലീന്നാണോ അതോ വേറെ ഉണ്ടാര്‍ന്നോ, അവന്റെ കയ്യിലേക്ക് ചായം തേച്ച് അവള്‍ടെ നെഞ്ചിലേക്ക് കയ്യെത്തിക്കുന്ന കണ്ടപ്പോ ശരിക്കും എനിക്കും വല്ലാണ്ട് തോന്നി. അവനെ തള്ളി മാറ്റി അവള്‍ വീട്ടിലേക്ക് ഓടിക്കയറുന്ന കണ്ടു. പിന്നിന്നാ കാണുന്നെ. ഞാന്‍ ആരോടും ഇത് പറയേണ്ടെന്ന് വച്ചു. എന്നാലും സെബാനോട് പറഞ്ഞു. അവന്‍ അച്ചനു പഠിക്കാന്‍ പോയവനാ. അവന്‍ രഹസ്യം സൂക്ഷിക്കും.
ശനിയിങ്ങനെ കണ്ണുതിരുമ്മി എണീറ്റ് കുറെ കഴിഞ്ഞിട്ടുണ്ടാവണം. കയ്യിലോള്ള കാശൊക്കെ തീര്‍ന്നു കടം പറഞ്ഞു തുടങ്ങിയിരുന്നു എന്റെ കൈക്കാര്. ഒന്‍പതു മണിയായിക്കാണണം. വാതിലിന്മേല്‍ ആരോ മുട്ടുന്ന ഒച്ച കേട്ടു. ഈ നേരത്ത് ഇതെത് വള്ളിക്കെട്ട് എന്നും പറഞ്ഞോണ്ട് സുധീര്‍ എണീറ്റ് പോയി വാതില്‍ തുറന്നപ്പോ ചിന്നമ്മാന്റിയാണ്.
“എന്നാ ആന്റി ഈ രാവിലേന്ന് സുധീര്‍ ചോദിക്കുന്നേനും മുന്നേ ആന്റി എന്റെ പേര് പറഞ്ഞു. കൂട്ടത്തില്‍ അവരുടെ വീടുമായി ഒരു പാലമുള്ളത് എനിക്കാണ്. ഞാന്‍ എണീല്‍ക്കുമ്പോ മുണ്ടിനു ചീട്ടിനെ വിടാന്‍ ഒരു മടി. അതഴിഞ്ഞു താഴേക്ക് പോവുമ്മുന്നെ ഞാന്‍ ബലം പിടിച്ചു കെട്ടി വച്ചു. നടക്കാനാഞ്ഞപ്പോ കാലിനൊക്കെ കരിങ്കല്ലിന്റെ ഭാരം. നിലത്ത് ഒരു ആന അതിന്റെ പാദം വയ്ക്കും പോലെ ഒച്ച നടന്നു തുടങ്ങിയപ്പോ.
അച്ചായന് നല്ല സുഖമില്ലെന്നു കേട്ടപാതി ഞാന്‍ ആന്റീടെ കൂടെ അവരടെ വീട്ടിലേക്ക് നടക്കുമ്പോ ഗല്ലി നിറച്ചു വണ്ടികള്‍. ബാക്കിയായി സ്ഥലത്തൂടെ ഒരു പശു വരുന്നു. ഒരു ഗുണ്ടെനെ പോലത്തെ അതിന്റെ നടത്തം കണ്ടാല്‍ ബാക്കി വച്ച സ്ഥലം അവള്‍ടെത് ആണെന്ന് തോന്നും. ഇടക്ക് ഒരു വീടിന്റെ വാതിലില്‍ നെറ്റി മുട്ടി വിളിച്ചു. പശൂന്റെ പുറം കണ്ടാല്‍ കുറെ ദിവസമായി കുളിച്ചിട്ടെന്നു തോന്നി. അകിടിന് മാത്രം കൊറച്ചു വൃത്തീണ്ട്. ആരും ഒന്നും കൊടുക്കാഞ്ഞത് കാരണമാവണം വെളിയില്‍ വച്ചിരുന്ന നര്‍മ്മദ സ്കൂട്ടറിന്റെ സീറ്റിലൊന്നു നക്കി പയ്യ് പോവുന്ന വഴി. ഞങ്ങള്‍ ഭക്തിയോടെ ഒതുങ്ങി നിന്നു. പയ്യങ്ങു പോയി. പോവുന്ന പോക്കിലത് വഴിയില്‍ അപ്പിയിട്ടു.
അങ്കിള്‍ കിടക്കുന്ന കട്ടിലിനു മേലെ ഭിത്തിയില്‍ മിണ്ടാണ്ടിരിക്കുന്ന ക്ലോക്കിലപ്പോ സമയം ഒമ്പതര. അരയുടെ സൂചി അങ്കിളിന്റെ മുഖത്തേക്ക് ചൂണ്ടിയ വിരലുപോലെ. അങ്കിളിന്റെ വായില്‍ സിനിമയില്‍ ചത്തുകിടക്കുന്ന ആള്‍ക്കാരുടെ വായില്‍ കാണുന്ന മാതിരി പാല്‍പ്പാട പോലെന്തോ. പിരിഞ്ഞ പാലിന്റെ മാതിരി കുമിള. രണ്ടു വാഴത്തടകള്‍ പോലെ കയ്യങ്ങനെ വശങ്ങളില്‍ തളര്‍ന്നു കെടക്കുന്നു. ഞാന്‍ പിന്നേം ക്ലോക്കില്‍ നോക്കി ഒന്‍പത് എന്ന് പറയുന്ന സൂചി അവരുടെ വീട്ടിലെ ടോയിലറ്റിലേക്ക് ചൂണ്ടിയ മാതിരി.
അങ്കിള് കെടന്ന കെടപ്പില്‍ തളര്‍ന്ന കണ്ണും രണ്ടും എന്റെ മോഖത്തെക്ക് വച്ചു. കണ്‍പോളകൊണ്ട് കൃഷ്ണമണി ഒന്ന് തൊടച്ചേം വച്ച് കണ്ണുകള്‍ ഒന്നൂടെ എന്റെ മൊഖത്തേക്ക് വച്ചു. തൊടയ്ക്കാന്‍ കണ്ണടച്ച നേരത്ത് കണ്ണിന്റെ കോണില്‍ എന്തോ നനവ്.
ഞങ്ങള് തമ്മില്‍ കണ്ടിട്ട് ആഴ്ചകള്‍ കൊറേ കഴിഞ്ഞിരുന്നു. ക്ഷീണിച്ചിരുന്ന മൊഖത്ത് അവസാനം കണ്ട ദെവസത്തെ അതെ ഭാവം വരാന്‍ തൊടങ്ങിയപ്പോ ഞാന്‍ കണ്ണങ്ങു മാറ്റി. ഒന്നും മിണ്ടേണ്ടാന്നു ചുണ്ടില്‍ കൈ വച്ച് കാണിച്ചു. വയ്യെങ്കിലും അങ്ങേരു വല്ല വേണ്ടാതീനവും വിളിച്ചു പറഞ്ഞാലോ.
അങ്കിളിന്റെ മൊഖത്തൂന്നെടുത്ത എന്റെ കണ്ണ് ആന്റിടെ മൊഖത്തേക്ക് വച്ചു. എന്താന്നു ചോദിക്കാന്‍ വിടാതെ ആന്റി കരഞ്ഞു തുടങ്ങി.
“കുരുടാനടിച്ചതാടാ തോമാസേ, ടോയിലറ്റി പോയി ആ കുന്തം കുടിച്ചിട്ട് കാളേപ്പോലോറ്റ വല്യ വായിലെ അമറല്‍. എനിക്കാകെ വെപ്രാളായടാ തോമസേ. കൊറച്ചു വെള്ളം കൊടുത്ത് ഇവിടെക്കൊണ്ട് കെടത്തി. ഞാനോടുവാരുന്നു”
ഞാന്‍ അങ്കിളിന്റെ കൈ പിടിച്ചു നോക്കി. കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചപ്പോ ചാര്‍ജ് തീരാറായ വാച്ചിന്റെ ഒച്ച പോലുണ്ട്. എന്നാലും ഇതിനും മാത്രമിപ്പോ യെന്നാതാന്നൊക്കെ വെറുതെ ഒരു സംശയം വായുവില്‍ അലിഞ്ഞു പോയി.
അതിയാന് കുറെ കടം ഉണ്ടെടാ തോമസേ, ഇന്നലേം ആരൊക്കെയോ വന്നു ചീത്തവിളിച്ചു. അതിന്റെ മേലെ അങ്ങേര്‍ടെ ഒറ്റക്കയ്യും ഒടുക്കത്തെ വെള്ളമടീം കൊറേ കൂട്ടുകാരും.
“നീയിനി വേറെ ആരേം വിളിക്കേണ്ട, നമ്മക്ക് അശൂത്രില്‍ കൊണ്ടോവാം. നാണക്കേടല്ലേ ആരേലും അറിഞ്ഞാല്‍” പറഞ്ഞു തൊടങ്ങിയ ആന്റിയോട് പിള്ളാരെവിടെന്നു ചോദിച്ചു ഞാന്‍.
“പെണ്ണ് ക്ലാസിനു പോയി. ചെക്കന്‍ ജോലിക്കും.”
പറഞ്ഞോണ്ടിരുന്നപ്പോ ആന്റി വെട്ടാന്‍ വെച്ച തുണിയൊക്കെ മടക്കി അലമാരേല്‍ വച്ചു. മുറിഞ്ഞ തുണിക്കഷണങ്ങള്‍ മെഷീന് ചുറ്റും കാര്യം പറഞ്ഞുകളിച്ചു.
ഞാനവമ്മാരെക്കൂടി വിളിക്കാം ആന്റീന്നു പറഞ്ഞു ഞാന്‍ വീട്ടിലേക്കോടി.
തിരികെ വരുമ്പോ ഒരു സര്‍ദാര്‍ എറങ്ങി വന്നു. അയാളോടിപ്പോയി നല്ല ചൂടത്ത് മൂടിപ്പുതച്ചു കിടന്നു നീരാവിച്ചികിത്സചെയ്തോണ്ടിരുന്ന അയാളുടെ ഓട്ടോ എടുത്തോണ്ട് വന്നു. അതിന്റെ ഉടുപ്പഴിച്ചപ്പോ ഒരു വലിയ എലി ഓടയിലെ വെള്ളത്തിലേക്ക് ചാടി.
ഞങ്ങള്‍ മൂന്നുപേര്‍, ഞാനും സെബാനും മനോജും ഓട്ടോയില്‍ കയറി. കൂടെ ആന്റിയും വന്നു. അങ്കിളിന്റെ തല എന്റെ മടയിലിരുന്ന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ഉറങ്ങാന്‍ തുടങ്ങി. ഞാനപ്പോ ആ നെറ്റിയില്‍ വെറുതെ തലോടി. അങ്കിളിന്റെ മോള് നിത്യയുടെ നെറ്റിയില്‍ തൊട്ടപ്പോഴും ഇതേ തണുപ്പായിരുന്നു. അതവള്‍ മറ്റു പെമ്പിള്ളാരെ പോലെ നിങ്ങടെ വാക്കിനെ പ്രേമമെന്നു നിലതെറ്റി വീഴുന്ന എനമല്ല ഞാനെന്നു പറഞ്ഞിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു. എനിക്ക് പിന്നേം അങ്കിളിന്റെ നെറ്റി തടവാന്‍ തോന്നി. വെര്‍തെ അങ്ങനെ രണ്ടു മൂന്നു മിനിറ്റ് ഇരുന്നപ്പോ എനിക്ക് നിത്യയെ വീണ്ടും ഓര്‍മ്മ വന്നു.ആ നേരത്ത് അങ്കിള്‍ പിന്നെയും കണ്ണ് തുറന്നു. മനോജിന്റെ മടിയില്‍ കിടന്ന വലതു കൈയ്ക്ക് ഒരു ചലനം വന്നത് പോലെ തോന്നി. എന്റെ മടിയിലിരുന്ന തല അനങ്ങുന്നത് പോലെയും.
