കാര്‍മേഘം, വേട്ടക്കാരുടെ ദൈവം

അദ്ധ്യായം 4

സന്ധ്യക്ക്‌ കാലി ചെറുക്കന്മാര്‍ തിരികെ വന്നു തുടങ്ങിയിരുന്നു. വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. ചെറിയ കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ മുത്തശ്ശിമാര്‍ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

അവള്‍ വീട്ടിലേക്കു കയറിയതും അമ്മ ശകാരം തുടങ്ങി.

‘രാവെളുത്ത് അന്തിയാവോളം തെക്ക് വടക്ക് നടന്നോ. ആ ചെറുക്കനുമുണ്ടല്ലോ കൂട്ടിന്. നൊസ്സ് അവരുടെ കുടുംബത്തിലുള്ളതാണെന്നു തോന്നുന്നു. ആ വട്ടന്‍ വൈത്തിയര്‍ക്ക് ചെയ്തു കൊടുക്കുന്ന സഹായം ഇവിടുണ്ടായിരുന്നുവെങ്കില്‍ ഒന്ന് നടു നിവര്‍ത്താമായിരുന്നു. പന്ത്രണ്ട് വയസ്സായി. ആ പ്രായത്തില്‍ ഞാനൊറ്റക്ക് ഒരു കാട്ടുപോത്തിന്റെ  ഇറച്ചി മുഴുവനും മുറിച്ചെടുത്ത് പുകപ്പുരയില്‍ കയറ്റുമായിരുന്നു. തുകലുണ്ടാക്കുമായിരുന്നു. എന്നാല്‍ നീയോ? ചത്ത ഒരു മാനിനെ കണ്ടപ്പോഴേക്കും തല കറങ്ങി വീണു. ഒരു നിമിഷം കിട്ടിയാല്‍ ഓടും, ആ വട്ടന്റെ വീട്ടിലോട്ട്. ആ വൈത്തിയരാണ് നിന്‍റെ തലയില്‍ വേണ്ടാത്ത കഥകള്‍ നിറയ്ക്കുന്നത് എന്നറിയാഞ്ഞിട്ടല്ല.’

അവള്‍ ഇപ്പോള്‍ അതൊന്നും കാര്യമാക്കാറില്ല. എന്നും കേള്‍ക്കുന്നതല്ലേ? തന്റെ വഴികള്‍ പെരിയോര്‍ക്കും കതിരിനും ഒഴികെ ആര്‍ക്കും മനസ്സിലാവില്ലെന്ന് അവള്‍ക്കറിയാം. അവള്‍ക്കു പെരിയോറുടെ കഥകള്‍ ഇഷ്ടമാണ്. കഥ മുത്തശ്ശിമാരുടെപ്പോലെയല്ല. അദ്ദേഹത്തിനു വേട്ടയുടെതല്ലാതെ വേറെയും  കഥകളറിയാം.

അവള്‍ വേഗം പണികളെല്ലാം ചെയ്തു തീര്‍ത്തു. എങ്കില്‍ മാത്രമേ നാളെയും പെരിയോരുടടുത്തെക്ക് പോവാനുള്ള അനുവാദമുള്ളൂ.

അന്നുറക്കത്തില്‍ അവള്‍ മിണ്ടുന്ന മൃഗങ്ങളെ സ്വപ്നം കണ്ടു.

താമയും കതിരും ചങ്ങാതികളാവുന്നത് ഒരു വഴക്കില്‍ നിന്നാണ്. അന്നവള്‍ അമ്മ തന്നയച്ച കുറച്ചു കാട്ടുതേന്‍ വില്‍ക്കാന്‍ ചന്തയിലേക്ക് പോയതായിരുന്നു. അവിടെ വട്ടന്‍ വൈത്തിയന്റെ ചെക്കന്‍ ഒരു കുട്ട മാമ്പഴവുമായി നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വീട്ടില്‍ വട്ടു പാരമ്പര്യമാണത്രേ. അവൻ പഴങ്ങള്‍ക്ക് പകരം പണം വാങ്ങുന്നില്ല. പകരം എന്തെങ്കിലും കൊടുത്താല്‍ മതി. തുണിയോ മണ്‍പാത്രമോ ശര്‍ക്കരയോ. വേട്ടയില്‍ നിന്നും കിട്ടാതതെന്തിനും പകരം തുടുത്ത കുറെ മാമ്പഴങ്ങള്‍ കിട്ടും. ഇത് വട്ടല്ലാതെ എന്താണ്? പണം വേണ്ടെന്നോ?

