കഥമരം

നടന്ന് നടന്ന് കാല് കഴച്ചു. എന്നാലും ഞാനത് പ്രകടിപ്പിച്ചില്ല. എല്ലാരേം പറഞ്ഞിളക്കി കൊണ്ടുവന്നേന്റെ ഉത്തരവാദിത്വം എനിക്കാണ്. അപ്പോ പിന്നെ മിണ്ടാതിരിക്കുന്നതല്ലേ ബുദ്ധി.

മണിക്കൂറുകളായി നടക്കാൻ തുടങ്ങീട്ട്….

“ഇനി ഇത്തിരി നേരം എവിടേലും ഇരിക്കാം.”

പറഞ്ഞ് കഴിയുംമുമ്പേ മുണ്ടൻ അവിടെ കണ്ട ഉരുളൻ പാറയിൽ കേറി ഇരുന്ന് കഴിഞ്ഞു.

“ഇപ്പഴെങ്ങാനും എത്തോ അവടെ. നിങ്ങടത്ര കാല് നീളൊന്നും എനിക്കില്ല. ഇത്തിരി പതുക്കെ നടന്നൂടെ നിങ്ങക്ക്. “

മുണ്ടനാണ് വീണ്ടും.  അവന് ഉയരം കൊറച്ച് കൊറവാണ്.

“എല്ലാർക്കും പ്രാന്താർന്നില്ലേ. ചേച്ചി വട്ട് പിടിച്ച് ഓരോന്ന് പറയണ കേട്ട്… ചാടിപ്പൊറപ്പെടാൻ.”

“അപ്പൊപ്പിന്നെ നീയെന്തിനാ പോന്നത്. വീട്ടിലിരുന്നുടാർന്നോ…”

ഗ്രൂപ്പിലുള്ളോര് തമ്മിൽ തർക്കം തുടങ്ങി. ഞാനാ സമയത്ത് ചുറ്റും നോക്കിക്കാണുകയായിരുന്നു. എന്തൊരു ഭംഗി. ഇതുവരെ കാണാത്ത ചെടികൾ, പൂവുകൾ… ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ, കിളികളുടെ, ചിവീടുകളുടെ, കുളയട്ടകളുടെ …പിന്നെ തിരിച്ചറിയാൻ പറ്റാത്ത എന്തിന്റേയോ ഒക്കെ. നാട്ടില് അഛമ്മേടടുത്ത് വച്ച് മഴക്കാലം വരുമ്പോ ഇങ്ങനെയാണ്.

തേനെടുക്കാൻ വേണ്ടി പലരും ഈ കാട്ടുപൊന്തയിൽക്കൂടി പോകാറുണ്ടെന്നാണ് പറഞ്ഞ് കേട്ടത്. പലരും ചവിട്ടി നടന്നുണ്ടായ ആ ചെറിയ വഴിയിലൂടെയാണ് ഞങ്ങളും മുന്നോട്ട് പോകുന്നത്. പണ്ട് ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നോ കുറേ മനുഷ്യർ താമസിച്ചിരുന്നെന്നോ തോന്നുകയേ ഇല്ല. അത്രക്കും കാട് പിടിച്ച് കഴിഞ്ഞു.

“ആ കഥേടെ പിറകേ പോയാ ഒരു കാര്യോം ഇല്ലാന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ ജയേ…. സ്ഥലപ്പേര് പോലും കറക്റ്റാന്ന് ഒരൊറപ്പും ഇല്ല.. ആൾക്കാര് വെറുതേ ഓരോ കെട്ടുകഥോള് പറയണതാന്നാ എനിക്ക് തോന്നണെ. ഇത്രടം വന്നട്ട് ഒരു തുമ്പ് പോലും കിട്ടിയോ…ഇനീം എത്രാന്ന് വച്ചാ….”

എന്റെ എല്ലാ പോക്രിത്തരത്തിനും കൂട്ട് നിക്കാൻ രവിയുണ്ട്. അവന്റെ ധൈര്യത്തിലാണ് മല കേറി തൊടങ്ങീത് .

“എന്റമ്മോ. പാമ്പ്….” മുണ്ടൻ അലറിക്കൂവി ചാടിയോടി. അവൻ ഇരുന്നേന്റെ തൊട്ടപ്പുറത്തെ ഇലപ്പടർപ്പില് ഒരു പച്ചിലപ്പാമ്പ്.  അത് കണ്ടിട്ടാ….

നഗരവാസികളായ പിള്ളാരാണ്. കാഴ്ച്ച ബംഗ്ലാവിലല്ലാതെ പാമ്പിനെ കണ്ട് കാണില്ല.

” നമുക്ക് പോവാം….” മുണ്ടൻ കരയാൻ തൊടങ്ങി.

രവി കൊറച്ചപ്പുറത്തായി പരന്ന ഒരു പാറ കണ്ടുപിടിച്ചിരുന്നു. അവരേം കൊണ്ട് ഞങ്ങൾ അവിടേക്ക് നടന്നു. ഞങ്ങൾ പതിനൊന്ന് പേരുണ്ടായിരുന്നു. ഞാനും രവിയുമൊഴിച്ച് എല്ലാവരും പതിനഞ്ചിനും പതിനേഴിനും ഇടക്ക് പ്രായമുള്ളവരാണ്.

ഒഴിവൊള്ള ദിവസങ്ങളിൽ വല്ലപ്പോഴും ഈ പിള്ളാരെല്ലാം എന്റടുത്ത് കഥ കേൾക്കാൻ വരും. എവിടെയെങ്കിലും വായിച്ച ഒരു കഥയെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് ഉള്ളതാണെന്ന് തോന്നിക്കുന്ന വിധത്തിൽ പറഞ്ഞ് കേൾപ്പിച്ച് അവരുടെ മുഖത്തെ ഭാവങ്ങൾ നോക്കിയിരിക്കുക എനിക്കൊരു രസമായിരുന്നു.

ഇന്നത്തെ പിള്ളാര്…. കഥ കേൾക്കാന്… എന്നൊക്കെ തോന്നിയെങ്കിൽ തെറ്റി. അതിനൊള്ള ട്രിക്കുളൊക്കെ എന്റെ കയ്യിലുണ്ടെന്ന് വച്ചോ.

അങ്ങനെ ഒരു ദിവസം എനിക്ക് അവരോട് പറയാനുണ്ടായിരുന്നത് ആ കഥ പറച്ചിലുകാരനെ പറ്റിയായിരുന്നു.

ഞാനായിടെ നാട്ടില് പോയിരുന്നു. വല്ലപ്പോഴും… വർഷത്തിലൊരിക്കലോ മറ്റോ നാട്ടില് നിക്കാൻ പോവും.  അഛമ്മക്ക് ഒരു സന്തോഷായിക്കോട്ടേന്ന് കരുതിയാണ് അഛൻ എന്നെ അവിടേക്ക് വിടണത്. പിന്നെ ഉപദേശം കേട്ട് ഞാനൊന്ന് നന്നായിക്കോട്ടേന്നുംണ്ടാവും. പത്തിരുപത്താറ് വയസായി. കല്യാണം കഴിക്കാൻ മനസില്ല.  ജോലിയൊട്ട് തേടണൂല്യ….

“എന്ത് ഭാവിച്ചട്ടാവള്…” അമ്മ…

“അഛനും അമ്മക്കും ജോലീണ്ടല്ലോ. ” എന്ന് ഞാനും. ”   എനിക്കിങ്ങനെ നേരാനേരത്തിന് തിന്നാനും കിട്ട്വ.. വല്ലോം ഒക്കെ വായിക്കാനും കിട്ട്വ… വേറെ വല്യ മോഹം ഒന്നും ഇല്ല. അതൊരു കൊഴപ്പാണോ ?

അപ്പോ അവടെ നാട്ടില് വച്ച് വായിച്ച… ഒരു കഥയിലെ നായകൻ എന്റെ മനസിലങ്ങട് കേറി പറ്റി. ഞാനാ കഥവായിച്ച് അതിലെ സ്ഥലോം അമ്പലോം മരോം മരച്ചോട്ടിലെ വെളക്കും ഒക്കെ ഓർത്തോണ്ടിരിക്കാർന്നു. ചെലേ കഥകള് വല്ലാണ്ടിഷ്ടപ്പെട്ടാല് ഒരു വട്ടം കൂടി ഒറക്കെയൊറക്കെ വായിക്കണ ശീലം ഉണ്ടെനിക്ക്. പൊറത്തേക്കിറങ്ങണ ചവിട്ടിലിരുന്ന് ആ കഥ എടുത്ത് വച്ച് ഞാനൊറക്കെ വായിച്ചു.

“അന്നും പതിവ് പോലെ അയാൾ വെളക്കും കത്തിച്ച് വച്ച് മരച്ചോട്ടിൽ കാത്തിരുന്നു. പറഞ്ഞ് പകുതിയാക്കിയ കഥയുടെ ബാക്കി പറയാനായി. “

അങ്ങനെ വായിച്ച് വായിച്ച് …

“ശേഷിച്ച കാലം അദ്ദേഹത്തിന്റെ ജീവിതം എല്ലാം വിഴുങ്ങുന്ന ഒരു മഹാമൗനമായിരുന്നു.”

കഥ വായിച്ച് പൂർത്തിയാക്കി പാവം കഥാകാരന്റെ മഹാമൗനത്തെ കുറിച്ച് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് ഓല മെടഞ്ഞോണ്ടിരുന്ന കമല ഇരുന്നോടത്തൂന്ന് എണീറ്റ് ഓടി വന്നത്. കമലക്കും എനിക്കും ഏകദേശം ഒരേ പ്രായാ.. പക്ഷേ അവൾക്ക് മൂന്നാല് കുട്ട്യോള്ണ്ട്പ്പോ.   അഛമ്മക്ക് ഒരു കൂട്ട് കമലയാണ്. തൊഴുത്തിന്റെ സൈഡ് കെട്ടാൻ ഓലമെടയാണിപ്പോ. തൊഴുത്തില് പശുക്കളൊന്നും ഇല്ല. എന്നാലും അഛമ്മക്ക് ഒക്കെ കൃത്യായി നടക്കണം.

കമല എണീറ്റ് ഓടി വന്ന് ചോദിച്ചതെന്താന്നോ ?

“ഇതാ കുട്ടിരാമന്റെ കഥയല്ലേന്ന് “

“കുട്ടിരാമനാ. അതാരാ ?”

“പണ്ട് ഞങ്ങടെ അപ്പൂപ്പൻ ഈ കഥ പറഞ്ഞ് തന്നപ്പോ തൊട്ട് എനിക്കാ സ്ഥലം കാണണം കാണണംന്നാ. എന്നെയാരാ കൊണ്ടുപോവാന്”

ഞാൻ കണ്ണ് മിഴിച്ചു. അങ്ങനെയൊരു കഥയുണ്ടോ ?എന്നാലാ കഥയൊന്ന് കേക്കണോലോ…..

കമലയാണ് പറയണത്. വേറാര് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കമലക്കും എന്നേ പോലെ ഈ
വായനേടെ അസുഖംണ്ട്. പഠിക്കാനും മിടുക്കത്തിയാണ്.

