കായ്കനികൾ ഭക്ഷിക്കാൻ
കാട് അവനെ വിളിച്ചു;
മലമുകളിലെ കാർമേഘങ്ങൾ
അവനു ഭയമായിരുന്നു
വിശുദ്ധ സ്നാനത്തിന്
കടൽ അവനെ വിളിച്ചു
കടലിന്റെ കയച്ചുഴി
അവനു ഭയമായിരുന്നു
………………………………
അയലത്തെ ആഢ്യന്മാർ
അത്താഴപ്പട്ടിണിക്കാരെ വിളിച്ചു;
കുല മൂർത്തികളെ
അവനു ഭയമായിരുന്നു
പള്ളി മണികൾ
അവനെ പ്രാർത്ഥനക്കായ് വിളിച്ചു;
അൾത്താരകൾ
അവനു ഭയമായിരുന്നു
ചിരഞ്ജീവിയാകാൻ
ദൈവം അവനെ വിളിച്ചു
സ്വർഗ സൂക്തങ്ങൾ
അവനു ഭയമായിരുന്നു
ഒപ്പം കൂടാൻ
പറവകൾ അവനെ വിളിച്ചു
ചിറകുകൾ
അവനു ഭയമായിരുന്നു
ധ്യാനിക്കാൻ
ഗുരു അവനെ വിളിച്ചു
ഗുഹകൾ
അവനു ഭയമായിരുന്നു
ജന്മസുകൃതത്തിന്
ഋതുക്കൾ അവനെ വിളിച്ചു
കാലത്തിന്റെ അനശ്വരത
അവനു ഭയമായിരുന്നു
ക്രിസ്തു അവനെ
സ്വർഗത്തിലേക്ക് വിളിച്ചു
കുരിശിന്റെ വിലാപം
അവനു ഭയമായിരുന്നു
നിർവാണത്തിനായ്
നിദ്ര വിട്ടുണരാൻ ബുദ്ധൻ
അവനെ മഹാമൗനത്തിലേക്ക് വിളിച്ചു
അനശ്വരതയ്ക്കായ്
ആത്മഹത്യ ചെയ്യുക
അവനു ഭയമായിരുന്നു
ഒടുവിൽ
ജൈവ നോവുകളുടെ
പരലുപ്പെന്ന് വിളിച്ച്
ബുദ്ധൻ
അവനെ ഉപേക്ഷിച്ചു.