പുസ്തകം ഉള്ളടക്കത്തോട്

കൊണ്ടു പോകുമോ എന്നെയും കൂടി
ഖിന്നമാമുടൽ ചോദിച്ചു പോയി

പെറ്റു വീണതു തൊട്ടു നിൻ കൂടെ
തൊട്ടുരുമ്മിയും കൂട്ടായിരുന്നും
ചാഞ്ഞുറങ്ങിച്ചെരിഞ്ഞും തിരിഞ്ഞും
പാട്ടുമൂളിപ്പുറപ്പെട്ടതല്ലേ
നീയൊളിക്കെപ്പിടിത്തം കൊടുത്തും
സങ്കടങ്ങളിൽ നൊന്തു പിടഞ്ഞും
നീ രസിക്കെ,ച്ചിരിച്ചു കുഴഞ്ഞ്
കീഴ് മറിഞ്ഞ് പതഞ്ഞതും ഞാനേ
നീ രമിക്കെ പ്പെരുവിരൽ കുത്തി
ആട്ടമാടിത്തിരിഞ്ഞു കറങ്ങി
കട്ടിലിൽ കടും നീലവിരിപ്പിൽ
നിന്നെ മൂടിക്കിടന്നതും ഞാനേ
നിന്നെയൂട്ടി ,ഉറക്കി ,മിനുക്കി
കാത്തിരുന്നു കഴച്ച കൺപൂട്ടി
നോറ്റിരുന്നു രാവാറ്റി വെളുത്ത്
ഏറ്റമേറിത്തളർന്നതും ഞാനേ
വിണ്ട കാലടിപ്പാടിലുരഞ്ഞ്
കീറിയ തുകിൽ പൊക്കിപ്പിടിച്ച്
നിന്നൊടൊപ്പമോടിത്തീർത്ത തെത്ര
പന്തയങ്ങളെന്നോർത്തു പോകുമ്പോൾ
മാറുടഞ്ഞു തണുത്തു പോകുന്നു
മേഘമാലകൾ പോലെ
ഞൊറിഞ്ഞിട്ടീയരക്കെട്ട_
ടിഞ്ഞുകൂടുന്നു .
നിൻ്റെ പട്ടം
പറത്തിപ്പറത്തി
കെട്ടഴിച്ച്
കുരുക്കുകൾ നീർത്ത്
ആശയാകാശപുസ്തകം
നീർത്തി
ആ മയിൽപ്പീലി
പൂഴ്ത്തിവയ്ക്കുമ്പോൾ

കൈ പിണച്ചിട്ടു
മാറത്തു വച്ച്
തോളൊടിച്ച്
തലയും കുനിച്ച്
പിൻമടങ്ങുമ്പോൾ
നീ രചിക്കുന്നു
താരജാല മഹാകാശ രൂപം