“ആ കമലേ കണ്ട് പഠിക്ക്. കഷ്ടപ്പാടിന്റെടേന്നും പഠിച്ച് മാർക്ക് വാങ്ങണ കണ്ടാ…”

ഇത് കേക്കണ്ട വരണോണ്ട് എനിക്കന്ന്… എന്റെ ചെറുപ്പത്തില് കമലേനെ ഇഷ്ടല്ലാരുന്നു. പിന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോ കോളേജി പോവാൻ പറ്റാണ്ട് കമല പൊറം പണിക്ക് പോയി തൊടങ്ങീന്ന് കേട്ടപ്പോ പാടില്ലാന്നറിയാമെങ്കിലും ഞാനൊന്ന് സന്തോഷിക്കേം ചെയ്തു.  കമലെനെ പൊക്കി പറഞ്ഞ അഛനും അമ്മക്കും അഛമ്മക്കും ഒക്കെ വേണെങ്കി പഠിപ്പിക്കാരുന്നു അവളെ. ആ….അതൊക്കെ കഴിഞ്ഞ കാര്യങ്ങള്…

അങ്ങനെ കമലേടൊപ്പം ആ കഥ കേക്കാൻ പോയെന്റെ പരിണിത ഫലമാണ് ഈ യാത്ര.. എന്നട്ടും അവളെ ഒപ്പം കൂട്ടാൻ പറ്റീല. അവളുടെ പ്രാന്തൻ കെട്ടിയോൻ വിടണ്ടേ…, പാവം.

അന്ന് നാട്ടീന്ന് വന്നിട്ട് ഞാൻ രണ്ട് കഥേം കൂട്ടിയിണക്കി പുതിയൊരു കഥ ചമച്ചു. കേൾവിക്കാര് പിള്ളാരെന്നെ.

“പണ്ട് …. പണ്ട്ന്ന് പറഞ്ഞാ ഒരു പത്ത് നൂറ് കൊല്ലം മുമ്പ് ഒരു കുന്നും മോളില് ചുരുളിന്നും പേരൊള്ള ഒരു സ്ഥലംണ്ടാരുന്നു. ചുരുണ്ട് ചുരുണ്ട് കെടക്കണ മലമ്പാതേക്കോടെ നടന്ന് നടന്ന് പോണം അങ്ങോട്ടേക്ക്. “

“മ്മടെ സിനിമേലെ ചുരുള്യാ… “

“മിന്നാണ്ടിരിക്കെടാ മണ്ടാ. ആ ചുരുള്യാവില്ല്യ ഈ ചുരുളി. “

“ഇന്നത്തെ ജീവിതമാണ് നാളത്തെ കഥ. സിനിമേലും ഒള്ളത് കഥയാണല്ലോ. അവർക്ക് ഈ പേര് കിട്ടീത് ചെലപ്പോ ഈ കഥേന്നാണെങ്കിലോ…. അല്ല…. പറയാൻ പറ്റില്ല. ” കൂട്ടത്തിലൊരുത്തൽ അൽപ്പം ഫിലോസഫിക്കലായി പറഞ്ഞു. ശരിയാ…. എന്ന് തല കുലുക്കി എല്ലാരും കഥകേൾക്കാൻ കാത് കൂർപ്പിച്ചു.

“ആ കുന്നും മോളിലെ ആ ചെറിയ ഗ്രാമത്തില് പത്ത് നൂറാൾക്കാരുണ്ടാരുന്നു. കുന്നിന്റെ ഒത്ത നടുക്ക് ഒരു പടുകൂറ്റൻ മരം നിപ്പൊണ്ടാരുന്നു. അതിന്റടീല് എന്നും വൈകുന്നേരം ഗ്രാമവാസികള് ഒത്ത് കൂടും. എന്തിനാന്നോ ?കഥ കേൾക്കാനാ. കഥ പറയണത് കുട്ടിരാമൻ. നീണ്ട മുടീള്ള താടീം മീശേമില്ലാത്ത ഒറ്റത്തോർത്തുടുത്ത കുട്ടിരാമൻ. “

കുട്ടി രാമൻ കഥ പറയാനിരിക്കുന്ന മരത്തിനുമുണ്ട് പ്രത്യേകതോള്. അത് എന്ത് മരം ആയിരുന്നെന്നോ. ചേര്. ചേര്ന്ന് പറഞ്ഞ മരം ആയിരുന്നു അത്. അതേല് തൊട്ടാല് ചൊറിഞ്ഞ് തടിക്കും. നീര് വന്ന് വീർത്ത് മരിക്ക വരെ ചെയ്യും. പക്ഷേ കുട്ടിരാമൻ അതേല് ചാരിയിരുന്നാ കഥ പറയണത്. ആ ചേര് മരത്തില് തൊട്ടാ കുട്ടിരാമന് മാത്രം ചൊറിയില്ല.

