സംസാരത്തിനിടയിലിടപെടാൻ ശ്രമിച്ച അനുജനെ കൈയ്യുയർത്തി വിലക്കി- “…ഇതൊക്കെ കൊണ്ട് തന്നെ ഇനി ഈ മനുഷ്യനോടൊപ്പം ജീവിക്കാൻ എനിക്ക് വയ്യ. “
മധ്യസ്ഥം പറയാനെത്തിയ അമ്മാവൻ ഇടയ്ക്ക് താണുപോയ ശിരസ്സുയർത്തി.
“അവനൊരവസരം കൂടി കൊടുത്തൂടെ മോളെ….”
“മാസങ്ങളായി പിരിഞ്ഞു നിന്നപ്പോൾ ഇല്ലാതിരുന്ന കോംപ്രമൈസ് ഓപ്ഷനൊക്കെ കേസ് കൊടുത്തപ്പോൾ എവിടുന്ന് വന്നു?!”
“അല്ല പെങ്ങളേ ഗാർഹികപീഡനം ഒഴിവാക്കി ജോയിൻ്റ് പെറ്റീഷൻ ഫയൽ ചെയ്യണമെന്നേ ഞങ്ങൾ പറയുന്നുള്ളൂ…” – പുള്ളിക്കാരൻ്റെ ആത്മമിത്രം.
“എന്നെ മാത്രംല്ല, കള്ളും കലിപ്പും ഇറങ്ങുന്നവരെ മക്കളേം തല്ലും… എന്തിന് ഈ കിടക്കുന്ന വാമിണ്ടാപ്രാണിയെ വരെ തല്ലിച്ചതയ്ക്കും ” എൻ്റെ ഒച്ചയുയർന്നപ്പോൾ, വരാന്തയിൽ കിടന്ന ജാക്കി തലപൊക്കിനോക്കുകയും വാലാട്ടുകയും ചെയ്തു.
“മക്കൾക്കും കേസ് വേണ്ടെന്നാണ്…..” കൂട്ടത്തിലൊരാൾ.
“രണ്ടാളും മുതിർന്നു. അവർക്ക് അവരുടെതും എനിക്ക് എൻ്റേതുമായ തീരുമാനമുണ്ടാകില്ലേ…?!” അൽപ്പം മാറി മുഖംതിരിച്ചു നിൽക്കുന്ന മക്കളെ നോക്കിക്കൊണ്ട് മറുപടി കൊടുത്തു.
പടിക്കെട്ടിനപ്പുറം നിന്ന ഭർത്താവിൻ്റെ അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദം കേട്ടു.
“എന്തായാലും നീയെന്നെ കോടതി കേറ്റും. ഇതും കൂടി ചേർത്ത് കേസുകൊടുക്കെടി മൈ….. ” എന്ന അലർച്ചയോടെ അയാളെന്നെ ആഞ്ഞുതൊഴിച്ചു.
പിന്നിലേയ്ക്ക് മലർന്നുവീഴുമ്പോൾ തൊഴിയേക്കാൾ നോവിച്ചത് ഒട്ടും ഉലയാതെ നിന്ന മക്കളുടെ കയ്യിലെ മസിലുകളാണ്.
പിന്നിലേയ്ക്ക് കൈകുത്തി പിടഞ്ഞെഴുന്നേൽക്കുന്നേരം അത്യുഗ്രമായ ഒരു കുര കേട്ടു. എൻ്റെ നേരേ വീണ്ടും പാഞ്ഞടുക്കുന്നവന് മേൽ ചാടിവീഴുന്ന ജാക്കിയുടെ നീണ്ട രോമങ്ങളുടെ താണ്ഡവം കണ്ടു.
പുരുഷകേസരികൾ ചിതറിയോടുന്ന കാഴ്ചയിലേയ്ക്ക് ഞാൻ നടുനിവർത്തി ഉയർന്നു നിന്നു. പിന്നെ അവൻ്റെ കുരയ്ക്ക് മാറ്റൊലി പോലെ ഉച്ചത്തിൽ അലറിവിളിച്ചു.