
കാലിക പ്രസക്തിയുള്ള പ്രമേയമാണ് ശ്രീമതി ആഷ് അഷിതയുടെ ‘മൈസൂര് മല്ലികെ’ എന്ന കഥയിലുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഈ കഥ ആശയം കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും നല്ല നിലവാരം പുലർത്തുന്നു. ലൂയിയുടെ വീട്ടിലെ വളർത്തുനായയെ, ‘ലോലോ’ എന്ന് തമിഴ് ചുവയോടെ വിളിച്ചുകൊണ്ട് മല്ലിക കടന്നു വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. ലോലോയുമായുള്ള അവളുടെ കളികളും കളികൾക്കിടയിൽ വെളിപ്പെടുന്ന തളിരാർന്ന ശരീരവും ലൂയിയെ അവളിലേക്ക് ആകൃഷ്ടനാക്കുന്നു. പോരെങ്കിൽ ജീവിതം വിഷാദത്തിന്റെ ഛായാപടങ്ങളിലേക്ക് ഒതുങ്ങിപ്പോയിരുന്നു, അക്കാലം. അയാളുടെ കാമനകളെ മന:ശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ‘പീഡോഫീലിയ’ എന്ന മാനസികാവസ്ഥയെ അപഗ്രഥിക്കുകയും ചെയ്യുന്നു ഈ കഥയിൽ.
ലൂയിയും ലൂക്കയും ഇരട്ടക്കുട്ടികളായിരുന്നു. അമ്മയുടെ ഗർഭപാത്രം മുതൽ പലതും അവർ ജീവിതത്തിൽ പങ്കിട്ടെടുത്തവരാണ്. ആഗ്രഹമുള്ളവരെ തന്റെ സ്വകാര്യ വലയത്തിലേക്ക് ആകർഷിച്ചടുക്കാനുള്ള ലൂക്കയുടെ നയചാതുരി അതിശയിപ്പിക്കുന്നതാണ്. തന്നെ ദൈവം സൃഷ്ടിച്ചത് ലൂക്കയിലേക്ക് പലരെയും എത്തിക്കാനുള്ള ഒരു കോണിച്ചുവട് മാത്രമായിട്ടാണെന്ന് ലൂയിക്ക് നന്നായറിയാം.
ലൂയി മീനാക്ഷിയെ വിവാഹം കഴിച്ചെങ്കിലും അവരുടെ ഇരട്ടക്കുട്ടികളെ സ്വന്തമാക്കി, ലോലോ എന്ന വളർത്തുനായയെ ഭർത്താവിന് സ്വന്തമായി കൊടുത്ത് ഗോവയിലേക്ക് തിരിച്ചു പോവുകയും ലൂയി ബാംഗ്ലൂരിൽ ഒറ്റയ്ക്കാവുകയും ചെയ്തു. യഥാർത്ഥത്തിൽ മീനാക്ഷി തട്ടിയെടുത്തു കൊണ്ടുപോയത് അയാളുടെ വിലമതിക്കാനാവാത്ത ചില ഓർമ്മകൾ കൂടിയാണ്. അതിൽ ഓർക്കിഡുകളും, പാട്ടുപെട്ടികളും, മഷിപ്പേനകളും, ആൽബങ്ങളും, എന്തിന്, അമ്മ മരണം വരെ ഉപയോഗിച്ചിരുന്ന പഴഞ്ചൻ ചായകോപ്പ വരെയുണ്ടായിരുന്നു. കഥ പറച്ചിലിനിടയിൽ, “ഓർമ്മകൾ കൊള്ളയടിക്കപ്പെടുമ്പോഴാണ് മനുഷ്യൻ തകരുന്നത്” എന്ന വസ്തുത ഒരു യാഥാർത്ഥ്യമാണെന്ന് വായനക്കാരനും മനസ്സിലാക്കുന്നു. തത്വചിന്താപരമായ ചില സങ്കൽപ്പങ്ങൾ കഥയിലുടനീളം കാണാൻ സാധിക്കും. അതിലൊന്ന്, അമ്മയിൽ നിന്നാണ് പെൺമക്കൾക്ക് പ്രേമത്തിന്റെ രഹസ്യവിത്ത് ആദ്യമായി കിട്ടുന്നത് എന്നതാണ്. ഫ്ലാറ്റുകളിലെ ആളുകളുടെ തുണികൾ തേച്ചു കൊടുക്കുന്ന ഒരുത്തനായിരുന്നു അവരുടെ ആദ്യ ഭർത്താവ്. പെണ്ണുകെട്ടിന്റെ വീര്യം തീരും മുന്നേ അയാൾ കുടിച്ചു ചത്തു. അയാളുടെ ശവയാത്ര കൊഴുപ്പിക്കാനായി വന്ന ബാൻഡ് മേളക്കാരുടെ കൂട്ടത്തിലാണ് അവളുടെ അമ്മ കുഴലി ആദ്യമായി ബച്ചൻ സാബിനെ കാണുന്നത്. മല്ലിക അയാളുടെ മകളാണ്. അച്ഛനെപ്പോലെ അവളും ചില ഭ്രമങ്ങളിൽ അകപ്പെടുന്നവളാണ്.