ഇളം മഞ്ഞ നിറത്തില്‍ ഉരുണ്ട തുടുത്ത മാമ്പഴങ്ങള്‍ കണ്ടു താമയുടെ വായില്‍ വെള്ളമൂറി. പക്ഷെ കാട്ടുതേന്‍ പകരം വാങ്ങാന്‍ കതിര്‍ തയ്യാറല്ലായിരുന്നു.

‘ഇത് എന്റെയപ്പൂപ്പന്‍ നട്ടു നനച്ചു പരിപാലിച്ചു വളര്‍ത്തിയ മാവില്‍ നിന്നുള്ള പഴമാണ്. എന്നിട്ട് പോലും ഞങ്ങളുടെ ആവശ്യത്തിനുള്ളത് എടുത്തു ബാക്കി മരത്തില്‍ തന്നെ നിര്‍ത്താറുണ്ട്. അണ്ണാന്മാര്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്ക് പോലും വേണ്ടി. ഈ നാട്ടിലെന്നല്ല അടുത്ത ഗ്രാമങ്ങളില്‍ പോലും ഇത്രയും മധുരവും സുഗന്ധവുമുള്ള മാമ്പഴങ്ങള്‍ കിട്ടില്ല. എന്നിട്ട് ആ പഴങ്ങള്‍ക്ക് പകരം ഞാന്‍ കൊള്ളമുതല്‍ വാങ്ങണമെന്നാണോ? ഈ തേനെടുക്കാന്‍ നിന്റെയാൾക്കാര്‍ ഒരു തേനീച്ചക്കുടുംബത്തിനെ മുഴുവന്‍ നശിപ്പിച്ചു കാണുമല്ലോ? ആവശ്യത്തിന് മാത്രമെടുക്കുക എന്നുള്ള ശീലം നിങ്ങള്‍ക്കില്ലല്ലോ?’

അവന്‍ കിതച്ചുകൊണ്ട് നിര്‍ത്തിയപ്പോഴേക്കും താമര കരഞ്ഞു തുടങ്ങിയിരുന്നു. അത് കണ്ടപ്പോഴേക്കും കതിര്‍ പരിഭ്രമിച്ചു. അവളെയങ്ങനെ വഴക്കു പറയേണ്ടിയിരുന്നില്ലെന്നു അവനു തോന്നി. അവള്‍ ഇത് വരെ ശീലിച്ചതൊക്കെയും തെറ്റാണെന്നു പറഞ്ഞ ഒരാളോടുള്ള ദേഷ്യവും സങ്കടവുമാണ് കരച്ചിലായിവന്നതെന്ന് അവനു മനസ്സിലായി. അവളെ സമാധാനിപ്പിച്ചു വീട്ടില്‍ കൊണ്ട് വന്നു. അന്ന് മുതല്‍ പെരിയോര്‍ക്ക്‌ ഒരു കൊച്ചു മകളുമായി.

അതിരാവിലെയെഴുന്നേറ്റു വീട്ടിലെ എല്ലാ പണികളും തീര്‍ത്തു താമര  പെരിയോറുടെ വീട്ടിലേക്ക് ഓടും. അവിടെയും പണികളുണ്ട്‌.

പച്ചമരുന്നു കൂട്ടുകള്‍ ഉണ്ടാക്കാന്‍ കതിരിനോടൊപ്പം അവളും പഠിക്കുന്നുണ്ട്. ഗ്രാമത്തിലുള്ളവര്‍ കാടിനെ കൊല്ലുകയാണെന്ന് അവള്‍ക്കിപ്പോള്‍ മനസ്സിലായി വരുന്നു. പക്ഷെ കാട് പൂര്‍ണ്ണമായും നശിക്കുന്നതു വരെ ഇത് തുടരുമെന്നും അവള്‍ക്കറിയാം. പെരിയോര്‍ താത്തപ്പന്‍ അവളുടെ വീരപുരുഷനാണ്. പക്ഷെ അദ്ദേഹത്തെ പോലെ ഗ്രാമവാസികളെ വിമര്‍ശിക്കാനുള്ള ചങ്കൂറ്റം അവള്‍ക്കില്ല. അല്ലെങ്കിലും  രണ്ടു പിള്ളാരും ഒരു പടുവൃദ്ധനും കൂടി എന്ത് മാറ്റം വരുത്താനാണ്?

