കെണിയിൽപ്പെട്ട മാണിക്കം

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം 21

മാണിക്കം പതിയെ കണ്ണ് തുറന്നു. തല നല്ല പോലെ വേദനിക്കുന്നുണ്ട്. കൺപീലികളില്‍ നിന്നും മുഖത്തേക്ക് ചോര ഇറ്റ് വീഴുന്നുണ്ട്. വേട്ട മൃഗങ്ങളെ കെട്ടുന്നത് പോലെ കൈകളും കാലുകളും ഒറ്റ കയര്‍ കൊണ്ട് കെട്ടിയിരിക്കുകയാണ്. അവന്‍ ചുറ്റും നോക്കി. ഏതോ ജീവിയുടെ ഗുഹയാണ്. ചീഞ്ഞ മാംസത്തിന്റെ നാറ്റം തങ്ങി നില്‍ക്കുന്നു. അവന്‍ കെട്ടഴിക്കാന്‍ നോക്കി. പക്ഷെ അത് കൂടുതല്‍ മുറുകുകയാണുണ്ടായത്. എത്ര നേരമായി ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്? ആരാണ് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. എന്തിനാണിങ്ങനെ കെട്ടിയിട്ടിരിക്കുന്നത്?

മാളത്തിലെ ഇരുട്ടുമായി കണ്ണ്‍ ഒന്ന് പൊരുത്തപ്പെട്ടു വന്നപ്പോഴാണ് തന്‍റെ കൂടെ വേറൊരാള്‍ കൂടിയുള്ളതായി അവനു തോന്നിയത്. കൃത്യമായി കാണാനാവുന്നില്ല. നായെപ്പോലെ എന്തോ ഒന്ന്. അത് അടുത്തേക്ക്‌ വന്നു. അവനു ഭയമായി. പെട്ടന്ന്, അതവന്റെ മേലേക്ക് ചാടി. ഭയം കൊണ്ട് അവന്റെ തൊണ്ടയടഞ്ഞു പോയിരുന്നു.  അവന്റെ മുഖത്തു നിന്നും ചോര നക്കിക്കുടിച്ചു തുടങ്ങിയിരുന്നു ആ മൃഗം. അടുത്തു വന്നപ്പോള്‍ അതിന്‍റെ മണത്തില്‍ ഗുഹയിലുള്ള വായു മുഴുവന്‍ പുറത്തു പോയത് പോലെ അവനു തോന്നി.

അവന്റെ മുഖം നക്കി തുടച്ചതിനു ശേഷം അത് വീണ്ടും മുന്പുണ്ടായിരുന്നിടത്ത് പോയി കിടന്നു. അവന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍? എന്തിനാണ് തന്നെയിങ്ങനെ പിടിച്ചു കെട്ടിയിട്ടിരിക്കുന്നത്. കൈകള്‍ തിരിച്ചു കെട്ടഴിക്കാന്‍ അവന്‍ വീണ്ടുമൊന്നു ശ്രമിച്ചു. കയര്‍ അവന്റെ മാംസത്തിലേക്ക് കൂടുതല്‍ കയറി. കുതറിയിട്ടു കാര്യമില്ല. കാട്ടില്‍ മറ്റുള്ളവര്‍ തന്നെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടാവും. അവന്‍ ഉറക്കെയൊന്നലറാന്‍ ശ്രമിച്ചു. ആരെങ്കിലും കേള്‍ക്കാതിരിക്കില്ല. അവന്റെ ശബ്ദം പക്ഷെ ഗുഹയ് ക്കു പിന്നിലെവിടെക്കോ തട്ടി പ്രതിധ്വനിച്ചു.

വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും അടുത്തു കാവല്‍ കിടക്കുന്ന മൃഗത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അവന്‍ കണ്ണടച്ചു കിടന്നു. ആരാണ് ആ കെണിയുണ്ടാക്കിയത്? ഗ്രാമത്തിലാരും അങ്ങിനെയുള്ള കെണികള്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ല. മുത്തശ്ശിമാരുടെ കഥകളില്‍ പണ്ടത്തെ വേട്ടക്കാര്‍ അങ്ങിനെയുള്ളത് ഉണ്ടാക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും ചന്തകളില്‍ നിന്നും ലോഹം കൊണ്ടുണ്ടാക്കിയതാണ് ഉപയോഗിക്കുക.  ക്ഷീണം മൂലം പതുക്കെ അവന്‍ മയങ്ങി

ഒരു മുരള്‍ച്ച കേട്ടതും അവന്‍ ഞെട്ടിയെഴുന്നേറ്റു. ഇപ്പോള്‍ ഗുഹയില്‍ രണ്ടു നിഴലുകളുണ്ട്. അങ്ങോട്ടുമിങ്ങോട്ടും മുരളുകയാണ്. ഏതു നിമിഷം വേണമെങ്കിലും അവന്‍ ചാടി വീഴാം. ഇതായിരിക്കുമോ തന്നെ പിടിച്ചു കെട്ടിയിട്ടവരുടെ ഉദ്ദേശം? തന്‍റെ അപ്പനോട് വിരോധമുള്ള ആരോ ആണ് ഇത് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ കൈയും കാലും കെട്ടിയിട്ടു, രക്ഷപ്പെടാനാവാത്ത വിധത്തില്‍ കാട്ട് മൃഗങ്ങള്‍ക്ക് ഭക്ഷണമായി ഇട്ടു കൊടുത്തിരിക്കുകയാണ്.

പെട്ടന്ന് മുരള്‍ച്ച നിന്നു. ഒരു മൃഗം എഴുന്നേറ്റു. അപ്പോഴാണ്‌ അതൊരു മനുഷ്യനാണെന്നു മനസ്സിലായത്‌. അയാളായിരിക്കും ആ കെണി ഉണ്ടാക്കിയത്. തന്നെ ഇവിടെ കെട്ടിയിട്ടത്. ഇരുട്ടില്‍ അതാരാണെന്നു മനസ്സിലായില്ല. അയാള്‍  അവനെ നോക്കുക പോലും ചെയ്യാതെ ഗുഹയുടെ മറ്റൊരറ്റത്തു പോയി കുനിഞ്ഞിരുന്നു ഒരു കത്തി മൂര്‍ച്ച കൂട്ടി തുടങ്ങി. തന്നെ കൊല്ലാന്‍ പോവുകയാണ്! മാണിക്കത്തിനു തലയില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി.

അയാള്‍ അവനടുത്തെക്ക് വന്നു മുട്ട് കുത്തിയിരുന്നു. മുഖം കാണാനാവുന്നില്ല. പക്ഷെ അധികം ഉയരമില്ല. പരിചയമുള്ള വേട്ടക്കാരന്റെ ശരീര ഭാഷയാണ്‌. അയാള്‍ക്കീ കാട് നല്ല പരിചയമുണ്ട്. തന്നെ വന്നു നക്കിയതു അയാളുടെ വേട്ട നായാവാനാണ് സാധ്യത. അയാള്‍ അവന്റെ മുറിവ് പരിശോധിച്ചു. വേട്ടക്കാരുടെത് പോലെ പരുക്കനാണ് കൈ. തിരിഞ്ഞു നായോട്‌ എന്തോ മുരണ്ടു. മനസ്സിലായെന്ന പോലെ അത് തിരിച്ചും എന്തോ മുരണ്ടു.

അയാള്‍ കത്തി കൈയ്യിലെടുത്തു. “ആണ്ടിലെ ആദ്യത്തെ വേട്ടയാണ്.  ഇരയുടെ ചോര കുടിക്കണം.”

