
അവൾ
പുലമ്പുകയാണ്
പരിചിതമായ വഴികളെല്ലാം
അടഞ്ഞുപോയി;
എനിക്കെന്ത് ചെയ്യാനാവും
കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾ
കെഫിയ* പുതച്ചുറക്കമായി…
മണ്ണിനാൽ
സ്നാനപ്പെടുത്താനല്ലേ
നമുക്കാവൂ…
നിങ്ങൾക്കെന്നെ
കുട്ടികളെ ശ്രദ്ധിക്കാത്ത
അമ്മയെന്ന്
പഴിക്കാനാവില്ല;
അത്രമേൽ
ഊഷരമാണ് ഈ വാഗ്ദത്ത ഭൂമി…
ദൈവങ്ങൾ
മുന്നിൽ നിന്നു നയിക്കുന്ന
നൂറ്റാണ്ടുയുദ്ധങ്ങൾക്കെന്തിടവേള
ആകാശവും
ഭൂമിയും ശബ്ദമുഖരിതം…
അമ്മ ആശങ്കയുടെ പര്യായം;
പ്രസവിച്ച കുഞ്ഞുങ്ങളെ
കൊഞ്ചിച്ചു വളർത്താൻ
എനിക്കാവില്ല
നിങ്ങളെപ്പോലെ…
ഗുരുവിനോട്
വരം ചോദിക്കുന്ന
പ്രവാചകന്റെ **
അമ്മയല്ല ഞാൻ
തിടുക്കത്തിൽ
ബുർഖധരിച്ച്
കെഫിയപുതപ്പിച്ച്
നെഞ്ചോട് ചേർത്ത്
പിള്ളശാപങ്ങളേറ്റ്
കിതച്ചോടുന്ന അമ്മ;
ദൈവത്തോട്
അനുഭാവമറിയിക്കാൻ
നിനക്കൊപ്പം…
ദൈവം
ബധിരനും
മൂകനും;
ബിഥോവനറിയാം
അവന്റെ സിദ്ധി
എത്ര ആണയിട്ടാലും
നിങ്ങൾ വിശ്വസിക്കില്ല…
ബിഥോവന്റെ സംഗീതം പോലെ
ദൈവം ആസ്വദിക്കും;
യുദ്ധമുഖത്തെ
കുഞ്ഞുങ്ങളുടെ നിലവിളി ,
അമ്മമാരുടെ അലമുറ
പട്ടാളക്കാരുടെ ബൂട്ടിന്റെ
കാല്പനിക സംഗീതം…
ബലിമൃഗത്തിന്റെ
ഒച്ച പോലെ
ദൈവത്തിനെല്ലാം
മധുര ശബ്ദം…
ഞങ്ങളിപ്പോൾ
എവിടെയാണ്
ഞങ്ങൾക്കറിയില്ല
കുഞ്ഞുങ്ങളുടെ ശവക്കുഴികൾ…
നിങ്ങൾ
അവരുടെ പേരുകൾ ഉരുവിട്ട്
ആരോടാണ്
സാക്ഷ്യം പറയുന്നത് ?
നിങ്ങൾ
ദൈവത്തിന്റെയോ
ഭരണകൂടത്തിന്റെയോ
മാപ്പുസാക്ഷികൾ….?
എനിക്കറിയാം
നീ
നിസ്സഹായൻ;
ആജ്ഞാനുവർത്തി
നിന്റെ ലിംഗം പോലും
അവനു മൂർച്ചയുള്ള ആയുധം…
നീ
അവന്റെ പ്രതിരൂപൻ;
അവന്റെ പ്രതിമ
നീ
എന്റെ ശിരസ്സാകയാൽ
മൂടുപടമിട്ട്
എന്നെപ്പോലെ
ഹിജാബിനുള്ളിൽ
അഭയാർത്ഥിയാവാൻ
നിനക്കാവില്ല…
തരിശിടങ്ങളിൽ
കുഞ്ഞുങ്ങളുടെ
അറ്റുപോയ
അസ്ഥിയും മാംസവും
തൊടാൻ
ദൈവം
മരുക്കുറുക്കനെ പോലെ
നിഴൽപറ്റി ദൃഷ്ടിവയ്ക്കുന്നു…
എനിക്കറിയാം
നീ
അവന്റെ ആജ്ഞാനുവർത്തി
യുദ്ധം
അവന്റെയും നിന്റെയും
ഇഷ്ടവിനോദമല്ലോ…
എനിക്കറിയാം
മരുപ്പച്ചയെ താഡിച്ച്
ദൈവം
നിന്റെ ചെവിയിൽ
ഓതുന്ന
ഹദീസ്***
അതൊരാഖ്യാനകല;
കുഞ്ഞുങ്ങളുടെ
അരുംകൊല കണ്ടു രസിക്കുന്ന
ദൈവത്തിന്റെ
ആത്മരതി;
മുലകുടിക്കുന്ന
അമാലോക്യരുടെ****
കുഞ്ഞുങ്ങളോടെന്നപോലെ….
*കെഫിയ (കഫിയ്യ )- പാലസ്തീൻദേശീയതയുടെ പ്രതീകമായ മൂടുപടം
** ഖലീൽ ജിബ്രാന്റെ വിഖ്യാത കൃതി – The prophet – ൽ കുഞ്ഞിനെ മാറോട് ചേർത്ത് ഗുരുവിനോട് വരം ചോദിക്കുന്ന അമ്മയെ ഓർക്കുക
*** സ്വർഗ്ഗ സൂക്തങ്ങളുടെ ആഖ്യാനം.
*** ശാമുവേലിന്റെഒന്നാം പുസ്തകത്തിലെ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് ഓർക്കുക.