ലൂയിയുടെ വീട്ടിൽ ഒരേസമയം കരയുകയും, വിശക്കുകയും, അപ്പിയിടുകയും ചെയ്യുന്ന കുട്ടികളെ നോക്കാനും മീനാക്ഷിക്ക് സഹായത്തിനുമായിട്ടാണ് കുഴലി എന്ന ജോലിക്കാരി എത്തിയത്. മാങ്ങാണ്ടി മുഖമുള്ള കുഴലിക്ക് ദൈവം അറിഞ്ഞുകൊടുത്ത ചെറിപ്പഴങ്ങളാണ് അവരുടെ കണ്ണുകൾ. വരച്ചുവച്ചതുപോലെ വടിവൊത്ത് തിളങ്ങുന്ന നക്ഷത്രങ്ങൾ. അതേ മാന്ത്രിക കണ്ണുകൾ മല്ലികയ്ക്കുമുണ്ട്. വളരെ മനോഹരമായ കഥാപാത്രവർണ്ണനയും പ്രകൃതി വർണ്ണനയും കഥയിലുടനീളം കാണാം. ഏർക്കാടിലെ കാപ്പിത്തോട്ടത്തിലേക്കുള്ള വഴി, ഇരുട്ടിന്റെ നിഗൂഢത, വിജനത, തീനിറപ്പൂക്കളുടെ വന്യ ഗന്ധം, പൂച്ചവാൽച്ചെടികളുടെ തേർവാഴ്ച, രാജകീയ മയിലുകളുടെ വരിയൊപ്പിച്ചുള്ള നടന്നുവരവ് ഇവയൊക്കെ വായനക്കാരന്റെ മനസ്സിനെ വൈകാരികമാക്കുന്നു.
പെൺവേലയ്ക്ക് പാകപ്പെടുത്താനാണ് വിവിധ ഫ്ലാറ്റുകളിൽ ജോലിക്കായി പോകുന്ന കുഴലി പന്ത്രണ്ടു വയസ്സുള്ള മകൾ മല്ലികയെ ഒപ്പം കൂട്ടിയത്. ആ പ്രായത്തിൽ കൈകളിൽ ഇറുക്കിപ്പിടിക്കേണ്ടുന്ന കളിപ്പാട്ടങ്ങൾക്കു പകരം കുട്ടികളെ തന്റെ അരക്കെട്ടിനിരുവശവും എടുത്തുവച്ചു മല്ലിക അവരുടെ ‘ആയ’ ആയി. നല്ലൊരു കുട്ടിക്കാലം അവൾക്ക് നഷ്ടപ്പെട്ടെങ്കിലും കുട്ടിത്തം അവളിൽ വഴിമാറാതെ നിന്നു. ഒരിക്കൽ ലൂയി വായിലേക്ക് വെള്ളം ഒഴിച്ചു കുടിക്കുമ്പോൾ അയാളുടെ തൊണ്ടയിലെ ആപ്പിൾ മുഴുപ്പിൽ കൈ എത്തിച്ചുതൊട്ട് അവൾ പറഞ്ഞു ഇവിടെ ഒരു പന്ത് ഉരുളുന്നു. ‘ഹൃദയം ആസക്തപ്പെടുന്നതും എന്നാൽ ശരീരം അർഹിക്കാത്തതുമായ’ പെണ്ണിനെ നേരിടുന്നതാണ് ഒരു പുരുഷന്റെ വലിയ യുദ്ധം എന്ന് കഥാകൃത്ത് പ്രസ്താവിക്കുന്നു. അയാൾക്ക് കുട്ടിയോടുള്ള ഭോഗതൃഷ്ണയുണരുന്നു.
