കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)

കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.

‘എനിക്ക് കടുവയെ കാണുവാന്ന് പറഞ്ഞ കടൽ കാണുന്നതുപോലെയാണ് കണ്ടാലും കണ്ടാലും മതിയാവത്തില്ല’.

സുരേന്ദ്രൻ നായർ ഓർമ്മകളിൽ മുങ്ങിത്തപ്പി.

കൺപോളകൾ പതിയെ ഒന്നടഞ്ഞു.

” 2001ൽ പോസ്റ്റിംഗ് കിട്ടി ഒരു മാസമായിക്കാണില്ല. പതിവുപോലെ ബീറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് തോമസും ഞാനും കൂടി കാട്ടീന്ന് ഇറങ്ങി വരുവായിരുന്നു. ഒരു ആഞ്ഞിലീടെ കൊമ്പേക്കിടന്ന് പക്ഷികൾ കൂട്ടത്തോടെ ഒച്ച വയ്ക്കുന്നത് കേട്ട് ചുമ്മാ നോക്കിയതാ. അതാ നിൽക്കുന്നു രണ്ടുകൈയും അരുവിയിലേക്ക് ഇറക്കിവെച്ച് ഒരുത്തൻ…! വെള്ളത്തിൽ കിടന്ന നാക്കെടുത്തു മീശരോമത്തെ കൂടി നെടു നീളത്തിൽ ഒന്ന് തടവി ദേവാസുരത്തിലെ മോഹൻലാലിൻറ്റൂട്ട്…….മോനെ ആ ഒരു നിപ്പ് കണ്ടിട്ട് സത്യമായിട്ടും ഞാൻ തൊഴുതു പോയി. അവന്റെ പുറത്ത് സാക്ഷാൽ ദുർഗ്ഗാദേവി ഇരിക്കുന്നപോലെ എനിക്ക് തോന്നി. ആ എടുപ്പും നടപ്പും നോട്ടവും. കാട്ടിലെ രാജാവ് എന്നു പറഞ്ഞാ കടുവയാ. തിരിഞ്ഞു നോക്കിയപ്പോൾ തോമസിനെ കാണാനില്ല. അന്ന് തുടങ്ങിയ ആരാധനയാ. നമ്മുടെ രാഷ്ട്രത്തിന് ഇങ്ങനെ ഒരുത്തനെ ദേശീയ മൃഗമായി കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. പുണ്യം ചെയ്തവരാണ് നമ്മൾ അവനെ പിടികൂടി കൂട്ടിലിടാനൊന്നും ഒരുത്തനും പറ്റത്തില്ല മഹേഷേ…..”

നാലുമാസത്തിനുള്ളിൽ അഞ്ച് പേരെ തട്ടിയ പക്കാ മാൻ ഈറ്റർ. അവനെ തളയ്ക്കാൻ കൂടൊരുക്കി കാത്തു നിൽക്കുന്ന ബീറ്റ് ഓഫീസർമാർ. പക്ഷേ ഈ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമല്ല. കാരണം മേൽപ്പറഞ്ഞവ തന്നെ. ഇരയെ അന്വേഷിച്ച് ഗ്രാമത്തിലേക്ക് വരാൻ കടുവ സ്വയം ഉണ്ടാക്കിയ വഴിയിലാണ് കെണി ഒരുക്കിയിരിക്കുന്നത്. കമ്പും ചുള്ളിയും കാട്ടുപുല്ലുമെല്ലാം ചേർത്ത് മുന്നിൽ കിടക്കുന്നത് വമ്പൻ ഒരു ചതിയാണെന്ന് തോന്നാത്ത വണ്ണം വാച്ചർമാർ വളരെ വിദഗ്ധമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്. അതിനകത്ത് തന്നെയുള്ള ചെറിയ സെല്ലിൽ മൂന്നാഴ്ചയോളമായി ഒരു ആട്ടിൻകുട്ടി പ്ലാവിലയും വെള്ളവും കുടിച്ച് ഒറ്റയ്ക്ക് കഴിയുന്നുണ്ട്. അതിന്റെ ഷട്ടർ ഇട്ടിരിക്കുന്നതിനാൽ കൂട്ടിൽ കയറിയാൽ തന്നെ കടുവയ്ക്ക് ഇരയെ ഒന്ന് തൊടാൻ പോലും സാധിക്കില്ല.

കടുവ കെണിയിൽ വീണാൽ നേരം പുലരുമ്പോൾ നാട്ടുകാരുടെ ആട്ടും തുപ്പും സഹിച്ച് ഒന്നും ചെയ്യാനൊക്കാതെ അതിനകത്ത് നാണംകെട്ട കിടക്കുന്നത് കാണാൻ സുരേന്ദ്രൻ നായർക്ക് ഇഷ്ടമില്ല.

തോളത്ത് 315 റൈഫിളുമായി മഹേഷും മേലുദ്യോഗസ്ഥൻ സുരേന്ദ്രൻ നായരും വയലും കടന്ന് പൊന്തക്കാട്ടിലേക്ക് കയറി. മഹേഷിന് സ്വന്തം മകനെ ഓർമ്മ വന്നു. ഒപ്പം ആട്ടിൻകുട്ടിയുടെ കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു.

അതെ മരണത്തെക്കാൾ ഭീകരമാണ് ഭയം. അതറിയണമെങ്കിൽ ആട്ടിൻകുട്ടിയുടെ സ്ഥാനത്ത് നമ്മൾ കേറി നിൽക്കണം. ഉറക്കത്തിലായിരുന്ന ആട്ടിൻകുട്ടി കണ്ണുതുറന്ന് അഴികൾക്കരികിലേക്ക് വന്നു. തൊടാൻ നീട്ടിയ മഹേഷിന്റെ വിരൽ അത് അമ്മിഞ്ഞ പോലെ നുണയാൻ തുടങ്ങി. അമ്മയെ ഓർത്ത് അത് ഉറക്കക്കരഞ്ഞു. സുരേന്ദ്രൻ നായർ കമ്പിവലയ്ക്കിട്ട് ഒരു തൊഴികൊടുത്തു.

സുരേന്ദ്രൻ നായർ കള്ളിന്റെ ലഹരിയിലായിരുന്നു.അയാൾ പാറയിലേക്ക് ചെരിഞ്ഞു..

പിന്നീട്……

കടുവയുടെ ധാരാളം രോമങ്ങൾ നായർക്ക് ചുറ്റും പറന്നുനടന്നു. അതിദാരുണമായി കൊല്ലപ്പെട്ട നിരവധി മനുഷ്യരുടെ ആത്മാക്കൾ അതിന്റെ കോമ്പല്ലുകളിൽ മഞ്ഞനിറത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് നായർ കണ്ടു. അത്യഗാധതയിൽ എവിടെയോ നിന്ന് മരിച്ചു പോയവരുടെ നിലവിളി അയാൾ കേട്ടു..കടുവയുടെ ശ്വാസം മുഖത്തടിച്ചതും നായർ നായർക്ക് ഓക്കാനം വന്നു.

സന്തോഷ് ഏച്ചിക്കാനം

സുരേന്ദ്രൻന്ദ്രൻ നായർ ഇപ്പോൾ അഴികൾക്കുള്ളിലാണ്. അയാൾ ആട്ടിൻകുട്ടിയെ നോക്കി. അത് അയാളുടെ കാൽ നക്കുകയാണ്. ഈ കാൽ കൊണ്ടല്ലേ കുറച്ചു മുൻപേ താനിതിനെത്തുഴിച്ചു മാറ്റിയത്.? വേദനിപ്പിച്ച ഇതേ കാലുകളെ തന്നെ ഇത്രയും ഗാഢമായി സ്നേഹിക്കാൻ ഈ സാധു ജീവിക്ക് എങ്ങനെ സാധിക്കുന്നു? ഒരു പക്ഷേ മൃഗങ്ങൾക്കെ അതിനു സാധിക്കൂ.

