കാട്ടുമരവും അരുവിയും

അദ്ധ്യായം 5  

പെരിയോര്‍ വൈത്തിയര്‍ ഓർമ്മകളിലേക്ക് ഊളിയിട്ടു. ‘അന്ന്കാര്‍മേഘത്തെപ്പോലെയാകാനാണ് ഇവിടെയുള്ള എല്ലാ യുവാക്കളും ശ്രമിച്ചത്. എന്നാൽ ഞാന്‍ അന്നും ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടപ്പെട്ടത്. വേട്ട എന്‍റെ ജീവിതമായിരുന്നു. ഞാന്‍ കൊന്ന മൃഗങ്ങളുടെ തലയോടുകൾ കൊണ്ട് ഉമ്മറത്ത് ഒരു മതില്‍ തന്നെ ഉണ്ടായിരുന്നു. കാടിനെ കൊള്ളയടിച്ച് ഇവിടുത്തെ പ്രധാനിയായി. എന്നിട്ടും എനിക്ക്  പിന്നെയും വെട്ടിപ്പിടിക്കണമായിരുന്നു.

വേട്ട കഴിഞ്ഞാല്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് എന്റെ കുടുംബമായിരുന്നു. എന്റെ ഭാര്യ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. ഞാനാണ് എന്റെ മകനെ വളര്‍ത്തിയത്. ഇളംഗോ വലിയൊരു വേട്ടക്കരനാവണമെന്നും എന്റെ പേര് അവനിലൂടെയും അവന്റെ മക്കളിലൂടെയും എന്നും  ജീവിച്ചിരിക്കണമെന്നും ആഗ്രഹിച്ചു. പക്ഷെ, എന്റെ സ്വപ്നങ്ങളൊന്നും നടന്നില്ല. പതിനാറാം വയസ്സില്‍  വേട്ടക്കിടയില്‍  മരത്തില്‍ നിന്ന് വീണു അവന്‍ മരിച്ചു. ആരുമില്ലാതായ ഞാന്‍ ഇതെല്ലാം എന്റെ ക്രൂരതയ്ക്ക് കാട് തന്ന ശിക്ഷയായി കണ്ടു. എനിക്കീ ഗ്രാമം മടുത്തു. വീട് വിട്ട ഞാന്‍ കുറേക്കാലം പല നാടുകളിലും അലഞ്ഞു. ആ യാത്രകല്‍ക്കിടയില്‍ ഞാന്‍ ഒരു കാട്ടിലെത്തി. ഞാനതു വരെ കണ്ട കാടുകള്‍ പോലെയായിരുന്നില്ല ആ കാട്. പകല്‍ പോലും ഇരുട്ടെന്ന പോലെ ഇട തൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍. ചീവീടുകളുടെ ഉറക്കെയുള്ള കരച്ചില്‍. വേട്ടക്കെന്ന പോലെ തന്നെ ഞാനാ കാട്ടിലൂടെ  കരിയിലകളെ പോലും അനക്കാതെ നടന്നു. പക്ഷെ എപ്പോഴും എനിക്ക് ചുറ്റും കുറെ കണ്ണുകള്‍ എന്നെ നോക്കിയിരിക്കുന്നത് പോലെ തോന്നി. ഇരുട്ടായതോട് കൂടി  ഒന്നും കാണാന്‍ കഴിയാതായി. പക്ഷെ ഒരു ചൂട്ടു കത്തിക്കാന്‍ പോലും ഞാന്‍ മെനക്കെട്ടില്ല. പെട്ടന്നാണ് ഒരു വേരില്‍ കാല്‍ തട്ടി ഞാന്‍ വീണത്‌. കാലുളുക്കിയിരുന്നു. ഞാന്‍ ഒരു വിധം ഒരു മരത്തില്‍ വലിഞ്ഞു കയറി. അറിയാത്ത കാട്ടില്‍ മരത്തിനു ചുവട്ടില്‍ കിടക്കുന്നത് അപകടമാണ്. തോളിലുണ്ടായിരുന്ന ഭാണ്ഡത്തില്‍ നിന്നൊരു മുണ്ടെടുത്ത് എന്നെ മരക്കൊമ്പിലേക്ക്  ചേര്‍ത്തു കെട്ടി. ക്ഷീണവും വിശപ്പും കാരണം ഞാന്‍ പെട്ടന്നുറങ്ങി.

ഞാനുണർന്നത് കുറെ മനുഷ്യരുടെ ശബ്ദം കേട്ടിട്ടാണ്. അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ചുറ്റും എന്നെ തന്നെ നോക്കി കുറെ കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാട്ടു കളിമണ്ണിന്റെ നിറം. മൃഗത്തോലോ നെയ്ത പുല്ലോ കൊണ്ടുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അവിടെ പത്തോളം മനുഷ്യരുണ്ടായിരുന്നു. കാട്ടിലൂടെ നടക്കുമ്പോള്‍ എന്നെ നോക്കിയിരുന്ന കണ്ണുകള്‍ ഇവരുടെതാനെന്നു മനസ്സിലായി.

ഞാനവിടെ എത്തിയിട്ട്  മൂന്നു ദിവസമായെന്നും. മരുന്ന് വച്ചിരിക്കുയാണെന്നും ആംഗ്യത്തില്‍ അവരെന്നെ അറിയിച്ചു. അവര്‍ കാട്ടിനുള്ളിലെ ഒരു പാറമടയിലായിരുന്നു ജീവിച്ചിരുന്നത്. അങ്ങോട്ട്‌  എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു.

പതുക്കെ ഞാനവരുടെ ഭാഷയും രീതികളും പഠിച്ചെടുത്തു. അസുഖം ഭേദമായിട്ടും ഞാന്‍ അവരുടെ കൂടെ തന്നെ താമസിച്ചു. ഗ്രാമത്തിലെ വലിയ വേട്ടക്കാരനായിരുന്നപ്പോള്‍ ഇല്ലാതിരുന്ന മനശ്ശാന്തി എനിക്കീ കാട്ടുമനുഷ്യരുടെ കൂടെ ഉണ്ടായി. ഞാനിത് വരെ വിശ്വസിച്ചിരുന്നതൊക്കെ തെറ്റായിരുന്നെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു.

ജീവനുള്ളതും ഇല്ലാത്തതും പ്രകൃതിയുടെ അവകാശികളാണെന്ന് അവര്‍ വിശ്വസിച്ചു. ഒന്നില്ലെങ്കില്‍ അടുത്തതുമില്ല എന്നവര്‍ക്കറിയാമായിരുന്നു. കാട്ടിലുള്ള മറ്റു മൃഗങ്ങളും അവരും തമ്മില്‍  എന്തൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു.

ആവശ്യത്തിനല്ലാതെ അവര്‍ ആയുധങ്ങളുപയോഗിച്ചില്ല. കാടിനെ അവര്‍ ആവശ്യമില്ലാതെ നോവിച്ചില്ല. വേട്ടയാടുമ്പോള്‍ പോലും ഇരക്ക് രക്ഷപ്പെടാന്‍ അവസരം നൽകി. തങ്ങളുടെ ജീവന്‍ നിലനിർത്താന്‍ സഹായിച്ച ഇരയ്ക്ക് നന്ദി പറഞ്ഞു. കിട്ടിയതിന്റെ പാതി കാട്ടുമക്കൾക്ക് നീക്കി വച്ചു. കൊന്ന മൃഗത്തിന്റെ രക്തം പോലും അവര്‍ ഉപയോഗിച്ചു. ഭക്ഷണം, വസ്ത്രം, നൂല്‍, ആയുധങ്ങള്‍, സൂചി, ചൂണ്ടക്കൊളുത്ത്. ഒരു മൃഗത്തിന്റെ ശരീരഭാഗങ്ങള്‍ ഇവയെല്ലാമാവുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. ഞാനും എന്റെ കൂട്ടരും ചെയ്തു കൂട്ടിയ നാശത്തെക്കുറിച്ചോർത്തു ഞാന്‍ ദു:ഖിച്ചു.