ഇടയ്ക്ക് വണ്ടി ഒലഞ്ഞപ്പോ കൊന്തയുടെ അറ്റത്തു കിടന്ന കുരിശു അങ്കിളിന്റെ ചുണ്ടില്‍ തട്ടി. വായില്‍ അപ്പോ വന്നു താഴെവീഴൂല്ലെന്നും പറഞ്ഞു നിന്ന നുര കുരിശിന്ററ്റത്തു തൊട്ടു. ഞാനത് അങ്കിളിന്റെ ഉടുപ്പില്‍ തുടച്ചു നെഞ്ചിലെക്കിട്ടു. ആ കൊന്ത നിത്യയുടെ കഴുത്തിലായിരുന്നു ആദ്യം കെടന്നത്. അവളാണ് എന്റെ കഴുത്തിലിട്ടത്. ഒരു രഹസ്യം കുഴിച്ചിടുമ്പോലെ ഞാനാ കൊന്ത ബനിയനുള്ളിലാക്കി.
അങ്കിളിന്റെ കണ്ണ് പിന്നെയും എന്റെ നെഞ്ചിലേക്ക് പോവുന്ന കണ്ടു. എന്തോ പറയാനാവണം ചുണ്ട് അനങ്ങുന്നു. ഞാന്‍ കൈകൊണ്ടു തൊണ്ടയില്‍ വെര്‍തെ തലോടി. അമര്‍ത്തിയമര്‍ത്തി തലോടിയതിന്റെ സുഖത്തിലാവണം അങ്കിളിന്റെ കണ്ണുകള്‍ ചേര്‍ന്നടയുന്നതു കണ്ടപ്പോ എനിക്കും സുഖം തോന്നി. അനങ്ങാന്‍ തൊടങ്ങിയ കയ്യിലേക്ക് നോക്കുമ്പോ അതും അനക്കം നിന്ന് ചരിഞ്ഞു കിടക്കുന്നുണ്ട്.
സര്‍ദാറിനോട് ഓട്ടോ വേഗം കൂട്ടാന്‍ പറഞ്ഞു. ഓട്ടോയുടെ കുലുക്കത്തിനൊപ്പം എന്റെ കയ്യിലിരുന്നു ഒരു തൊട്ടിലില്‍ ആടുന്ന അങ്കിളിന്റെ മുഖം കണ്ടോണ്ടിരുന്നപ്പോ ഞങ്ങള്‍ ആദ്യമായി കണ്ടതോര്‍ക്കാന്‍ തുടങ്ങി.
കഴിഞ്ഞ തണുപ്പുകാലത്താണ്. ഒരു ശനിയാഴ്ച. കടുകെണ്ണ മേലാകെ തൂത്ത് വെയിലത്ത് നില്‍ക്കുമ്പോ ആണ് വഴിയെ പോയ അങ്കിള്‍ എന്നെ നോക്കി ചിരിച്ചത്. ഞാനും മോണ കാണിച്ചു ചിരിച്ചു.
“എന്നതാ പരിപാടീന്ന് അങ്കിള്‍. അപ്പൊ ഓ, എന്നതാ ചുമ്മാ ഇച്ചിരി അനിച്ചവെള്ളത്തില്‍ കുളിക്കാന്‍ പോവാന്ന് ഞാന്‍.
അങ്കിളിനത് പിടിച്ചു. ആ നിഷ്കളങ്കത. അങ്ങനെയാണ് അങ്കിള്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് രണ്ടും ലയിച്ചു ജോസപ്പിന്റെ പൊടിപോലും കണ്ടു പിടിക്കാതിരുന്ന സമയമായിരുന്നു അത്.
