ബുച്ചിബൂബൂ നോവൽ – അദ്ധ്യായം 28
“അല്ലിയെ ഇന്ന് അടുത്ത ഗ്രാമത്തിലെ മന്ത്രവാദിയുടെ അടുത്തു കൊണ്ട് പോവുകയാണ്. കറും കൂന്തലിയമ്മയുടെ ആത്മാവിനെ കണ്ടു അവള് ആകെ ഭയന്നത്രേ. “ചിരിയടക്കി താമ വെണ്ണ കടയുന്നതില്‍ ശ്രദ്ധിച്ചു. “അടുത്ത പൗര്‍ണമിക്ക് അവളുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. ഇപ്പൊ അതും മുടങ്ങി. ഇനിയിപ്പോ ഇത്രയും ശക്തിയേറിയ ആത്മാവിനെ അവള്‍ക്കു താങ്ങാന്‍ കഴിയുമോ? അവളാകെ ക്ഷീണിച്ച്ചൊരു പരുവമായി. എത്ര മന്ത്രവാദികളെയും വൈത്തിയന്മാരെയും കാണിച്ചു. നമ്മുടെ വൈത്തിയര്ക്ക് പോലും ഒന്നും ചെയ്യാനായില്ല. “അവളുടെ അമ്മ അരിയിലെ കല്ലുകള്‍ എടുത്തു കളയുന്നതിനിടയില്‍ പറഞ്ഞു. “പാവം പെണ്‍കുട്ടിയായിരുന്നു. നടക്കുന്ന നിലത്തിനു പോലും ദോഷം വരരുതെന്ന് കരുതിയിരുന്നവള്‍. അപ്പനുമമ്മയും പറയുന്നതിന് എതിര്‍ത്തൊരക്ഷരം പോലും മിണ്ടിയിരുന്നില്” അഴകി താമയെ ഒളികണ്ണിട്ടു നോക്കി. “ഇപ്പോള്‍ കഴുത്തില്‍ കല്ലുമാലയും മുടിയില്‍ നിറയെ കാട്ടു പൂക്കളും. ബാധയെ ഒഴിപ്പിക്കാന്‍ നോക്കാതെ നെടുമാനും പെണ്ണും കറുംകൂന്തലി എന്താണ് വേട്ടയെ കുറിച്ച് പറയുന്നതെന്നറിയാന്‍ കുറെ കാലം നോക്കി. പക്ഷെ, അതോടെ അല്ലിയുടെ ശരീരത്തില്‍ ബാധ വാസമുരപ്പിച്ചു. ഇപ്പോള്‍ എന്ത് ചെയ്താലും പോവുന്നുമില്ല.”
താമയ്ക്ക് തുടക്കത്തില്‍ അല്ലിയുടെ അവസ്ഥയില്‍ കുറ്റബോധമുണ്ടായിരുന്നു. തന്നെ കണ്ടിട്ടാണല്ലോ അവള്ക്കെ ഗതി വന്നതെന്ന്. പക്ഷെ താത്തപ്പനോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. അല്ലിക്കൊരു അസുഖവുമില്ല. ഗ്രാമത്തിലുള്ളവരുടെ കഥകള്‍ അമിതമായി വിശ്വസിച്ചതുകൊണ്ട് തുടക്കത്തില്‍ കുറച്ചു താളം തെറ്റിയിരുന്നു എന്നത് ശരിയാണ്. പക്ഷെ പിന്നീട് അത് താത്തപ്പന്റെ മരുന്നുകള്‍ കൊണ്ട് തന്നെ ശരിയായതുമാണ്. എന്നാല്‍ ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നൊസ്സ് തിരിച്ചു വന്ന പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവളെ വീണ്ടും കൊണ്ട് വന്നതായിരുന്നു. ചികിത്സക്കിടയിലാണ് അവള് താത്തപ്പനോട് ഒരു രഹസ്യം പറഞ്ഞത്. നെടുമാന് നിശ്ചയിച്ച കല്യാണത്തിനു അവള്‍ക്കിഷ്ടമല്ല. ഗ്രാമത്തില്‍ നിന്നും തന്റെ പ്രിയപ്പെട്ടവരുടെ അടുത്തു നിന്നും എന്നെനിക്കും പടിയിറങ്ങേണ്ടി വരും. താനും അവളും ഒരേ പ്രായക്കാരാണ്, പതിനാലു വയസ്സ്. തന്റെ അപ്പന് ഇത്രയും അകലേക്ക് തന്നെ വിടില്ലെന്ന് മാത്രമല്ല പലപ്പോഴും പെണ്‍കുട്ടികളെ ഇത്രയും ചെറുപ്പത്തില്‍ വിവാഹം കഴിപ്പിച്ചു അവരെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുന്നതിനെ പലപ്പോഴും എതിര്‍ത്തിട്ടുമുണ്ട്. പക്ഷെ, നെടുമാന് അങ്ങിനെയല്ല. ഈ ഗ്രാമത്തിലെ മുതിര്‍ന്നവരെ പോലെ തന്നെ കുടുംബത്തിലെ പെണ്‍കുട്ടികളുടെ ഭാരം ഇറക്കുന്നതാണ് ഏറ്റവും വലിയ കടമ എന്ന് വിശ്വസിക്കുന്നു. നിര്‍ബന്ധിച്ചുള്ള ഈ കല്യാണങ്ങള്‍ക്ക് പെണ്ണിന്റെ സമ്മതത്തിനും ആഗ്രഹങ്ങള്‍ക്കും ഒരു വിലയുമില്ല. അതുകൊണ്ട് തന്നെയാണ് തനിക്കിഷ്ടമില്ലാത്ത കല്യാണത്തിനു അല്ലി തക്കം കിട്ടിയപ്പോള്‍ ഈ രീതിയിൽ എതിര്‍ത്തത്. ഒരു തരത്തില്‍ നോക്കിയാല്‍ അതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ഗ്രാമത്തില്‍ പലരും വിശ്വസിക്കുന്നത് കറും കൂന്തലി മരിച്ചവരുടെ ലോകത്ത് നിന്നും പ്രതികാര ദാഹിയായി തിരിച്ചെത്തിയിരിക്കുന്നു എന്ന് തന്നെയാണ്.
