കാതൽ

കാറ്റ് കളിയാടുന്ന വട്ടപ്പറമ്പിൽ അനേകതരം മരങ്ങൾ തോളോട് തോൾ ചേർന്ന് നിന്നു. പുളിയൻമാവും പൂവരണിയും അരയാലും പേരാലും പ്ലാവും തേക്കും തുടങ്ങി വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും വരെ വട്ടപ്പറമ്പിൽ തഴച്ചു വളർന്നു. ഓരോ മരങ്ങളും തമ്മിൽ സ്നേഹിച്ചും കലഹിച്ചും കളി പറഞ്ഞും ജീവിതം തള്ളിനീക്കി.

മരങ്ങൾക്കിടയിലെ അപൂർവ സൗഹൃദങ്ങളിലൊന്നായിരുന്നു തേക്കും ഞാവലും തമ്മിൽ. അവരുടെ ആ സ്നേഹം പലപ്പോഴും മറ്റുള്ള മരങ്ങളിൽ അസൂയയുളവാക്കുന്നതായിരുന്നു. വെയിൽ ചാഞ്ഞ ഒരു പകൽ തലയുയർത്തി നിന്ന തേക്ക് മരം ദൂരെനിന്നേ ആ കാഴ്ച കണ്ടു.

“പിള്ളേര് കല്ലെറിയാൻ വരുന്നുണ്ട്, സൂക്ഷിക്ക്.”കണ്ടപാടേ തേക്ക് മരം ഞാവൽ മരത്തോട് പറഞ്ഞു.
അതുകേട്ട് ഞാവൽ മരത്തിന്റെ കണ്ണുകൾ ഭയം കൊണ്ട് ചെറുതായി. ഒരുകൂട്ടം കുട്ടികൾ കല്ലും കമ്പുകളുമായി തന്റെ നേരെ വരുന്നത് കണ്ടപ്പോൾ ഇലകൾ അടക്കിപ്പിടിച്ച് അവളൊന്ന് ചൂളിയൊതുങ്ങി.

“പേടിക്കണ്ട, ഞാനില്ലേ..” തേക്ക് മരം സമാധാനിപ്പിച്ചു. കുട്ടികൾ മരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന ഞാവൽ പഴങ്ങൾ പെറുക്കാൻ തുടങ്ങിയപ്പോൾ മരത്തിന് സമാധാനമായി. ഇനി ഏറ് കൊള്ളേണ്ടല്ലോ. അവൾ നന്നായി പഴുത്ത കുറേ പഴങ്ങൾ താഴെക്കിട്ടു.

“ദേണ്ടെടാ മരത്തിൽ നിറയെ പഴങ്ങളാ..

വീഴുന്നത് കണ്ടോ.”

“ശരിയാ.. നമുക്കിന്ന് ഉള്ളതെല്ലാം പറിക്കണം.” കൂടുതൽ പഴം കിട്ടിയതോടെ കുട്ടികൾ ആഹ്ലാദത്തിമിർപ്പിലായി.

“ചോട്ടീന്ന് മാറ്. നമുക്ക് എറിഞ്ഞിടാം.” അവർ തുടുത്തു നിൽക്കുന്ന ഞാവൽപ്പഴങ്ങളെ ലക്ഷ്യമാക്കി കല്ലും കമ്പുകളും മരത്തിന് മുകളിലേക്കെറിഞ്ഞു.

ഊക്കോടെ പാഞ്ഞു വരുന്ന കല്ലുകൾ ഞാവൽ മരത്തിന്റെ തലയിലും നെറ്റിയിലും മുറിപ്പാടുണ്ടാക്കി.
അവൾ വേദനകൊണ്ട് കരഞ്ഞു. ഇത് കണ്ട് തേക്ക് മരത്തിന് സങ്കടമായി.അവൻ ഞാവൽമരത്തിനടുത്തേക്ക് കൂടുതൽ ചാഞ്ഞു നിന്ന് തന്റെ വലിയ ഇലകൾ കൊണ്ട് കുട്ടികളെറിയുന്ന കല്ലുകളെ തടുക്കാൻ നോക്കി. പക്ഷേ ഇല തുളഞ്ഞു ചെല്ലുന്ന കല്ലുകൾ തേക്ക് മരത്തിനേയും നോവിച്ചു. എങ്കിലും വേദന കടിച്ചമർത്തി കഴിയുന്ന പോലെ ഞാവൽമരത്തിന് സംരക്ഷണം കൊടുത്തുകൊണ്ട് അതങ്ങനെ നിന്നു.തേക്ക് മരത്തിന്റെ അവസ്ഥ കണ്ട് ഞാവൽ മരത്തിനും വല്ലാത്ത വിഷമം തോന്നി. തനിക്ക് വേണ്ടിയാണല്ലോ പാവം ഏറു കൊള്ളുന്നതെന്നോർത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.

