കരിഞ്ഞുപിടിച്ചവ

ചില രുചിയും മണവും
ആത്മാവിന്റെ അടിത്തട്ടിൽ
കരിഞ്ഞുപിടിക്കുന്നതെങ്ങനെയെന്ന്
നിങ്ങൾക്കറിയാൻ വഴിയില്ല!

അതറിയാൻ പെണ്ണായി ജനിക്കണം

പാവാടത്തുണിയിൽ
അവിചാരിതമായി കാണുന്ന
ചുവന്നപൊട്ടിലാണ്
സിരകളിൽ ഭ്രാന്തു പൂക്കുന്നതിന്റെ
സുഖം ആദ്യമറിയുക
തണുത്ത ഞരമ്പുകളിൽ
ഉരഞ്ഞുകത്തുന്ന
തീപ്പെട്ടിക്കൊള്ളിയുടെ മണമായി

തെങ്ങിൻപൂക്കുല ലേഹ്യവും
കൊടങ്ങലപ്പവും
ദഹിച്ചുചേരാതെ ബഹളംവയ്ക്കുമ്പോൾ
വേവാതടിക്ക് പിടിച്ച മണം
തികട്ടാൻ തുടങ്ങും

അടിവയറ്റിലെ
അമർത്തിയ വേദനകൾ
കലങ്ങിക്കുത്തിയടർന്ന് മാറുമ്പോൾ
ജനനമരണങ്ങൾ
ചാക്രികമായി
പൂത്തുപൊഴിയുന്നതറിയും

ഒന്നിച്ചറിഞ്ഞതൊക്കെ
ഒറ്റയ്ക്ക് ചുമക്കുമ്പോൾ
അമർത്തിയൊതുക്കിയ കലഹങ്ങൾ
മനംപുരട്ടും

കുറെയൊക്കെ
ഛർദ്ദിച്ചൊഴിവാക്കിയാലും
വാട്ടിപ്പൊതിഞ്ഞ ഇലയിലെ
ഉയരുന്ന ചമ്മന്തിമണം
മരണംവരെ
ചിലർക്ക്  പുളിച്ചുതികട്ടും.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു