ക്ളീഷേ എക്സ്പ്രസിലെ നെഗറ്റീവ് ഷേഡുള്ള പെൺകുട്ടി

പെൺകുട്ടി
റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്നു.
എപ്പോഴും കടുംമഞ്ഞയിൽ
നിറം മങ്ങിയ സാരി
റെയിൽപാതയിൽ കാണുന്നു
(അവളുടെ അമ്മായിക്കുമുണ്ടായിരുന്നു
അത്തരത്തിലൊരെണ്ണം).

വാരിവലിച്ചുടുത്ത സാരിയും ചുറ്റി
റെയിൽപാത മുറിച്ചു കടക്കുമ്പോൾ
അപൂർണമായ യാത്രയിൽ
അഴിഞ്ഞുപോയതായിരിക്കാമത്.

സിൽക്ക് സാരിയുടെ
ഞാന്നു കിടക്കുന്ന
കഴുത്തകന്ന ചെമ്പരത്തിപ്പൂക്കളുള്ള
മുന്താണിയിൽ ചവിട്ടി
അവൾ നിൽക്കുന്നു.

ഒരേ സ്ഥായിഭാവമുള്ള പ്ലാറ്റ്ഫോമിൽ
യാതൊരു പ്രത്യേകയും തോന്നിക്കാത്ത
കാത്തുകെട്ടിക്കിടപ്പ്.
ചെവിയിടുക്കിലൂടെ ഊർന്നിറങ്ങി
മുഷിഞ്ഞ വിയർപ്പുമണവുമായി
മടുപ്പോടെ തുളുമ്പുന്ന ചാവുകടലിലവൾ.

എന്നും ഒരേ സ്വരത്തിലും
ഒരേ ശൈലിയിലുമുള്ള
അനൗൺസ്മെന്റിന്റ മുഴക്കം കേൾക്കുന്നു,
ഒരേ മണമുള്ള ഉഴുന്നുവടയും
ശ്വസിച്ചു കൊണ്ട്.

ചിലപ്പോഴെല്ലാം
അതേ പതിവ് വൈകിയോടൽ
ഓഫിസ് ജീവനക്കാരിയെപ്പോലെ
കിതച്ചുള്ള വരവും കാത്ത്
മുതലാളിത്ത ഭാവത്തിൽ
അതേ മടുപ്പുമായുള്ള ചടഞ്ഞിരിപ്പ്.

ഇടയ്ക്കിടെ
കോച്ച് നമ്പർ മാത്രം മാറുന്നു
ചിലപ്പോഴെല്ലാം ഒന്നിൽ നിന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക്
പടികൾ കയറിയോടുന്നു.

ഇടറിവീഴാൻ നോക്കുമ്പോൾ
പ്രായത്തിന്റെ അക്കങ്ങൾ ഓർമ്മപ്പെടുത്തുന്നതുപോലെ
‘ഒന്ന് വേഗം വന്നാട്ടെ ‘ എന്ന മട്ടിൽ
ദേഷ്യപ്പെട്ടു പോകാനൊരുങ്ങുന്ന
അതേ പ്രിവിലേജ് ഇപ്പോഴും.

പിന്നിൽ നിന്നും കളിയാക്കി
ചൂളംവിളിച്ച് കടന്നുപോകുന്നു
ചുറുചുറുക്കുള്ള
അനേകമനേകമെക്സ്പ്രസ്സുകൾ.

അറുബോറൻ
നെഗറ്റീവ് ഫിലിംറോൾ പോലെ
നീണ്ടുനിവർന്ന്
ബോഗികളുമായി വരുന്ന തീവണ്ടി
എന്തൊരു ആവർത്തനവിരസത.
അസാമാന്യ ദുർഗ്രഹതയുമായ്
ഓരോ ആളുകളും അവനവനെ
ഓരോരോ ജനവാതുക്കലിരുത്തുന്നു.

അവൾ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും
ഒരേ കഥാപാത്രമായ്
അഭിനയിക്കുന്നു
ഒരേ ഭാവാഭിനയം.

മൂത്രഗന്ധത്തിൽ പൊതിഞ്ഞൊരു കാറ്റ്
ഓടിവന്നു പുണർന്നപ്പോൾ
സിമന്റ് ബെഞ്ചിൽ തട്ടി വീണ്
ഭൂമി ഉരുണ്ടതാണെന്നവൾ
മനസ്സിലാക്കുന്നു.

ഓരോ വണ്ടിയും പുറപ്പെടുമ്പോൾ
രണ്ട്‌ പേരിൽ നിന്ന്
ഒരാൾ മാത്രം കേറി കൈ വീശുന്നു.
ഒരേ മട്ടിലുള്ള യാത്രയയപ്പ്
ഭൂമിയിൽ ചവിട്ടിനിൽക്കുന്ന
ഒരാൾ ഒറ്റയാകുന്ന ഇടർച്ച, പതിവ് മട്ടിൽ.

പ്ലാറ്റ്ഫോമിൽ നിന്നും
തിരിച്ചു പോകുന്നയാൾക്ക്
കാലിടറുന്നു.
കണ്ണ് നിറച്ചവർ അവളെപ്പോലെ
സിമന്റ് ബെഞ്ചിൽ തട്ടി വീഴുന്നു.
ഒരേ മട്ടിൽ കരകരപ്പുള്ള
ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ
പഴയ നാടകഗാനത്തിന്റെ
വരികൾക്കൊപ്പം ചുണ്ടനക്കിക്കൊണ്ട്
അതേ നൃത്തവിലാസം.

പെൺകുട്ടി
അതേ റെയിൽവേ സ്റ്റേഷനിൽ
വന്നുനിൽക്കുന്നു.
പതിവ് അഭിനയം തുടരവേ
റെയിൽപാതയിലൂടെ
ഒരുമണിക്കൂർ വൈകിയോടിക്കൊണ്ട്
നെഗറ്റീവ് ഫിലിം റോൾ
ചുരുൾ നിവർത്തി നീണ്ടു വരുന്നു.

അവസാനത്തെ ബോഗിയിൽ
ജനാലയ്ക്കരുകിലായ്
നെഗറ്റീവ് ഷേഡുള്ള
കഥാപാത്രത്തിന്റെ റോൾ തന്ന
പ്രിവിലേജുള്ള സംവിധായകൻ
തിരക്കഥയൊന്നും
മാറ്റി എഴുതാൻ പോകുന്നില്ല.

സംവിധായകൻ ഉപേക്ഷിച്ചുപോയ
അതേ അറുബോറൻ
നെഗറ്റീവ് ഫിലിംറോൾ
വെളിച്ചത്ത് നിവർത്തി നോക്കിയാൽ കാണാം,
അവസാനത്തെ ബോഗിയിലിരുന്ന്
തുളയുള്ള സൂര്യനെ
ഒറ്റയിരുപ്പിൽ വിഴുങ്ങുന്ന
നെഗറ്റീവ് ഷേഡുള്ള പെൺകുട്ടിയെ.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു