
നനുത്ത
വാക്കിനാൽ
അമ്മയെപ്പോലെ
ശ്രദ്ധയില്ലെന്ന്
ശാസിച്ച്
നനഞ്ഞ
വാത്സല്യം
എഴുതാതെ
പോയ കവിത.
മിണ്ടാതെ മിണ്ടുന്ന
അച്ഛനെപ്പോലെ
ഉറച്ച
വാക്കിൽ
കീറിമുറിച്ച
സ്നേഹം
കാർക്കശ്യത്തിൽ
മറന്നുപോയ
വാക്ക്
കത്തിപ്പോയ
കവിത.
പ്രണയം
പറഞ്ഞുതീരാത്ത
വാക്കിൽ
സ്നേഹമില്ലെന്ന്
പ്രണയിനി
കൊത്തിയെടുത്ത
ഹൃദയത്തിൽ
പിടയുന്നു
പൂർത്തിയാകാത്ത
കവിത.
ഒറ്റുകാരന്റെ
വാക്കാൽ
മുറിഞ്ഞ
ഹൃദയത്തിന്
മരുന്നു
തേടിപോയ
കൂട്ടുകാരനെ
കാത്തിരുന്ന്
മരിച്ചോന്റെ
കവിത.
ജീർണ്ണിച്ച
കാലത്ത്
ജീവിതം
പാതിവഴിയിൽ
ഉപേക്ഷിച്ചോന്റെ
സ്വപ്നങ്ങൾ
രാത്രിക്കും
പകലിനുമിടയിൽ
മൗനത്തിൽ
അസ്തമിക്കുന്ന
കവിത.
ചിലപ്പോൾ
അവളെപ്പോലെയെൻ
വിയർപ്പും
ഗന്ധവും
വേദനയും
സ്നേഹവും
വാരി പുണർന്ന്
എന്നോട്
ചേരുന്ന
കവിത.
നിർവൃതിയിൽ
മുടിയിഴകളിൽ
വിരലോടിച്ചു
ആഴങ്ങളറിയാതെ
ഒഴുകി
തീരങ്ങളില്ലാതെ
അലഞ്ഞും
ആരും ഓർത്തില്ലയെങ്കിലും
ചേർത്തുവയ്ക്കാനൊരു
വാക്കിന്റെ
വിത്തിട്ട്
ഞാൻ
നിന്നിലലിയട്ടെ.
