കാളിദാസനും, ദുർഗ്ഗയും, ഞാനും

അറിയൂ ദുർഗ്ഗേ!
അമാവാസിയിൽ മുങ്ങിത്താണ്-
മഴയും ഹേമന്തവും
നുകർന്ന് ഞാൻ വന്നിതാ!

കരളിൽ തീവെട്ടികൾ നിനക്ക് കാണാം
കൈയിലിരുളിൻ ചിമിഴിലായ്-
നിലാവ് മയങ്ങുന്നു

ചുറ്റിലും ഘോരാന്ധത ബാധിച്ച്
ബലിച്ചോരയിത്രമേൽ
തകർന്നൊരു മണ്ണിലാണിന്നും നീയും..

പ്രണയം തൊട്ടേ പോയ-
ഗന്ധകക്കാറ്റിൽ നിന്ന്-
കുതറിപ്പിടഞ്ഞോടി പോയൊരു
പ്രാണൻ കാണൂ-

നിനക്ക് രക്തചോപ്പിൻ
നിറമായ് ചൂടാം
എൻ്റെ മനസ്സ്-
പൊട്ടിക്കുതിച്ചൊഴുകും
ത്രിസന്ധ്യയെ!

നിനക്ക് സ്പന്ദിക്കുവാൻ
തരുന്നു   ഹൃദയത്തെ!
നിനക്ക് ത്രിശൂലത്താൽ
കോർക്കാമെൻ പാഴ്നാവിനെ!

തുളഞ്ഞ കത്തിപ്പാടിൻ-
സ്വനഗ്രാഹിയെ
എൻ്റെ മിഴിയിൽ
തുള്ളിപ്പൊളിഞ്ഞടരും
തീവ്രാമ്ളത്തെ!

പകരം തരൂ മണലെഴുത്തിൽ-
നിവർന്നിരുന്നുയിരിൽ
തൊടുന്നൊരാ അക്ഷരപ്പൂങ്കാറ്റിനെ

അരികിൽ എന്നെ ചുറ്റി നിൽപ്പുണ്ട്
കാളീദാസൻ, അവനോ –
ശാകുന്തളമെഴുതിപ്പോയീടുന്നു.

ശ്യാമമേഘത്തിൻ തുണ്ടിൽ
ഊഞ്ഞാലു കെട്ടി പിന്നെ-
നേരിനെ വിന്ധ്യൻ കാട്ടി,
ഇവിടെ തിരിച്ചെത്തി

കാറ്റിനെ കടന്നോടി-
പ്പോകുന്ന കാലത്തിൻ്റെ
തേർത്തടം, വിരൽ-
തിരിഞ്ഞോടുന്ന രഘുവംശം!

ഞാനിതാ യുഗാന്തര-
സഭയിൽ കേൾക്കും
ഒരു വേണുഗാനത്തിൽ
നിന്ന് ലോകത്തെ കണ്ടേ നിൽപ്പൂ.

ഉടക്കിക്കീറുന്നൊരൻ-
വസ്ത്രാഞ്ചലത്തിൽ-
പകലുറക്കാൻ കുടഞ്ഞിട്ട-
സൂര്യനെ കാണാകുന്നു!

നീപുറത്തെവിടെയോ-
യാത്രപോയിരിക്കുന്നു,
നീ പുറത്തെവിടെയോ
മറഞ്ഞങ്ങിരിക്കുന്നു!

കരഞ്ഞ മിഴിത്തുമ്പ്-
കൗശലത്തിനാൽ
മറച്ചിവിടെ ചിരിക്കാനായ്
ശ്രമിക്കുന്നിതാ പക്ഷെ!

ഇടയ്ക്ക് നെഞ്ചിൽ-
വെടിപൊട്ടുന്നു ഞാനോ –
തൊട്ട് പതിയെ നോക്കീടുന്നു
നടുങ്ങിപ്പിളരുന്നു;

ആരൂടെ  രക്തം ചീറ്റിത്തെറിക്കു-
ന്നാളിപ്പടർന്നാരുടെ ജീവൻ
പാതിവെന്ത് പോയ് ഹോമാഗ്നിയിൽ?
ആരിന്ന് സർപ്പാവേശദംശനം-

നീലിക്കുന്ന രാവിനെ മയക്കുന്നു
ഉറക്കിക്കിടത്തുന്നു.,,

നീ കണ്ട് പോകൂ, ദുർഗ്ഗേ-
ജീവിതത്തുലാസിൻ്റെ
മോഹപാളിയിൽ തട്ടി-
ത്തകരും ഹൃദ്സ്പന്ദത്തെ!

മരിച്ച കൺപീലിയിലുറയും
കണ്ണീരിൻ്റെ സമുദ്രം,
അതിൻ നേർത്തയിരമ്പം
കേട്ടേ പോകൂ.

നീ തുറക്കുന്നു വാതിൽ
രണ്ട് കൈയിലും പ്രാണ-
ദാഹത്തെയടക്കുന്നൊരക്ഷരം-
തിളങ്ങുന്നു..

രണ്ടിലും കൈ തൊട്ടൊരു-
കാളിദാസനെ കണ്ട്
പണ്ടേ ഞാൻ കവർന്നത്-
നീ ക്ഷമിച്ചാലും ദുർഗ്ഗേ!

കയ്പുണ്ട്, മധുരിക്കുമതെന്ന്
പണ്ടേ നീയും സത്യമായ് ചൊല്ലി
രണ്ടും സമാസമത്തിൽ  നിൽക്കേ!

ആരിന്ന് തൊടുന്നെൻ്റെ-
നാവിനെ ശൂലത്തിനാൽ?
ആരിന്ന് കോറീടുന്നു-
അക്ഷരപ്പച്ചപ്പിനെ!

ആരിന്ന് നിരാശയിലാദി-
സത്യത്തിൻ ഗൂഢ-
ഗൂഢമാം സ്വരങ്ങളെ-
സംഗീതമാക്കീടുന്നു,

നീ തന്നെ ദുർഗ്ഗേ! അത്
നിശ്ശബ്ദം മേഘങ്ങളിലാഴുന്നു-
മഴ പോലെ തൊടുന്നെൻ
ഹേമന്തത്തെ..

നീ തന്നെ ദുർഗ്ഗേ! എൻ്റെ
വിരലിൽ മണൽതൊട്ട്
ഭൂമിയെ പ്രപഞ്ചത്തെയെഴുതും
വാക്കിൻ പൊരുൾ..

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.