
പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് ‘നാഗപ്പുഴ’. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം. കഥയുടെ മുഖ്യ കഥാപാത്രം പ്രകൃതിയാണ്. ജീവിതത്തിന്റെ പ്രവാഹം പോലെ മനുഷ്യന് നിയന്ത്രിക്കാനാവാത്ത ശക്തിയാണ് പുഴയും. കഥയിലെ ഭാഷയുടെ ഒഴുക്ക് പുഴയുടെ ഒഴുക്ക് പോലെ തന്നെ ശക്തം. കഥയുടെ തുടക്കത്തിൽത്തന്നെ കരകവിഞ്ഞൊഴുകുന്ന പെരുമ്പുഴയുടെ കരയിലേക്ക് വായനക്കാരനെ നേരിട്ട് കൊണ്ടെത്തിച്ച് പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ ചെറുതും ബലഹീനനും ആണെന്നും കാലത്തിന്റെ പ്രവാഹം പോലെ ജീവിതത്തിന്റെ സഞ്ചാരവും അനിവാര്യമാണെന്നും കാട്ടിത്തരുന്നു.
കഥയിലെ പ്രധാന കഥാപാത്രവും അയാളുടെ വീടിന്റെ സമീപമുള്ള പുഴയിൽ രാത്രിയിൽ തോണിയിൽ മീൻപിടിത്തതിനു പോകാറുള്ള വിനോദനും മാത്രമാണ് കഥയിലുള്ളത്. വിനോദൻ ചില്ലറക്കാരനല്ല. പുതുവെള്ളത്തിൽ കുതിച്ചു കയറുന്ന മീനുകളെ പിടികൂടുക എന്നത് അയാൾക്ക് ഒരു ഹരമാണ്. എത്ര തുഴ പിടിച്ചാലും കൈക്കരുത്ത് ചോരാത്തവൻ! എത്ര മഴ കൊണ്ടാലും പനി പിടിക്കാത്തവൻ! എത്ര നനഞ്ഞാലും കുതിരാത്ത ചങ്കൂറ്റം ഉള്ളവൻ’! ധൈര്യശാലിയും സാഹസികനുമായ വിനോദനെ ഭംഗിയായി കഥാകൃത്ത് അവതരിപ്പിക്കുന്നു. വിനോദനോടൊപ്പം മീൻ പിടിക്കാൻ നടത്തിയ തോണിയാത്രയുടെ സാഹസികകഥകൾ മനോഹരമായ ഭാഷയിലാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. പ്രപഞ്ചം മുഴുവൻ നിദ്രയിലാഴുമ്പോൾ ഉണർന്നിരിക്കുന്ന ഒരുനദിയേയും രണ്ടു മനുഷ്യരെയും മനോഹരമായി കഥയിൽ ആവിഷ്കരിച്ചിരിക്കുന്നു. കവിതാരചനയിലൂടെ സാഹിത്യത്തിലേക്ക് പ്രവേശിച്ച എഴുത്തുകാരൻ കഥയിൽ പോലും കവിതാസൗന്ദര്യം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകുന്നു.
‘ ഈ പുഴയിൽ നിന്നും എന്നെങ്കിലും എനിക്കൊരു സ്വർണ മീനിനെ പിടിച്ചു തരണമെന്ന് ചെറുപ്പകാലം തൊട്ടേ ഞാൻ അവനോട് പറയുന്നതാണ്. പുഴയിൽ സ്വർണ മീനുണ്ടോ എന്ന് വാസ്തവത്തിൽ എനിക്ക് ഉറപ്പില്ല. പക്ഷേ വിനോദൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് എന്നെങ്കിലും ഒരിക്കൽ അത് നടക്കും ‘… പുഴയിലെ സ്വർണമീൻ യഥാർത്ഥത്തിൽ വിചിത്രമായ ബാല്യകാല സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും പ്രതീകമാണ്. ബാല്യകാല സ്വപ്നങ്ങളും വാഗ്ദാനങ്ങളും, അവ യാഥാർത്ഥ്യമാകണമെന്നില്ലെങ്കിലും, മനുഷ്യന്റെ മനസ്സിൽ ഒരിക്കലും മങ്ങാതെ നിലനിൽക്കും.
