കുറ്റിച്ചെടിയുടെ ശിഖിരങ്ങളിൽ

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലഫറ്റനന്റ് ഫ്രെഡ്രിക് യൂങ് ഗോൾഫ് കളിക്കാനും മറ്റും പറ്റിയ സ്ഥലം അന്വേഷിച്ചു. പതിനേഴാം നൂറ്റാണ്ടിൽ വടക്കു കിഴക്കൻ മലനിരകളിലെ മനോഹരഭൂവിൽ അദ്ദേഹം ഒരു ഹണ്ടിങ് ലോഡ്ജ് സ്ഥാപിച്ചു. മസൂറി എന്ന ഒരു കുറ്റിച്ചെടിയിൽ നിന്നാണ് ഈ സ്ഥലത്തിന് മുസൂറി പട്ടണം എന്ന പേരുവന്നത്. റസ്ക്കിൻ ബോണ്ട് വരുന്ന പുസ്തകക്കടയും നടൻ വിക്ടർ ബാനർജിയുടെ വീടും സച്ചിൻ ചായകുടിക്കാൻ വരുന്ന ചരൽക്കെട്ടിടവും മാത്രമല്ല ശിവാലിക് മലനിരകളിൽ നിന്ന് മാമത്തിന്റെ അവശിഷ്ടം ചികഞ്ഞെടുത്ത ഡോ.ഹ്യൂഗ് ഫൽകാനേയുടെ ലോഗി എസ്റ്റേറ്റ് അടക്കമുള്ള സിവിൽ സർവീസ് പരിശീലന കേന്ദ്രമായ മസൂറിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഡോ. അനിഷ്യ ജയദേവ്.

വിമാനയാത്ര, അത് കുറച്ചൊക്കെ മുഷിപ്പിക്കുന്നതായിരുന്നു. ടെറാഡൂൺ മസൂറി കാർ യാത്ര പ്രത്യേകിച്ചും. സ്വന്തം കാര്യം സിന്ദാബാദുകാരിയായ ഒരു കൂട്ടുകാരിയെയാണല്ലോ കിട്ടിയത്. ഇത്തിരി അസ്വാസ്ഥ്യം തോന്നാതിരുന്നില്ല. പൂർവാധികം താത്പര്യത്തോടെ ജാലകക്കാഴ്ചകൾ കണ്ടു വായ്ക്ക് നല്ലൊരു പൂട്ടിട്ടു. വൈകി ഹോസ്റ്റലിൽ എത്തി, ഹോസ്റ്റൽ രജിസ്റ്ററിൽ ഒപ്പുവെക്കാൻ തുടങ്ങുമ്പോൾ അതാ ഒരു പേര്, ഡോ.  എലിസബേത് സാംഗ്ലിയാന. അഞ്ചു വർഷം മുൻപ് ഒരു വിദേശ പരിശീലനത്തിൽ ഒരുമാസത്തോളമാണ് ലണ്ടനിൽ ഒരുമിച്ചു കഴിഞ്ഞത്.  സരസയെന്നേ പറയേണ്ടു, ഹൃദ്യമായി തുറന്നു ഇടപെടുന്ന ഒരു ത്രിപുരക്കാരി. യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് റിങ്കു അത്ര ഹൃദ്യമായ വ്യക്തിത്വമായി തോന്നിയില്ല എന്ന ബുദ്ധിമുട്ടു അതോടെ തീർന്നു ഭക്ഷണം കഴിച്ചു,  ഉറങ്ങി. നല്ല തണുപ്പ്. അല്ല, ഒരു മലമുകളിൽ തണുപ്പും മഞ്ഞുമല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാനാണ്. മസൂറിയിൽ നേരം പുലരുന്നത് കാണാൻ കാത്തിരുന്ന രാത്രിയായിരുന്നു അത്.

