
പതിനാലാം നിലാവ് പുളിച്ചു
നുരഞ്ഞുപൊന്തും പാതിരാക്കുടം
തുളുമ്പിയും, നിലാപ്പതയടിച്ചു –
ന്മത്തരാം നാല് കരിങ്കോഴികൾ
പറമ്പിൽ ലക്കും ലഗാനുമില്ലാതലയുന്നു,
ചിക്കിയും ചികഞ്ഞും കൊക്കരിച്ചും !
വല്ലാഹി!* മഖ്രിബിൻ്റെ വുളു
എടുക്കും മുമ്പ് കൂടടച്ച്
കുറ്റിയിട്ടിരുന്നുവെന്നത് തോന്നല്ല;
സൈനബയ്ക്കത് ശീലമാണ്!
ആരാണീ വാതില് തുറന്നിട്ടത് ?
അയൽക്കൂട്ടത്തിൻ്റെ കണക്കൊപ്പിക്കൻ
തലപുകഞ്ഞ് കരിന്തിരി കത്തി
കിടക്കുമ്പോഴാണ്, മുറ്റത്ത്
കരിയിലച്ചപ്പിൻ്റെ ഞരക്കം കേട്ട്
സൈനബ തല പൊക്കി നോക്കിയത്!
മുട്ടക്കൊന്നിന് മുപ്പത് രൂപ കിട്ടണ
കരിങ്കോഴികളാണ്, റബ്ബേ!
ആഴ്ചയറുതിക്കണ്ണാച്ചിക്ക് വീടാനുള്ളതു-
തരണ മൊതാലാണ് തമ്പുരാനേ!
ആരാണീ വാതില് തുറന്നിട്ടത് ?
നിലാവ് തെളിച്ച വഴിയിലൂടെ
സൈനബ, ബാ… ബാ… ബാ…
ബാ… മക്കളേ; കോക്കാനും കരിമൂർഖനും
വാഴണ പറമ്പാണേ,
നിലാവത്തിറങ്ങി നടക്കണ
കോഴികളാകരുതേ നിങ്ങൾ,
നിങ്ങൾക്ക് നിഴലല്ലോ ഹൈറ്!*
കുടുംബത്തിലെ ആണൊരുത്തൻ
കൊതുകുതിരി പുകച്ചു കൊണ്ടു –
മ്മറത്തിരുന്ന് കവിതയെഴുതണു;
ഖിയാമത്തിൻ്റെ* കുഴലൂത്ത് കേട്ടാലും
എഴുതി തീരാത്ത കവിത!
വിആർ പെട്ടിതൻ* മായക്കാഴ്ചയിൽ,
നിലാവത്തിറങ്ങിയ മറ്റൊരു കോഴിയായ്
റാഷിമോൻ, സൈനബാൻ്റെ കന്നി മുത്ത്,
ഓഫ് റോഡിൽ ബൈക്കോടിക്കുന്നു
അതിവേഗം, ബഹുദൂരം!
പരുന്തിൻ കാലിനു കൊടുക്കാതെ
പോറ്റി വളർത്തിയ സൈനബാൻ്റെ കരളിന്റെ കണ്ടം,
മാരിയത്തിൻ മുഖം
നിലാവത്ത്, മുല്ലതൻ നിഴലിൽ,
മൊബൈലിൻ്റെ തെളിച്ചത്തിൽ
വിളങ്ങുന്നു, മറ്റൊരു മുല്ലമൊട്ടുപോൽ!
ഗൂഗിൾ മാപ്പിനെ നമ്പി,യൊരു ബൈക്ക്
നിലാവത്തിറങ്ങിയ കോഴികൾക്കു
സമാന്തരമായി സഞ്ചരിക്കുന്നു.
‘എവിടെയായെടാ’
മാരിയത്തിൻ്റെ ശബ്ദസന്ദേശം
നിലാവിനെ തൊടുന്നു.
നിലാവു കടക്കാത്തൊരിരുളിൻ-
പൊന്തയിലേക്കു കയറുന്നു,
കരിങ്കോഴികൾ നാലു പേരും!
കത്തുന്നു, രണ്ട് തീക്കട്ടകൾ,
ഇരുട്ടത്ത് തെളിച്ച ടോർച്ചു പോലെ!
നീർനായയോ? കോക്കാനോ?
ബാ… ബാ… ബാ മക്കളേ
തുണിയഴിച്ചിട്ട് തോട്ടിൽ
നീരാടാനിറങ്ങിയ ചന്ദ്രികയ്ക്കൊപ്പം
നീന്തുന്നു ഒരു കരിമൂർഖനും!
ഏത്തവാഴക്കയ്യുടെ,യുലച്ചിലോ
മനുഷ്യജീവിതൻ നിഴലനക്കമോ
തെക്കേപറമ്പിലെ പൊട്ടക്കിണറ്റിൻ്റരികെ?!
ധിഡും!ബ്ളും!ബ്ളും!ഡീർർർ…
ആ ആ ആ…..
മനുഷ്യൻ്റെ നിലവിളിയോ?
അജ്ഞാത ജീവിയുടെ അമറലോ?
കവിതതൻ അന്ത്യവരിയിൽ
കെട്ട്യോൻ മൂരിനിവരുന്നു
ഒരു കുന്നിൻ്റെ മരണക്കയത്തിലേക്ക്
ബൈക്കോടിച്ചിറക്കുന്നു, റാഷിമോൻ!
‘ന്താണുമ്മാ ഒച്ച കേട്ടതെ’ന്നോതി-
ക്കിതച്ചോടിയെത്തുന്നു, മാരിയത്ത്!
അടച്ച കോഴിക്കൂട് തുറന്നിട്ടതും,
കിണറ്റിൽ വെട്ടുകല്ലെടുത്തിട്ട്
നിലവിളിച്ചതും അവരല്ലോ, മാരിയത്തേ-
യെന്നടക്കം പറഞ്ഞും, നടുങ്ങിത്തരിച്ചും;
കുഞ്ഞുങ്ങളെ ചേർത്തുവയ്ക്കും കോഴിയെപ്പോലെ
വിയർത്ത മാക്സിക്കുള്ളിൽ
മാരിയത്തിനെ,യൊതുക്കിവെച്ചു,
സൈനബ!
അന്നേരം മാരിയത്തിൻ്റോർമ്മയിലെ
ഗൂഗിൾ മാപ്പിലൊരു ബൈക്ക്
തെക്ക് വടക്ക്
വടക്ക് തെക്ക്
തെക്ക് തെക്ക്
വടക്ക് വടക്ക് ഗതികിട്ടാതലയുകയായിരുന്നു!
*വല്ലാഹി – ദൈവം സാക്ഷി
*ഹൈറ്- നന്മ
*ഖിയാമം- അന്ത്യനാള്
*വി ആർ പെട്ടി – VR Box (വെർച്ച്വൽ റിയാലിറ്റി ബോക്സ്)
