കൂട്ടിലെ പക്ഷികൾ

ഓണമാണെന്ന് നീ പാടാൻ തുടങ്ങവെ
ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു

അർദ്ധരാവിൻ്റെ സ്വാതന്ത്ര്യവും, പൂക്കളും
അർദ്ധകാലത്തിൻ വിലങ്ങും, പ്രതീക്ഷയും

ഭൂമി, നീ കാട്ടിത്തരുന്നുവെന്നാകിലും
പാടാൻ മടിക്കുന്ന കൂട്ടിലെ പക്ഷി ഞാൻ

ഓരോ പ്രതീക്ഷയും പ്രാണൻ്റെ പച്ചയിൽ
നോവ് കുത്തിപ്പോയുണങ്ങാതെ നിൽക്കുന്നു

നീറുന്നു, രക്തമിറ്റുന്നു നീ കണ്ടുവോ
മേഘങ്ങൾ നീലിച്ചൊരാഷാഢസന്ധ്യയെ

കാലസർപ്പത്തിൻ്റെയുച്ചിയിൽ മാണിക്യ-
മോഹം കിരീടങ്ങൾ തേടി നീങ്ങീടവെ

യന്ത്രങ്ങൾ ചുറ്റിക്കിടക്കുന്ന ശ്വാസമേ!
തന്ത്രികൾ പൊട്ടിത്തകർന്ന് പോകുന്നുവോ?

മന്ത്രം പിഴച്ച ലോകത്തിൻ്റെ നെറ്റിയിൽ
ഗന്ധകപ്പൂക്കൾ തീ കത്തിച്ച് വയ്ക്കവെ

അന്തിവാനം, ചോന്ന കുങ്കുമപ്പൂവുമായ്
ചന്ദ്രഗ്രഹത്തിൻ നിലാപ്പൂവിറുക്കുന്നു

രാത്രിയിൽ കണ്ടതാം സു:സ്വപ്നമൊന്നിനെ
കോർത്തെടുക്കുന്നുണ്ട് നക്ഷത്രമണ്ഡലം

ഇന്ദ്രനീലക്കടൽ തൊട്ടു കിഴക്കിനെ
ചുംബിച്ച് സൂര്യൻ പ്രഭാതമായീടവെ

ഓണവും, സ്വാതന്ത്ര്യവും കൂട്ട് കൂടുന്ന
തേരും തെളിച്ച് വരുന്നോരു ശ്രാവണം

മുക്കൂറ്റിയും, തൊടിപ്പൂക്കളും മുറ്റത്ത്,
ചിത്രം വരയ്ക്കാനിരിക്കുന്നു ബാല്യവും

മേഘങ്ങൾ വിസ്ഫോടനങ്ങൾ കഴിഞ്ഞ്-
വന്നീറൻ വിരിച്ചുണക്കീടുന്ന മുറ്റത്ത്

തുമ്പിയും, തുമ്പക്കുടങ്ങളും ചേർന്നെൻ്റെ
സംഘഗാനങ്ങളെ വീണ്ടും ഉണർത്തുന്നു.

എന്നോ മറന്നിട്ട പ്രേമഗന്ധങ്ങളിൽ
ചന്ദനക്കാടുകൾ പൂവിട്ട് നിൽക്കുന്നു.

തോരാത്ത കണ്ണീത്തടാകങ്ങളെക്കടന്നീ-
ക്കൂട് വീണ്ടും തുറക്കുന്ന പക്ഷി ഞാൻ

ജീവസ്പർശത്താലിലത്തളിർ ചൂടുന്ന
ഭൂമിയെ തൊട്ടങ്ങരിക്കുന്ന പക്ഷി ഞാൻ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.