രക്തം ഉറഞ്ഞതുപോലെ അവനു തോന്നി. ഇയാള്‍ പഴമക്കാരുടെ കഥകളില്‍ ഉള്ള തരത്തിലുള്ള ഹൃദയം തിന്നുന്ന വേട്ടക്കാരനാണോ? കത്തി അവന്റെ ഹൃദയത്തിന് മുകളില്‍ നിന്നു. അത് അവന്റെ മാംസത്തിലിറങ്ങിയതും വേദന കൊണ്ടും ഭയം കൊണ്ടും പേടിച്ചരണ്ട ഇരയുടേത് പോലുള്ള ഒരു ശബ്ദത്തില്‍ അവന്‍ കരഞ്ഞു. മുറിവില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. അയാള്‍ ചൂണ്ടു വിരല്‍ കൊണ്ട് കുറച്ചെടുത്ത് നാവില്‍ വച്ചു. പതിഞ്ഞ ശബ്ദത്തില്‍ ചിരിച്ചു.

“അത്ര പെട്ടന്ന് ചാവാനുള്ള ഇരയല്ല, നീ ഒരു പാഠമാവാനുള്ളതാണ്”, സ്വകാര്യം പറയുന്ന പോലെ അയാള്‍ അവന്റെ ചെവിയില്‍ പറഞ്ഞു.

കരച്ചിലൊന്നടങ്ങിയപ്പോള്‍ അയാള്‍  അവന്റെ വായിലേക്ക് കുറച്ചു വെള്ളമിറ്റിച്ച് കൊടുത്തു. എന്നിട്ട് തിരിച്ചു ആ നായുടെ അടുത്തു ചെന്നിരുന്നു പതിഞ്ഞ ശബ്ദത്തില്‍ മുരളാന്‍ തുടങ്ങി.

“ഭയത്തിന്റെ മണം!”  ഗുഹയ്ക്ക് പുറത്തെത്തിയതും ബുച്ചി ചുറ്റും മണം പിടിച്ചു. ആദ്യത്തെ ഇരയെ കിട്ടിയത് എല്ലാവരും അറിഞ്ഞിരുന്നു. പക്ഷെ കടുവയും അമ്പുലി എന്ന പെരുംപാമ്പും ഒഴികെ ആരും തല്‍ക്കാലത്തേക്ക് മാളത്തിനകത്ത് കടക്കേണ്ട എന്ന തീരുമാനമായിരുന്നു.

കതിര്‍ തിരിച്ചു പോയിരിക്കുകയാണ്. ഇനി  രണ്ടു വട്ടം ഇരുട്ടി വെളുത്തെ തിരിച്ചെത്തുകയുള്ളൂ. ആദ്യത്തെ ഇരയെ കൊണ്ട് വന്നപ്പോള്‍ തന്നെ അവനോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. തീറ്റയൊന്നും കൊടുക്കരുതെന്നാണ് കതിര്‍ പറഞ്ഞിട്ടുള്ളത്. ഉറങ്ങാനും അനുവദിക്കരുത്. കതിര്‍ തിരിച്ചു വരുമ്പോള്‍ അവന്റെ കെട്ടഴിക്കും. പക്ഷെ, അമ്പുലി കാവലുള്ളതുകൊണ്ട് രക്ഷപ്പെടാന്‍ കഴിയില്ല.

കുറച്ചു കാലം സൂക്ഷിക്കണമെന്നാണ് കതിര്‍ പറഞ്ഞിരിക്കുന്നത്. കാട്ടിലുള്ളവരുടെ പോലയല്ല നിറം മാറുന്നവര്‍. അവരിലൊരാളെ കാറ്റില്‍ കാണാതായാല്‍ പിന്നെ കുറേ പകലുകള്‍ അവര്‍ അയാളെ തേടി കാട് മുഴുവന്‍ അരിച്ചു പെരുക്കും. അതിനിടയില്‍ കണ്ണില്‍ പെടുന്ന എല്ലാ ജീവനുമെടുക്കും. ഇതുപോലുള്ള വേട്ട ഇനിയും കുറ നടന്നാല്‍ മാത്രമേ ഇവരീ കാട്ടില്‍ നിന്നും ഒഴിഞ്ഞു പോവുകയുള്ളൂ.

