കോന്തിര, കോന്ദ്ര അല്ലെങ്കിൽ കോന്ദ്ര വേലതാട്ടി
കീഴാള വർഗ്ഗത്തിന്റെ പ്രതിനിധി
മുറുക്കി ചുവന്ന ചുണ്ട്
തൂങ്ങിയ കാതുകൾ
മറയ്ക്കാത്ത മാറ്
കൊയ്ത്തരിവാളിന്റെ വളവുപോലെയുള്ള ശരീരം
നിഷ്കളങ്കമായ ചിരി.
ഇവയെല്ലാം ചേർന്നാൽ ശ്രീ.ഇളവൂർ ശശിയുടെ ‘കോന്ദ്ര’ യിലെ കഥാപാത്രമായി. ചുറ്റുമുള്ള പച്ചയായ ജീവിതങ്ങളെയാണ് ഭാവനയും കൂടി ചേർത്ത് ഈ കഥാകൃത്ത് മിക്കരചനകളിലും അവതരിപ്പിക്കുന്നത്. വലിയച്ഛന്റെ വീട്ടിൽ കൊയ്ത്തിനും ഞാറു നടീലിനും വരാറുണ്ടായിരുന്ന കോന്ദ്രയമ്മൂമ്മ എഴുത്തുകാരനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പഴയകാലത്തെ അടയാളപ്പെടുത്താൻ കോന്ദ്രയെപ്പോലെ മറ്റൊരു വ്യക്തി കഥാകൃത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.
കൊയ്ത്തു കഴിഞ്ഞ പാടത്തും വരമ്പിലും ഊർന്നുവീണു കിടന്ന നെൽക്കതിരുകളും നെൽമണികളും പെറുക്കി തന്റെ മാറാപ്പിലേക്ക് ശേഖരിക്കുന്ന കോന്ദ്ര. അതൊരു പഞ്ഞക്കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് . ചില പുറംകാഴ്ചകളുടെ അടയാളപ്പെടുത്തലും. റേഷൻകടയുടെ ചുറ്റുവട്ടത്തും പാടത്തും നെല്ലു നുള്ളിപ്പെറുക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ ഈ കഥാപാത്രത്തെ ഒരുക്കാൻ സഹായകമായിട്ടുണ്ടാവണം.
മക്കളും കൊച്ചുമക്കളുമുണ്ട് കോന്ദ്രയ്ക്ക്. പക്ഷേ ഒരു ഊന്നുവടി മാത്രമാണ് അവർക്ക് താങ്ങ് . ‘രാവിലെ നാലു കാൽ, ഉച്ചയ്ക്ക് രണ്ടുകാൽ, വൈകിട്ട് മൂന്നു കാൽ’ കുസൃതികൾ അവരെ കളിയാക്കി. പല്ലുകൾ കൊഴിഞ്ഞു. കീഴ്ചുണ്ടും മേൽചുണ്ടും വായ്ക്കുള്ളിലേക്ക് വലിഞ്ഞു. മുഖത്തെ ചുളിവുകൾ കഴിഞ്ഞുപോയ ഓരോ കൊയ്ത്തുൽത്സവത്തെയും ഓർമ്മിപ്പിച്ചു.
മാറുമറയ്ക്കാത്ത കോന്ദ്രയുടെ പാൽവറ്റിയ കറുത്ത മുലകൾ ഉറിപോലെ തൂങ്ങിക്കിടന്നു. അവരുടെ നിഷ്കളങ്കമായ ചിരിക്കൊപ്പം പുറത്തേക്ക് തെറിച്ച ചുവന്ന തുപ്പൽ വീണത് മേലാളന്മാരുടെ വസ്ത്രത്തിലേക്കാണ്. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പഴയകാല സാമൂഹ്യവ്യവസ്ഥയോടുള്ള ശക്തമായ പ്രതിഷേധം എഴുത്തുകാരന് കോന്ദ്ര എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കാൻ സാധിച്ചു.
ആധുനികത കടന്നു വന്നതോടെ പാടങ്ങൾ നികത്തപ്പെട്ടു. ഞാറു നടീലും ഞാറ്റുപാട്ടും അപ്രത്യക്ഷമായി. മക്കളും കൊച്ചുമക്കളും ആധുനികതയ്ക്ക് അടിമപ്പെട്ടുവെങ്കിലും പാടവരമ്പത്തെ പഴയ കുടിലിൽ, പുറമ്പോക്കിൽ കോന്ദ്രയ്ക്ക് ജീവിതം ഉദിച്ചസ്തമിച്ചു. കരുണ വറ്റാത്ത ചില പഴയ തറവാടുകൾ കോന്ദ്രയെ സഹായിച്ചു. വിശേഷ ദിവസങ്ങളിൽകിട്ടുന്ന ചോറും ഇറച്ചിയും തന്റെ വളർത്തുനായയുമായി പങ്കിട്ടെടുത്തു. കടുത്ത ദാരിദ്ര്യത്തിലും പങ്കിടൽ എന്ന നന്മയുടെ അവസാന കണ്ണിയായി. എന്നാൽ അതും അധികനാൾ നീണ്ടുനിന്നില്ല. ആധുനികത ഓരോ കുടുംബത്തിലും തിക്കിത്തിരക്കിയെത്തി.കോന്ദ്രയും മറവിയിലേക്ക് ആഴ്ന്നുപോയി.
ചില മനുഷ്യർ മരിച്ചിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ഇലക്ഷൻ സമയത്ത് ചില കുറിമാനങ്ങൾ നമ്മുടെ മുന്നിലെത്തുമ്പോഴാണ്. അതൊരു സങ്കടകരമായ കാര്യമാണെന്ന് കഥാകൃത്ത് തിരിച്ചറിയുന്നു. കാലങ്ങൾക്ക് ശേഷം അങ്ങനെയൊരിക്കലാണ് കോന്ദ്രയെ കണ്ടെത്തുന്നതും! സ്ഥാനാർത്ഥിയുടെ അകമ്പടിക്കാരിൽ ഒരുവൻ കുടിലിലേക്ക് തലയിട്ട് നീട്ടി വിളിച്ചു… കുടിൽ നിറയെ ദുർഗന്ധമായിരുന്നു.
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് ‘കോന്ദ്ര’ എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്. ‘കോന്ദ്ര’ ഉൾപ്പെടെ 11 കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. രചനയിലും ഭാഷാശൈലിയിലും എല്ലാ കഥകളും വ്യത്യസ്തമെങ്കിലും ‘കോന്ദ്ര ‘ മികച്ച വായനാനുഭവം നൽകുന്നു.
“പകൽ വെളിച്ചത്തിൽ ആയിരം വൈദ്യുത ബൾബുകളുടെ പ്രകാശവുമായി എന്റെ മുന്നിലേക്ക് എത്തുന്നവരെക്കാൾ എനിക്കിഷ്ടം എന്റെ ഇരുൾ വഴിയിൽ പതിയിരിക്കുന്നൊരു മൂർഖൻ പാമ്പിന്റെ ശിരസ്സിലിരുന്ന് പ്രകാശിക്കുന്ന മിന്നാമിനുങ്ങിനെയാണ്”.
15 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ശ്രീ ഇളവൂർ ശശി, ജീവിതയാത്രയിൽ തനിക്ക് വെളിച്ചമായിത്തീർന്ന എല്ലാ മിന്നാമിനുങ്ങുകൾക്കുമായിട്ടാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
“പൊന്നാനിയിൽ നിന്ന് ഇടശ്ശേരി എന്ന കവി ഇളവൂർ ശശിയുടെ കഥകൾ വായിക്കുന്നതായി ഞാൻ സ്വപ്നം കാണുന്നു. കുറ്റിപ്പുറം പാലവും കറുത്ത ചെട്ടിച്ചികളുംകളും നെല്ലു കുത്തുപാറുവും പുനരവതരിക്കുന്നു. അവർക്കും ഈ കോന്ദ്രയോട് എന്തൊക്കെയോ പറയാനുണ്ടത്രേ..!” (അവതാരികയിൽ ഡോക്ടർ ജയശീലൻ പി. ആർ.)
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ കഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച (2021) കഥയാണിത്. സുജിലി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. വില 125₹.