“സാരമില്ലെടി പെണ്ണേ. എനിക്ക് നോവുന്നൊന്നുമില്ല.” തേക്ക് മരം സാന്ത്വനിപ്പിച്ചു.

കുറേ കഴിഞ്ഞപ്പോൾ കുട്ടികൾ പോയി.
ഒരുപാട് നേരത്തെ ആക്രമണം ഞാവൽ മരത്തെ ആകെ തളർത്തിയിരുന്നു. അവളുടെ ചില്ലകൾ തളർന്നു തൂങ്ങിയിരുന്നു. ഏറുകൊണ്ട മുറിപ്പാടിൽനിന്നും രക്തം ഇറ്റു വീണുകൊണ്ടിരുന്നു. തേക്ക് മരം തന്റെ ചില്ലകൾ കൊണ്ട് ഞാവൽ മരത്തെ തഴുകി.

“സാരമില്ല. അവർ കുട്ടികളല്ലേ. നമുക്കും ജീവനുണ്ടെന്നും നമുക്കും വേദനയുണ്ടാവുമെന്നും അവർക്കറിയില്ലല്ലോ.”

“എന്നാലും അവർ പഠിക്കുന്ന പിള്ളേരല്ലേ. അവർക്കറിയാത്തതുകൊണ്ടൊന്നുമല്ല. കൊതിയാണ്. എല്ലാ മനുഷ്യർക്കും. സ്വാർത്ഥത മാത്രം. അല്ലെങ്കിൽ അവരെ കണ്ടപ്പോൾ ഞാൻ പഴുത്തു പാകമെത്തിയ പഴങ്ങൾ താഴേക്കിട്ടതല്ലേ. എന്നിട്ടും..”

“അത് ശരിയാടീ. എല്ലാവർക്കും സ്വാർത്ഥത തന്നെ. മനുഷ്യർക്ക് മാത്രമല്ല, ഈ എനിക്ക് പോലുമുണ്ട് നിന്റെ കാര്യത്തിൽ കുറച്ച് സ്വാർത്ഥത.” ഒരു കുസൃതിച്ചിരിയോടെ തേക്കു മരം പറഞ്ഞു.

“നിങ്ങൾക്കെന്ത് സ്വാർത്ഥത.” ഞാവൽമരം കണ്ണ് മിഴിച്ചു.

“ഈ ഞാവൽപ്പെണ്ണിന്റെ സ്നേഹത്തിന് വേണ്ടി. ഈ ജന്മം മുഴുവൻ നിന്നോടിങ്ങനെ ഒട്ടി നിന്ന് നിന്റെ ചൂടും ചൂരും നുകരാൻ വേണ്ടി..” തേക്ക് മരത്തിന്റെ വാക്കുകൾ കേട്ട് ഞാവൽ മരം നാണംകൊണ്ട് തുടുത്തു.
വേദന മറന്ന് അവൾ തല കുനിച്ച് പുഞ്ചിരി തൂകി.

തേക്ക് മരം ചില്ലകളാൽ അവളെ ഇറുകെ പുണർന്നു. ഞാവൽ മരം വല്ലാത്തൊരനുഭൂതിയിൽ അവനോട് ചേർന്ന് നിന്നു.ഇതാണ് സ്വർഗം. ഞാവൽ മരം മന്ത്രിച്ചു.

പെട്ടെന്ന് ഞാവൽ മരം ഒന്നുലഞ്ഞു. അവളുടെ മുഖത്ത് വല്ലാത്തൊരു ജാള്യത നിഴലിച്ചു. ഇക്കിളി കൊണ്ടെന്നപോലെ അവൾ അടക്കിച്ചിരിച്ചു.

