രണ്ടുതുള്ളി വെള്ളം

ഒരു കച്ചവടം എത്രവേഗത്തിലാണ്
തഴച്ചുവളര്‍ന്നത്
ഒരുവിധം സ്ഥലങ്ങളിലൊക്കെ
രണ്ടുതുള്ളിവെളളം
എന്നെഴുതിവച്ച ബോര്‍ഡിനു
മുന്നില്‍ പുലര്‍ച്ചെമുതല്‍
നീണ്ടവരിയാണ്
ഒന്നുതൊണ്ട നനയ്ക്കാന്‍
എവിടെനിന്നൊക്കെയോ
വന്നുചേര്‍ന്നവര്‍
കഴിഞ്ഞ മാസം പെയ്ത
മഴവിറ്റു തീര്‍ന്നതില്‍ പിന്നെ
കിണറായ കിണറുകളും
കുളമായ കുളങ്ങളും
പുഴയായ പുഴകളും
മതിലുകെട്ടി
വേര്‍തിരിച്ച്
താഴിട്ടുപൂട്ടിയിട്ടുണ്ട്

ആകാശത്തു നിന്നും
പൊട്ടിയടരുന്ന തുള്ളികളെ
ബന്ധിക്കാന്‍
അന്തരീക്ഷത്തില്‍
മറയ്ക്കാന്‍
പ്രത്യേകമായി തയ്യാറാക്കിയ
വലിയൊരു വല
ഇന്നലെയാണ്
പണിതീര്‍ത്തത്

അടുത്ത ഏതാനും വര്‍ഷക്കാലത്തെ
ജലാശയങ്ങളുടെ
ടെന്‍ഡര്‍
എനിക്കുതന്നെയാകുമെന്ന്
ഉറപ്പാക്കാന്‍
പ്രിയമുള്ള ചിലതൊക്കെ
എന്നത്തേയും പോലെ
കാഴ്ചവച്ചിട്ടുണ്ട്

ഇടയ്ക്കിടെ വിലകൂട്ടി
വിലകൂട്ടി
എല്ലാവരുടെയും
വെള്ളംകുടി മുട്ടിക്കണം
എത്രകോരിയെടുത്താലും
തീര്‍ന്നുപോകില്ലെന്നുള്ള അറിവ്
വെറും അറിവുമാത്രമായിരുന്നു 

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.