“പ്രിയപ്പെട്ട ഹെലൻ, നിന്നെ ഞാനങ്ങനെ വിളിച്ചോട്ടെ “

ഹെലൻ അവളെക്കുറിച്ചെഴുതിയ
പാട്ടിനെക്കുറിച്ച്
ഹൈപ്പിച്ചിൽ പാടുന്നു.
“ഹെലൻ, എന്‍റെ പെണ്ണെ,
നീയെത്ര നന്നായി പാടുന്നുവെന്ന്
അങ്ങനെ പറയാൻ
സാധ്യതയില്ലാത്ത ഒരുവൻ
പറഞ്ഞതു കേട്ടത് പോലെയവൾ
ലജ്ജിക്കുന്നു.
പ്രിയപ്പെട്ട അയാളുടെ
അറിയാത്ത മണത്തെ ശ്വസിച്ചവൾ
ആർത്തിയോടെ പാടുന്നു.
പോക്കുവെയിലുരുകുന്നു.
അവളുടെ അരയിലത്
അരഞ്ഞാണം കെട്ടുന്നു.

അപ്പോൾ വർഷങ്ങളായി
തുറന്നിടാത്ത മുറിയുടെ
പാളികളടർന്ന ഏകാന്തജാലകത്തിന്‍റെ
വിരിപ്പുകൾ കാറ്റ് വകഞ്ഞു മാറ്റുന്നു.
അതയാളുടെ വിരലുകളാകാമെന്നു
കരുതിയവൾ
തെങ്ങോലകൾക്കിടയിലെ
ചന്ദ്രനെ തൊട്ടു നോക്കുന്നു.
രാത്രി ദംശിച്ച ഇടറുന്ന കുളപ്പടവിൽ
അവളുടെ ജന്മനക്ഷത്രം
നിലാവേറ്റ് പൊഴിഞ്ഞു വീഴുന്നു.

കീഴ്ത്താടിയിൽ മറുക്
കായ്ച്ച ദിനം ഇല്ലാത്ത കാമുകൻ
ചുംബിക്കാനെത്തുന്നതായവൾ
നിനയ്ക്കുന്നു.
അയാളുടെ വിരലിന്‍റെ
അറിയാത്ത തണുപ്പിലവൾ
മഞ്ഞണിഞ്ഞ പൈൻ മരമാകുന്നു.

“എന്‍റെ പെണ്ണെ…ഹെലൻ”…
എന്നയാൾ ചുണ്ടുകൾ കൊണ്ടവളുടെ
മറുകിന്‍റെ നാണം നുള്ളിയെടുക്കുന്നു.
വലിയൊരു നിഴൽ കൊണ്ടയാൾ
അവളുടെ ഉടൽ മറയ്ക്കുന്നു.
വിടർന്നു നിന്ന ചുണ്ടുകളിൽ
സൂര്യനുദിക്കുന്നു.
അവിടെ നനുത്ത പാൽ മണം.
തിളച്ച കടലിന്‍റെ ചൂട്.
ഉപ്പിന്‍റെ ചൂര്.
തോന്നലുകളുടെ വരണ്ട
നദിക്കരയ്ക്കപ്പുറത്ത്
ഒരിക്കലും വരാത്ത തോണിയിൽ
പ്രിയപ്പെട്ടൊരാളുടെ പ്രഹേളിക.

പോയ മഴയെ കാത്തിരുന്ന്
വേനലിൽ മരിച്ചുപോയൊരു
പരൽമീനുപോലെ ചത്തു പോയ
വെള്ളമാറിത്തണുത്ത
കണ്ണുമായ് ഹെലൻ
അസ്തമയത്തിൽ കരിഞ്ഞ
കടലിന്‍റെ മണമുള്ള പാട്ട് പോലെ
സന്ധ്യകളിൽ ഉമ്മറത്തിരിക്കുന്നു.

അവൾ സ്വയം വേവിച്ച
സ്വന്തം ഹൃദയത്തിന്‍റെ രുചി
വിളമ്പി വെക്കുന്നു .
അയാളെ ഓർത്തോർത്തവൾ
ദിനങ്ങളെ കല്ലുകൾ പെറുക്കി
എണ്ണിവെക്കുന്നു.
കല്ലുകൾ ചിപ്പിക്കുള്ളിലെ
മുത്തുകളാകുന്നു.
അതവളുടെ കണ്ണിൽ തിളങ്ങുന്നു.
ഉടുപ്പിലും കഴുത്തിലും
കാതിലും വിളങ്ങുന്നു.
ഹെലൻ,നീ ആകാശത്തിലെ
ജ്വലിക്കുന്ന മറ്റൊരു
കല്ലിന്‍റെ പേരാവുന്നു.

ഊൺമേശയിലേക്ക് സുഖമുള്ള
ഏറ്റവും നല്ല രുചിയിലേക്ക്
പാകപ്പെടുന്നൊരുവൾ
ഓർമ്മകളുടെ ചെതുമ്പലുകൾ കുടഞ്ഞു
കടലിലെന്ന പോലെ
തിളച്ച എണ്ണയിൽ നീന്തുന്നു.
കണ്ണിൽ നിലാവ് പരന്നപ്പോൾ
അവൾ കടൽ നിറമുള്ള ആകാശമായി.

കടൽ പെറ്റ പെണ്ണിനെ ഞാൻ
ക്യാമറയിൽ ചിത്രീകരിക്കുന്നു.
നീണ്ടു നിവർന്നു കിടക്കുന്നവളുടെ
വയറ്റിൽ മുട്ടകളുണ്ടായിരുന്നില്ല.
ഞാനാ കന്യകയെ വാഴ്ത്തിപ്പാടി.

‘പ്രിയപ്പെട്ട ഹെലൻ’ എന്ന് ഞാൻ
ഓമനപ്പേരിട്ട് വിളിക്കുന്ന മത്സ്യകന്യകേ…
നിന്‍റെ രുചിയെക്കുറിച്ചും
നിനക്കറിയാത്ത നിന്നെയറിയാത്ത
കാമുകനെക്കുറിച്ചും തെരുവിൽ നിന്ന്
പാടുമ്പോഴെനിക്ക് തഴമ്പിച്ച കാലിന്‍റെ
ഉപ്പൂറ്റി പൊള്ളിയടർന്ന മണം.

ഞാൻ വെന്ത് കരിഞ്ഞ ഹൃദയം
നിന്‍റെ ചോര കൊണ്ട് നീ
മെലിഞ്ഞ കോലങ്ങളുടെ
ഉണങ്ങിയ ചിത്രം വരച്ച
ഇറച്ചിക്കടയ്ക്ക് മുന്നിൽ തൂക്കി വിറ്റു.
അന്നുടനീളം ഞാൻ തലയിൽ
തീകോരിയൊഴിച്ചു കുളിച്ചു ശുദ്ധിയായി.
കണ്ണിലപ്പോൾ ഇളം നിലാവ് പരന്നു.
ഉള്ളിൽ, ഘനീഭവിച്ച
മഞ്ഞും തണുത്തു.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു