കല്പനയിലെ പ്രണയമല്ല പ്രേമം തന്നെ

ഉടലാകെ വിറച്ചുകൊണ്ടേയിക്കും.
ഉയരാത്ത മിഴിയിറമ്പിലൂടെ അവനെ കാണുമ്പോൾ
ഓരോ പറ്റത്തിനും ഒത്ത നടുക്ക് അവൻ
എനിക്ക് നോക്കിക്കാണാൻ പറ്റാത്ത വിരിഞ്ഞ തോള്.
മറ്റാരെങ്കിലും അവനെ കാണുന്നുണ്ടോ
എന്ന് ഉള്ളു പിടയ്ക്കുംതക്ക വിരിഞ്ഞ ചുമൽ
എങ്ങനെ കാണാതിരിക്കാൻ
കൂട്ടത്തിന്റെ മധ്യത്തിൽ അവൻ
കലമാൻകൊമ്പുയർത്തുംപോലെ
ഉയർന്നു നിൽക്കുന്നവൻ.

ഇല്ല, ഒത്ത മധ്യത്തിലല്ല എന്നാലും
എനിക്ക് അവനെ അവിടെത്തന്നെ,
അതെ അവിടെത്തന്നെ കാണായി.
അടഞ്ഞ കണ്ണ് തുറക്കാൻ ആവാതെ ഞാൻ.

അടഞ്ഞ കണ്ണിനുള്ളിലും അവന്റെ നെഞ്ചിലുറങ്ങി ഉണർന്നിരുന്ന എന്നെക്കാണാം എനിക്ക്.

മുറുക്കെപ്പൂട്ടിപ്പോയ കണ്ണുകൾ
അപ്പോഴും പൂക്കുല തുള്ളുമ്പോലെ
എന്റെ ഉടല് വിറയ്ക്കുന്നുണ്ടായിരുന്നു
ഒന്ന് നോക്കവേ മങ്ങിയ കാഴ്ചയിൽ
അലിഞ്ഞുപോയൊരുടൽപോലെ അവൻ.

ഇടനെഞ്ചിനിലുള്ളിലെ പിടച്ചിലിലോ
കണ്ണിനീർ തുള്ളിയിലെ ആ തിളക്കത്തിലോ
അവനെ തിരഞ്ഞു മടുക്കുമ്പോൾ
കാറ്റിലും മഴയിലും ഉടലമർത്തി അവൻ ഒളിച്ചിരുന്നു.
പുറത്തു വരുമ്പോഴൊക്കെ ചിരിയമർത്തി അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു.

എന്നാണ്, ഇനി എന്നാണു അവന്റെ കയ്യിലെ ഞരമ്പിനുള്ളിലൂടെ ഒഴുകി
നെഞ്ചിലേക്ക് കിനിഞ്ഞിറങ്ങുക.
എന്നാണ് എന്നെയവൻ ഒരു മന്ത്രച്ചരടിലാവാഹിച്ചു
അവന്റെ അരയിൽ മുറുക്കിക്കെട്ടുക.
വിയർപ്പിൽ നനച്ചു ഉമ്മവച്ചുണക്കി
ഗന്ധമാദനത്തിന്റെ ആ അറ്റത്തു,
ഒട്ടും മഞ്ഞു പൊഴിയാത്ത
രാവെളിച്ചത്തിന്റെ തുറസ്സിൽ ഉടലിൽ നിന്ന്
ഉയിർ വേർപെട്ടുപോകുമാറ് ഉന്മാദിയെപ്പോലെ
അതെ, ഉന്മാദിയെപ്പോലെ തന്നെ
ഉറക്കെയുറക്കെ അവന്റെ ചിരിയിൽ മുക്കി
എന്നെ ഉറക്കുക.

ഒന്നുറങ്ങിയിട്ടു എത്രനാൾ
ചിതൽപ്പുറ്റു പോലെ ഉണങ്ങി വരണ്ടു.

പ്രേമം, കല്പനയിലെ പ്രണയമല്ല പ്രേമം തന്നെ
നരച്ച മുടിയികളിലൂടെ ഉടഞ്ഞ മാറിലൂടെ
പടർന്നു പിന്നെയും പടർന്നു, ഉപ്പോളം
പൊടിഞ്ഞു കലർന്നൊഴുകുവോളം
അവന്റെ ഉരുക്കുടലിനെ ഉരുക്കുവോളം
രസം കലർന്ന പ്രേമം
ധാരയായി ഒഴുകുന്നത്
വിറകൊള്ളുന്ന എന്റെ ഉടലിൽനിന്നു തന്നെയാണല്ലോ.

കവിയും വിവർത്തകയും കുട്ടികൾക്കായി മെക്സിക്കൻ നാടോടി കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. റഹിമിന്റെ തൂവൽ കുപ്പായക്കാർ എന്ന പക്ഷികളെ കുറിച്ച് കുട്ടികൾക്കായുള്ള പുസ്തകം ദി ഫെതേർഡ്‌ ഫ്രെണ്ട്സ് എന്ന പേരിൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു. ഐ എം ജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.