കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )

‘ തിരുമുറിവുകളിൽ നീ നീറും
പല മുറിവുകളിൽ ഞാൻ നീറും
ആശിപ്പോരുടെ ആശകളെല്ലാം
ഈശോയെ നീ അറിയണമേ…..’

ഇത് ബൈബിളിലെ തിരുവചനമല്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ശ്രീ ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘പരിഹാര സ്തുതികൾ’ എന്ന നീണ്ടകഥയിലെ ഒരു പ്രധാന കഥാപാത്രമായ വറീത് പഞ്ഞിക്കാരന്റെ സ്തുതിഗീതമാണിത്. കുഞ്ഞപ്പി എന്ന സ്വന്തം മകനെ പാപത്തിന്റെ വഴികളിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി ഹൃദയം നുറുങ്ങിയെഴുതിയ വരികൾ. പക്ഷേ ഒരു വരി പോലും അവൻ വായിച്ചില്ല. ഇതിൽ വറീത് പഞ്ഞിക്കാരന് അതിശയമൊന്നുമില്ല കാരണം അവൻ പാപത്തിന്റെ സന്തതിയായിരുന്നു.

നാലു ഭാഗങ്ങളായിട്ടാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. രചനയുടെ മർമ്മവും സിദ്ധിയും കഥയുടെ ക്രാഫ്റ്റിന്റെ മികവും ശ്രദ്ധേയമാണ്. കഥക്കുള്ളിൽ നമുക്ക് പല കഥകൾ വായിക്കാം.

തുടക്കം പോലീസുകാരൻ പറയുന്ന കഥ
വറീത് കുഞ്ഞിക്കാരൻ പറയുന്ന കുഞ്ഞാപ്പിയുടെ കഥ
മെറ്റിൽഡ പറയുന്ന സിബിച്ചന്റെയും
ജാക്ക് നിക്കോൾസൺ എന്ന സുവിശേഷക്കാരന്റെയും കഥ

ഇങ്ങനെ കഥാപാത്രങ്ങൾ പറയുന്ന കഥകൾ.

ദേവലോകം പള്ളിയുടെ പുറകിൽ ‘അലോഷി’ ജിംനേഷ്യം നടത്തുന്ന വറീത് പഞ്ഞിക്കാരൻ പഴയ റൗഡിയാണ്. സ്വഭാവദൂഷ്യങ്ങൾക്കടിമയായിരുന്നു എങ്കിലും പിന്നീട് നല്ലവനായി.

ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി ‘വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും’ ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു. മെറ്റിൽഡയുടെ ഭർത്താവ് സിബിച്ചൻ, ജാക്ക്നിക്കോൾസൺ എന്നൊരു സുവിശേഷക്കാരന്റെ സ്വാധീനത്താൽ ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞെന്നും അങ്ങനെ ഒരാൾ വീട്ടിലുണ്ടെന്നേ താൻ ചിന്തിക്കുന്നില്ലെന്നും അവൾ അയാളോട് വെളിപ്പെടുത്തുന്നു.

കഥയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് കുഞ്ഞപ്പി. ഈ കഥയിലൊന്നും പക്ഷേ ജീവനോടെ കുഞ്ഞപ്പി വരുന്നില്ല. മറ്റുള്ള കഥാപാത്രങ്ങൾ ഓർമയുടെ അയക്കോലിൽനിന്ന് വീണ്ടെടുത്ത കുഞ്ഞപ്പിയുടെ കഥകൾ പങ്കിടുകയാണ് ചെയ്യുന്നത്.