‘ഈ വേട്ടക്കാരുടെ നാട്ടില്‍ അവരുടെ തൊഴിലിനോടിത്രയും വെറുപ്പുള്ള താത്തപ്പന്‍ എങ്ങിനെയാണ് കഴിയുന്നത്‌?’ ഒരു ദിവസം താമ ചോദിച്ചു.

‘ഇതെന്റെ കൂടി മണ്ണാണ്. കണ്ണില്‍ ചോരയില്ലാത്തവരെങ്കിലും ഇവിടുള്ളവര്‍ എന്‍റെയാള്‍ക്കാരാണ്.’ പെരിയോരുടെ വാക്കുകള്‍ കേട്ട് താമയും കതിരും ഒന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി. ഒരു വെറ്റിലയില്‍ ചുണ്ണാമ്പും എലത്തരികളും തേന്‍തുള്ളികളും തേച്ചു പെരിയോര്‍ കഥ പറയാന്‍ ഒരുങ്ങി

‘പണ്ട് ഇവിടുത്തെ മുത്തശ്ശിമാര്‍ നിങ്ങളെപ്പോലെ കുട്ടികളായിരുന്ന സമയം. ഇവിടെ ഒരു വേട്ടക്കാരനുണ്ടായിരുന്നു. അവനോളം മിടുക്കനായ ഒരുവന്‍ ഇന്നും ഈ ഗ്രാമത്തിലില്ല. കണ്ണടച്ചാല്‍ പോലും ഈ കാടിന്റെ ഏതു കോണിലും എത്തും. ഒരില പോലുമറിയാതെ മരത്തിലിരിക്കുന്ന കിളിയെ വീഴ്ത്താന്‍ കഴിയുന്നവന്‍. അവനെപ്പോലാകാനാണ് ഇവിടുത്തെ ചെറുപ്പക്കാര്‍ മത്സരിച്ചത്. അവനായിരുന്നു കാര്‍മേഘം.’

‘ഈ കഥ ഗ്രാമത്തിലെ മുത്തശ്ശികള്‍ പറയുന്നതല്ലേ? അയാളല്ലേ ഈ ഗ്രാമത്തിലെ വേട്ടക്കാര്‍ക്ക് ധൈര്യം കൊടുക്കുന്ന ദൈവം? പുതിയ വേട്ടക്കാരുണ്ടാവുന്ന ചടങ്ങുകളില്‍ കാര്‍മേഘത്തിന്റെ ആത്മാവിനെ വേട്ടക്കാരന്റെ ദേഹത്ത് കുടികൊല്ലാന്‍ വിളിക്കാറുണ്ട്.

‘അയാള്‍ ശരിക്കുമുള്ളതായിരുന്നോ?’ താമക്ക് അത്ഭുതം.

‘ദൈവമൊന്നുമല്ല. പുതിയ വേട്ടക്കാര്‍ക്ക് ധൈര്യം കൊടുക്കാന്‍ ഇവിടുത്തെ മുത്തശ്ശിമാര്‍ അയാളെ ദൈവമാക്കിയതാണ്. അയാള്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ഇപ്പോഴും ഈ ഗ്രാമത്തിലുണ്ട്. കാര്‍മേഘമെന്ന പേര് അയാള്‍ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു. അയാള്‍ക്കിപ്പോള്‍ വേറൊരുപേരുണ്ട്. പെരിയോര്‍ വൈത്തിയര്‍!’

പെരിയോരുടെ കഥ മാറിയത് കേട്ട് താമരയും കതിരും അന്തംവിട്ടിരിക്കുമ്പോള്‍ അങ്ങ് കാട്ടില്‍ ആ ഗ്രാമത്തിലേക്ക് ഒരു പുതിയ തുരംഗമുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു ബുച്ചി.

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 5  –  കാട്ടുമരവും അരുവിയും   )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.