“എന്തുപറ്റി.”ഞാവൽമരത്തിന്റെ ഭാവമാറ്റം കണ്ട് തേക്ക് മരം ചോദിച്ചു.

“ഹേയ് ഒന്നുമില്ല.” ഞാവൽമരം പറഞ്ഞു.

എങ്കിലും അവളുടെ മുഖം വല്ലാതെ ചുവന്നു തുടുത്തിരുന്നു. അവൾ തേക്ക് മരത്തിൽ നിന്നും ചില്ലകൾ വേർപെടുത്തി ഇലയനക്കമില്ലാതെ ഒതുങ്ങി നിന്നു.

“നീയെന്തിനാ ഇങ്ങനെ ചിരിച്ചത്. അതിനുമാത്രം ഞാൻ നിന്നെയൊന്നും ചെയ്തില്ലല്ലോ.”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ. എന്താ എനിക്കൊന്ന് ചിരിക്കാനും പാടില്ലേ.” അവൾ കുറച്ചുറക്കെ ചോദിച്ചു.

എന്തോ പന്തികേടുണ്ടെന്ന് തോന്നിയെങ്കിലും തേക്ക് മരം പിന്നെയൊന്നും ചോദിച്ചില്ല. അവൻ അവളിൽ നിന്നും ചില്ലകൾ അകറ്റി ദൂരേക്ക് നോക്കി നിന്നു.

ഞാവൽ മരം തൊട്ടപ്പുറത്തേക്ക് പാളി നോക്കി. പേരമരം ഒന്നുമറിയാത്ത പോലെ നിൽപ്പുണ്ട്. കണ്ടാൽ സുന്ദരനാണ്. വെളുത്ത് മെലിഞ്ഞ അവനെ കണ്ടാൽ ഒരു പാവത്താനെ പോലെ തോന്നും. പക്ഷേ, അവന്റെ കയ്യിലിരിപ്പ്…

‘കള്ളൻ.’ താനൊന്നും അറിയുന്നില്ലെന്നാ ഭാവം.

കുറച്ചു ദിവസമായി മണ്ണിനടിയിലൂടെ അവന്റെ വിരലുകൾ തന്നെ സ്പർശിക്കാൻ തുടങ്ങിയിട്ട്. ആദ്യം ഞെട്ടലായിരുന്നു. പിന്നെ അറിയാത്ത ഭാവം നടിച്ച് നിന്നു. അതുകണ്ടിട്ടാവണം ഇന്നിപ്പോൾ കുസൃതി കൂടിയിട്ടുണ്ട്. എങ്കിലും തടയാൻ മനസ്സ് തോന്നുന്നില്ല. എന്തോ, അതൊരു സുഖമായി തോന്നുന്നു.

തേക്ക് മരത്തോട് പറയണോ എന്ന് പലവട്ടം ചിന്തിച്ചതാണ്. തേക്ക് മരം ഇതറിഞ്ഞാൽ പേരമരത്തിന്റെ പൊടിപോലും കാണില്ല. അന്ന് തന്നെ സ്പർശിച്ചതിന് ആഞ്ഞിലി മരത്തിന്റെ കമ്പുകൾ അടിച്ചു മുറിച്ചവനാണ് തേക്ക്. ഇപ്പോഴും മുറിക്കയ്യനായി ആഞ്ഞിലി തൊട്ടടുത്ത് തന്നെ നിൽപ്പുണ്ട്. അവൾ ആഞ്ഞിലിയെ നോക്കി. അവന് പുതിയ പൊടിപ്പുകൾ വന്നു തുടങ്ങിയിട്ടുണ്ട്.