“കുളിക്കടവിലും കിടപ്പുമുറിയിലും ഒക്കെ എത്തിനോക്കുന്ന ഒരു ഹോബി ഉണ്ടായിരുന്നു അപ്പിക്ക്. ഒരിക്കൽ ആറ്റുമാലിയിലെ പൊന്തയ്ക്കിടയിൽ പാണലിൽ പിടിച്ചു തൂങ്ങിക്കിടന്ന്‌ എരണക്കാട്ടെ ലീലാമ്മയുടെ കുളി കാണുകയായിരുന്നു. എന്തായാലും ദൈവം തമ്പുരാന് അതത്ര പിടിച്ചില്ല.അതൊക്കെ മൂപ്പർക്ക് മാത്രം കാണാനുള്ളതാണെന്ന്! ഒച്ചയില്ലാണ്ട് വന്നിട്ട് ദൈവം ആ പാണല് ചോടെ അങ്ങ് പറിച്ചു. ലീലാമ്മയുടെ മെഴുമെഴുപ്പ് കണ്ടപ്പോൾ പാണലേന്നുള്ള പിടിവിട്ട് കരിങ്കല്ലുമ്മേൽ തലയടിച്ചു വീണു”. കുഞ്ഞപ്പിയുടെ അന്ത്യം ഹാസ്യാത്മകമായിട്ടാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. ഹാസ്യാത്മകത കഥയുടെ മറ്റു പല സന്ദർഭങ്ങളിലും കാണാം. നാടൻ ഭാഷയുടെ തനിമ കഥയെ ഇന്ദ്രിയാനുഭവപരമാക്കുന്നു. ആഖ്യാനശൈലിയും സവിശേഷമാണ്.

രണ്ടാം ഭാഗത്തിൽ വറീത് കുഞ്ഞിക്കാരൻ സ്വന്തം ജീവിതകഥ പറയുകയാണ്. ഈപ്പൻ കപ്യാരുടെ മകൾ ശോശന്ന എന്ന ദൈവഭയമുള്ള, ഗുണവതിയായ ഒരു സ്ത്രീ തെമ്മാടിയായ വറീത് പഞ്ഞിക്കാരനെ കെട്ടിയതിലുണ്ടായ സന്തതിയാണ് കുഞ്ഞാപ്പി. ദൈവകൽപ്പനകളിൽ ചുവടു പിഴക്കാതെ ചെറുപ്പം മുതലേ വഴി നടന്നവൾ അണലിസന്തതിയെ പ്രസവിച്ചതിന്റെ പാപഭാരത്താൽ ഒരുപാട് മനസ്താപപ്പെട്ടു. മുറിഞ്ഞുപോയ തന്റെ പാപം നിറഞ്ഞ ജീവിതം അപ്പിയിലൂടെ പൂർത്തീകരിക്കപ്പെടുന്നത് വറീത് പഞ്ഞിക്കാരനും കണ്ടു. മുറിഞ്ഞു വേർപെട്ട ഒരു അവയവമായിരുന്നു അയാൾക്ക് കുഞ്ഞപ്പി.

ഉണ്ണികൃഷ്ണൻ കിടങ്ങൂർ

വറീത് പഞ്ഞിക്കാരന്റെ റൗഡിപ്പെരുമകൾ വാക്കുകളുടെ പെരുക്കത്തിലൂടെ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു, രണ്ടാം ഭാഗത്തിൽ. പകയുടെ കനലുമായി തുരുമ്പിച്ച വാളുമെടുത്ത് മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങുമ്പോൾ ചിമ്മിനി വിളക്കുമായി ശോശന്ന അവിടെ പ്രത്യക്ഷപ്പെട്ടു. ” എത്ര ഇരുട്ടിലേക്ക് പോയാലും വെളിച്ചം നിങ്ങടെ പുറകെ വരും. കയ്യിലിരിക്കുന്ന തുരുമ്പേലല്ല ഇനി നിങ്ങളുടെ രക്ഷ. അതിനുള്ളവൻ മുകളിലുണ്ട്. അവനെ സ്തുതിച്ച് നിങ്ങൾ വരുന്നതും കാത്ത് ഞാൻ ഈ തിണ്ണേലുണ്ടാവും”. ഒരു പാപിയുടെ വിത്തു വിതയ്ക്കുവാൻ അവളുടെ ഗർഭപാത്രത്തെ ദൈവം പരുവപ്പെടുത്തി. വറീത് പഞ്ഞിക്കാരൻ ശോശന്നയിലേക്ക് തിരിച്ചെത്തി. ‘പാപത്തിന്റെ ശമ്പളം മരണമാണ്’ എന്ന ബൈബിൾ വചനം ഉണ്ടെങ്കിലും ‘പരിഹാരസ്തുതി’യിലൂടെ അയാൾ ശുദ്ധനാക്കപ്പെട്ടു.