മസൂറിയിൽ നേരം പുലരുമ്പോൾ

ഞാൻ ജനാല തുറന്നു പുറത്തേക്കു നോക്കി.  വെള്ളി നിറത്തിൽ തിളങ്ങുന്ന ഹിമാലയപർവത നിരകൾ മഞ്ഞു   പുതച്ചു കിടക്കുന്നു. അങ്ങ് അകലെ മറ്റൊരു വശത്തു വളരെ ഉയരത്തിൽ ഒരു ടിബറ്റൻ അമ്പലവും.  ഇടയ്ക്കിടെ ബാൽക്കണി ചാടിച്ചാടി നടക്കുന്ന മരഞ്ചാടികളും. വളരെ അടുത്തുതന്നെയാണ് ഞങളുടെ പരിശീലനം നടക്കുന്ന ഇന്ദിര ഭവൻ. അഞ്ചു ദിവസവും ഏഴു ഏഴര മണിക്കൂർ നീണ്ട പരിശീലനം. സർക്കാർ സംവിധാനമല്ലേ, ലിമിറ്റഡ് റിസോഴ്സസ് ആയിരുന്നു, അപ്പൊ ക്ലാസുകഴിഞ്ഞുള്ള കറക്കമൊന്നും പ്രതീക്ഷിക്കണ്ട എന്ന് ഏകദേശം ബോധ്യമായിരുന്നു. സാധാരണ കൂട്ടം ചേർന്നുള്ള ചുറ്റിനടപ്പ് പതിവില്ല.വരുന്ന ഓരോ ഉദ്യോഗസ്ഥാർക്കും ഒരു വ്യത്യസ്ത ലക്‌ഷ്യം ഉണ്ടാവും, വ്യത്യസ്തമായ യാത്രയപദ്ധതികളും. അറിയാത്ത ദേശമായാൽ പോലും ഒറ്റയ്ക്കാവും സാധാരണ ഊരു ചുറ്റൽ. എന്നാൽ ഒറ്റയ്ക്കുള്ള പതിവ് കറക്കം എത്ര മാത്രം സാധ്യമാകും എന്നതിനെപ്പറ്റി തികച്ചും ആശങ്കയുണ്ടായിരുന്നു.

അടുത്ത പുലർച്ചെ എലിസബത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ഹിമാചൽ പ്രദേശിൽ നിന്നുള്ള പൂർണിമ, മനു, സിംലയിൽ നിന്ന് സരിക,  നേരത്തെ പരിചയപ്പെടുത്തിയ റിങ്കു പെഗ്ഗു, അവർ ആസാം സ്വദേശിയാണെങ്കിലും ഡൽഹി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റിൽ പരിശീലകയാണ്, പിന്നെ ഞാൻ, ഇങ്ങനെ ആറാൾ സംഘം പൂർണിമയുടെ വാഹനത്തിൽ നാടുകാണാൻ ഇറങ്ങുകയും ചെയ്തു.

ഒരു പെൺ യാത്രയുടെ നിർമിതി

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലഫറ്റനന്റ് ഫ്രെഡ്രിക് യൂങ് ഗോൾഫ് കളിക്കാനും മറ്റും പറ്റിയ സ്ഥലം അന്വേഷിച്ചു. അങ്ങനെ പതിനേഴാം നൂറ്റാണ്ടിൽ ഈ മനോഹരഭൂവിൽ അദ്ദേഹം ഒരു ഹണ്ടിങ് ലോഡ്ജ് സ്ഥാപിച്ചു. മസൂറി എന്ന ഒരു കുറ്റിച്ചെടിയിൽ നിന്നാണ് മുസൂറി പട്ടണം ആ പേര് കരസ്ഥമാക്കിയത് എന്ന് യാത്രയിൽ കൂടെ ഉണ്ടായിരുന്ന പൂർണിമ ചൗഹാൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥ പറഞ്ഞു. ലൈബ്രറി പോയിന്റിൽ ലൈബ്രറി, പുറത്തു നിന്ന് മാത്രം കാണാവുന്ന ഒരു ഇംഗ്ലീഷ് കെട്ടിടം.  താഴത്തെ  കെട്ടിടത്തിൽ കുറെ കടകളാണ്, കൂടുതലും റ്റെസ്റ്റൈൽ ഷോപ്പുകൾ. മുകളിൽ   നൂറ്റിയെൺപതോളം വർഷങ്ങളായി ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്ക് പ്രാപ്യമല്ലാത്ത ആ ലൈബ്രറിയിൽ പഴമണമുള്ള ഏറെ പുസ്തകങ്ങളും ഷെൽഫുകളും ഒക്കെ ഉണ്ട്, പഴയ കാലത്തിന്റെ ഓർമയുംപേറി. പുറത്തുനിന്നു മാത്രം കണ്ടിട്ടുള്ള ആ ലൈബ്രറി ഇനിയും അവിടെ നിൽക്കും നെടുനാൾ.

അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ

പറഞ്ഞല്ലോ, ലബാസ്‌നയിൽ നിന്നു മാറി ഇന്ദിര ഭവനിൽ പരിശീലനം.  രാജ്യത്തെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലേക്ക് ഒരു യാത്ര പ്രഭാതത്തിൽ തനിച്ചാണ് നടത്തിയത്. കാൽകുത്തൽ ചിത്രത്തിൽ രേഖപ്പെടുത്താൻ തുനിഞ്ഞ എന്നെ സെന്ററി തടഞ്ഞു. നോ ഫോട്ടോഗ്രാഫ മാഡം. എന്നാലും ഐഡി കാണിച്ചതോടെ പ്രദർശനാനുമതി കിട്ടി. 2011 നവംബറിൽ മൂന്ന് നാൾ ഈ കാമ്പസ്സിൽ ഉണ്ടായിരുന്നു. ആ പരിചയത്തിൽ കുറച്ചൊന്നു ചുറ്റി നടന്നു പടം പിടിച്ചു.

ഈ വർഷം പരിശീലനം നേടുന്ന 300 ഓഫീസർ ട്രെയിനിമാരിൽ കുറച്ചുപേരെ കണ്ടു. പരിശീലനത്തിന്റെ നാലാം ദിവസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവരിലെ മലയാളി പരിശീലനാർഥികളെ പരിചയപ്പെട്ടു. 

ആംബർ വെർമോണ്ട് എസ്റ്റേറ്റ്

ക്ലാസുകൾ താമസിച്ചതുകൊണ്ടു തൊട്ടടുത്ത കമ്പനി ഗാർഡൻ അടച്ചു. വെറുതെ ഒന്ന് കറങ്ങാം എന്നേ കരുതിയുള്ളൂ.  വാഹനം ഒന്നൊതുക്കി അടുത്തു കണ്ട നാട്ടുവഴിയിലൂടെ നടന്നു. തളർന്നു തിരിച്ചു പോകാം എന്ന് തോന്നിയപ്പോൾ  കുറച്ചു അകലെ ഒരു വെളിച്ചം. പഴയ റഷ്യൻ കഥകളിലെ ബാബാ യാഗവും മന്ത്രവാദിനിയുടെ ഒറ്റക്കാലിൽ തിരിയുന്ന വീട് പോലെ. അങ്ങ് ദൂരെ. അവിടേയ്ക്ക് നടന്നപ്പോൾ അതിമനോഹരമായ ചില കെട്ടിടങ്ങൾ. ഒരു റിസോർട് ആണ്. ആംബർ വെർമോണ്ട് എസ്റ്റേറ്റ് എന്ന് പുറത്തേക്കു പോകുകയായിരുന്ന രണ്ടു ജീവനക്കാർ പറഞ്ഞു. ഭക്ഷണം ഒന്നുമുണ്ടാവില്ല എന്ന് അവർ സൂചിപ്പിച്ചു.  മുൻകൂട്ടി ബുക്കിംഗ് വേണ്ടി വരും.  എന്തൊക്കെയായാലും ഒന്ന് നോക്കിവരാം എന്ന മട്ടിൽ ഞങ്ങൾ മുന്നോട്ടു. അപ്രതീക്ഷിതമായി വന്ന അതിഥികളെ എസ്റ്റേറ്റ് ഉടമസ്ഥർ സർവാത്മനാ സ്വീകരിച്ചു. ചായയും സ്നാക്ക്സും ഒക്കെ അവിടെ നിന്ന് കഴിച്ചു.  കാശ് കൊടുത്തു പുറത്തിറങ്ങുമ്പോൾ ക്ഷീണം മാറിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ എസ്റ്റേറ്റ് മസൂറിയിൽ ഏറ്റവും പഴയതാണ്. പാരമ്പര്യ ഇംഗ്ലീഷ് കോട്ടജ് കുറച്ചൊക്കെ പുതുക്കിയിട്ടുണ്ടെങ്കിലും ആ പഴമയുടെ പ്രൗഢി അതേപടി നിലനിർത്തിയിട്ടുണ്ട്. 

