കാത്തിരുന്ന് കാത്തിരുന്ന്
മടുത്ത ദിവസങ്ങളിലൊന്നിൽ,
നീയെനിക്ക് അയൽവക്കത്തുള്ള
കുട്ടിയുടെ കൈയിൽ
ഒരു കത്തെഴുതി നൽകണം .
മുഖദാവിൽ കണ്ട്
ഒന്ന് സംസാരിക്കണമെന്ന്
അതിൽ നീ
പ്രത്യേകമെഴുതണം.
ചുംബനത്തിൻ്റെ
‘ഇമോജി’ യന്ത്രത്താളിലിട്ട്
നീ പ്രണയത്തെ മരവിപ്പിക്കരുത്.
തറവാട്ടിലെ
മഹോത്സവത്തിന്
നമുക്കൊന്ന് ചന്ത വഴിയിൽ
കണ്ടു മുട്ടണം.
തെയ്യചമയങ്ങൾക്കരികിൽ,
ചെണ്ടമേളങ്ങളുടെ പ്രൗഡിയിൽ
നിന്നെ മറ്റൊരു ദേവതയായി കാണുവാനാകണം.
മറ്റൊരിക്കൽ
തറവാടിൻ്റെ പുറം
പാശ്ചാത്തലത്തിൽ
നീയൊന്ന് എന്നിൽ
കുതിർന്ന് നിൽക്കണം
പാടവരമ്പിലേക്ക്
ഞാൻ എത്താൻ വൈകിയാൽ
കാറ്റിലുലഞ്ഞ് നീ അവിടെത്തന്നെയുണ്ടാകണം.
പ്രണയിക്കുവാൻ മാത്രം
നീ എൻ്റെ കൈവെള്ളയിൽ
തൊടണം.
മുറ്റത്തെ മഴയിൽ,
മിന്നൽ വെളിച്ചമായി
നീ നടന്നകലുന്നത് കാണണം.
കുട ചൂടിയ നിന്നെ
ഒരു പൂവിലെന്നപോൽ കാണണം.
യന്ത്രസന്ദേശങ്ങളിൽ
നീ എന്നെ വായിക്കുന്നതും
നിന്നെ ഞാൻ കാണുന്നതും
ഒഴിവാക്കണം.
കാരണം,
നമ്മുടെ സന്ദേശങ്ങളെ,
വിചാരങ്ങളെ, മോഹങ്ങളെ
അതിന് വിവർത്തനം ചെയ്യുവാൻ പറ്റില്ലല്ലോ…