കാട്ടറിവുകൾ കൺമുന്നിൽ

ബുച്ചിബൂബൂ   നോവൽ – അദ്ധ്യായം -10

കതിരിന് പരിശീലനം പുരോഗമിക്കും തോറും അതിന്റെ കാഠിന്യം ഏറി വന്നു. കാട്ടില്‍ നിന്നും ചെറു മൃഗങ്ങളെയോ പക്ഷികളെയോ പുഴയില്‍ നിന്നും മീനോ പിടിക്കുന്ന പോലെയല്ല ശരിക്കുമുള്ള വേട്ട എന്ന് കതിര്‍ തിരിച്ചറിഞ്ഞു. ഒരു നല്ല വേട്ടക്കാരനാവുക എന്നത് ഒരു കല തന്നെയാണ്. വേട്ട പഠിപ്പിക്കുമ്പോള്‍ താത്തപ്പനില്‍ വരുന്ന മാറ്റവും അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യത്തെക്കാളും കൂടുതല്‍ ജീവനുള്ളതുപോലെ. കഥകളിലെ കാര്‍മേഘം ജീവനോടെ വരുന്നത് കണ്ടു താമയുടെ വിരലറ്റത്ത് നിന്നും ഒരു വിറയല്‍ കയറി.

പെരിയോര്‍ക്കും തന്നില്‍ വന്ന മാറ്റം അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. പണ്ടും തനിക്കു വേട്ടയില്‍ നിന്നുള്ള ലാഭമായിരുന്നില്ല പ്രധാനം. അതിനോട് ചേര്‍ന്ന സാഹസവും കൗതുകവും തന്നെയായിരുന്നു. ഇപ്പോഴും കാട്ടില്‍ പോകുമ്പോള്‍ എന്തോ രഹസ്യം അറിയാന്‍ പോകുന്നതിന്റെ ആ ഉത്സാഹം തോന്നാറുണ്ട്. കാടും താനും ഒന്നാവുന്നതിന്റെ അനുഭവം വേറൊന്നിനും പകരമാവില്ല. അതാണ്‌ കതിരിനെയും താമയെയും മനസിലാക്കാന്‍ ശ്രമിക്കുന്നത്. തനിക്കൊന്നും അവരെ പഠിപ്പിക്കാനാവില്ല. അവര്‍ക്ക് അറിവിലേക്കുള്ള പാത കാട്ടിക്കൊടുക്കാനെ പറ്റൂ. അല്ലെങ്കിലും ആര്‍ക്കാണ് ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാന്‍ കഴിയുക? ഓരോ സമയങ്ങളില്‍ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയല്ലേ? വഴി കാട്ടി കൊടുക്കാനാവും. അതിലൂടെ നടന്നു പോവുക എന്നത് അവരുടെ തീരുമാനമല്ലേ?

മറന്ന ഭാഷ പറയാനുള്ള പരിശീലനമാണ് അടുത്തത്‌. താമ വളരെ വേഗം അത് പടിച്ചെടുക്കുന്നുണ്ട്. ഇപ്പോള്‍ തന്നോട്  ചിലപ്പോഴൊക്കെ ആ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ ഗ്രാമത്തിലുള്ള മൃഗങ്ങള്‍ സംസാരിക്കുന്നത് ആ ഭാഷയുടെ തന്നെ ഏതോ ഒരു രൂപമാണ്. അവര്‍ക്ക് മറക്കപ്പെട്ട ഭാഷ മനസ്സിലാക്കാന്‍ കഴിയും. പക്ഷെ അവര്‍ പറയുന്നത് തനിക്കു മനസ്സിലാവുന്നില്ല. താമ പറയുന്നത് ബുച്ചിയുടെ ശരിക്കുമുള്ള ഭാഷ പഠിച്ചെടുത്താല്‍ അതിന്റെ രണ്ടിന്റെയും കൂട്ടിക്കുഴഞ്ഞ രൂപമാണ് ഇവിടുത്തെ മൃഗങ്ങളുടെ ഭാഷ എന്നാണ്. ഒരു പക്ഷെ ശരിയായിരിക്കും. പണ്ടുള്ള മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കാട്ടിലുണ്ടായിരുന്ന മൃഗങ്ങളെ മെരുക്കിയപ്പോള്‍ അവരുടെ ഭാഷയോട് കൂടി മറ്റു ഭാഷകള്‍ കലര്‍ന്നിരിക്കണം.