മനോഹരമാണ് ഓരോ കഫറ്റേറിയകളും. ഇതിന്റെ പഴയ പേര് ലോഗി എസ്റ്റേറ്റ് ആയിരുന്നു എന്ന് കെയർ ടേക്കർ പറഞ്ഞു. പ്രശസ്ത ജിയോളജിസ്റ് ഡോ.ഹ്യൂഗ് ഫൽകാനേ ആയിരുന്നു ഉടമസ്ഥൻ. ശിവാലിക് മലനിരകളിൽ നിന്ന് മാമത്തിന്റെ അവശിഷ്ടം ചികഞ്ഞെടുത്ത അതെ ഹ്യൂഗ്. ഏകദേശം  നാല് കിലോമീറ്റർ  തിരിച്ചു നടന്നപ്പോഴേക്കും അത്താഴത്തിനു സമയമായിരുന്നു. 

മാൾ റോഡ്

ഡോൺ വാലിയെ നോക്കി നിൽക്കുന്ന മുസൂറിയുടെ ഹൃദയ ഭാഗം.  സഞ്ചാരികൾക്കു ഒരു പറുദീസയാണിവിടം.  വെറുതെ നടന്നു കാഴ്ചകൾ കാണാനും ഈ വഴി ഉചിതം.  ചെറിയ വാണിഭ ശാലകൾ, തട്ടുകടകൾക്കു സമാനമായ തുറന്ന ഭക്ഷണ ശാലകൾ,  കീശയുടെ കനമനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഉത്പന്നങ്ങളും കടകളും, ടിബറ്റൻ വ്യാപാര വീഥികൾ. ടിബറ്റൻ ലഘുഭക്ഷണം മോമോസ് ഇവിടെ സർവസാധാരണമാണ്. കമ്പിളി വസ്ത്ര ശാലകളിൽ സീസൺ അല്ലാത്തതിനാൽ നല്ല വിലക്കുറവുണ്ട്.  സിക്കിം കാരിയായ കൂട്ടുകാരി നല്ല മേൽത്തരം കോട്ടകൾ വാങ്ങിക്കൂട്ടാൻ ഈ അവസരം ഉപയോഗിച്ചു.  റോഡോഡെൻഡ്രോണ് കൊണ്ടുണ്ടാക്കുന്ന അച്ചാറും സ്‌ക്വാഷും അന്വേഷിച്ചു നടന്നെങ്കിലും ലഭിച്ചില്ല.

യാത്രഭാരം ലഘൂകരിക്കാൻ സൈക്കിൾ റിക്ഷ അനേകമുണ്ട്.  പണ്ടൊരു തവണ കയറിയതിനാലും നടപ്പിന്റെ സുഖത്തിനാലും ഞങ്ങൾ ആ സൗകര്യം സ്നേഹപൂർവം നിരസിച്ചു മുന്നോട്ടു ഗമിച്ചു.  വഴിനീളെ നായ്ക്കളുണ്ട്. ഇടയ്ക്കിടെ തമ്മിൽ  തല്ലുന്നുണ്ടെങ്കിലും ഞങ്ങളെ കണ്ടമട്ടേ ഇല്ല.

