ക്യൂലക്സ്

അന്തിക്ക് കുളക്കടവിന്റെ
പൊക്കിൾച്ചുഴിവിട്ട്
നക്രതുണ്ഡികൾ
കനത്ത മൂളിച്ചയുമായി
തലകുത്തിക്കഴുകുന്നുണ്ടി-
രുട്ടിലേറെനാൾ.

മുങ്ങാങ്കുഴിയിട്ട്
കുളിച്ചീറൻകൂന്തലും
ഗിറ്റാറും തൂക്കി പാട്ടുംമൂളി
പടികൾ ചവിട്ടാതെ
പറന്നുവരുന്നീറനോടെ.

ഓരോ ചിറകടിയിലും
മുറുകിപ്പൊട്ടും രൗദ്രഭാവം.
നടുത്തളത്തിലെ സ്വിമ്മിംഗ് പൂളിലും
ലക്കി ബാംബുവിനിടയിലു,മവരുടെ
തിരനോട്ടം കണ്ടു ഞാൻ.

കണ്ണുകൾ ചെരിച്ച്
കാലുകുടഞ്ഞെഴുന്നേറ്റൊരുഗ്രൻ
ഐറ്റം ഡാൻസ്,
വെള്ളക്കെട്ടിലായ് വൃത്തത്തിൽ.

ആകാശത്ത്
വൃഷ്ടികാലത്തിൻ സ്റ്റേജ് ഷോ,
ഭേരീനാദം മുഴക്കി
ദർദ്ദുരങ്ങൾ മുറുക്കുന്നു
പക്കമേളം.

നതോന്നതയിൽ
ജലവേഗപാതയിൽ
ക്രോധത്തിൻ മുദ്രഭാവവുമായി
വരും നക്രതുണ്ഡികൾ,
താളം അടന്തവട്ടം.

കൈകളിൽ ഗിറ്റാറുമീട്ടി
രംഗമദ്ധ്യത്തിലെ
പീഠത്തിലെന്നപോൽ
ഞൊടിയിടെ തിരവെട്ടി
എന്റെ നേർക്കാഞ്ഞവരിടത്
കാലുയർത്തിവയ്ക്കുന്നു
കൈത്തണ്ടയിലെ പച്ചഞരമ്പിന്മേൽ.

“ക്രൂരയാകുന്ന നക്രതുണ്ഡി
ഘോരദംഷ്ട്രാഭീഷണാ
വീരവൈരികുലത്തെ വിരവിൽ
സംഹരിക്കുന്ന ദാനവി
കൊടിയ നരസുരന്മാരെക്കൊന്നു
കടുനിണങ്ങൾ കുടിപ്പവൾ”

സന്ധ്യയ്ക്ക് മാത്ര-
മുയിർത്തെഴുന്നേൽക്കും
പാറ്റപ്പേടികൾക്ക് ചുറ്റിലുമുഴറിനടക്കും
മണിക്കിണർ കണ്ണുകൾ.

മൺതാരയ്ക്കപ്പുറത്തെ
കുളക്കരയുടെ ഇരുണ്ട
അദൃശ്യതയിലേക്ക് നോക്കി
പുറംതിരിഞ്ഞു നിൽക്കും
ബിച്ചു തിരുമലയുടെ
‘ഒറ്റക്കമ്പിനാദ’മെന്ന പാട്ട്
ഗിറ്റാറു മീട്ടിയവർ.

‘ഠപ്പേ’ ന്നു ഒറ്റയടിയിൽ
നിമിഷ മരണങ്ങളുടെ അകമ്പടി.
പരമ്പരകളുടെ മുട്ടയിടുന്നു
നിറഞ്ഞൊഴുകാത്ത
കുളത്തിൻ കൺചുഴിയിൽ.

രാത്രിയിൽ
കരിവേഷത്തിലെത്തി
ഉറക്കത്തിൽ കാതിൽ വന്നലറി,
നക്രതുണ്ഡികൾ.

നഖം കൂർപ്പിച്ച്
പല്ലുകളാഴ്ത്തുന്നു
ജലം വറ്റിയ തൊണ്ടയിൽ.

ഒരു നുള്ള് വേദനയിൽ
എനിക്കുള്ളിൽ കുടിപ്പക
താളത്തിനൊപ്പം പദമുറഞ്ഞലറി.
ഒരൊറ്റ അടിയിൽ മരിച്ചു വീണനേകം
നക്രതുണ്ഡികൾ
കൈകാലുകൾ വെവ്വേറെ.

അവശേഷിച്ച നക്രതുണ്ഡികൾ
വീർത്ത കുടലും ചോരപറ്റിയ ചിറകും
ഒടിഞ്ഞ കയ്യും കാലുമായി
എട്ടുദിക്കു
പൊട്ടുമാറുച്ചത്തിലലറിക്കുതിച്ചു

മുറിയിലെ വിളക്കണയുമ്പോൾ
കുളപ്പടവിൽ
തെളിയും കളിവിളക്ക്.
കുടിപ്പകയുമായി നക്രതുണ്ഡികളുടെ
ലാർവകൾ
മരിച്ച കുളത്തിന്റെ
പൊക്കിൾച്ചുഴിയിൽ നിന്നും
പതുക്കെ ഉണരാൻ തുടങ്ങുമ്പോൾ
മുറുകി വന്നു
പക്കമേളം,
താളം മുറിയടന്ത.

*നരകാസുരവധം- ധർമ്മരാജ രചിച്ച ആട്ടക്കഥ

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു