
രാപ്പകൽ നെഞ്ചിനകത്തിരുന്ന്
അലാറമായടിക്കുന്നു
ദൂരെയെങ്ങോ പെരും –
ചെണ്ടകൊട്ടിപ്പൊളിയുന്ന
കോവിൽ കണക്കെയെൻ ഹൃദയം.
വഴിപിഴയ്ക്കും
കൊടുംകാട്ടിൻ നടുവിലായ്
കല്ലുപാകിയ കോവിലിൻ വിരിമാറ്
തകർന്ന കൂട്ടാല
കൊള്ളയടിച്ച ഹൃദയം.
കാൽകഴച്ച് കോവില്
കയ്യൂന്നി നിലത്തിരിക്കും പോലെ
നെടുംതൂണൊന്ന് മാത്രം
ക്ഷയിച്ചമട്ടിൽ ഇടയ്ക്കിടറു,മൊരുവേള.
അതിന്റെ ഉരുണ്ട മസിലിന്മേൽ
ചുറ്റിക്കേറി തിണത്ത
ഞരമ്പിൻ പച്ചിലപ്പാമ്പുകൾ.
കോല് തെറിച്ചനാഥമായ
ചെണ്ടയും നെഞ്ചിലേന്തിനിൽക്കും
കോവില് പോലെയിപ്പോൾ
കൊട്ടുന്നില്ല ഹൃദയം.
നീറിപ്പൊട്ടി വിണ്ടടരുന്നു വെയിലത്ത്
നെഞ്ചിൻ തുകലും.
ജലഛായാചിത്രം കണക്കെയിളകുന്നു
ആളുകളെപ്പോൽ
ആലിലകൾ മുങ്ങിമരിക്കും
തവളകളുപേക്ഷിച്ച കുളം,
കടല് തേടിത്തേടിയോടി
എങ്ങുമെത്താതെ വട്ടച്ചാലായ
മീൻമണമുള്ള ചുഴികൾ.
അസുരവാദ്യമോ ഹൃദയം?
പടപടാ പെരുമ്പറകൊട്ടിയുണർത്തുന്നു
ഉറങ്ങും ചാവിൻ തേവരെ.
പഴയതാണിക്കോവില്
കട്ടുമുടിച്ചതാമതിൻ, മുതൽ.
പുന:പ്രതിഷ്ഠയില്ലയിനി ഒരുനാളും .
വീണുടഞ്ഞ തേവരുറക്കമായി,
തകർന്നു കാറ്റിൻ മൈത്രിയും.
“എന്റെ ദൈവമേ…” എന്നമട്ടിൽ
ദൂരെയെങ്ങോയിരുട്ടിലുരിയിട്ട്
പേമാരിയെ മുറുക്കിക്കൊട്ടിയുറയുന്നു
അദൃശ്യനാമൊരു ചെണ്ടക്കാരൻ.
മേഘമൊരു ചെണ്ട,
തെറിക്കും മിന്നലൊരു
ചെണ്ടക്കോല്.
പൊളിയും കോവിൽ കണക്കെ
കുറുകും കിളിക്കൂടുപോൽ
നെഞ്ചിനകത്തിരുന്ന്
തകർന്നു ഹൃദയത്തിൻ ഘടികാരം.
സൂചികാണാതായ വട്ടക്ലോക്ക് പോലെ
മിടിക്കാത്ത കുള നെഞ്ചിലും
കലങ്ങിയ നീർച്ചുഴി.
നോക്കി നോക്കി നിൽക്കെ
പെരുമഴയത്ത് കലങ്ങിയൊലിക്കും
പുഴവെള്ളച്ചുഴിയിലെന്റെ
ഹൃദയവാൽവിനറ്റം കണ്ടു,
മുങ്ങിയും പൊങ്ങിയും
പുഴകടന്ന് പോകും തേവരുടെ
ഉയർത്തിപ്പിടിച്ച കയ്യിൽ.
കാണാതായ
ചെണ്ടക്കോല് പോലത്
കൊട്ടിക്കൊണ്ടിരിക്കുന്നു
പുഴയുടെ തുകല് പൊളിഞ്ഞ നെഞ്ചിൽ.