അതിനും മുമ്പാണ് ചൊറിയിണത്തിന്റെ വള്ളി തന്റെ മേൽ പിടിച്ചു കയറാൻ തുടങ്ങിയത്. അതിന്റെ ഉരസലേറ്റ് ശരീരമാകെ ചൊറിഞ്ഞു വീർത്ത് താനാകെ കഷ്ടപ്പെട്ടു. അന്ന് തേക്ക് മരം സ്വന്തം ചില്ലയൊടിച്ച് ചൊറിയിണത്തിന്റെ തലയിലേക്കിട്ട് അതിനെ ചതച്ചു കളഞ്ഞു. അന്നുമുതലാണ് അവന് തന്നോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് തനിക്ക് മനസ്സിലാവാൻ തുടങ്ങിയത്. കുറച്ചു പരുക്കനാണെങ്കിലും അവന്റെ ഉള്ളിൽ സ്നേഹമുണ്ട്. സ്വയം വേദന സഹിക്കേണ്ടി വന്നാലും തന്റെ സന്തോഷമാഗ്രഹിക്കുന്ന തേക്ക് മരത്തിനോട് തനിക്കും ഒരിഷ്ടം വന്നത് അങ്ങനെയാണ്.

ഇതും തേക്ക് മരത്തോട് പറഞ്ഞാൽ പരിഹാരമാവും. പക്ഷേ മനസ്സ് പറയുന്നു വേണ്ടെന്ന്. ആരുമറിയാതെ കിട്ടുന്നൊരു സുഖം. അത് നഷ്ടപ്പെടുത്താൻ മനസ്സനുവദിക്കുന്നില്ല.തേക്ക് മരത്തിന് തന്നെ ജീവനാണ്. അവന്റെ ഉള്ള് നിറയെ തന്നോടുള്ള സ്നേഹമാണ്. പക്ഷേ സ്നേഹം മാത്രം മതിയോ. തേക്ക് മരം ഒരിക്കൽപോലും തന്നെ മറ്റൊരു രീതിയിൽ തൊട്ടിട്ടില്ല. അങ്ങനെ താൻ ആഗ്രഹിച്ചിട്ടുണ്ട്. പലപ്പോഴും താനത് പറയാതെ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും അവനത് മനസിലാക്കിയില്ല. അവന് സ്നേഹം മാത്രം മതി.
തനിക്കോ…

“ടീ പെണ്ണേ..” പേരമരത്തിന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്നുയർത്തിയത്. അവൾ ചോദ്യരൂപത്തിൽ അവനെ നോക്കി.

“നീയെന്താ ആലോചിക്കുന്നത്.”

“ഹേയ്, ഒന്നുമില്ല.”

“എന്നാ കേട്ടോ. നമ്മളൊക്കെ ആളുകൾക്ക് ഉപകാരികളാണ്. കണ്ടില്ലേ കുട്ടികൾ നിന്നെ വട്ടം ചുറ്റി നിന്നത്. അത് നിന്റെ പഴത്തിന്റെ രുചികൊണ്ടാണ്. നിന്റെ പഴത്തിന്റെ വില നിനക്കറിയുമോ.”ഞാവൽ മരം മറുപടിയൊന്നും പറഞ്ഞില്ല. പേരമരം തുടർന്നു…

“നീയും ഞാനും നല്ല മധുരമുള്ള പഴങ്ങളെ വിളയിക്കുന്നവരാ. അതുകൊണ്ടാ ആളുകൾ നമ്മളെ തേടി വരുന്നത്.

“കണ്ട കാട്ടുമരത്തോടൊപ്പംകൂടി ജീവിതം നശിപ്പിക്കല്ലേ.” പേരമരം ഒരു ഉപദേശം പോലെ പറഞ്ഞു.

“പോടാ..” ഞാവൽ മരം പറഞ്ഞൊഴിഞ്ഞു.

തേക്ക് മരം കേട്ടിട്ടുണ്ടാവുമോ. അവൾ തേക്കിനെ നോക്കി. ഇല്ല, മറ്റെവിടെയോ ശ്രദ്ധിച്ചു നിൽപ്പാണ്. അതെന്തായാലും നന്നായി. പേര മരം പറയുന്നത് തേക്ക് കേട്ടിരുന്നെങ്കിൽ അവന് വിഷമമായേനെ.
പാവം. കാട്ടുമരമായാലും തന്നെ ജീവനാണവന്. അങ്ങനെ ചിന്തിച്ചെങ്കിലും അവൾക്കുള്ളിൽ തന്റെ പഴത്തെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തു.