താമയ്ക്ക് ഈയിടെ ഭയങ്കര ഉത്സാഹമാണ്. താത്തപ്പന്‍ ഗ്രാമത്തിലെ മറ്റു മുതിര്‍ന്നവരെപ്പോലെ അല്ല. പെണ്‍കുട്ടികള്‍ക്കും വേണമെങ്കില്‍ കാട് കയറാമെന്നും വേട്ടയ്ക്കിറങ്ങാമെന്നുമാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ ആണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ അടുക്കളപ്പണികള്‍ ചെയ്യാമെന്നും താത്തപ്പന്‍ പറയുന്നു. എന്തുകൊണ്ടായിക്കൂടാ? തന്നെപ്പോലെയല്ല കതിര്‍. ഒതുങ്ങിയ സ്വഭാവമാണ്. താനൊരു കാര്യം ചെയ്യുമ്പോള്‍ തന്നെ എത്ര ശബ്ദമാണ് ഉണ്ടാക്കുന്നത്. കതിര്‍ അങ്ങിനെയല്ല. താത്തപ്പന്‍ ഇപ്പോള്‍ പറഞ്ഞു കൊടുക്കുന്നത് പോലെ, നിലത്തെ ഒരില പോലും അറിയാതെയാണ് അവന്‍ നടക്കുക. എത്രവട്ടം തന്നെ പിന്നില്‍ നിന്ന് വന്നു പേടിപ്പിച്ചിരിക്കുന്നു. തനിക്കു കാട്ടില്‍ പോകണമെന്നുണ്ട്. താത്തപ്പന്‍ ഉള്ളതുകൊണ്ട് തോക്കു കൊണ്ട് വെടി വയ്ക്കാന്‍ പഠിക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കണ്ടാല്‍ തന്റെ കാര്യം പോയത് തന്നെ. ആൺകുട്ടിയായിരുന്നു എങ്കിൽ താന്‍ വേട്ടയ്ക്കിറങ്ങേണ്ട പ്രായമായി. പക്ഷെ, ആൺകുട്ടിയായിരുന്നുവെങ്കില്‍ തനിക്കൊരിക്കലും കതിരിനെപ്പോലൊരു സുഹൃത്തിനെ കിട്ടുകയില്ലായിരുന്നു. പെരിയോരെ പോലെ ഒരു താത്തപ്പനെയും

ആദ്യമൊക്കെ കാട്ടിലേക്ക് പോകുമ്പോള്‍ ചെറിയൊരു മടിയുണ്ടായിരുന്നു. പക്ഷെ അവിടെ ചെല്ല്മ്പോള്‍ ഒരു പ്രതേക അനുഭവമാണ്. മനസ്സ് ശാന്തമാവും. ചിന്തകളൊക്കെ തെളിഞ്ഞു വരും. കാട്ടരുവി തുടങ്ങുന്നിടത്തേക്കാണ്‌ താത്തപ്പന്‍ ഇന്നലെ കൊണ്ട് പോയത്. സൂര്യൻ ഉദിക്കുന്നതിനു മുന്‍പ് പുറപ്പെട്ടാലേ ഉച്ചയാവുമ്പോഴേക്ക് എങ്കിലും അവിടെയെത്തിച്ചേരാനാവൂ. വേട്ടക്കാര്‍ അങ്ങോട്ട്‌ അധികം ചെല്ലാറില്ലെന്നാണ് താത്തപ്പന്‍ പറയുന്നത്.  അതിന്റെ കാരണം അങ്ങോട്ടുള്ള ദുര്‍ഘടം പിടിച്ച വഴിയാണെന്ന് അവനു മനസ്സിലായി. പാറകൂട്ടങ്ങളും മുള്‍ച്ചെടികളും വലിയ മരങ്ങളും. ഇവിടെയാണ്‌ വേട്ടക്കാരായ മൃഗങ്ങളുണ്ടാവുക. പുലി, കാട്ടുപൂച്ച, ചെന്നായ, നരി, കരടി. വിലയ മൃഗങ്ങള്‍. അവരുടെ ശ്രദ്ധയില്‍ പെടാതെ കാട്ടിനുള്ളിലൂടെ നടക്കണം. അങ്ങിനെയാനത്രേ താത്തപ്പന്‍ കാട്ടിലൂടെ നടക്കാന്‍ പഠിച്ചത്. 

