കാലം കുമ്പിടുമ്പോൾ …

ഇല്ല, നോവിക്കാനാവില്ല കാലമേ
കൈവിലങ്ങുകളെന്നേ അഴിഞ്ഞു പോയ്.
നോവു ചെത്തിമിനുക്കിയ പാതകൾ
ചോര വീഴ്ത്തിക്കടന്ന കിനാവുകൾ.

ഉച്ചസൂര്യനും ഞെട്ടുന്ന കാഴ്ചകൾ
കത്തിനിൽക്കുന്നെൻ കണ്ണിൽ നിസ്സാരമായി.
കൂർത്തുമൂർത്തു തീയാളുന്ന വാക്കുകൾ
ഏറ്റൊരെൻ കാതിൽ, തീത്തഴമ്പിൻ നുര.

ഉച്ചസ്ഥായികൾ ,പാട്ടിൻ്റെ നോവുകൾ
തൊട്ടു നോക്കാതുടഞ്ഞൊരെൻ കേൾവികൾ.
മൃത്യു കണ്ടു മരച്ചുപോയ് സ്പർശവും
ഹത്യ നാണിക്കും പട്ടിണിത്തേങ്ങലും.

ആർത്തു പെയ്യുന്ന കണ്ണീർക്കുടങ്ങളെ
ഒറ്റനിശ്വാസം കൊണ്ടണ കെട്ടിയോൻ.
കാറ്റുപോലും നടുങ്ങും പ്രളയവും
വാർന്നു പോകാതെയുള്ളിൽ തടഞ്ഞവൻ.

ചുട്ടുപൊള്ളുന്ന രാപകൽ നീന്തവേ
ഒറ്റയാണെന്നറിവു തികട്ടുന്നു.
നട്ടപ്പാതിര പെറ്റു വളർത്തിയ
കുറ്റിരുട്ടാണു കൂട്ടിനായ് ചുറ്റിലും.

കെട്ടഴിഞ്ഞുപോമേതോ തിരത്തുമ്പിൽ
ഒട്ടുമേ നനഞ്ഞൊട്ടാത്ത തീരം ഞാൻ.
കുത്തിനോവിക്കാനാവില്ലെൻ മാനസം
അത്രമേലുറഞ്ഞത്യുഗ്രശൈത്യമായി…

കാലമേ നിന്നെക്കടന്നു പോകുന്നു ഞാൻ,
തീയണയാത്തെന്നോർമ്മതൻ നാളവും.
ഇല്ല നോവിക്കാനാവില്ലൊരിക്കലും
ഇല്ല കാറ്റും കടലും തടുക്കുവാൻ.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).