ഹൈവേയിലൂടെ കടന്നുപോകുന്ന ദീർഘദൂരവാഹനങ്ങൾ കാണിക്കയർപ്പിച്ച് തൊഴുന്നൊരു ദേവാലയമുണ്ടായിരുന്നു. കാലാന്തരത്തിൽ അവിടമൊരു ചെറുപട്ടണമായി. കച്ചവടക്കാരും കള്ളന്മാരും ഭിക്ഷക്കാരും വന്നുചേർന്നു. തിരക്കേറിയപാത മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നവർക്കും ജീവിതത്തിരക്കേറിയവർക്കുമായി കാണിക്കവഞ്ചി മാറ്റി അഴിയിട്ട വലിയൊരു പാത്രം സ്ഥാപിക്കപ്പെട്ടു. അതോടെ വണ്ടിനിർത്താതെ ചില്ലറത്തുട്ടുകളെറിഞ്ഞു പോകുകയെന്നത് അവിടുത്തെ ഒരാചാരമായി മാറി.
ക്ഷേത്രത്തിനെതിർവശത്ത് പുതിയതായി തുടങ്ങിയ കോഫീഷോപ്പിൽ സായാഹ്നം ചെലവഴിക്കാനെത്തിയ ദമ്പതികൾ ക്ഷേത്രത്തെക്കുറിച്ചും ഭാരവാഹികളുടെ അഴിമതിയെക്കുറിച്ചും സ്വകാര്യമായി ചിലത് പറഞ്ഞുകൊണ്ടിരുന്നു. അച്ഛനമ്മമാരുടെ സംസാരത്തിൽ ശ്രദ്ധച്ച് അരവർക്കരികിലിരുന്ന അഞ്ച് വയസ്സുകാരൻ മകനപ്പോൾ വിശേഷപ്പെട്ടൊരു കാഴ്ച കണ്ടു. അന്ധനായൊരു ബാലൻ ക്ഷേത്രവാതിലിന്നടുത്തിരുന്ന് ഭിക്ഷ യാചിക്കുന്നു. അവന്റെ യാചന ചെവിക്കൊള്ളാതെ കടന്നു പോകുന്ന പലരും ഭണ്ഡാരപ്പാത്രത്തിൽ പണമെറിയുന്നുണ്ട്.
ഉന്നം തെറ്റിയ ഒരു നാണയത്തുട്ട് ഉരുണ്ട് ചെന്ന് അവന്റെ മുന്നിലെ തുണിവിരിപ്പിൽ വീഴുന്നതും ആരോ തനിക്കെറിഞ്ഞ ദാനമെന്ന് കരുതി, അവനാ നാണയം തപ്പിയെടുക്കുന്നതും മകൻ കണ്ടു. ചില്ലറത്തുട്ടിന്റെ സന്തോഷം രണ്ടു ബാലകരിലും പുഞ്ചിരി പകർന്നു.
“ദൈവത്തിന്റെ പണമെടുത്താൽ ശിക്ഷ കിട്ടുമോ ?! ”
മകന്റെ ചോദ്യം കേട്ട് മാതാപിതാക്കൾ ആദ്യമൊന്നമ്പരെന്നെങ്കിലും ചെറിയൊരു മന്ദഹാസത്തോടെ പറഞ്ഞു – “ തീർച്ചയായും ദൈവം ശിക്ഷിക്കും മോനെ… ”
അവൻ വീണ്ടും അന്ധബാലനെ നോക്കിയിരുപ്പായി.
അപ്പോൾ ഉച്ചത്തിൽ ഹോൺ മുഴക്കി ക്ഷേത്രഭാരവാഹിയുടെ കാർ അതുവഴി വന്നു.
അത് തെറിപ്പിച്ച ചെളി അവന്റെ മേലാസകലം വീഴുന്നത് കണ്ട മകൻ മാതാപിതാക്കളെ നോക്കിപ്പറഞ്ഞു –
“ശിക്ഷ കിട്ടി.”