“ഗാന്ധിയെന്നത്…”

ഗാന്ധി’ എന്നത്
രണ്ടക്ഷരം മാത്രമല്ല,
അതിരുകൾക്കപ്പുറത്തേക്ക്
ഉയർന്നു നിൽക്കുന്ന
ഉറച്ച ശബ്ദമാണത്…

ഗാന്ധിയെന്നത്,
ഒരു ശബ്ദം മാത്രമല്ല;
ആയിരം നവഖാലികളുടെ
ഒടുങ്ങാത്ത
നിലവിളികൾക്കുമേലുള്ള,
അടങ്ങാത്ത പ്രത്യാശയുടെ
ചിത്രമാണത്…

ഗാന്ധിയെന്നത്
വെറുമൊരു ചിത്രവുമല്ല,
അത്,
ശാന്തിയുടെയും സമാധാനത്തിന്റെയും
സ്വാതന്ത്ര്യദാഹത്തിന്റെയും
നേർ രൂപമാണ്…

ദേശഭക്തിക്ക് മോടി കൂട്ടാനുള്ള
പരസ്യജാലകങ്ങളിലെ
നിറഞ്ഞ പുഞ്ചിരിയോ,
തീവ്രദേശീയതയുടെ
രാമമന്ത്രമോ, അല്ല ഗാന്ധി…

കമ്മട്ടവാണിഭർ
എത്രയർത്ഥങ്ങൾക്ക്
തലവെട്ടി വിൽക്കിലും
വികൃതമാവില്ലത്…
ആവതില്ലയാ പിന്മുറപറ്റുവാൻ
എത്ര പ്രതിമകൾ
ചേർത്തു വച്ചീടിലും..!

അതങ്ങനെ
ഒറ്റവെടിയിൽ തുളഞ്ഞുപോകുന്ന,
മെലിഞ്ഞുണങ്ങിയ
ഒരു ദേഹമേയല്ല;
വഴിയരികിലെവിടെയെങ്കിലും
നിണമൊലിച്ച്,  
ചത്തുമലച്ചു കിടക്കേണ്ടുന്ന
ദുഃഖവുമല്ല..!

ഇന്നിന്റെ
ആർത്തിരമ്പുന്ന ആപത്കരങ്ങളോട്
നിരന്തരം കലഹിക്കുമ്പോൾ
മനസ്സിൽ
മിന്നിമറിയുന്നരോർമ്മയാണ്
ഗാന്ധി…

നാളെകൾക്ക്
നിറം പകർന്നെഴുതുവാൻ…
ഇനിവരും നാളുകൾക്ക്
ചിറകടിച്ചുയരുവാൻ…
പിറവികൊള്ളാനിരിക്കയാണത്‌
പുതിയ രൂപങ്ങളായിട്ടൊരായിരം…

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.