
ഏതോ വഴിയോരത്ത്
കൊടിമരത്തണലിൽ
മറന്നു വച്ച തീഷ്ണനോട്ടങ്ങൾ
സമര സൂചികയുടെ
മിഴിക്കൊടിക്കോണിൽ
നിന്നാരംഭിച്ച്
നീളമളക്കാനാകാത്ത
അജ്ഞാത മുനമ്പിലവസാനിക്കുന്നു.
ഒടുവിലായി
ഒഴിവുവന്നൊരു
വിഷയത്തിലൂന്നി
ജാഥയിലെയവസാന
വരിയിലെ മുദ്രാവാക്യങ്ങളിൽ
മുഴങ്ങിയ പ്രഹേളികയിൽ
ഉത്തരം അവസാനിപ്പിച്ച
രാജ്യമെന്ന വലിയൊരു കുത്ത്.
ഇടമുറിഞ്ഞു പെയ്ത
വാക്കുകൾ
കൂട്ടിവെച്ചൊരു
പ്രണയമഞ്ചമൊരുക്കി
പുഷ്പങ്ങൾ പുതപ്പിക്കും,
കനവുകൾ കാത്തുനിൽക്കുന്നു.
വേതാളചിത്രകഥകൾ നോക്കി
വിശപ്പകറ്റാൻ പറ്റാതെ
കുഞ്ഞുങ്ങൾ
വേറിട്ടാകാശം വരയ്ക്കുമ്പോൾ
കഴയ്ക്കുന്ന വിരലിൽ
പറ്റിപ്പിടിക്കുന്നൊരു
കറുത്ത വറ്റ്.
സമരക്കാറ്റ്
വീശിത്തിമിർക്കുമ്പോൾ
ഉച്ചസൂര്യൻ ചുരത്തുന്ന
തീ ഞൊറിഞ്ഞ
ജീവിത സമസ്യ.
മുറിവിൽ പുരട്ടിയ
സുഗന്ധലേപനത്തിനു
ചുറ്റും പൊന്നീച്ചകൾ
ഇങ്ക്വിലാബ് വിളിച്ചാർക്കുന്നു.
ഇരുൾ മോന്താനെത്തിയ
അന്തിസമരത്തിലെ
കനൽ നിറങ്ങളിൽ
രതി പടവിലെ
ചുവന്ന മുദ്രകൾ.
ദണ്ണം പറഞ്ഞെണ്ണിത്തീരാത്ത
ദുരിത സൂക്തങ്ങൾ
ഉരുവിട്ടൊരു കൊടിമര ജാഥ
നമ്മുടെ നേതൃത്വത്തിൽ
വഴിപിരിയുന്നു.
നാം രണ്ടാകുന്നു.
പേരില്ലാത്ത രണ്ട് രാഷ്ട്രമാകുന്നു.