ഓ, എനിക്കതത്ര പിടിച്ചില്ല. വെര്‍തെ ജോസപ്പ് എല്ലാം കൂടി മാണിക്ക് കൊണ്ട് കൊടുത്തു എന്നും പറഞ്ഞു നല്ല ഒരു തെറി പറഞ്ഞു പുള്ളി. എന്നിട്ട് സോറീം പറഞ്ഞു. അതിനിപ്പോ എന്താന്നു പറഞ്ഞു ഞാനും ചിരിച്ചു. അങ്ങനെ ഞങ്ങള്‍ കൂട്ടായി. സമ്മറില്‍ പുള്ളിക്ക് ഒടുക്കത്തെ പണിയാണ്. ചന്തി കുത്തി ഒരിടത്ത് ഇരിക്കാന്‍ പറ്റാത്ത പോലെ, എസീടെ പണിയാണ് വലിയ സ്റ്റാര്‍ ഹോട്ടലുകളില്‍. പുള്ളി പണിയൊക്കെ സബ് പിടിക്കും. തൊറന്ന മനസുള്ളതു കൊണ്ടാവണം എന്നും കടമാവും ബാക്കി. ഏഴര മണിയാവുമ്പോ പുള്ളീടെ കൈ വെറയ്ക്കും. അപ്പൊ എന്നേം വിളിക്കും ഞങ്ങള്‍ ഒരു അര വാങ്ങി ജ്യൂസില്‍ ഒഴിച്ചു കുടിക്കും. പിന്നേം അര. പിന്നേം ജ്യൂസ്. അങ്ങനെയിരിക്കുമ്പോ ഞാനങ്കിളെന്നൊള്ള വിളിമാറ്റി അച്ചായാന്നാക്കും .
അച്ചായന്‍ പറയും.
ഡാ തോമസേ, നമ്മളീ അടിക്കുന്നതില്ലേ, അതാണ് ജീവിതം. ബ്രാണ്ടി ഒറ്റയ്ക്ക് കുടിച്ചാ കയ്ക്കും. നമ്മടെ ദുഃഖങ്ങള്‍ പോലെ. പക്ഷേങ്കില് ഇതിലിത്തി ജ്യൂസോ, സോഡായോ, അല്ലെങ്കില്‍ വെള്ളോ പോലെ ഇത്തിരി സുഖം ചേര്‍ത്താല്‍ അതങ്ങു മാറും. സുഖോം ദുഖോം ഒക്കെ ചേര്‍ന്നതാവണം ജീവിതം. പക്ഷെ അത് എല്ലാര്‍ക്കും പിടികിട്ടെണ്ടേ. ഞാന്‍ കൂടിവരുന്നു മൂളും.
ഒടുക്കം ഞങ്ങള്‍ കണ്ട വൈകുന്നേരം വേറെ ഒന്നാണ് പറഞ്ഞത്.
നമ്മളെന്തു കൊടുക്കുന്നു എന്നതല്ല, തോമസേ മറ്റൊരാള്‍ നമ്മക്കെന്ത് തരുന്നു എന്നതാണ് കാര്യം. നിനക്കെന്താടാ ഞാന്‍ തരാതിരുന്നേ ?
എനിക്കു പറയാന്‍ വാക്കൊന്നും കിട്ടിയില്ല. ഒന്നൂടെ തെരഞ്ഞപ്പോ നാക്കും പോയി.
അതിനു രണ്ടു ദിവസം മുന്നേ ഞങ്ങടെ മുറീന്നിറങ്ങിപ്പോവുമ്പോ വാതില്‍ക്കല്‍ വച്ച് നിത്യയെ അങ്കിള്‍ കണ്ടിരുന്നു എന്നവള്‍ പറഞ്ഞത് ഞാനോര്‍ത്തു.
ഓര്‍മ്മ പെട്ടെന്നെന്നെ തട്ടിയുണര്‍ത്തി. ആട്ടോയിപ്പോ ആശുപത്രീടെ മുന്നിലെത്തി.
അവിടെയാകെ വെടിക്കെട്ട് സ്ഥലത്തെ ബഹളം. ഏതോ വണ്ടിയപകടത്തിന്റെ ആള്‍ക്കാരേം കൊണ്ടുള്ള വണ്ടികള്‍. മനുഷേന്മാരെ ഓരോ വണ്ടിയിട്ടു വലിച്ചോണ്ട് ഓടുന്നു ആള്‍ക്കാര്‍.ഓട്ടം തന്നെ മനുഷേന്മാര്‍ക്ക്.
അവന്മാര് രണ്ടും ഓടിപ്പോയി ഓപ്പീല് നോക്കി. ഞാനങ്കിളിനെ മെല്ലെ കുലുക്കി ഉണര്‍ത്താന്‍ നോക്കി. അഴുകിയ പിണ്ടി പോലെ ദേഹം ഇളകി. ആ നേരം രണ്ടു പേര് ഒരു സ്ട്രെച്ചര്‍ കൊണ്ടുവന്നു. അങ്കിളിനെ അതിന്മേല്‍ കെടത്തി ഡോക്ടറുടെ അടുത്തേക്ക് ഉരുട്ടി. സെബാന്‍ ഓടിപ്പോയി കണ്ടാല്‍ മനുഷ്യപ്പറ്റുള്ള ഒരു ലേഡി ഡോക്ടറെ വിളിച്ചോണ്ട് വന്നു. അവര്‍ അങ്കിളിന്റെ കയ്യിമ്മേല്‍ പിടിച്ചു. പിന്നെ നെഞ്ചുമ്മേ പിടിച്ചു. എങ്ങാണ്ടെല്ലാം കുത്തി നോക്കി. പിന്നെ ഞങ്ങടെ അടുത്ത് വന്നുപറഞ്ഞു. ഓ, വരുന്ന വഴിയെ തീര്‍ന്നാരുന്നു.
കേട്ടതും ആന്റി വല്യ വായിലെ കരയും എന്നോര്‍ത്തു. പക്ഷേങ്കില് അത്ര വല്യ ഫീലോന്നും കാണിക്കാതെ, അവര് നിന്ന് വിങ്ങി വിങ്ങിക്കരയാന്‍ തുടങ്ങി.
“ഇനീപ്പോ എന്നാ ചെയ്യാനാ?”
ഞങ്ങള്‍ ആലോചിച്ചു തുടങ്ങി. അപ്പോഴേക്കും പോലീസ് വന്നു. അവരേതാണ്ടെല്ലാം ചോദിക്ക്യേം ഞങ്ങളും ആന്റീം ഉത്തരം പറയ്വേം ചെയ്തു. എന്നാ ഇനി ചെക്കനെ വിളിക്കാം എന്ന് തീരുമാനിച്ച് സെബാന്‍ ഫോണെടുത്തു കുത്തി.
”ഡാ, ഗ്രിഗറി നിന്റെപ്പന്‍ പോയെടാ, ഞങ്ങളിപ്പോ സഫ്ദര്‍ജംഗ് ആശൂത്രിലൊണ്ടെന്നും പറഞ്ഞു സെബാന്‍ ഫോണ്‍ വെച്ചു. അപ്പൊ ആന്‍റിക്ക് കൊച്ചിന്റെ ഓര്‍മ്മ വന്നു. എന്നോടവളെ വിളിച്ചോണ്ട് വരാന്‍ പറഞ്ഞു. ഞാന്‍ അവളേം കൊണ്ട് വരുമ്പോഴേക്കും അവരുടെ ബന്ധുക്കളൊക്കെ വന്നു.
ഞങ്ങള്‍ വീട്ടിലേക്ക് തിരികെ വന്നതും ഒണ്ടായിരുന്ന കള്ളെടുത്ത് മോന്തി. അവന്മാര് രണ്ടും കുളിക്കുന്ന നേരത്ത് അങ്കിളിന്റെ വീട്ടീന്ന് കൊണ്ടുന്ന ഡയറി മറിച്ചു നോക്കി. ഏതൊക്കെയോ പേജില്‍ എന്റെ പേര് കണ്ടപ്പോ ഞാനതെടുത്ത് വെസ്റ്റ് ബിന്നിലിട്ടു.
എന്നാ ഇനി നമ്മള്‍ നാല് പേര്‍ക്ക് ഒരു കൈ ഇരുന്നാലോന്നായി സെബാന്‍.
കളിതുടങ്ങുന്നതിനു മുന്പ് കൊന്തയൂരി പൊതിഞ്ഞു വച്ചു. കൂട്ടത്തില്‍ ജപിച്ചു. ഹെയില്‍ മേരി ദി മദര്‍ ഓഫ് ഗോഡ്…
സെബാനേ, അങ്കിളിനെ അടക്കം ചെയ്യുമ്പോ ഈ കൊന്ത വേണം വെയ്ക്കാന്‍. അവന്റെ വലതു വശത്ത് കുത്തീരിക്കുമ്പോ ഞാന്‍ പറഞ്ഞു.
ആ കൊന്തയാണ് ഇന്നലെ രാത്രി എന്നെ നോക്കി ചിരിച്ചത്. അച്ചോ കുമ്പസാരമാണ്. മറന്നേക്കണേ.