കുലത്തിനും കുടുംബത്തിനുമായൊരു കാടുകയറ്റം

ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 11

താമയുടെ ചേട്ടന്‍ ആദ്യമായി വേട്ടയ്ക്കിറങ്ങുകയാണ്. വേട്ടക്കാരനായാല്‍ ആദ്യത്തെ കാട് കയറല്‍ വലിയ ആഘോഷമായാണ്‌ നടത്തുക. ഗ്രാമത്തിലുള്ള എല്ലാവർക്കും വിഭവ സമൃദ്ധമായ ശാപ്പാട് ഒരുക്കിയിട്ടുണ്ട്. മൈതാനത്തില്‍ കെട്ടിയ വലിയ പന്തലിനു പിറകില്‍ സ്ത്രീകള്‍ ഓരോ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പല തരം ഇറച്ചികള്‍ പല തരങ്ങളില്‍ പാചകം ചെയ്യുന്നു. എവിടെ നിന്നൊക്കെയോ കൊണ്ട് വന്ന പല തരം പഴങ്ങള്‍ താലങ്ങളില്‍ വച്ചു ഒരുക്കുന്നു. മറ്റു ഗ്രാമങ്ങളില്‍ നിന്നുള്ള ബന്ധുക്കളെല്ലാം എത്തിയിട്ടുണ്ട്.
താമ അവിടെയെല്ലാം ചുറ്റിപ്പറ്റി നിന്നു. അവള്‍ ഇത്രയും വലിയൊരു കാടുകയറ്റം കണ്ടിട്ടില്ല. മാണിക്കത്തിനോടൊപ്പം ഗ്രാമ മുഖ്യന്റെ ഇളയ മകന്‍ ചേരന്റെയും കാടുകയറല്‍ ആണ്. രണ്ടു കുടുംബങ്ങളും ഒരുമിച്ചാണ് ആഘോഷങ്ങള്‍. ചേരന്‍ ജനിച്ചതേ വേട്ടക്കാരനാവാനാണ് എന്നാണു മുഖ്യന്‍ പറയാറ്. ഒരു പക്ഷെ ആയിരിക്കും. ചേരനും മാണിക്കവും ഈ ഗ്രാമത്തിന്റെ ഉത്തമ പുത്രന്മാരാണ്. വേട്ടയുടെ വഴിയെ പോകാന്‍ ജീവിതം ഉഴിഞ്ഞു വച്ചവര്‍. അത് തെളിയിക്കാന്‍ വേണ്ടിയാണ് പതിമൂന്നു വയസ്സ് തികയുമ്പോഴുള്ള ഈ കാടുകയറല്‍ എന്ന ചടങ്ങ്. വെറും ചടങ്ങെന്ന് പറഞ്ഞാല്‍ പോര ചടങ്ങുകളുടെ ഒരു പരമ്പര തന്നെയാണ്. കൊന്നതിനെ ഗ്രാമത്തിലേക്ക് കൊണ്ട് വരുന്ന വരെ അത് നീണ്ടു നില്‍ക്കും.
മാണിക്കവും ചേരനും ഒരുങ്ങി ഇറങ്ങി. പഴയ കാലത്തെ വേട്ടക്കാരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ മേലെല്ലാം നിറങ്ങള്‍ പൂശി, തോളില്‍ അമ്പും വില്ലും തൂക്കിയാണ് നില്‍പ്പ്. കാടുകയറലിന്റെ അന്ന് മരിച്ചു പോയ വേട്ടക്കാരുടെ ആത്മാക്കള്‍ വന്ന് പുതിയ വേട്ടക്കാരുടെ ശരീരത്തില്‍ കുടിയിരിക്കുമെന്നാണ് വിശ്വാസം. ഗ്രാമത്തിലെ മറ്റെല്ലാവരുടെയും പോലെ പുതിയ വേട്ടക്കാരും കാര്‍മേഘത്തിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു. കാര്‍മേഘം ഇത് വരെ ആരുടെ ശരീരവും തിരഞ്ഞെടുത്തിട്ടില്ല. കാരണം അയാള്‍ക്ക്‌ ശേഷം അത്രയും മിടുക്കനായ വേട്ടക്കാരന്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിട്ടില്ല എന്നത് തന്നെ. താമക്ക് ചിരി വന്നു. ജീവിച്ചിരിക്കുന്ന കാര്‍മേഘത്തിന്റെ ആത്മാവ് എങ്ങിനെ വരാനാണ്?
ശുദ്ധീകരണമാണ് ഇനി. അത് രാത്രി വരെ നീളും. ആദ്യം പാലിലും പിന്നെ വെള്ളത്തിലും പിന്നെ പുകയിലും കുളിച്ചു മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും ദൗര്‍ബല്യങ്ങളെ കഴുകി കളഞ്ഞവര്‍ക്ക് മാത്രമേ നല്ല വേട്ടക്കാരാകാന്‍ കഴിയൂ. വലിയ പാത്രങ്ങളില്‍ പലയിടങ്ങളില്‍ നിന്നും കൊണ്ട് വന്ന പാല്‍ നിറയ്ക്കാന്‍ താമയും കൂടി. ആദ്യം മഞ്ഞളും ചന്ദനവുമിട്ട പാലിലും പിന്നെ അരുവിയിലും കുളിച്ച് വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. പുകയില്‍ കുളിക്കാന്‍ വേണ്ടി ചൂട് കല്ലുകളില്‍ വെള്ളം കോരിയോഴിച്ചത് കാരണം കട്ടിയുള്ള പുക തങ്ങി നില്‍ക്കുന്ന പുരയിലേക്ക്‌ അവര്‍ നടക്കുമ്പോഴേക്കും ഗ്രാമത്തില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.
മാണിക്കത്തിന്റെയും ചേരന്റെയും അച്ഛന്മാര്‍ തങ്ങളുടെ കുടുംബത്തിലുള്ള ഏറ്റവും വലിയ പോത്തിന്‍ കൊമ്പ് തലയില്‍ വച്ചു നൃത്തം ചെയ്യാന്‍ തുടങ്ങി. അതിലും വലിയ പോത്തിന്‍ കൊമ്പ് തലയില്‍ വച്ചു നൃത്തം ചെയ്യാന്‍ തന്റെ മകന് ഭാഗ്യമുണ്ടാവണെ എന്നായിരുന്നു ഓരോ അച്ഛന്റെയും പ്രാര്‍ത്ഥന. നാളെ മുതല്‍ തന്‍റെ തല മകന്‍ മൂലം കുറച്ചു കൂടി ഉയരും എന്നാലോചിച്ചു അവര്‍ ഉള്ളില്‍ അഭിമാനം കൊണ്ടു.
സ്ത്രീകള്‍ ഈ ചടങ്ങുകളില്‍ പങ്കു കൊള്ളാറില്ല. ആവശ്യമുള്ളതെല്ലാം ഒരുക്കിവെച്ചു അവര്‍ സദ്യയും പാട്ടും വിശേഷങ്ങളുമായി അകത്തു കൂടും. താനും വേട്ട പരിശീലിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍  മകളാണെന്ന് മറക്കാനും ഗ്രാമത്തില്‍ നിന്നും പുറത്താക്കാനും ആദ്യം മുന്നില്‍ നില്‍ക്കുക തന്റെ അപ്പയാവുമെന്ന് അവള്‍ക്കറിയാം.
പിറ്റേന്ന് പുലര്‍ച്ചക്ക് തന്നെ വേട്ടക്കാര്‍ കാട് കയറി. മൂന്നു ദിവസത്തിനുള്ളില്‍ ആദ്യത്തെ മൃഗത്തെ കൊണ്ട് വരണം. ഓരോ കാടിറക്കത്തിലും പിന്നീട് വീമ്പിളക്കാന്‍ പാകത്തിനുള്ള ഒന്നുമായിട്ടാവണം എന്നാണ് ഗ്രാമത്തിലുള്ളവര്‍ ആഗ്രഹിക്കുക. ഉടുമ്പും മുള്ളന്‍ പന്നിയും പെരുച്ചാഴിയും മുയലുമൊക്കെ പിന്നീടുമാവാം. ആദ്യത്തെ വേട്ടയ്ക്ക് കുറഞ്ഞത്‌ ഒരു മാനെയെങ്കിലും പിടിച്ചു കൊണ്ട് വരണം. അത് ഒരു കലമാനാണാണെങ്കില്‍ ഇരട്ടി ആഘോഷം.
രണ്ടാം ദിവസം ചേരന്‍ കാടിറങ്ങി. അവന്റെ തോളില്‍ മാൻ കുഞ്ഞു തൂങ്ങിക്കിടന്നു. അതിന്‍റെ ദേഹം തണുത്തിട്ടുണ്ടായിരുന്നില്ല. അതിനെ അവന്‍ എല്ലാവർക്കും കാണുമാറ് പന്തലിനു നടുവില്‍ വയ്ച്ചു. പിറ്റേന്നാണ് മാണിക്കം കാടിറങ്ങിയത്.  അവൻ എന്തിനെയോ വലിച്ചു കൊണ്ടായിരുന്നു വരവ്. ഒരു ചെന്നായാണ്. വലിയൊരെണ്ണം. തവിട്ടു കലര്‍ന്ന ചാരനിറമുള്ള അതിന്റെ രോമത്തില്‍ രക്തം ഉണങ്ങി പറ്റിപ്പിടിച്ചിരുന്നു. മാണിക്കത്തിന്റെ മുഖത്തും ദേഹത്തും പോരാട്ടത്തിന്റെ പാടുകളുണ്ടായിരുന്നു. മുഖ്യന്‍ രണ്ടു മൃഗങ്ങളുടെയും വയറു കീറി. കുറച്ചു ചോരയെടുത്തു മാണിക്കത്തിന്റെയും ചേരന്റെയും മുഖത്തു തേച്ചു. ഇന്ന് മുതല്‍ അവര്‍ വേട്ടക്കാരാണ്. അത് കാണാന്‍ ഗ്രാമത്തിലെല്ലാവരും എത്തിച്ചേര്‍ന്നു. ആള്‍ക്കൂട്ടത്തെ തള്ളി നീക്കി താമ മുന്പിൽ എത്തിയപ്പോഴേക്കും മുഖം നിറയെ ചോര പൂശി നില്‍ക്കുന്ന പുതിയ വേട്ടക്കാരെയാണ് കാണാൻ കഴിഞ്ഞത്. ഇനിയുള്ള സല്ക്കാരത്തിന് വിളമ്പാന്‍ അവരുടെ ഇരകളെ കൊണ്ട് പോയിരുന്നു. എങ്ങും ചോരയുടെ മണം. അവള്‍ക്കു ഓക്കാനം വന്നു. വായും പൊത്തിപ്പിടിച്ചു തിരിഞ്ഞോടുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കി ചിരിക്കുന്നത് അവള്‍ കേട്ടു.