കഥയുടെ ഭാഷ കവിതാപരവും ദൃശ്യവിസ്മയത്തോടുകൂടിയതുമാണ്. പുഴയെ വെറും ജലധാരയായി മാത്രമല്ല, ഒരു കഥാപാത്രമായി തന്നെ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. ദൃശ്യങ്ങളെ കവിതാഭാവത്തിൽ വരച്ചിടുമ്പോൾ വായനക്കാരന് പുഴയെ കാണാനും കേൾക്കാനും അനുഭവിക്കാനും സാധിക്കുന്നു. കഥയുടെ സന്ദേശം വ്യക്തമാണ് – പ്രകൃതിയെയും പുഴകളെയും സംരക്ഷിക്കണം; അവയുടെ നഷ്ടം സമൂഹത്തിന്റെ നഷ്ടവുമാണ്. നാഗപ്പുഴ പരിസ്ഥിതി ബോധം വളർത്തുന്ന, പഴമയുടെ ഓർമ്മകൾ ഉയർത്തുന്ന, പ്രകൃതിയോടുള്ള നമ്മുടെ കടപ്പാടുകൾ ചൂണ്ടിക്കാണിക്കുന്ന ശക്തമായ കഥയാണ്. കഥാകൃത്തും പുഴയും തോണിയും നാട്ടുകാരും ഒക്കെ ഈ കഥയിൽ ജീവിക്കുന്നു.

ബിജോയ് ചന്ദ്രൻ
രണ്ടുപേരുടെയും രാത്രിയിൽ ഉള്ള തോണിയാത്ര ജീവിതയാത്രയുടെ പ്രതീകമാണ്
ഒരിക്കലും കൈവരിക്കാനാകാത്ത പ്രതീക്ഷകളുടെ പ്രതീകമാണ് നാഗം. ചിത്രത്തിലെ മുട്ടകൾ വിരിയാത്ത പ്രതീക്ഷകളെ, പൂർത്തിയാവാത്ത സ്വപ്നങ്ങളെ സൂചിപ്പിക്കുന്നു. പുഴ കടന്നുവന്ന മൂർഖൻ പാമ്പ് മാളികവീടിന്റെ കൽഭിത്തിയിലെ തീരെ വ്യക്തമല്ലാത്ത ഒരു വലിയ ഫോട്ടോയെ ചുറ്റിക്കിടക്കുന്നു. വർഷങ്ങൾ പഴക്കമുള്ള ആ ഫോട്ടോയിൽ അവ്യക്തമെങ്കിലും വിചിത്രമായ ഒരു ചിത്രം അവർ കണ്ടു. ഒരുകൂറ്റൻ പാമ്പ് പത്തിവിടർത്തി നിൽക്കുന്ന പടമായിരുന്നു അത്. അതിന്റെ വയറിന് താഴെ കുറെ പാമ്പിൻ മുട്ടകൾ വിരിയാൻ സമയം കാത്തു കിടക്കുന്നു. ഈ ചിത്രത്തിലെ മുട്ടകളിലാണ് പുഴ കടന്നുവരുന്ന പെരുമ്പാമ്പ് ഏറെനേരം അടയിരിക്കാനായി എത്തുന്നത്. ഒരിക്കലും വിരിയാത്ത ആ മുട്ടകളിലാണ്, കുത്തൊഴുക്കെല്ലാം മുറിച്ച് നീന്തിയെത്തുന്ന ആ നാഗത്തിന്റെ പ്രതീക്ഷ അത്രയും.