ഗ്രാമത്തിലും ആള്ക്കാര് ഈ സംഭവത്തോടെ കൂടുതല്‍ അസ്വസ്തരായിരിക്കുന്നു. സന്ധ്യയാവുന്നതിനു മുന്‍പ് തന്നെ എല്ലാ വീടുകളുടെയും വാതിലുകള്‍ അടഞ്ഞിരിക്കും. കാലിച്ചെക്കന്മാര് പോലും ഇപ്പോള്‍ ഇരുട്ട് വീഴുന്നതിനു മുന്‍പേ വീട്ടിലെത്തുന്നു. കാടിനുള്ളിലേക്ക് കൂട്ടമായിട്ടല്ലാതെ ആരും കടക്കാന്‍ മടിക്കുന്നു. വേട്ട സംഘങ്ങളില്‍ പോലും ആരും ഒറ്റയ്ക്ക് വേട്ടയില്ല. അതുകൊണ്ടാണ് ചെറു മൃഗങ്ങളെ കിട്ടാതതെന്നാണ് അപ്പന് പറയുന്നത്. കെണികളില്‍ ഒരു മൃഗവും കുടുങ്ങുന്നില്ല. വല്ലപ്പോഴും ചില കാറ്റ് പക്ഷികള്‍ മാത്രം. ഒരു വലിയ മൃഗത്തെ കിട്ടിയിരുന്നെങ്കില്‍ പഞ്ഞത്തിനൊരറുതി വരുമെന്ന് മുത്തശ്ശിയും അപ്പനും തമ്മിലുള്ള സംസാരത്തില്‍ അവള് കേട്ടിരുന്നു. ഇപ്പോള്‍ ആരും കാട്ടില്‍ നിന്നും ധനികരാവാനും, ഏറ്റവും വലിയ മൃഗത്തെ വേട്ടയാടാനുമുള്ള സ്വപ്നങ്ങള്‍ കാണാറില്ല. ദുരഭിമാനം അവരെ മറ്റൊരു തൊഴില്‍ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നില്ലെങ്കില്‍!
ഇന്ന് നെല്ലിന്റെയും പച്ചക്കറികളുടെയും വിളവെടുപ്പായിരുന്നു. കുറച്ചധികമുണ്ട്. താത്തപ്പനും താനും മാത്രമായിരുന്നെങ്കില്‍ ദിവസങ്ങളെടുത്തേനെ! പക്ഷെ, ഇന്ന് സഹായത്തിനു താമയും ചേരനും വന്നിരുന്നു. ഇനി രണ്ടോളം ദിവസത്തെ പണി കൂടിയുണ്ട്. കതിര് പച്ചക്കറികള്‍ നിറച്ച കുട്ട ഉന്തു വണ്ടിയിലേക്ക് മറിച്ചു.
ഈയിടെയായി ചേരനും കതിരും തമ്മില്‍ നല്ലൊരു സൗഹൃദം രൂപപ്പെട്ടിട്ടുണ്ട്. താമക്കതില് ഇടക്കൊരു ചെറിയ കുശുമ്പ് തോന്നാറുണ്ടെങ്കിലും തന്റെ സഹോദരന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നത് അവള് ആസ്വദിക്കുന്നുണ്ട്. അവരുടെ കൂടെ ചേരന് വേറൊരാളാണ് – അവള് പോലും ആ ചേരനെ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളൂ. അവന് കൃഷിയെപ്പറ്റി അറിയാനും പല വിളകളെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും പഠിക്കാനും വലിയ ഉത്സാഹമായിരുന്നു. താത്തപ്പന്റെ ഇടത്തില്‍ അവനെ ആരും കളിയാക്കിയില്ല. അതുകൊണ്ട് തന്നെ വേട്ട പിള്ളാരുടെ കൂടെ താന്‍ കണ്ടിരുന്ന, കുടുംബത്തിന്റെ അഭിമാനമെന്നു തന്റെ അപ്പന് വീമ്പു പറഞ്ഞിരുന്ന ചേരന് ഒരു നുണയാണെന്ന് അവള്‍ക്കു തോന്നി തുടങ്ങി.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 29:
അതിജീവനത്തിന്റെ വഴികൾ