ഇവിടെ നനവ്‌ കൂടുതലായതുകൊണ്ട് നിറയെ അട്ടകളാണ്. മനുഷ്യരക്തത്തിന്റെ മണം പിടിച്ചു അവ പതുക്ക പൊങ്ങി നിന്നു. അവ കാലിലേക്ക് ആദ്യമായി പറ്റിപ്പിടിച്ചപ്പോള്‍ പേടിയും അറപ്പും കാരണം അവന്‍ കുറച്ചു ദൂരം ഓടി. വെപ്രാളത്തില്‍ ഏതോ കാട്ടുമരത്തിന്‍റെ വേരില്‍ തട്ടി വീണു. അപ്പോഴാണ്‌ അവന്‍ ആദ്യമായി വിശപ്പിനല്ലാതെ ഒരു ജീവിയെ കൊല്ലുന്നത്. ചോര കുടിച്ചു വീര്‍ത്ത അട്ടയെ കാലില്‍ നിന്നും പറിച്ചെടുത്ത് ഒരു കല്ലുകൊണ്ടതിനെ തകര്‍ത്തു. ആദ്യമായി കാരണമില്ലാതെ താന്‍ കൊന്ന ജീവിയില്‍ നിന്നും ചോര വാര്‍ന്നു അതില്ലാതാവുന്നത് അവന്‍ കണ്ടു. തന്റെ ചോര. ഞെട്ടിത്തിരിഞ്ഞു അവന്‍ നോക്കുമ്പോള്‍ ഒരു പാറയിലിരുന്നു ചിരിയടക്കാന്‍ പാടുപെടുന്ന താത്തപ്പനെയാണ് കണ്ടത്. അവനു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഇനി എത്ര അട്ട കടിച്ചാലും ഭയം പുറത്തു കാണിക്കില്ലെന്ന് അവന്‍ ഉറപ്പിച്ചു. പക്ഷെ അതിനു ശേഷം അവന്‍ ഭയന്നില്ലെന്നു മാത്രമല്ല, കുറെ കഴിഞ്ഞപ്പോള്‍ അട്ടകള്‍ കയറുന്നതിനെ അവന്‍ ഗൗനിക്കാതെയുമായി. താത്തപ്പന്‍ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് കരിയിലയനങ്ങാതെ നടക്കാനുള്ള പരിശീലനത്തിനല്ല എന്നവന്‍ തിരിച്ചറിഞ്ഞു. അവന്റെ ആദ്യത്തെ കാട്ടറിവ് ആയിരുന്നു അത്. ഭയം എല്ലാ ജീവികള്‍ക്കും സഹജമാണ് അത് പുറത്തു കാണിക്കാതെ മുന്നേറിയാലെ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. ഭയയപ്പെട്ടവന്‍ പിന്നെ ശവമാണ്‌, ചിലപ്പോള്‍ ഭക്ഷണവും.

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 11 : കുലത്തിനും കുടുംബത്തിനുമായൊരു കാടുകയറ്റം )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.