ഇവിടെയുള്ള ഒരു പുസ്തകക്കടയിൽ വൈകുന്നേരം വിഖ്യാത കഥാകാരൻ റസ്ക്കിൻ ബോണ്ട് വായനക്കാരോട് സംസാരിക്കും. പൊതുവെ അന്തർമുഖനാണ്‌ അദ്ദേഹം എന്ന് അറിയാമല്ലോ.  ആരാധകർക്ക് ഇവിടെ വന്നാൽ അദ്ദേഹവുമായി സംവദിക്കാം. ഓട്ടോഗ്രാഫ് കരസ്ഥമാക്കാം. കാലാവസ്ഥ നല്ലതാണ് എങ്കിൽ, എല്ലാ ശനിയാഴ്ചയും വൈകിട്ട് അദ്ദേഹം  മാൾ റോഡിലെ അറോറ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ആ ഇടത്തിൽ എത്തും.

മാൾ റോഡു മുഴുവൻ നടന്നു തീർത്തു.  കാലു മുറിയും വിധം  ദൂരം. ഒരു ഹിൽ  സ്റ്റേഷനിൽ  നിങ്ങൾക്കു എന്തൊക്കെ വേണം ?  അതൊക്കെ  ഉണ്ടിവിടെ. സുവനീർ കടകൾ, വീഡിയോ ഗെയിം പാർലറുകൾ, തുണിക്കടകൾ, ഭക്ഷണശാലകൾ, കേക്ക് ഷോപ്, കാർണിവൽ ഗെയിം ഷോപ്പുകൾ ഒക്കെ. ബൈനോക്കുലറുണ്ടായിരുന്നെങ്കിൽ ആരവല്ലി മല നിരകൾ കാണാൻ സാധിച്ചേനെ എന്ന് സരിക പറഞ്ഞു.

സെന്റ് പോൾസ്  ആംഗ്ലിക്കൻ ചർച്ച് 

മനോഹരമായ ഒരു ആംഗ്ലിക്കൻ ദേവാലയം. ഉള്ളിൽ ഒരു വാർ മെമ്മോറിയൽ പോലെ. പുറത്തു സുന്ദരമായ പ്രകൃതി. കല്ലിൽ പടുത്തുണ്ടാക്കിയ തണുപ്പുള്ള പടികൾ. എത്ര മണിക്കൂറുവേണമെങ്കിലും ആ പരിസരത്തിരിക്കാം. ചുമരിൽ മനോഹരമായ ശിലാഫലകങ്ങൾ യുദ്ധത്തിൽ വേർപെട്ട സൈനികരെ അനുസ്മരിച്ചു കുടുംബങ്ങൾ സ്ഥാപിച്ചത്.  അതിമനോഹരമായ ചെമ്പട്ടു ഇരിപ്പടങ്ങൾ.  മെഴുകുതിരി തെളിച്ചു പ്രാർത്ഥിക്കണോ,  അവിടെ തന്നെ ഒരു കാണിക്കപ്പെട്ടിയുണ്ട്, പത്തുരൂപ ഇട്ടു ഒരു മെഴുകുതിരികത്തിച്ചുകൊള്ളുക. മനസ്സിലെ ആഗ്രഹങ്ങളേ നിങ്ങൾ രൂപം പൂണ്ടു വരൂ എന്ന് ആഗ്രഹിക്കുക. എന്നിട്ടോ ആവോ…

ചെറുതാം മട്ടിൽ ഒരു നിയമ ലംഘനം ചെയ്തു. ഉള്ളിൽ ധ്യാനിക്കും മട്ടിൽ ഇരുന്നു കുറച്ചു ചിത്രങ്ങൾ എടുത്തു. ചിത്രമെടുക്കരുതെന്ന നിബന്ധന കാറ്റിൽ പറത്തി ചാരിതാർഥ്യമണിഞ്ഞു.