“പിടിച്ച മീനിനെ ഓർത്ത് അനുതാപം അരുത്. അത് നിന്റെ ജീവിതമാണ്. കളഞ്ഞുപോയതിനെ ഓർത്തുള്ള നിരാശയും വേണ്ട. ഒരു മീനും പുഴ വിട്ട് എവിടേക്കും പോകുന്നില്ല”. പണ്ട് രാമേട്ടൻ പറഞ്ഞതാണ്. കഴിഞ്ഞു പോയ കാര്യം ഓർത്തു വിഷമിക്കേണ്ടതില്ല.
നാഗത്തിന്റെ വഴി തടയുന്നവരെ പല നിർഭാഗ്യങ്ങളും കാത്തിരിക്കും. അതുകൊണ്ട് സ്വർണ്ണമീനിനെ ലഭിച്ചിട്ടും അതിനെ നഷ്ടപ്പെടുത്തിയത് ഭാഗ്യദോഷം കൊണ്ടാണെന്നു ചിന്തിക്കുന്നു. നഷ്ടങ്ങൾ, തെറ്റുകൾ, അവസരങ്ങൾ -കഴിഞ്ഞുപോയതാണെങ്കിൽ അവയെക്കുറിച്ച് പശ്ചാത്താപത്തിൽ കഴിയുന്നത് ജീവിതത്തെ മങ്ങിയതാക്കും. ഒരു മീനും പുഴ വിട്ട് എവിടേക്കും പോകുന്നില്ല. അവസരങ്ങൾ, സാധ്യതകൾ, സന്തോഷങ്ങൾ—എല്ലാം ജീവിതത്തിൽ തന്നെയുണ്ട്; അത് നമ്മെ വിട്ടുമാറുന്നില്ല. കഥാന്ത്യത്തിൽ വിനോദന് കൂട്ടുകാരൻ സ്വർണ്ണനിറമുള്ള ഒരു വലിയ മീനിനെ കൊടുക്കുന്നു. പുഴയ്ക്ക് നേരെ പ്രാണരക്ഷാർത്ഥം അത് കുതിക്കുന്നു. അയാൾ ചരലും ചെളിയും നിറഞ്ഞുകിടക്കുന്ന കരക്കുനേരെയും. രണ്ടു മാർഗ്ഗങ്ങളുടെ പിൻവിളിയാണ് അവർക്കിടയിലെ പ്രശ്നം എന്നു കഥാകൃത്ത് പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന പ്രയത്‌നത്തിന്റെ പ്രതീകം!
കഥയുടെ ശൈലിതന്നെ വലിയൊരു ശക്തിയാണ്. കവിതാസാന്നിധ്യം നിറഞ്ഞ ഭാഷയും ദൃശ്യവിസ്മയങ്ങളുള്ള വിവരണങ്ങളും കഥയെ വേറിട്ടതാക്കുന്നു. വായനക്കാരൻ പുഴയുടെ ശബ്ദം കേൾക്കുകയും നിറം കാണുകയും ചെയ്യുന്നുവെന്ന തോന്നൽ കഥ നൽകുന്നു. ദൃശ്യങ്ങളും ശബ്ദങ്ങളും നിറങ്ങളുമുള്ളൊരു കലാസൃഷ്ടിപോലെ എഴുത്തുകാരൻ പുഴയെ വരച്ചിടുന്നു. വായനക്കാരന് സംവേദനാത്മക വിവരണം നൽകാൻ കഴിഞ്ഞു . ഓരോ രംഗവും ചിത്രപടം പോലെ വായനക്കാരന് മുന്നിൽ തുറന്നുകിടക്കുന്നു. കഥയിലെ കവിതയും സമ്പന്നമായ ഭാഷയും കഥാവായനക്ക് ശേഷവും ഇതിലെ പല രംഗങ്ങളും ഓർമ്മയിൽ പതിഞ്ഞു നിൽക്കാൻ ഉതകുന്നു . കഥയുടെ ഭാവാത്മകത വർധിപ്പിക്കുന്നതരത്തിൽ ചിത്രീകരണം നടത്തിയിരിക്കുന്നത് ശ്രീ.സചീന്ദ്രൻ കാറഡുക്കയാണ്.