അങ്ങനെ കഥാപരിസരം വർണ്ണിച്ച് അത് കാണണം എന്നൊരു തോന്നൽ പിള്ളാർക്കുമുണ്ടായി.

ഒരു പാട് ദൂരെയല്ലാത്ത സ്ഥലമല്ലേ… ജയേച്ചീടെ അഛൻവീടിനടുത്താണല്ലോ. അവിടേക്കാക്കാം ഇത്തവണത്തെ വൺടേ ട്രിപ്പ്. അവര് തന്നെ ഇങ്ങോട്ട് പറഞ്ഞു. അല്ല. ഞാൻ പറയിപ്പിച്ചു.

സാഹിസികയാത്രകളോട് എല്ലാവർക്കും വലിയ താൽപര്യമായിരുന്നു. അത് ഒന്നു കൂടി പെരുപ്പിച്ചെടുക്കുന്നതിൽ ഞാൻ വിജയിച്ചു. ഉടനെ രവിയെ വിളിച്ചു. അവനും കേട്ടിട്ടുണ്ട് ഈ കഥ.

ആദ്യം ചെറിയ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ രവി സമ്മതിച്ചു. ആ സ്ഥലത്തെ പറ്റി വേറെ ആരോടൊക്കെയോ ചോദിച്ച് മനസിലാക്കിയതും രവിയാണ്. എന്നാലും അങ്ങനെയൊരു സ്ഥലം ഉണ്ട് എന്നതിൽ രവിക്കിപ്പോഴും അത്ര വിശ്വാസമില്ല.

എല്ലാരും കൊറച്ച് നേരം ഇരുന്ന് ക്ഷീണം ഒക്കെ മാറ്റി. ഞാനവരിൽ വീണ്ടും  ആകാംഷയുടെ വിത്ത് പാകി.

“വാ….മ്മക്ക് നടന്നോണ്ട് ബാക്കി കഥ പറയാം. “

“കുട്ടിരാമന് വെടിരാമൻന്നൊരു പേരും ഉണ്ടാരുന്നു. നൊണക്കഥ പറയണോണ്ടാ അങ്ങനൊരു പേര് വന്നേന്ന്. മരത്തിന്റെ വലത്തേ സൈഡില് ഒരു കുട്ട്യമ്പലം ഉണ്ടാരുന്നു. അതിനകത്ത് പ്രതിഷ്ഠ ഒന്നും ഇല്ലാത്രെ.

പേടി ഒള്ള സാധനങ്ങളെ ആരാധിക്കുന്ന സമ്പ്രദായം പണ്ടേ മനുഷർക്കൊള്ളതാണല്ലോ. അതോണ്ടാവും ചേരിനെ പേടിച്ച് ചേരിനടുത്തൊരു അമ്പലം ഉണ്ടാക്കീത്. അക്കണ്ട സ്ഥലത്തെ മരങ്ങളൊക്കെ മുറിച്ച് തായ്വേര് വരെ പറിച്ചെടുത്തിട്ടാ അവരവടെ കൃഷി ചെയ്തത്. ചേരിനെ മാത്രം തൊടാൻ പറ്റീല്ലല്ല്യല്ലോ. അതങ്ങനെ അവരെ വെല്ലുവിളിച്ച് മാനംമുട്ടെ തലയുയർത്തി നിന്നു ,

കുട്ടി രാമൻ ഒരു വരത്തനാരുന്നു. ആദ്യം ഒന്നും കുട്ടിരാമനെ അവിടൊള്ളോര് മൈൻഡ് ചെയ്തില്ല. വല്ലപ്പോഴും താഴെ നാട്ടും പൊറത്തുന്ന് ആരേലും വന്നാല് രണ്ട് ദിവസം തെകച്ച്നിക്കില്ലാ ചുരുളില്. വന്നേലും സ്പീഡില് തിരിച്ച് പോവും. പക്ഷേ കുട്ടിരാമൻ പോയില്ല.

കാരണം എന്താ ? ചേര്. ചേരാണ് കാരണം. ഒരു ദെവസം നാട്ടാര് കാണണതെന്താ ? അവരൊക്കെ പേടിച്ച് ഏഴയലത്ത് പോലും പോവാണ്ട് മാറി നിക്കണ ചേരിന്റെ കടക്കല് അതീ ചാരി കുട്ടിരാമനിരിക്കണു. കുട്ടിരാമന് പത്യേകമായ എന്തോ ഒരു ശക്തിണ്ടെന്ന് ഗ്രാമത്തിലൊള്ളോര് വിശ്വസിച്ചു.

അങ്ങനെ അമ്പലത്തിനകത്തായി കുട്ടിരാമന്റെ താമസം. പതിനഞ്ച് ദെവസത്തോളം കുട്ടിരാമൻ അമ്പലത്തിനകത്തായിരിക്കും. പൊറത്തേക്കെറങ്ങേ ഇല്ല. അമ്പലത്തിന് മുന്നില് ആളോള് കൊണ്ട് വക്കണ ഭക്ഷണം എപ്പഴാ കുട്ടിരാമൻ എടുത്ത് കഴിക്കണേന്ന് ആർക്കും അറിയില്ല. എന്നട്ട് ഓരോ അമാവാസിടന്നും  ഒരു പുതിയ കഥേം കൊണ്ട് കുട്ടിരാമൻ ചേര്മരത്തിന്റെ ചോട്ടില് വെച്ച ആ വെളക്ക് കത്തിക്കും. ആ വലിയ വെളക്ക് കുട്ടിരാമൻ തന്നാ അവടെ വെച്ചത്. വെളക്ക് കത്തണ കണ്ടാ ഗ്രാമത്തിലെ ആൾക്കാരൊക്കെ അവിടേക്കെത്തും. കഥ പറയാൻ കുട്ടിരാമൻ മഹാ മിടുക്കനായിരുന്നു. കുട്ടിരാമൻ ഒരു കഥ പറയാൻ തൊടങ്ങിയാ പിന്നെ അടുത്ത പൗർണ്ണമിടന്നാ ആ കഥ പറഞ്ഞ് അവസാനിപ്പിക്കാ. അത് വരെ ആൾക്കാര് അടുത്ത ഭാഗം കേൾക്കാൻ ഒരോ ദെവസോം കാത്തിരിക്കും. “

“ഇന്നത്തെ സീരിയല് കാണാൻ ആൾക്കാരിരിക്കണോണം.” രവി എടേ കേറി പറഞ്ഞു. എന്നിട്ട് കളിയാക്കി ചിരിച്ചു. രവിക്കിപ്പഴും ഈ കഥേലൊരു വിശ്വാസോം ഇല്ല. പക്ഷേ എനിക്കറിയാർന്നു. അങ്ങനൊരു മരം അവിടെ ഉണ്ടാവുംന്ന്.

കഥ കേട്ട് നടക്കുന്നതോണ്ട് പിള്ളേർക്കിപ്പോ വലിയ മുറുമുറുക്കലില്ല. പാവങ്ങള്. എല്ലാത്തിനും വയ്യാണ്ടായിട്ടുണ്ട്. ഇത്ര ദൂരം ഉണ്ടെന്ന് അറിഞ്ഞിരുന്നേല് മുണ്ടനേ പോലുള്ളോരെ കൂടെ കൂട്ടില്ലായിരുന്നു. പക്ഷേ അവനാണ് വലിയ ഉൽസാഹം.

“ചേച്ചി ബാക്കി കഥ പറ. ”  അപ്പോഴേക്കും മുണ്ടൻ പറഞ്ഞു.ഞാൻ കഥ തുടർന്നു.