പ്രൊട്ടസ്റ്റന്റ് മത വിശ്വാസത്തോട് അടുത്ത് നിൽക്കുന്ന സഭയാണ് ആംഗ്ലിക്കൻ. മിലിറ്ററി ഉദ്യോഗസ്ഥരുടെ ആത്മീക ആവശ്യങ്ങൾ നിറവേറ്റാൻ ആയിരുന്നു അവിടെ മിലിട്ടറി ചാപ്ലയിൻ എന്ന ശുശ്രൂഷ നിർവഹിച്ചിരുന്നത്, സ്വാതന്ത്ര്യ ലബ്ധി വരെ. 1839 ൽ നിർമിച്ച് 1840 ൽ  കൽക്കട്ടയിലെ ബിഷപ് ഡാനിയൽ വിൽസൺ ആശീർവദിച്ചു സമർപ്പിച്ചതാണ്‌ ഈ ദേവാലയം. രണ്ടായിരത്തി പന്ത്രണ്ടിലാണ് അറ്റകുറ്റപ്പണികൾ തീർത്തു കെട്ടിടം പുതുക്കിയത്, പഴമ ഒട്ടും ചോരാതെ തന്നെ.

 പുറത്തിറങ്ങുമ്പോൾ അതാ ഒരു മ്യൂൾ, പണ്ട് കർത്താവിനെ പുറത്തേറ്റിയ കഴുതക്കുട്ടിയെ പോലെ സൗമ്യനായി  അവിടെ നിൽപ്പുണ്ട്. കാപ്പിയുടെ സുഖിപ്പിക്കുന്ന ഗന്ധം അവഗണിച്ചു ഞങ്ങൾ പിന്നെയും മുൻപോട്ടു.  

ചാർ ദൂക്കാൻ, ലാൻഡോർ

കന്റോൺമെന്റ്നു കുറച്ചകലെയാണ് ഈ പ്രദേശം. ഇവിടെ കുറച്ചു ചെറു കടകൾ, ജാമിനും പീനട്ട് ബട്ടറിനും മധുരവും എരിവും ഉള്ള പല തരാം അച്ചാറുകൾക്കും ഒക്കെ പ്രസിദ്ധമായ പ്രകാശ്സ് ഷോപ് ഒക്കെ കണ്ടു.  ഒരു കുപ്പി ആപ്രികോട് ചട്ട്ണി വാങ്ങി.  യാത്രയ്ക്കിടെ ഇടയ്ക്കിടെ ഈ പ്രദേശം കഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്. ആപ്പോഴൊക്കെ ഡോ.റിങ്കു പെഗ്ഗു എന്ന സുഹൃത്ത് അപ്രത്യക്ഷയാകും.  ഏതെങ്കിലും ഒരു കടയിൽ നിന്ന് പലഹാരങ്ങളുടെ ഒരു കെട്ടുചുമന്നു വരും. 

കുറച്ചു മുന്നോട്ടു നടന്നു മനോഹരമായ ഗ്രേറ്റ്  ഗര്വൽ ഹിമാലയൻ മലനിരകൾ കണ്ടു. നേരത്തെ കണ്ട പ്രിസ്ബിറ്റീരിയൻ ദേവാലയത്തിന് അടുത്ത് തന്നെയാണ് ഈ പ്രദേശവും. പല തരം ചായ, ബനാന ഷേക്ക്, ഒക്കെ കണ്ടു. കുടിച്ചില്ല.   

ഈ പ്രദേശത്തെ സിസ്റ്റർ ബസാർ എന്നും വിളിക്കും. കന്റോൺമെന്റ് പ്രദേശത്തെ  അവശത ബാധിച്ച പട്ടാളക്കാർക്കുള്ള സാനറ്റോറിയത്തിലും ഡോർമെട്രികളിലും കന്യാസ്ത്രീകൾ സേവനമനുഷ്ഠിച്ചിരുന്നു.  അവരുടെ പേരിൽ നിന്ന് സിസ്റ്ററും കടകളിൽ നിന്ന് ബാസാറും. പഴയ റസ്കിന് ബോണ്ട് പുസ്തകങ്ങൾ ഒന്ന് മറിച്ചേ,  ആ താളുകൾ അല്ലെ ഈ പ്രദേശത്തെ അത്രമാത്രം പോപ്പുലറൈസ് ചെയ്തത്?

പാഴ്‌സനേജിലേക്ക് 

ലാൻഡോർ,  ഇതൊരു  വെൽഷ് പേരാണ്. ഇവിടെ തന്നെയാണ്  പാഴ്സ്നെജ്. പണ്ട് ബ്രിട്ടീഷ് പ്രഭുക്കളുടെയും ഇപ്പോൾ ഇന്ത്യൻ ധനാഢ്യരുടെയും ഇടമാണ് ഇവിടം.  ഇവിടെത്തന്നെയാണ് ബോളിവുഡ് നടൻ വിക്ടർ ബാനർജിയുടെ വീട്. എഴുപതുകളിൽ അദ്ദേഹം അത് സ്വന്തമാക്കിയത് വെറും ഒരു ലക്ഷം രൂപയ്ക്കുക്കാണത്രേ. വളഞ്ഞു പുളഞ്ഞ ഒരു ചെറു വേലി തുടങ്ങുന്നെടുത്തു ചെറിയൊരു ഇരുമ്പു ഗേറ്റ്. നിന്നും നടന്നും അങ്ങ് മുകളിൽ എത്തണം. അവിടെയതാ മനോഹരമായ ചെറു ഭവനം. കോണിഫർ വ്യക്ഷങ്ങളും ദേവദാരുക്കളും ചുറ്റി മറയ്ക്കാതെ മറയ്ക്കുന്നുണ്ടതിനെ.  ഒരിക്കൽ ആ മനോഹര സൗധം കത്തിയമർന്നുപോയി ഒരു ഷോർട് സർ ക്യൂട്ടിൽ. ടാഗോറിയന്റെ സ്വന്തം സൃഷ്ടികൾ പോലും നഷ്ടപ്പെട്ടു. ഒരു തത്വചിന്തകന്റെ നിർമമതയോടെ അവധാനതയോടെ ആ വീട് പുനർനിർമ്മിച്ചു വിക്ടർ.  കയ്യാല എന്ന് മാത്രം വിളിക്കാനാവുന്ന ആ ചുറ്റുമതിൽ നിറയെ പാഴ്സോനാജ് എന്ന പേരിനു ഒട്ടും ചേരാത്ത വിധത്തിൽ ബുദ്ധിസ്റ് സൂക്തങ്ങൾ അടങ്ങിയ അസംഖ്യം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എത്ര നിർബന്ധിച്ചിട്ടും വീട് സൂക്ഷിപ്പുകാരൻ ഞങ്ങളെ ആ വീടിനു ചുറ്റും ഒന്ന് ടൂർ ചെയ്യാൻ അനുവദിച്ചില്ല. വിക്ടർ അവിടെ ഉണ്ടെങ്കിൽ അനുവദിക്കാറുണ്ട് എന്ന് കൂട്ടുകാരി. അവർ നേരത്തെ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച വിശേഷം പിന്നുള്ള യാത്ര യിൽ വിവരിക്കപ്പെട്ടു. 

റോക്കി ബൈ മനോർ

സർ വാൾട്ടർ സ്കോട്ടിന്റെ കവിതയിൽ നിന്നാണ് ഈ മനോഹര സൗധത്തിനു ആ പേര്. ഇംഗ്ലണ്ടിലെ റോക്കി ബൈ കോട്ടയ്ക്കു സമീപം നടന്ന യുദ്ധത്തെ അനുസ്മരിക്കുന്ന നീണ്ട കാവ്യങ്ങളിൽ നിന്ന് ആണ് ഈ പേര്. അദ്ദേഹത്തിന്റെ എഴുത്തിൽ നിന്ന് പേര് കടമെടുത്ത മറ്റു സൗധങ്ങളും പ്രദേശങ്ങളും ഉണ്ടത്രേ.

