കഥയും ജീവിതവും തമ്മിൽ

പ്രണയത്തിലവളൊരു തടാകമെന്നവൻ. അവനൊരു നദിയെന്നവളും.

“നിന്റെ ദേഹത്തിനെന്ത് ചൂടാണ്… ”
“…നിന്റെ വിയർപ്പിനെന്ത് സുഗന്ധമാണ് ” പ്രണയവചസ്സുകളിൽ അവരങ്ങ് ഒഴുകിപ്പരക്കും.

വിയർപ്പിന്റെ സുഗന്ധം വന്ന് പൊതിയുകയും സിരകളിൽ ചൂട് നിറയുകയും ചെയ്യുമ്പോൾ വന്യമായ കരുത്തോടെ അവരാ രാത്രിയെ അനശ്വരമാക്കും.

നിലാവ് സുഖാലസ്യത്താൽ കണ്ണടച്ച് കളയുന്നതോടെ വെളിച്ചമില്ലാതായ ഭൂമിയിൽ അവർ തനിച്ചാകും. കുത്തഴിഞ്ഞ് പോയ ശരീരങ്ങൾ ജലപതനത്തിലേയ്ക്ക് തെറിച്ച് വീഴും. ഭാരമില്ലാത്ത ശരീരങ്ങൾ ശരീരമില്ലാത്ത മനസ്സായിത്തീരും. വിസ്ഫോടനത്തിന്റെ അന്ത്യത്തിന് ചേർന്ന നിശബ്ദതയോടെ അവശേഷിക്കുന്ന രാത്രി കടന്ന് പോകും, പകൽ വരും. ജീവിതം തുടരും.

കഥയ്ക്ക് പക്ഷേ അവസാനിച്ചല്ലേ പറ്റൂ…

ക്ലൈമാക്സ് – 1

അലാറം കേട്ടപ്പോൾ, അവൾ ഞെട്ടിയുണർന്നു. പാതിയുണർവ്വിൽ തിരിഞ്ഞുകിടന്ന അവനെ അലോസരപ്പെടുത്താതെ വാതിൽ തുറന്ന് പുറത്തേക്ക് പോയി. പിന്നെയും ഏറെ കഴിഞ്ഞാണ് നേരം വെളുത്തത്. അടുക്കളയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ട് ഞെട്ടി അവൻ ഉണരുകയും ചെയ്തു.

മുടി പാതിയഴിഞ്ഞ്, ആകെയുലഞ്ഞും ജനൽ കടന്നെത്തി വസ്ത്രങ്ങളെ സുതാര്യമാക്കിയ വെയിൽ ചീളുകളാൽ വർണ്ണം പകർന്നും അവൾ…

അരികിലെത്തിയ അവന്റെ നിശ്വാസത്തിലേയ്ക്ക് ചാഞ്ഞപ്പോൾ, വിയർപ്പിന്റെ ദുർഗന്ധത്താൽ അവൻ തലതിരിച്ചു.

പിന്നെ, ” നിന്റെ ശരീരത്തിന് നല്ല തണുപ്പ് ” എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. പതിവുപോലെ അവൾ അടുക്കളയിൽ തനിച്ചായി.

ക്ലൈമാക്സ് – 2

“പുലരാനായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ പുതുമണവാളനൊന്നുങ്ങിയപ്പോൾ… ” എന്ന ഗാനം അലാറമായി കേട്ടപ്പോൾ അതുവരെയും ഉറങ്ങാതെ കിടന്ന സ്ത്രീ പുരുഷന്റെ കൂർക്കം വലിയിലേയ്ക്ക് നോക്കി മുഷിച്ചിലോടെ എഴുന്നേറ്റു. അവളുടെ പെരുമാറ്റത്തിന്റെ ശബ്ദം കേട്ടുണർന്ന അവൻ പേഴ്സിൽ നിന്ന് പണമെടുത്ത് നീട്ടിയപ്പോൾ അത് വാങ്ങി, ചിരിക്കുക പോലും ചെയ്യാതെ അവൾ വാതിൽ തുറന്ന് ഇറങ്ങിപ്പോയി.

ക്ലൈമാക്സ് – 3

കാല്പനികതയുടെ മായാലോകത്ത് നിന്ന് ജീവിതത്തിലേയ്ക്ക് സൂര്യോദയങ്ങളില്ലാത്തതിനാൽ മൂന്നാമത്തെ ക്ലൈമാക്സിലേയ്ക്ക് ഇനിയും അവർ ഉണർന്നെഴുന്നേറ്റിട്ടില്ല.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.