മരത്തിന് എടത്തോട്ടൊരു ചായ്വ്ണ്ടാർന്നു. കാരണം ന്താ ?  കുട്ടിരാമാൻ അമ്പലത്തിലേക്ക് നോക്കി മരത്തേല് ചാരിയിരുന്നാ കഥ പറയാറ് .

അവടെ ആ നാട്ടില് കരണ്ടൊന്നും ഇല്ലാരുന്നു. റേഡിയോയും ടിവിയും ഫോണും ഒന്നും ഇല്ല. കൃഷി ചെയ്യാൻ കുടിയേറി പാർത്ത ഏതോ രണ്ട് കുടുംബക്കാര് പെറ്റ് പെരുകി ഉണ്ടായ ആളോളാണ്  അവടെണ്ടാർന്നത്. അവടെ ഉള്ളോർക്ക് പൊറംനാടായി ഒരു ബന്ധോം ഉണ്ടാർന്നില്ല. അവരടെ ഒരേ ഒരു നേരമ്പോക്കായിരുന്നു ഈ കുട്ടിരാമൻ.

മാസത്തിലൊര് ദിവസം ഗ്രാമത്തിന്നൊരാള് അല്ലെങ്കി രണ്ടാള് മലയെറങ്ങും. ഗ്രാമത്തിലുണ്ടാക്കാൻ പറ്റാത്ത ചെലേ സാധനങ്ങള്… വാങ്ങിച്ചും കയ്യി കരുതണ സാധനങ്ങള് വിറ്റും തിരിച്ച് മലകയറും. അങ്ങനെ ഒരു ദിവസം മലകയറണ ആളടെ ഒപ്പം സാധനങ്ങള് ചൊമന്നോണ്ട് ഒപ്പം കേറി വന്നതാണ് ഈ കുട്ടിരാമൻ . അയാള് പിന്നെ തിരിച്ച് പോയില്ല.

ഒരു അമാവാസീടന്ന് കുട്ടിരാമൻ ഒരു പുതിയ കഥ  പറഞ്ഞ് തൊടങ്ങി. ഇതുവരെ പറഞ്ഞ കഥകളിൽ ഏറ്റവും മുന്തിയ ഒരു കഥയായിരുന്നു അത്. ആൾക്കാര് ആവേശത്തോടെ കഥ കേട്ട് കൊണ്ടിരുന്നു. അന്ന് പൗർണമിയായിരുന്നു. കുട്ടിരാമൻ പതിവ് പോലെ വെളക്ക് കത്തിച്ച് കഥപറയാനിരുന്നു. കഥേടെ അവസാനം കേൾക്കാൻ ആൾക്കാരൊക്കെചെവി കൂർപ്പിച്ചിരിക്കാരുന്നു. പക്ഷേ അന്ന് കുട്ടിരാമന് കഥ പറയാൻ പറ്റീല്യ.  കുട്ടിരാമൻ എല്ലാം മറന്ന് പോയി. എല്ലാം. പിന്നീടൊരിക്കലും കുട്ടിരാമൻ കഥ പറഞ്ഞില്ല. അന്ന്  അമ്പലത്തീ കേറി വാതിലടച്ച കുട്ടിരാമനെ പിന്നെ ആരും കണ്ടിട്ടില്ലാത്രേ .

ചുരുളിന്ന് പറഞ്ഞ ആ സ്ഥലോം ആ ചേര്മരോം ഒക്കെ ഇപ്പഴുംണ്ട്. പക്ഷേ അവടെ ഇപ്പോ താമസക്കാരാരും ഇല്ല. എല്ലാരും കുന്നിറങ്ങി അടുത്തടുത്ത ഗ്രാമങ്ങളില് താമസാക്കിത്രെ.

“ദാണ്ടെ…. ദാ.. അവിടെയുണ്ട് ആ കൂറ്റൻ മരം. കുട്ടിരാമന്റെ മരം.” മുണ്ടൻ അലറി വിളിച്ചു.

എല്ലാരും അൽഭുതത്തോടെ മുന്നോട്ടോടി. കുറച്ച് ദൂരെ ഒരു വശത്തേക്ക് ചെരിഞ്ഞ് പടർന്ന് പന്തലിച്ച് നിൽക്കുകയാണ് ആ കഥമരം.

ഞാൻ കൂടെയുള്ള എല്ലാരേം മറന്നു. അവിടെ മരത്തിനടിയിൽ എനിക്ക് കുട്ടിരാമനെ  കാണാം. കുട്ടി രാമന്റെ നീണ്ട മുടിയും മീശയില്ലാത്ത മുഖവും കാണാം. കണ്ണുകളിൽ പറഞ്ഞ് തീരാത്ത ആയിരമായിരം കഥകളും .മുനിഞ്ഞ് കത്തുന്ന വിളക്കും.

 “അമ്പലം. അമ്പലമെവിടെ ?”  രവി ഉൽസാഹത്തോടെ ചോദിച്ചു.

ഞാൻ വലത്ത് വശത്തേക്ക് നോക്കി. അവിടെ ഒരു അമ്പലം ഉണ്ടായിരുന്നേന്റെ അവശേഷിപ്പൊന്നും കണ്ടില്ല. ആമരത്തിനടുത്തേക്ക് ചവിട്ടടിയൊന്നും ഉണ്ടായിരുന്നില്ല. നിറയെ തിപ്പലിയും പേരറിയാത്ത ഏതൊക്കെയോ ചെടികളും കെട്ട് പിണഞ്ഞ് കിടക്കുന്നു. വെളിച്ചം തീരെ താഴെയെത്താത്തോണ്ട് മരത്തിനടിയിൽ നിറയെ മൺപുറ്റുകളാണ്. അട്ടയുണ്ടാവാൻ സാധ്യതയുണ്ടെന്ന് അപ്പൂപ്പൻ പറഞ്ഞതോർത്തു.

കയ്യിൽ സോപ്പും ചുണ്ണാമ്പും കരുതിയിരുന്നു. ഇതുവരെ അട്ടശല്യം ഒന്നും ഉണ്ടായില്ല.. കഥയിൽ കേട്ട കാര്യങ്ങൾ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും

“ചേരിനടുത്തേക്ക് ആരും പോകരുത്. ” രവി ഓർമ്മപ്പെടുത്തി.

എന്നിട്ടും ഞാൻ പതുക്കെ ചേരിനടുത്തേക്ക് നടന്നു. അവിടെയിരുന്ന് കുട്ടിരാമൻ എന്നെ വിളിക്കുന്നതായി എനിക്ക് തോന്നി.

രവിക്ക് തടയാനാകുന്നതിലും മുമ്പ് ഞാൻ ആ മരത്തിനടുത്തെത്തി. കഥക്കിടയിലെപ്പോഴോ കുട്ടിരാമനെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ട് തുടങ്ങിരിരുന്നു.

“എന്റെ കുട്ടിരാമന്റെ മരം”  എന്ന് പറഞ്ഞ് ഞാനാ മരത്തെ തൊട്ടു. പിന്നെ കെട്ടിപ്പിടിച്ചു. എന്നിൽ കഥകളുടെ പ്രളയമുണ്ടാകുന്നതായി ഞാനറിഞ്ഞു. പതുക്കെ ഞാനാ മരത്തിൽ ചാരിയിരുന്നു. ഞാൻ പോലുമറിയാതെ എന്നിൽ നിന്ന്   പുതിയൊരു കഥയൊഴുകാൻ  തുടങ്ങി.

“അതാ കഥമരത്തിന്റെ കഥയായിരുന്നു.”

തൃശൂർ ജില്ലയിലെ കാട്ടുകുഴി സ്വദേശിയാണ്. സ്വന്തമായി ബ്യുട്ടിക്ക് നടത്തുന്നു. നവമാധ്യമങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്