ഉരുണ്ട ചരൽക്കല്ലു പടുത്തുണ്ടാക്കിയ ഇരുനിലക്കെട്ടിടം. കന്റോണ്മെന്റിൽ ഇനി ആർക്കും സ്ഥലം വാങ്ങാനോ കെട്ടിടം പണിയാനോ പാടില്ല. നിലവിലുള്ള കെട്ടിടങ്ങൾ വാങ്ങി പുതുക്കാം, പഴമ ചോരാതെ. ഈ കെട്ടിടം ഇന്ന് സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള പ്രസിദ്ധരുടെ ഭക്ഷണ  വിശ്രമ ശാലയാണ്.

ഏതു യാത്രയ്ക്കും തുടക്കമെന്നോണം ഒടുക്കവും അനിവാര്യം. എവിടെനിന്നൊക്കെയോ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഒത്തു ചേർന്ന അമ്പതു ഉദ്യോഗസ്ഥരിൽ ആറു പേര്, ആറു സ്ത്രീകൾ ഒരുമിച്ചു യാത്രചെയ്തതും യാത്രയിലെ ഓരോ നിമിഷവും ആസ്വദിച്ചതും ഒക്കെ തികച്ചും ആകസ്മികമായും സ്വാഭാവികവുമായിട്ടായിരുന്നു.  ഏറ്റവും വൈരുധ്യമായ ചിന്താ ശൈലികൾ, ജീവിത വീക്ഷണം, സംസ്കാരം ഇവയൊന്നും ചർച്ചകളെയോ കാഴ്ചകളെയോ അലോസരപ്പെടുത്താതെ സാഹസികതയെയും ചിലപ്പോഴൊക്കെ ശിശുസഹജമായ ജിജ്ഞാസയെയും ഒക്കെ ഒരു രാസത്വരിതകത്തെ പോലെ ഉത്തേജിപ്പിച്ചു. ചില സാഹസികതകളെയും ഒക്കെ സാധ്യമാക്കിയ ഒരു യാത്ര.അതേക്കുറിച്ചു ദൂരെ എവിടെനിന്നോ കാഴ്ചകാണുന്ന മൂന്നാമനെ പോലെ ഇനി നോക്കിക്കാണാമെന്നെ ഉള്ളൂ.

ഇത്രയൊക്കെ കാഴ്ചകളും വിവരണങ്ങളും പങ്കുവയ്ക്കുമ്പോൾ ഒന്നുകൂടി പറയാം.  കെംപ്കി വെള്ളച്ചാട്ടം, കമ്പനി ഗാർഡൻ , തിബറ്റൻ ബുദ്ധിസ്റ് മൊണാസ്റ്ററി, ഇവ മസൂറിയുടെ ആതാമാവിന്റെ ഭാഗങ്ങളാണ്.  അവ ഈ സഞ്ചാരകുറിപ്പിൽ പെട്ടിട്ടില്ല. കാരണം ഈ യാത്രയിൽ അവ സ്പർശിക്കാൻ സാധിച്ചില്ല. അവ തൊട്ടറിയാൻ നിങ്ങൾ ഒന്ന് പോയവരുമോ മുസൂറിയിൽ.

കവിയും വിവർത്തകയും കുട്ടികൾക്കായി മെക്സിക്കൻ നാടോടി കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. റഹിമിന്റെ തൂവൽ കുപ്പായക്കാർ എന്ന പക്ഷികളെ കുറിച്ച് കുട്ടികൾക്കായുള്ള പുസ്തകം ദി ഫെതേർഡ്‌ ഫ്രെണ്ട്സ് എന്ന പേരിൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു. ഐ എം ജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.