കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )

‘ ഹോ! തലയ്ക്കുള്ളിൽ തുമ്പികളുടെ പെരുക്കം.
ഹെലികോപ്റ്റർ ഛായയുള്ള ആനത്തുമ്പികളുടെ ചിറകടി.
അവ തലയുടെ ഭിത്തികളിൽ വന്നു തട്ടുമ്പോൾ ഒരു കിരുകിരുപ്പ്.
ചിന്തകൾ മുറിയുന്നു, വീഴുന്നു…’

ഹിത ഇപ്പോൾ ഒരു ചുവന്ന കസേരയിലിരിക്കുകയാണ്. മുറ്റത്തെ വെയിലിൽ,പുറത്തു കൊണ്ടിട്ട സെറ്റികൾക്ക് മുകളിൽ ഇതാ നിറയെ ആനത്തുമ്പികൾ വേഗത്തിൽ പാറുന്നു. താഴെ ടൈൽസിൽ ഒരു ചുവന്ന കടലാസ് മടങ്ങിക്കിടക്കുന്നു… അവൾ വായിച്ചു- സ്മാർത്തം!!. എന്തിനെന്നറിയാതെ കാൽവിരലുകളാൽ അവൾ ആ നോട്ടീസ് ഒന്ന് തിരിച്ചിട്ടു. ‘SMART HOMES VILLA PROJECT’.

തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ ‘സ്മാർത്തം’. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്. അപാരമായ ഭാവനാവിലാസവും സമൃദ്ധമായ വാക്കുകളും കൊണ്ട് പക്ഷേ, ഈ കഥ വായനക്കാരെ അതിശയിപ്പിക്കുന്നു. ഒപ്പം കഥയിലെ ചില ചോദ്യങ്ങൾ തുമ്പി ചിറകടിയൊച്ചകൾ പോലെ കേൾക്കാറാകുന്നു.

കെ വി മണികണ്ഠൻ ( Image Courtesy : Manorama online )

വിവാഹിതരായ രണ്ടു വ്യക്തികളുടെ പ്രണയമാണ് ‘സ്മാർത്തം’ എന്ന കഥയുടെ പ്രമേയം.കഥയുടെ പേര് രണ്ട് അർത്ഥത്തിലും യോജിക്കുന്നുണ്ട്. പണ്ടത്തെ സ്മാർത്തവിചാരം എന്ന വിചാരണാ രീതിയുമായി ബന്ധപ്പെട്ടും അതുപോലെതന്നെ മടങ്ങിക്കിടന്ന നോട്ടീസിലെ അക്ഷരങ്ങൾ ചേർത്ത് വായിക്കുമ്പോഴും. പേരും അക്ഷരങ്ങളും വാക്കുകളും കഥയുടെ പ്രമേയവുമായി നന്നായി വിളക്കി ചേർത്തു കഥാകൃത്ത് . സ്മാർട്ട് ഹോംസ് വില്ല പ്രോജക്ട് എന്ന നോട്ടീസിന്റെ സൃഷ്ടിയൊക്കെ വായനക്കാരെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരന്റെ തന്ത്രമാണ്.

തുടക്കത്തിൽത്തന്നെ ഹിത എന്ന കഥാപാത്രം സ്വയം പരിചയപ്പെടുത്തുന്നത് എങ്ങിനെയാണെന്നു നോക്കുക. അവർ മഹിമ ഹരിത എന്നീ രണ്ടു പെൺമക്കളുടെ അമ്മയും മധു എന്നൊരാളുടെ ഭാര്യയും ഒപ്പം ഒരു കാമുകിയും കൂടിയാണ്. ഇപ്പോൾ അവളുടെ ഓർമ്മയുടെ വഴിത്താരയിൽ സച്ചിയുടെ പോക്കുവരവുകളാണ് മിന്നിമറയുന്നത്. മധുവിന്റെ സഹോദരീ ഭർത്താവാണ് സച്ചി എന്നുവിളിക്കുന്ന സച്ചിദാനന്ദൻ. ഇദ്ദേഹമാണ് ഇവരുടെ കുടുംബത്തിന്റെ പില്ലർ. അമ്മയ്ക്കും എന്തിനുമേതിനും മരുമകൻ സച്ചിയാണ് മുഖ്യം. മകൻ മധുവല്ല. പക്ഷേ ഇന്ന് ചലനമറ്റ സച്ചിയെ കണ്ടപ്പോഴാണ് ഓർമകളുടെ വെളുത്ത താളിലേക്ക് ചില ജീവിത ചിത്രങ്ങൾ വീണുമായുന്നത്. അവസാന നിമിഷം സച്ചിയുടെ മുഖം കാണുമ്പോഴേക്കും ഹിത വിവേകം നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്നു. സച്ചിയുടെ ഭാര്യ സീതയുടെ പുരികങ്ങൾക്ക് പകരം രണ്ട് സർപ്പക്കുഞ്ഞുങ്ങൾ. അവ ചോദ്യചിഹ്നങ്ങൾ പോലെ പത്തി വിടർത്തിയാടി. എങ്ങും മിഴിഞ്ഞ കണ്ണുകളും തുറന്ന വായകളും മാത്രം!.