അയാൾ ആട്ടിൻകുട്ടിയുടെ മുഖം അഴികളോടു ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. അതിന്റെ നനഞ്ഞ കണ്ണുകളിൽ ഉമ്മ വെച്ചു……

അപ്പോൾ അഴികൾക്കു മേലെ നിലാവ് നീങ്ങി ആകാശം ചെറുതായി ചുവന്നു വരുന്നുണ്ടായിരുന്നു

അഴികൾക്കകത്ത് ഒറ്റയ്ക്ക് നിൽക്കേണ്ടിവരുന്ന ഒരു ഇരയുടെ മാനസികാവസ്ഥ എന്താണ്?

കഥാകൃത്ത് പറയുന്നു; സ്നേഹം ഉണ്ടാക്കുന്നതല്ല, ഉണ്ടാവുന്നതാണ്. അത് ആരിൽ നിന്നും ഒന്നും സ്വീകരിക്കുന്നില്ല. നൽകുക മാത്രം ചെയ്യുന്നു. ഒരു ആട്ടിൻകുട്ടിക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ, മനുഷ്യന് എന്തുകൊണ്ടാണ് ഇതൊന്നും സാധിക്കാത്തത്? മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരാളുടെ നിസ്സഹായാവസ്ഥയിൽ ആനന്ദിക്കുന്നത് മറ്റൊരു മനുഷ്യൻ മാത്രമായിരിക്കും എന്നതാണ് യാഥാർത്ഥ്യം…

കാടിറങ്ങുന്ന വന്യതയെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ തത്രപ്പാടുകളും എന്നാൽ അവയോടുള്ള മനുഷ്യന്റെ വൈകാരികതകളും കഥയിലുണ്ട്. ഭയം മരണത്തേക്കാൾ ഭീകരമാണെന്ന എന്ന തിരിച്ചറിവ് വായനക്കാരനിലും ഉണർത്തുന്നു . കഥയിലെ സംസാരഭാഷ കഥാപാത്രങ്ങൾക്കൊപ്പം താനുമുണ്ടെന്നൊരു പ്രതീതി വായനക്കാരനു ജനിപ്പിക്കുന്നു.

കഥ വായിച്ചു കഴിഞ്ഞാൽ മനുഷ്യൻ എന്ന മൃഗത്തിനെപ്പറ്റി നാം കൂടുതൽ ചിന്തിച്ചു തുടങ്ങും!

കഥ ഇങ്ങനെയാണെങ്കിലും, ഒരുപിടി ബസുമതി അരിയുടെ ഗന്ധത്തിലൂടെ വിശപ്പിന്റെ രാഷ്ട്രീയം ഒരു നിറകൺ വായനയിലേയ്ക്ക് നിവർത്തിവെച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ പുതിയ കഥയിലും വരികൾക്കിടയിൽ പറയാതെ പറയുകയും വികാരങ്ങളിലും അടയാളങ്ങളിലും വാക്കുകളിലും പേരുകളിലും എന്തിനു കഥയ്‌ക്കൊപ്പം ചേർത്തിരിക്കുന്ന വരകളിൽ പോലും സമകാലിക രാഷ്ട്രീയത്തെ ഭംഗിയായി പൊതിഞ്ഞവതരിപ്പിച്ചിരിക്കുന്നു. അത് എന്തായാലും വായനക്കാർക്ക് വിടുന്നു. ബിരിയാണി എന്ന ചെറുകഥ എഴുത്തുകാരിലും വായനക്കാരിലുമുണ്ടാക്കിയ പ്രകമ്പനത്തിന്റെ തുടർച്ചയാണ് ദേശീയമൃഗം എന്ന ഈ കഥയുമെന്ന് നിസ്സംശയം പറയാം.

2023 മാർച്ച് 26 ന് ഇറങ്ങിയ മാതൃഭൂമി (ലക്കം 02) ആഴ്ചപ്പതിപ്പിലാണ് ‘ ദേശീയ മൃഗം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. ഷെരീഫിന്റെ മികവുറ്റ ചിത്രീകരണം കഥയെ അതിന്റെ തീവ്രത നിലനിർത്തുന്നതിൽ അനുപമായ പങ്കു വഹിച്ചിരിക്കുന്നു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.