താത്തപ്പനും കതിരും കാട്ടില്‍ പോയിരിക്കുകയാണെന്ന് അവള്‍ അപ്പോഴാണ്‌ ഓര്‍ത്തത്. അവള്‍ ആ വീട്ടില്‍ എത്തിയിരുന്നു. വാതിലുകള്‍ തുറന്നു കിടന്നു. താത്തപ്പന്‍ വാതിലുകള്‍ പൂട്ടാറില്ല. അവള്‍ മരുന്നു പുരയില്‍ കയറി ഉണങ്ങാനിട്ട മരുന്നുചെടികള്‍ ഒതുക്കിയെടുത്തു കെട്ടുകളാക്കി. വീടെല്ലാം അടിച്ചു വാരിയിട്ടു. താത്തപ്പന്റെ വീട്ടില്‍ ഒന്നിനും അടുക്കും ചിട്ടയുമില്ല. ആദ്യമൊക്കെ അവള്‍ അവിടെയിവിടെ കിടക്കുന്ന സാധനങ്ങള്‍ ഒതുക്കി വയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ പിറ്റേന്ന് എല്ലാം പഴയ പടി ആയിട്ടുണ്ടാവും. മൂന്നുപേരുള്ള ഒരിടത്ത് ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നവള്‍ക്ക് മനസ്സിലായി. പിന്നെപ്പിന്നെ അവള്‍ക്കു ആ അടക്കമില്ലായ്മയിലെ ഒതുക്കം കാണാന്‍ കഴിഞ്ഞു. കതിരും അതേ അലസമായ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നു. ഇതൊക്കെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് എന്നാണു പറയുന്നത്. എല്ലാം അടുക്കും ചിട്ടയോടെയും സൂക്ഷിക്കുന്നതില്‍ എന്ത് രസമാനുള്ളത്?
സന്ധ്യയാവാറായപ്പോഴാണ് അവള്‍ തിരികെ വീട്ടിലേക്കു നടന്നത്. ആഘോഷങ്ങളൊക്കെ കഴിഞ്ഞു അവിടമെല്ലാം അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു. നാളെ കുടുംബത്തിലെ സ്ത്രീകള്‍ ഇവിടം കഴുകി വൃത്തിയാക്കി സാമ്പ്രാണിപ്പുകയാല്‍ ശുദ്ധമാക്കും. അങ്ങനെ ശുദ്ധി ചെയ്തില്ലെങ്കില്‍ ആഘോഷത്തിന് പങ്കെടുത്ത വേട്ടക്കാരുടെ ആത്മാക്കളും കൊല്ലപ്പെട്ട മൃഗങ്ങളുടെ ആത്മാക്കളും തമ്മില്‍ കണ്ടുമുട്ടിയാല്‍ അതിഭയങ്കരമായ യുദ്ധമുണ്ടാവുമെന്നാണ് വിശ്വാസം.