97ൽ കാലിക്കറ്റിൽ ഫിസിക്സിൽ ഡിഗ്രിക്ക് രണ്ടാം റാങ്ക് കിട്ടിയ ആളാണ് ഹിത. ആകാശമായിരുന്നില്ല അവളുടെ സ്വപ്നങ്ങളുടെ പരിധി. ശൂന്യാകാശമായിരുന്നു അവളുടെ ഭ്രമം. മേഘങ്ങളില്ലാത്ത ദിവസം അവൾ ഒരുന്മാദിയെപ്പോലെ വാർക്കപ്പുറത്ത് മലർന്നു കിടന്നു.ഐ.എസ്. ആർ. ഒ യിൽ സയന്റിസ്റ്റ് തസ്തികയിലേക്ക് എഴുതണ്ട പരീക്ഷകൾക്ക് അവൾ അന്നേ പ്രിപ്പറേഷൻ തുടങ്ങി. പക്ഷേ എല്ലാം വെറുതെ!


അവൾ സ്നേഹിച്ച ഗ്രഹങ്ങൾ അവൾക്ക് പാരയായി. കണിയാൻ വീശിയെറിഞ്ഞ കവടികളിൽ പത്തിൽ പത്തു പൊരുത്തവുമൊത്ത മധുസൂദനൻ എന്ന സുന്ദരന്റെ വരവായിരുന്നു അവളുടെ ജീവിതത്തിലെ ബ്രേക്ക്. അവളുടെ ശൂന്യാകാശ സ്വപ്നങ്ങളുടെയും!

എന്തിനോടുമുള്ള നിസ്സംഗതയാണ് ഹിതയുടെ ഭർത്താവ് മധുവിന്റെ മുഖമുദ്ര. എപ്പോഴും ഒരു ബ്ലാങ്ക് ലുക്കുള്ള മനുഷ്യൻ. ബാങ്കിന്റെ ചീഫ് ജനറൽ മാനേജരാവുക എന്നതാണ് അയാളുടെ ലക്ഷ്യം. മധുവിന്റെ നിസ്സംഗതാ മനോഭാവത്തിന് നിരവധി ഉദാഹരണങ്ങൾ കഥാകൃത്ത് നിരത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിനിടെ കണ്ട ഒരു ആത്മഹത്യയാണത്. കുറച്ചകലെ റെയിൽപാളത്തിൽ ഒരാണും പെണ്ണും വിവാഹവസ്ത്രങ്ങൾ പോലെ പുത്തൻ സാരിയും മുണ്ടും ധരിച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നു. തീവണ്ടിയുടെ ശബ്ദത്തിനൊപ്പം ഒരു നീണ്ട ഓരിയിടൽ. ഹിത വിരലുകൾക്കിടയിലൂടെ കണ്ടൊരു കാഴ്ച. ആ പുരുഷൻ പിടഞ്ഞെണീറ്റ് പാലത്തിനപ്പുറത്തേക്ക് ചാടുന്നു! തീവണ്ടി സ്ത്രീയെ തൂത്തരച്ചു കൊണ്ടുപോയി.
ഹിത ചലനമറ്റുപോയി. നോക്കൂ അയാൾ ആ പെൺകുട്ടിയെ…..! ‘അതിനെന്താ’ എന്നായിരുന്നു മധുവിന്റെ മറുപടി. ഏതൊരു നിഷ്ഠൂരതയോടും അയാൾക്ക് നിർവികാരതയാണ്!

സ്വാഭാവികമായും ഹിത പ്രണയത്തിലകപ്പെട്ടു. ആ പ്രണയം അവരുടെ ജീവിതത്തെ വർണ്ണാഭമാക്കുകയായിരുന്നു. അമ്മയുടെ മാറ്റം മകൾ മനസ്സിലാക്കുകയും ചെയ്തു. പുത്തൻ ടാറിട്ട റോഡിൽ കറുത്ത കവചം ഭേദിച്ചുകൊണ്ട് തളിർത്ത തത്തമ്മപ്പച്ച നിറത്തിൽ രണ്ടിലകൾ മാത്രമുള്ള ഒരു മരതൈയായി അവൾ മാറി.

ഹിതയുടെ മനസ്സിൽ ഓർമകളുടെ പെരുമഴ പെയ്തു തോർന്നേയില്ല. ഇടയ്ക്കെപ്പോഴോ സച്ചിയുടെ ചിത കത്തിയമർന്നു. ഏറെക്കാലത്തിനു ശേഷം മധു ആദ്യമായി ഡ്രൈവ് ചെയ്തു. .

ഒരു വിധവയെ പോലെ മുറിയിൽ അടച്ചിരുന്നു. 13 ദിവസത്തിനു ശേഷം ഹിതയുടെ അടച്ചിരിപ്പിലേക്ക് അവരെത്തി- സീത. ഹിതയും സീതയും ആശാന്തമായ ഓർമകളുടെ കലവറ തുറക്കുമ്പോൾ വായനക്കാരൻ ചില ചോദ്യങ്ങളുടെ ലളിതയുക്തിയെ ചിന്തിക്കാൻ തുടങ്ങുന്നു.

മരണം സാരമില്ല.. എന്നാൽ ജീവിക്കാതിരിക്കുക എന്തെന്ന് നിനക്കറിയാമോ?

കച്ചവടം പൊടിപൊടിക്കുന്ന ഇറച്ചി കടയ്ക്ക് മുന്നിൽ കുറ്റിയിൽ കെട്ടിയിട്ട അറവുമാട് എന്തൊക്കെ ചിന്തിച്ചു കൂട്ടില്ല ??

2023 ഏപ്രിൽ 30-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ‘സ്മാർത്തം’ . കെ ഷെരീഫിന്റെ ചിത്രീകരണം

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.