ഇപ്പോള്‍ തന്നെ ഇവ്ടെയിട്ട് ദിവസങ്ങളായിട്ടുണ്ടാവും. ഗ്രാമത്തിലുള്ളവര്‍ അന്വേഷണം നിര്‍ത്തിയിട്ടുണ്ടാവും.  ഇവിടെയെത്തിയത്തിനു ശേഷം കുറച്ചു വെള്ളമല്ലാതെ വേറൊന്നും കിടിയിട്ടില്ല. അന്ന് വന്നയാളെ പിന്നീട് കണ്ടിട്ടുമില്ല. ഗുഹയിലെ ഇരുട്ടിൽ മുഖം കാണാന്‍ പറ്റുന്നില്ല. പക്ഷെ അയാള്‍ വേട്ടക്കാരനാണ്. അവന്‍ കുതറുന്നത് നിര്‍ത്തിയിരുന്നു. എപ്പോഴെങ്കിലും രക്ഷപ്പെടാനായാല്‍ കുറച്ച് ദൂരം ഓടാനെങ്കിലുമുള്ള ശക്തി വേണം.

കാലില്‍ എന്തോ കരളുന്നു. ചെറിയ ഏതോ ജീവിയാണ്. അല്ല, കുറച്ചധികമുണ്ട്. അവയിലൊന്ന് അവന്റെ ശരീരത്തിലേക്ക് ചാടി. ചെറിയ എലികള്‍ തന്നെ കരണ്ടു കൊണ്ടിരിക്കുകയാണ്! ഭയത്തില്‍ അവനലറിവിളിച്ചു. വന്നപോലെ അവ അപ്രത്യക്ഷമായി. അവന്‍ കിതച്ചുകൊണ്ട് ചുറ്റും നോക്കി. കുറച്ചപ്പുറത്തേക്ക് നിരങ്ങി നീങ്ങി. ശാന്തമായി നോക്കിയിരിക്കുന്ന ആ നായ പോലുള്ള ജന്തുവൊഴികെ വേറൊന്നുമില്ല. തനിക്കു തോന്നിയതാവുമോ? ഭയം തന്‍റെ ചിന്തകളുമായി കളിക്കുന്നതാണോ?

കാട്ടെലികളുടെ കൂട്ടം  തിരിച്ചെത്തിയപ്പോഴേക്കും അവര്‍ക്ക് ചുറ്റും എല്ലാവരും കൂടി. “ബുച്ചി യും കടുവയും പറഞ്ഞത് ശരി തന്നെയാണ്. ഒറ്റക്കായാല്‍ നിറം മാറുന്നവരെ ഭയത്തിലാഴ്ത്താന്‍ കുറച്ചു എലികള്‍ മതി.” അതിനെ ശരിയെന്നു സ്ഥാപിക്കുന്ന മട്ടില്‍ മാണിക്കത്തിന്റെ ഭയത്തിന്റെ മണം അവിടുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

“ഇത് കൊണ്ട് പോര. ഇനി അവന്‍ കുറച്ചു പകലുകള്‍ കൂടി നമ്മുടെ കൂടെയുണ്ടാവും.”  താനിരുന്നിടത്തു നിന്നും കതിര്‍ പറഞ്ഞു. അവന്‍ വേട്ടക്കാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത്. നിറം മാറുന്നവര്‍   തല്‍ക്കാലത്തേക് വേട്ട മറന്ന മട്ടാണ്. കഴിഞ്ഞ രണ്ടു ദിവസം വലിയ കൂട്ടം വേട്ടക്കാര്‍ കാടിളക്കി വന്നിട്ടുണ്ടായിരുന്നു. പുഴയുടെ അടുത്തും അവരുടെ താവളമുണ്ടായിരുന്നിടത്തും കാട്ടില്‍ സാധാരണയായി വേട്ടയുണ്ടാവുന്ന ഇടങ്ങളിലും അവര്‍ നോക്കിയിരുന്നു. മൃഗങ്ങലെല്ലാവരും പലയിടങ്ങളിലും ഒളിച്ചിരുന്നു. ഇപ്പോള്‍ കാട് ശാന്തമാണ്. ഇന്ന് വൈകീട്ട് ഗ്രാമത്തില്‍ മണ്ട്രത്തിന്റെ സമയമാകുമ്പോഴേക്കും അവിടെയെത്തണം. അവന്‍ പതുക്കെയെഴുന്നേറ്റു ഗുഹയില്‍ കടന്നു.