‘പേരമരം പറഞ്ഞത് സത്യമാണ്. കറുത്ത് തുടുത്ത് മധുരമൂറുന്ന തന്റെ പഴങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. അത് കഴിച്ച് തന്റെ മുന്നിൽ നിന്നുതന്നെ അതിന്റെ രുചി പറയുന്നവരുണ്ട്. പേരക്ക കഴിച്ചും ആളുകൾ രുചി പറയുന്നത് താൻ കേട്ടിട്ടുണ്ട്. പക്ഷേ, തേക്കിൻ കായ്….
അതെന്താ ആളുകൾ കഴിക്കാത്തത്.’ ഓഹ്.. ചിലപ്പോ മധുരമില്ലാത്തതുകൊണ്ടാവും. കണ്ടാൽ തന്നെ അറിയാം ഒട്ടും മധുരമില്ലെന്ന്. കരിഞ്ഞുണങ്ങി വികൃത രൂപത്തിലാണ് എല്ലാ തേക്കിൻ കായ്കളും.
അപ്പോൾ പേരമരം പറഞ്ഞത് പോലെ…’

ഓഹ്.. വേണ്ട. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്. അവൾ ചിന്ത മറ്റൊരു വഴി തിരിച്ചു വിടാൻ ശ്രമിച്ചു.
അത് മനസ്സിലാക്കിയിട്ടെന്ന പോലെ പേരമരം വീണ്ടും പറഞ്ഞു.

“നീ നമ്മുടെ ഇലകൾ ശ്രദ്ധിച്ചോ.ചെറിയതും മിനുസമാർന്നതുമായ കാണാൻ ഭംഗിയുള്ള ഇലകളാ നമുക്ക് രണ്ടു പേർക്കുമുള്ളത്. തേക്കിനോ.. ആനച്ചെവി പോലുള്ള വലിയ പരുക്കൻ ഇലകൾ. പൂത്തു നിൽക്കുന്ന നിന്നെ കണ്ടാൽ മണവാട്ടിയെപ്പോലെ തോന്നും. അവനാണെങ്കിൽ നിന്നോളം നല്ല പൂക്കളുമില്ല. എന്നിട്ടും നീ അവനെ സ്നേഹിച്ചല്ലോ. കഷ്ടം.”

“പക്ഷേ അവനെന്നെ വലിയ ഇഷ്ടമാണ്. എന്നോട് സ്നേഹമുണ്ട്. എനിക്ക് വേണ്ടി എന്തു ചെയ്യാനും അവന് ഒട്ടും മടിയില്ല.”

“അതിപ്പോ നിന്നെ ഞാനും സ്നേഹിക്കുന്നില്ലേ. നീ മനസ്സിലാക്കുന്നില്ലന്നേയുള്ളു. എന്റെ സ്നേഹം സത്യമാ പെണ്ണേ. ചേരാൻ പാടുള്ളതേ ചേരാവൂ..”

“ഹേയ്, വേണ്ട. എനിക്കാരുടെയും സ്നേഹം വേണ്ട.” അങ്ങനെ പറഞ്ഞെങ്കിലും പേരമരത്തിന്റെ വെളുത്ത് തുടുത്ത ബലമുള്ള കമ്പുകളിലേക്ക് നോക്കാതിരിക്കാൻ അവൾക്കായില്ല.

കാറ്റും മഴയും വെയിലും മാറി മാറി വന്നു. കാറ്റിൽ ഉലഞ്ഞാടുന്ന ഞാവൽ മരത്തെ തേക്ക് മരം തന്നോട് ചേർത്തു നിർത്തി. തേക്ക് മരത്തിന്റെ ബലമുള്ള ചില്ലകൾക്കിടയിൽ ഞാവൽമരം സുരക്ഷിതമായിരുന്നു.

ഞാവൽ വീണ്ടും പൂത്തുലഞ്ഞു. പൂക്കൾക്കിടയിൽ കുഞ്ഞുകുഞ്ഞു ഞാവൽപഴങ്ങൾ തല പൊക്കി.
പേരമരം നിറയെ തുടുത്ത പഴങ്ങളോടെ തലയുയർത്തി നിൽപ്പുണ്ട്. അവന്റെ വേരുകൾ തന്റെ വേരുകൾക്കിടയിൽ മുറുകെ ചുറ്റിയിട്ടും ഞാവൽമരം മറുത്തൊന്നും പറഞ്ഞില്ല.

