കായ്കനികൾ ഭക്ഷിക്കാൻ
കാട് അവനെ വിളിച്ചു;
മലമുകളിലെ കാർമേഘങ്ങൾ
അവനുഭയമായിരുന്നു..
വിശുദ്ധ സ്നാനത്തിന്
കടൽ അവനെ വിളിച്ചു;
കടലിലെ കയച്ചുഴി അവനു ഭയമായിരുന്നു..
സ്വപ്നങ്ങൾക്ക് സ്നിഗ്‌ധമായ സ്വാദേകാൻ
നക്ഷത്രങ്ങൾ അവനെ വിളിച്ചു;
ആകാശത്തിൻ്റെ അനന്തതയുടെ ആഴം
അവനു ഭയമായിരുന്നു..
കാട്ടുപൂക്കൾ തേനുണ്ണാൻ വിളിച്ചു;
കടന്നൽക്കുത്ത് അവനു ഭയമായിരുന്നു…
അയലത്തെ ആഢ്യന്മാർ
അത്താഴപട്ടിണിക്കാരെ വിളിച്ചു;
കുലമൂർത്തികളെ
അവനുഭയമായിരുന്നു…
പള്ളിമണികൾ പ്രാർഥനയ്ക്കായ് അവനെ വിളിച്ചു;
അൾത്താരകൾ അവനു ഭയമായിരുന്നു..
ചിരഞ്ജീവിയാകാൻ ദൈവം അവനെ വിളിച്ചു;
സ്വർഗ്ഗ സൂക്തങ്ങൾ അവനു ഭയമായിരുന്നു…
ഒപ്പം കൂടാൻ പറവകൾ അവനെ വിളിച്ചു;
ചിറകുകൾ അവനു ഭയമായിരുന്നു..
ധ്യാനിക്കാൻ ഗുരു അവനെ വിളിച്ചു;
ഗുഹകൾ അവനു ഭയമായിരുന്നു..
ജന്മ സുകൃതത്തിന് ഋതുകൾ അവനെ വിളിച്ചു;
കാലത്തിൻ്റെ അനശ്വരത അവനു ഭയമായിരുന്നു…
ക്രിസ്തു അവനെ സ്വർഗ്ഗത്തിലേയ്ക്ക് വിളിച്ചു;
കുരിശിൻ്റെ വിലാസം അവനു ഭയമായിരുന്നു…
നിർവാണത്തിനായ് നിദ്ര വിട്ടുണരാൻ
ബുദ്ധൻ അവനെ മഹാ മൗനത്തിലേക്ക് വിളിച്ചു;
അനശ്വരതയ്ക്കായ് ആത്മഹത്യ ചെയ്യുക
അവനു ഭയമായിരുന്നു…
ജൈവനോവുകളുടെ
പരലുപ്പെന്ന് വിളിച്ച്
ബുദ്ധൻ അവനെ ഉപേക്ഷിച്ചു….