മാണിക്കത്തിനു എഴുന്നേല്‍ക്കാന്‍ പോലുമുള്ള ശക്തിയുണ്ടായിരുന്നില്ല. ഭയം കൊണ്ട് അവന്‍ മൂത്രമൊഴിച്ചു പോയിരുന്നു. ആ മനുഷ്യന്‍  അവന്റെ അടുത്തു വന്നു. “വെള്ളം” അവന്‍ കെഞ്ചി.

ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് അയാള്‍ അവന്റെ വായിലോഴിച്ചു കൊടുത്തു. ആര്‍ത്തിയോടെ വിഴുങ്ങുന്നതിനിടയില്‍ ഒന്ന് രണ്ടു വട്ടം അവന്‍ ചുമച്ചു.” ഞാനെന്തു തെറ്റാണ് നിന്നോട് ചെയ്തത്?” അവന്‍ ചോദ്യം ആവര്‍ത്തിച്ചു.

“തെറ്റ് നിന്റെതല്ല. നിന്റെ ആള്‍ക്കാരുടേതാണ്. അവരുടെ അത്യാഗ്രഹമാണ് നിന്നെ ഈ നിലയിലെത്തിച്ചത്. കാട്ടില്‍ നിന്നെടുത്തത് കാട്ടിലേക്ക്. കാട് തന്നതും കാട്ടിലേക്ക്.” അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചിരിച്ചു.

ഗ്രാമത്തിലുള്ളവര്‍ ചെയ്ത ഏതോ തെറ്റിന്റെ കൂലിയായി  തന്‍റെ മരണമാണ് അയാളുടെ ലക്ഷ്യമെന്നു മാണിക്കത്തിനു  ബോധ്യമായി. അയാള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. താന്‍ കാണാതിരുന്നതാണ്.

“നിങ്ങള്‍ ആരാണ്?” അവന്റെ ശബ്ദം അടഞ്ഞു പോയിരുന്നു.

“ഞാനോ?” വീണ്ടും നട്ടെല്ലിലൂടെ തണുത്തതെന്തോ അരിച്ചു കയറുന്ന പോലെ ആ പതിഞ്ഞ ചിരി. “ദിവസത്തില്‍ എത്ര തവണ നീയെന്നെ ഓര്‍ക്കുന്നു. എന്നിട്ടുമറിയില്ലേ ? കാട് നശിക്കുമ്പോള്‍ ഞാന്‍ വരുമെന്ന് നിന്റെ മുത്തശ്ശിമാര്‍ നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?  ചെറുപ്പം മുതല്‍ എന്നെപ്പോലെയാകുമെന്നു നീ നിന്റെ കൂട്ടുകാരോട് വമ്പു പറഞ്ഞിട്ടില്ലേ? എന്നെപ്പോലെയാവാന്‍ നീ എനിക്ക് നേർച്ചപ്പൊതികള്‍ തന്നിട്ടില്ലേ? കണ്മുന്നില്‍ വന്നു നിന്നിട്ടും ആ എന്നെ നിനക്ക് മനസ്സിലായില്ലേ?”

അയാള്‍ അവന്റെ  കാതില്‍ പറഞ്ഞു.”കാര്‍മേഘം !”

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 22  :   വീണ്ടും മണ്ട്രം 

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.