ഈയിടെയായി തേക്ക് മരത്തിന് വല്ലാത്ത ആലോചനയാണ്. പലപ്പോഴും ഞാവൽമരം തന്നെ അവഗണിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. അതിന് കാരണമായി പറയുന്നതാവട്ടെ തന്റെ ചില്ല അവളുടെ മേൽ ഉരസി പോലും. അത് ആദ്യമായാണോ. തന്റെ ചില്ലയിൽ ചാരിയല്ലേ അവൾ കുറേ കാലം നിന്നിട്ടുള്ളത്, താനവളെ ചേർത്തു പിടിച്ചിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത ഈ പതിവ്രതാ ബോധം പെട്ടെന്ന് എവിടെനിന്ന് വന്നുവെന്നാണ് മനസ്സിലാവാത്തത്. പണ്ട് തന്റെ വേരിലൂറിയ വെള്ളം പങ്കിട്ടവളല്ല, ഞാവൽമരം വളർന്നിരിക്കുന്നു. തന്നെയുമല്ല ഞാവൽപഴം കണ്ട് ധാരാളം പക്ഷികൾ അവളോട് ചങ്ങാത്തം കൂടിയിട്ടുണ്ട്. ചിലരൊക്കെ കൂടൊരുക്കി താമസം തുടങ്ങിയിട്ടുമുണ്ട്. അതിന്റെ ഗമ പറഞ്ഞ് അവൾ തന്റെ പഴത്തിനെ കളിയാക്കിയത് തേക്ക് മരം വേദനയോടെ ഓർത്തു.

അവൾ തന്നോടെന്തൊക്കെയോ മറക്കുന്നുണ്ടെന്ന് അവന് തോന്നി. താനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവനുറപ്പായിരുന്നു. രഹസ്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളാണ് ഓരോ പെണ്മനസ്സും. ചേറും ചെളിയും ഉള്ളിൽ നിറച്ച് പുറമെ തെളിമ കാട്ടുന്നുവെന്ന് മാത്രം. അവന്റെ ഉണർവെല്ലാം പോയി. ഇലയെല്ലാം പൊഴിഞ്ഞ് ആകെ ക്ഷീണിതനും പരീക്ഷിണിതനുമായി. ഹൃദയം വേദന കൊണ്ട് പുളയുമ്പോൾ എങ്ങനെയെങ്കിലും ജീവൻ നഷ്ടമായെങ്കിലെന്ന് അവൻ അതിയായി ആഗ്രഹിച്ചു. അതിന് വേണ്ടി അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

തന്റെയൊരു ഇല കൊണ്ടുപോലും ഞാവൽ മരത്തിനെ തൊട്ട് ശല്യപ്പെടുത്താതെ അവൻ മൗനമായി നിന്നു.
ഞാവൽ മരത്തിനും അതൊരു ആശ്വാസമായിരുന്നു. പേരമരത്തിന്റെ നിരന്തര ഉപദേശവും പുകഴ്ത്തലും കൂടിയായപ്പോൾ തേക്ക് മരത്തെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്ത അവളിലും വളർന്നു തുടങ്ങിയിരുന്നു.
വരണ്ട് തൊലിയടർന്ന അവന്റെ ദേഹം കാണുമ്പോൾ ഞാവൽ മരത്തിന് അറപ്പ് തോന്നി. ഉള്ളിലൂറിയ വെറുപ്പ് പുറത്ത് കാണിക്കാതെ അവൾ മുഖം തിരിച്ചു പിടിച്ചു. ഇത് കണ്ട് പേരമരം ഉള്ളിൽ ഊറിച്ചിരിച്ചു.
അവൻ പിന്നെയും വാക്കുകളാൽ സ്നേഹം വിളമ്പി. ഞാവൽമരം ആ വാക്കുകൾ കേട്ട് കോരിത്തരിച്ചു നിന്നു.

കുട്ടികൾ പിന്നെയും കൂട്ടമായി വന്നു. അവർ ഞാവൽ മരത്തിലും പേരമരത്തിലും കയറി പഴമറുത്തു.
പേരക്കയുടെയും ഞാവൽപ്പഴത്തിന്റെയും രുചി പറഞ്ഞ് അവർ ആഹ്ലാദം കൊണ്ടു. അതെല്ലാം കേട്ട് ഞാവൽ മരം തെല്ലൊരഹങ്കാരത്തോടെ തലയുയർത്തി നിന്നു.

ഇതിനിടയിൽ തലയിൽ വട്ടക്കെട്ടും കെട്ടി കൈയിൽ ചുരുട്ടിപ്പിടിച്ച കയറുകളും മഴുവുമായി മൂന്നുനാല് പേർകൂടി വന്നു. വന്നപാടെ അവർ തേക്കിന് മുകളിൽ വലിഞ്ഞു കയറി. അനങ്ങാൻ കഴിയാത്ത രീതിയിൽ അവരതിനെ നാല് വശത്തേക്കും വരിഞ്ഞു കെട്ടി. പിന്നെ അവന്റെ കൈകൾ വെട്ടിമാറ്റി.. തന്റെ പ്രാർത്ഥന ദൈവം കേട്ടെന്നും തന്റെ അന്ത്യമടുത്തെന്നും തേക്ക് മരത്തിന് മനസ്സിലായി. അവൻ വേദനയോടെ ഞാവൽ മരത്തെ നോക്കി. അവൾ അപ്പോഴും പേരമരത്തോട് കിന്നാരം പറഞ്ഞു ചിരിക്കുന്നത് കണ്ട് അവൻ കണ്ണുകളടച്ചു നിന്നു.

വളരെ കുറച്ചു സമയം കൊണ്ടുതന്നെ അവർ തേക്ക് മരത്തെ വെട്ടി മണ്ണിലേക്കിട്ടു. അവസാന ശ്വാസത്തിന് വേണ്ടി പിടയുമ്പോഴും അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തു വന്നില്ല. തൊലിയടർന്ന് വികൃതമായ അവന്റെ മേനി നോക്കി വന്നവരിൽ ഒരാൾ പറഞ്ഞു.

“നല്ല കാതലുള്ള മരം. ഒരു തരി വെള്ളയില്ല, മുഴുവൻ കാതലാണ്. കളയാനുള്ളത് ഈ തൊലി മാത്രം.”
“കാതൽ ഉള്ള് നിറഞ്ഞു പുറത്തേക്ക് തള്ളുന്നതുകൊണ്ടാ ഈ തൊലിയിങ്ങനെ അടർന്നു നിൽക്കുന്നത്.
എന്തായാലും ഇവൻ ചതിച്ചില്ല. ഒട്ടും കളങ്കമില്ലാത്ത മരം” അടുത്തയാളുടെ മറുപടി. എന്നിട്ടും
‘കാതൽ’ എന്ന പദത്തിന് പ്രണയമെന്നൊരു അർത്ഥംകൂടിയുണ്ടെന്നത് അവരും പറഞ്ഞില്ല. എങ്കിലും ഞാവൽമരത്തോടുള്ള തന്റെ ഉള്ള് നിറഞ്ഞ പ്രണയം ഇവർക്കെങ്കിലും മനസ്സിലായല്ലോ എന്നോർത്ത് തേക്ക് മരം എന്നെന്നേക്കുമായി കണ്ണടച്ചു.

ഞാവൽ മരം അപ്പോഴും പേരമരത്തിന്റെ മിനുസമാർന്ന മേനിയിൽ പ്രേമപൂർവ്വം ചില്ലകളുരസി. ചെറുചിരിയോടെ നിന്ന പേരമരത്തിന്റെ വേരുകളപ്പോൾ ഞാവൽമരത്തെയും കടന്ന് അടുത്തുള്ള ചെറുമരങ്ങളെയും ചെടികളെയും ഇക്കിളിയിട്ട് തുടങ്ങിയിരുന്നു.

സുബ്രഹ്മണ്യൻ വിപി ചെല്ലൂർ എന്ന് മുഴുവൻ പേര്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി. ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്നു."ആട്ടിൻതലകൾ, ചലിക്കാത്ത പാവകൾ" എന്നിങ്ങനെ രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്.