ആട്ടിൻതോലണിഞ്ഞ ചെന്നായ ആണ് ബച്ചൻസാബ് എന്നാണ് കുഴലിയുടെ ഭാഷ്യം. സ്വന്തം മകളാണെന്ന സ്നേഹം അയാൾക്ക് പണ്ടേ ഇല്ല. അവളുണ്ടായ നാളിൽ ഒരു ടൈഗർ ബിസ്കറ്റിന്റെ കൂട് കട്ടിലിന്റെ മീതെ വച്ച് മുങ്ങിയവനാണ്. പെണ്ണിനു പ്രായമായപ്പോൾ അയാൾ വീണ്ടും എത്തി. ഓരോ വേഷം കെട്ടിച്ച് അവളെക്കൊണ്ട് ഡാൻസ് കളിപ്പിച്ച് ഫോണിൽ വീഡിയോ പിടിച്ച് റീൽസ് ആക്കും. അയാളിൽ നിന്ന് മല്ലികയെ രക്ഷിക്കാൻ വേണ്ടിയാണ് ഏർക്കാടിലെ കുഴലിയുടെ സഹോദരന്റെ വീട്ടിലേക്ക് മല്ലികയെ അയക്കാൻ തീരുമാനിച്ചത്. അവളെ അവിടെ സുരക്ഷിതമായി എത്തിക്കാനുള്ള ടാസ്ക് ലൂയിയുടേതായി. പക്ഷേ യാത്രാരംഭത്തിൽത്തന്നെ ലൂക്കാ അവരോടൊപ്പം കൂടുന്നു. അവിടെ മുതലാണ് കഥയുടെ ട്വിസ്റ്റ്. മീനാക്ഷിയും ലൂയിയും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം വായനക്കാരൻ അറിയുന്നതും പിന്നീടാണ്. ലൂയിയെ ‘ലൂക്കാ’ എന്നും ലൂക്കയെ ‘ലൂയി’ എന്നും ലോകം തെറ്റിദ്ധരിക്കന്നുണ്ട്. ഒരാൾ മാത്രമേ അവർ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നുള്ളൂ. അത് മല്ലികയാണ്. ഒരിക്കൽ ലൂയിയുടെയും ലൂക്കയുടെയും ദരിദ്ര യൗവനത്തെ രക്ഷിച്ചെടുത്ത മൈസൂര് മല്ലികയുടെ കഥ ഇവിടെയാണ് വെളിപ്പെടുന്നത്. മല്ലികയെ ലൂക്കാ ‘മൈസൂര് മല്ലിക’യായി കാണാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ലൂയിക്ക് മല്ലികയെ ആ പേര് വിളിക്കുന്നത് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. മല്ലികയുടെ ചിത്രവും നൃത്തവും ലൂക്കാ മൊബൈലിൽ പകർത്തുന്നു. പകർത്തിയ ചിത്രങ്ങൾ അയാൾ അവൾക്ക് കാണിച്ചുകൊടുക്കുന്നു. ലഡാക്കിൽ നിന്ന് വന്ന മുന്തിയ സിഗരറ് മയക്കത്തിൽ ലൂയിക്ക് തന്റെ ഓർമ്മകളെ കൈമോശം വന്നിരുന്നു . പിന്നീട് അയാൾ മല്ലികയെ കണ്ടതേയില്ല. എന്നാൽ ലൂക്കയുടെ കുപ്പായത്തിൽ പുല്ലുകളുടെ നഖങ്ങൾ പോറി കിടക്കുന്നത് അയാൾക്ക് കാണമായിരുന്നു.
പാറക്കെട്ടിന്റെ മറവിൽ നിന്ന് മല്ലിക ഉയർന്നു വരാനായി ലൂയിയോടൊപ്പം വായനക്കാരനും കാത്തിരിക്കുന്നു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള സമൂഹത്തിന്റെ ദുഷിച്ച കാഴ്ചപ്പാടിനെ തുറന്നു കാണിക്കാൻ കഥാകാരിക്ക് കഴിഞ്ഞു. വായനക്കാരുമായി ഒരു പാരസ്പര്യം കഥാകാരിക്ക് സാധിക്കുന്നുണ്ട്. കഥയിലെ രംഗങ്ങൾ നമുക്ക് കൃത്യമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗം. കഥാന്ത്യം മല്ലികയുടെ ഉയർത്തെഴുന്നേൽപ്പിനായി നാം കാത്തിരിക്കുന്നു.
അരുണ നാരായണന്റെ മനോഹര ചിത്രീകരണം കഥയുടെ ആത്മാവിലേക്ക് വായനക്കാരെ ചേർത്ത് നിർത്തുന്നു.