തുടക്കത്തിലെ പരിചയക്കുറവ് മാറിയപ്പോള്‍ ഞാൻ അവരുമായി കൂടുതല്‍ അടുത്തു. അവരുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ്‌ കാട്ടുമരം. അദ്ദേഹമാണ് എന്നെ കാടിന്റെ രീതികള്‍ പഠിപ്പിച്ചത്. പതുക്കെ ഏതോ ഒരു വിദൂര ഓർമ്മ മാത്രമായി മാറി ദൂരെയേതോ കാടിനടുത്തു കിടക്കുന്ന എന്റെ ഗ്രാമവും വീടും.

അവിടെയുള്ള എല്ലാ ജീവികൾക്കും കാട്ടുമരം വൈദ്യരായിരുന്നു. ഏതു രോഗത്തിനും അവരുടെ കൈയ്യില്‍ മരുന്നുണ്ടായിരുന്നു. കാട്ടുമരം എന്നെ എല്ലാ വിദ്യകളും പഠിപ്പിക്കുന്നത് ഒരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്‌.

നാട്ടുമനുഷ്യരെ വെറുത്തിരുന്ന അവര്‍ മുറുമുറുപ്പോടെയാണെങ്കിലും എന്നെ കൂട്ടത്തില്‍ കൂട്ടിയതിനു പിന്നില്‍ കാട്ടുമരമാണെന്ന്  എനിക്കറിയാമായിരുന്നു. അവര്‍ സാധാരണയായി നാട്ടുമനുഷ്യരുടെ മുന്നില്‍ ചെന്ന് പെടാറില്ല. മൃഗങ്ങൾ ഒരുപാടുണ്ടെങ്കിലും ഈ കാട്ടില്‍ വേട്ടയ്ക്ക് വരുന്നവര്‍ കുറവാണ്. ഇതിനു പുറത്തുള്ള ഗ്രാമവാസികള്‍ തന്നെയാണ് മറ്റു വേട്ടക്കാരെ ഇവിടെ വരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കാടിന് കണ്ണും കാതും ജീവനുമുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇവിടെ വേട്ടക്കാര്‍ വരുന്നതിനു മുമ്പേ മൃഗങ്ങള്‍ ഒളിച്ചിട്ടുണ്ടാകും. കെണികളിലും ഒന്നും പെടാറില്ല. എന്നാല്‍ വിശപ്പിനു വേണ്ടിയുള്ള വേട്ടയാനെങ്കില്‍ എന്തെങ്കിലും കിട്ടാതിരിക്കുകയുമില്ല.

കാടിന് പുറത്തു വിചിത്ര സ്വഭാവമുള്ള കൃഷിക്കാരുടെ ഗ്രാമമാണ്. ഭക്ഷണത്തിനു മാത്രമേ വേട്ടക്കിറങ്ങൂ. അതും വലിയ കൂട്ടമായിട്ട്. അവര്‍ക്ക് കാടിനെ പേടിയാണ്. അതിന്റെ രഹസ്യം പിന്നീടാണ് എനിക്ക് മനസ്സിലായത്‌.

കാട്ടില്‍ എന്റെ കൂട്ട് അരുവി എന്ന പെണ്‍കുട്ടിയായിരുന്നു. അവളെ കാണുമ്പോഴൊക്കെ ഞാന്‍ മരിച്ചുപോയ എന്റെ മകൻ ഇളംഗോയെ ഓര്‍ത്തു. അവന്‍ മരിക്കുമ്പോള്‍ ഏകദേശം അവളുടെ പ്രായമായിരുന്നു. അവന്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചത്‌ പോലെ ആയിരുന്നു അരുവി. വേട്ടക്കാരി. കുറുമ്പി. കഥപറയുന്നവള്‍.

ഒരു ദിവസം ഞങ്ങള്‍ വേട്ടക്കിറങ്ങിയതായിരുന്നു. കിട്ടിയ മുയലുകളെയും കാട്ടു കോഴിയെയും സഞ്ചിയിലാക്കി തിരിച്ചു വരുമ്പോഴാണ് വലിയൊരു കൂട്ടം ആള്‍ക്കാര്‍ കാട്ടിലേക്ക് കയറുന്നത് കണ്ടത്. ‘ഗ്രാമത്തിലുള്ളവരാണ്.’ അരുവി ചിരിച്ചു കൊണ്ട് പറഞ്ഞു.

‘അവര്‍ക്കെന്താനിത്ര പേടി?’ കാട്ടു കഥകളൊന്നിന്റെ തുടക്കം പ്രതീക്ഷിച്ചു ഞാന്‍ ചോദിച്ചു.

‘പണ്ടീഗ്രാമത്തില്‍ നിറയെ വേട്ടക്കാരായിരുന്നു. അന്ന് ഈ കാടിത്ര വലുതല്ല. മനുഷ്യരും ഉണ്ടായിരുന്നില്ല. പുറത്തുള്ളവര്‍ കാടിനെ മുടിപ്പിച്ചു കൊണ്ടിരുന്നു. ഇവിടുത്തെ മൃഗങ്ങള്‍ പേടിച്ചു പുറത്തിറങ്ങിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ കുറെ മനുഷ്യര്‍ ഈ കാട്ടില്‍ താമസമാക്കി. അവര്‍ എവിടെ നിന്നും വന്നെന്നറിയില്ല. അവര്‍ ഈ കാടിനെ സ്നേഹിച്ചു. അവര്‍ക്ക് ഗ്രാമത്തിലുള്ളവരുടെയും മൃഗങ്ങളുടെയും ഭാഷയറിയാമായിരുനു. അവര്‍ വേട്ടക്കാരായ മനുഷ്യരില്‍ നിന്നും രക്ഷപ്പെട്ടു വന്നവരായിരുന്നു. അവര്‍ ഈ കാട്ടിലെ മൃഗങ്ങളെ ഒന്നിച്ചു കൊണ്ട് വന്നു. കാടിന് കാവലേര്‍പ്പെടുത്തി. വിശപ്പടക്കനല്ലാതെ വേട്ടക്കിറങ്ങുമ്പോള്‍ ഇരയെ കിട്ടാത്തത് ഏതോ അദൃശ്യ ശക്തികളുടെ ചെയ്തികളാണെന്ന് ഈ ഗ്രാമത്തിലുള്ളവര്‍ വിശ്വസിച്ചു തുടങ്ങി. വിശപ്പകറ്റാന്‍ വേണ്ടി കെണിയില്‍ പെടുന്ന മൃഗങ്ങളോട് അവര്‍ നന്ദി പറഞ്ഞു തുടങ്ങി. അവരറിയാതെ കാട്ടുനിയമങ്ങള്‍ അനുസരിച്ചു. കാടെല്ലാം കാണുന്നു കേള്‍ക്കുന്നു അറിയുന്നു എന്നവര്‍ വിശ്വസിച്ചു തുടങ്ങി. ജീവിക്കാനായി പതുക്കെ അവര്‍ കൃഷിയിലേക്ക് തിരിച്ചു പോയി. അവര്‍ പോയപോള്‍ കാട് വളര്‍ന്നു തുടങ്ങി. കാടിനറ്റത്തു താമസിക്കാന്‍ ആളുകള്‍ ഭയന്നു. അങ്ങിനെയാണ് അവര്‍ വേട്ടക്കാരില്‍ നിന്നും കര്‍ഷകരായത്.’  പറഞ്ഞു നിർത്തി.

കാടിനെ സ്നേഹിക്കും തോറും എന്റെ ഗ്രാമത്തിലുള്ളവരെ അവരുടെ ക്രൂരതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എനിക്ക് തോന്നി തുടങ്ങി. എങ്ങിനെ അത് ചെയ്യും എന്നെനിക്കു അന്നറിയില്ലായിരുന്നു. ഇന്നുമറിയില്ല. പക്ഷെ എന്റെ കാട്ടിലെ കൂട്ടരോട് യാത്ര പറഞ്ഞു ഞാന്‍ ഗ്രാമത്തിലേക്ക് തിരിച്ചു പോന്നു. കാര്‍മേഘം അപ്പോഴേക്കും വെറുമൊരു കഥയായി മാറിയിരുന്നു. ഞാനാ കഥ തിരുത്താനും പോയില്ല. വൈദ്യം ചെയ്യുന്ന വയസ്സന് ഈ ഗ്രാമത്തിലുള്ളവര്‍ ഒരു പേരും തന്നു ‘പെരിയോര്‍ വൈത്തിയര്‍’

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 6 : കെണി )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.