മൂന്നാം ഭാഗത്തിൽ മെറ്റിൽഡയുടെ തിരിച്ചുപോക്കാണ്. സിബിച്ചനെ എത്രയധികം അവഗണിച്ചിട്ടും അയാളുടെ മുഖത്തെ ശാന്തത ഭഞ്ജിക്കാൻ മെറ്റിൽഡക്ക് പറ്റിയിട്ടില്ല. കടുത്ത പനിയിൽ ഉറക്കത്തിൽ അവൾ അപ്പിയെ സ്വപ്നം കണ്ടു. പിറ്റേന്ന് രാവിലെ അവൾ കണ്ണാടിയിൽ നോക്കി. “മരിക്കുവോളം ഒരുവൻ മനസ്സിൽ സൂക്ഷിച്ച മുഖമാണിത്. ഒളിഞ്ഞും തെളിഞ്ഞും അവൻ ഓരോ പെണ്ണിലും തിരഞ്ഞത് ഒരിക്കലും കിട്ടാത്ത എന്നെ ആണെന്ന് തോന്നുന്നു. ഒരിക്കലെങ്കിലും ഈ വിരലുകൾ കൊണ്ട് വെറുതെ ഒന്ന് തൊട്ടിരുന്നെങ്കിൽ മരണത്തിലേക്ക് അവൻ തലകുത്തി വീഴുമായിരുന്നില്ല. അപ്പിയും അവഗണിക്കപ്പെട്ട വിശുദ്ധനെപ്പോലെ സിബിച്ചനും അവളുടെ മനസ്സിലേക്ക് അതിക്രമിച്ചു കയറി. പരിഹാരമെന്നോളം അവൾ സിബിച്ചനെ സ്നേഹിക്കാൻ തുടങ്ങി.

നാലാം ഭാഗത്തിൽ പോലീസുകാരനിലേക്കു കഥതിരിയുന്നു. വറീത് പഞ്ഞിക്കാരന്റെ സ്തുതിഗീതങ്ങൾ ക്വാർട്ടേഴ്സിൽ വെറുതെ വെച്ചു. മെറ്റിൽഡ വന്നു പോയിട്ട് വർഷങ്ങൾ മൂന്നായി.അങ്ങനെയിരിക്കെ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്തത് അയാൾ ശ്രദ്ധിക്കുന്നു. ഭർത്താവും കുട്ടിയും ഒപ്പമുള്ള ഫോട്ടോയാണ് പ്രൊഫൈൽ പിക്ചർ.

എങ്ങനെയാണ് കുഞ്ഞപ്പിയുടെ ഛായയുള്ള ഒരു കുട്ടി മെറ്റിൽഡയോടൊപ്പം ഉണ്ടായത്?

ഈ ചോദ്യത്തിലൂടെ സ്വതന്ത്രസുന്ദരമായ സങ്കൽപ്പമണ്ഡലങ്ങൾ വായനക്കാരന് വിട്ട് പോലീസുകാരനെക്കൊണ്ട് കഥാകൃത്ത് വറീത് പഞ്ഞിക്കാരന്റെ അസമയത്തുവന്ന കോൾ അറ്റൻഡ് ചെയ്യിപ്പിച്ചു.

കഥാകൃത്തിന്റെ ഭാവനയുടെ ദൃശ്യാവിഷ്കാരം കഥയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ചിത്രീകരണത്തിലൂടെ കെ. ഷെരീഫ് സമ്പന്നമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 47-ാം ലക്കത്തിലാണ് ‘പരിഹാര സ്തുതികൾ’ അച്ചടിച്ചു വന്നത്. ഓരോ കഥകൾക്കും ഓരോ നിറമുണ്ടെന്ന് ശ്രീ ഉണ്ണികൃഷ്ണൻ കിടങ്ങൂർ വിശ്വസിക്കുന്നു. കഥാകൃത്തിന്റെ ഓരോ കാഴ്ചകളിലും നിരവധി കഥകൾ ഒളിച്ചു കളിക്കുന്നുണ്ടാവണം, കഥാപാത്രങ്ങളും!

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.