വീടിനുള്ളിലേക്ക് കടന്നതും അവിടുണ്ടായിരുന്നവര്‍ അവള്‍ക്കു നേരെ തിരിഞ്ഞു. വേട്ടയും വേട്ടക്കാരെയും ബഹുമാനിക്കാത്ത ഒരുവള്‍ ഈ കുടുംബത്തില്‍ തന്നെ പിറന്നല്ലോ എന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവളുടെ അപ്പ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. അവള്‍ക്കത്തില്‍ വിഷമം ഒന്നുമുണ്ടായിരുന്നില്ല. അപ്പയും അവളും തമ്മില്‍ മിണ്ടുന്നത് തന്നെ വിരളമാണ്. തന്റെ പേര് നിലനിര്‍ത്താന്‍ പോകുന്ന മകനാണ് അയാള്‍ക്ക്‌ വലുത്.
അവള്‍ മച്ചിന് മുകളിലേക്ക് കയറി. തോലുകളും മറ്റും സൂക്ഷിക്കുന്നത് അവിടെയാണ്. ആരും അങ്ങോട്ടധികം വരാറില്ല. പ്രതീക്ഷിച്ച പോലെ ചേരന്‍ അവിടെയുണ്ട്. ഇരട്ടകളാണെങ്കിലും വ്യത്യസ്ത സ്വഭാവക്കാരാണ് തങ്ങള്‍ രണ്ടുപേരും. ജനിച്ചത് മുതല്‍ ഒരുപാട് പേരുടെ പ്രതീക്ഷകളുടെ ഭാരം ചുമക്കുന്നത് ചേരാനാണ്. കുറച്ചു നേരം അതെല്ലാം ഇറക്കി വച്ചു അവന്‍ അവനാവുന്നത് തട്ടിന് മുകളില്‍ ഒറ്റക്കിരിക്കുന്ന ഈ സമയങ്ങളില്‍ മാത്രമാണ്.
കാലടി ശബ്ദം കേട്ടു ചേരന്‍ തിരിഞ്ഞു നോക്കി. ചെറുതായൊന്നു പുഞ്ചിരിച്ചു.

“രക്ഷപ്പെട്ടുവല്ലേ?”
താമ അവന്ന്‍റെയടുത്തിരുന്നു. കാട് തങ്ങള്‍ക്കു രണ്ടു പേര്‍ക്കും രണ്ടര്‍ത്ഥങ്ങളാണെന്നു അവള്‍ക്കറിയാം. വിലക്കപ്പെട്ടതുകൊണ്ടാണ് തനിക്കു കാട്  ഇത്രയും ആകർഷകമാവുന്നത്. ചേരന് കാട് മറ്റെന്തൊക്കെയോ ആണ്. താമയ്ക്ക് ഇത്ര മാത്രമറിയാം. അവനു നല്ലൊരു മകന്‍ എന്ന പേരിൽ അറിയപ്പെടണം. ഈ ഗ്രാമത്തില്‍ നല്ല മകനെന്നാല്‍ നല്ല വേട്ടക്കാരനാണ്. തന്റെ അമ്മയും അപ്പനും മുത്തശ്ശിയും താനടക്കമുള്ള  മറ്റുള്ളവരും അവന്റെ തലയില്‍ വേട്ട എന്ന ഉത്തരവാദിത്ത്വം കുത്തിവച്ചില്ലായിരുന്നുവെങ്കില്‍ അവനോരുപക്ഷേ ഒരു ചിത്രകാരനോ പാചകക്കാരനോ ആയേനെ.
“അത്രേം ചോര കണ്ടപ്പോള്‍ എനിക്ക് ഓക്കാനം വന്നു. തല ചുറ്റിയതുകൊണ്ട് പുറത്തിറങ്ങിയതാ. അവിടിവിടൊക്കെ അലഞ്ഞു തിരിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അപ്പന്‍ പിണക്കത്തിലാണ്.” അവള്‍ മുഖം വീര്‍പ്പിച്ച് പിടിച്ചു.
ചേരന്‍ വീണ്ടും ചിരിച്ചു. “എനിക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കൊന്നവനായിപ്പോയില്ലേ? അനുഭവിക്കാതിരിക്കാന്‍ പറ്റുമോ? ചിലപ്പോഴൊക്കെ നിന്നെപ്പോലെ ശരിയെന്നു തോന്നുന്നതിന് വേണ്ടി പോരാടാന്‍ എനിക്കും തോന്നാറുണ്ട്. എനിക്കെങ്കിലും സന്തോഷിക്കാമായിരുന്നു.”
താമ കാലുകള്‍ മടക്കി മുട്ടില്‍ തല ചേര്‍ത്തിരുന്നു. അവള്‍ക്കത് പുതിയൊരറിവായിരുന്നു. തന്റെ സഹോദരനെപ്പോലെ എത്ര പേര്‍ ഈ ഗ്രാമത്തിലുണ്ടാവും? കുലത്തെയും കുടുംബത്തെയും സന്തോഷിപ്പിക്കാന്‍ വേണ്ടി ഇഷ്ടമില്ലാഞ്ഞിട്ടും ഹൃദയമില്ലാതായവര്‍?

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 12 : കതിരിന്റെ യാത്രകൾ)

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.