ബുച്ചിബൂബൂ നോവൽ – അദ്ധ്യായം -12
ദിവസങ്ങള്‍ക്കു ശേഷമാണ് കാട് കയറുന്നത്. ബുച്ചിയെ കാണണം. അവന്റെ മാളം എവിടെയെന്നു അറിയില്ല. കതിര്‍ മരങ്ങളിലേക്ക് നോക്കി. അന്ന് രക്ഷപ്പെടുത്തിയ മലയണ്ണാനെ കണ്ടാലും മതി. അവനാണ് ബുച്ചിയെ താത്തപ്പന്റെ അടുത്തേക്ക് എത്തിച്ചത്. കാട്ടില്‍ അവരുടെ കാവലുണ്ടെന്നാണ് ബുച്ചി പറഞ്ഞത്. ഇലകള്ക്കിടയിലെ അനക്കം കേട്ടു കതിര്‍ മുകളിലേക്ക് നോക്കി. മലയണ്ണാന്‍ കുറെ നേരമായി തന്നെ നോക്കിയിരിക്കുകയാണെന്ന് തോന്നുന്നു. അത് അടുത്ത മരത്തിലേക്ക് ചാടി അവനെ ചരിഞ്ഞു നോക്കി. അവന്‍ അതിന്റെ പിന്നാലെ ചെന്നു. ഒരുയര്‍ന്ന പ്രദേശത്തെ കുന്നിന്റെ മീതെ എത്തിയപ്പോള്‍ അവിടെയുള്ള വലിയ മുത്തശ്ശി മാവിന്റെ ചുവട്ടിലെ മാളത്തിലേക്ക് ചാടി. ബുച്ചിയെ വിളിക്കാനാണോ എന്നവനറിയില്ലായിരുന്നു. കുറച്ചു നേരം കാക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു.
സികപ്പന്റെ വിളി കേട്ടു മാളത്തിനു പുറത്തിറങ്ങിയ ബുച്ചി കതിരിനെ കണ്ടതും അവന്റെ കൈകളിലേക്ക് ചാടി. അവനെയൊന്നു മണത്തു; അവന്‍ കൊണ്ട് വന്നിരിക്കുന്നത് നല്ല വാർത്തയാനെന്നു പറയാതെ തന്നെ ബുച്ചിക്ക് മനസ്സിലായി. ‘മാളം കാണണ്ടേ?’
കതിര്‍ അവനെ നിലത്തു വച്ചു. അവന്‍ മുന്‍പില്‍ നടന്നു. കുറെയേറെ കഴിഞ്ഞു കാടിന്റെ അങ്ങേയറ്റത്ത് ഒരു കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ മുന്‍പില്‍ ബുച്ചി നിന്നു. കല്ലുകള്‍ക്കിടയില്‍ ഒരു മാളമുണ്ട്. ലക്ഷണങ്ങള്‍ കണ്ടിട്ട് ഏതോ മൃഗത്തിന്റെ വാസസ്ഥലമാണ്. എന്തൊക്കെയോ ചീഞ്ഞു നാറുന്ന മണം. ‘ഇതിലെയാണ് നിറം മാറുന്നവര്‍ക്കുള്ള വഴി. നിന്‍റെ കൂട്ടക്കാര്‍ ഇങ്ങോട്ട് വരവില്ല. ഇവിടെ അവര്‍ക്ക് താല്പര്യമുള്ള മൃഗങ്ങളുമില്ല.’
അകത്തു നിന്നും ഏതോ മൃഗം നടന്നു വരുന്നതിന്റെ ഒച്ച. ഒന്ന്…രണ്ടു.. മൂന്ന്… അത്ര വലിയ മൃഗമല്ല. മൂന്നു കാലുള്ളത്. ഏതോ വിചിത്ര ജീവിയെ കാത്തു നിന്ന അവന്റെ മുന്നിലെത്തിയത് പക്ഷെ , ഒരു വയസ്സന്‍ കുറുക്കനാണ്. ‘ഇത് കടുവ.’ കൂടുതല്‍ പരിചയപ്പെടുത്തലുകളൊന്നുമില്ലാതെ അവര്‍ മാളത്തിലേക്ക് കടന്നു. കിടന്നാല്‍ കഷ്ടിച്ചു നൂണ്ടു പോകാം. കുറച്ചു കഴിഞ്ഞപ്പോള്‍ മാളം വലുതായി. ഇപ്പോള്‍ കുനിഞ്ഞു നടക്കാം. മൃഗങ്ങള്‍ക്ക് പിന്നാലെ അവനും നടന്നു. മാളം മുകളിലേക്ക് കയറിപ്പോവുന്നു. കുറെ വളവുകള്‍ക്കും തിരിവുകള്‍ക്കും ശേഷം മണ്ണ് മാറി പാറയായി. ‘എത്താറായി.’ മറന്ന ഭാഷയോട് സാമ്യമുള്ള ഏതോ ഭാഷയില്‍ കടുവയെന്നു പേരുള്ള ആ കുറുക്കന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ തുരങ്കത്തിലെ ഇരുട്ട് കുറച്ചു മാറി വരുന്നതായി തോന്നി. കാത്തിരിന്ന് തളര്‍ച്ച തോന്നി. ഒരു മണിക്കൂറെങ്കിലുമായിട്ടുണ്ടാവും ഈ നടപ്പ് തുടങ്ങിയിട്ട്. മുകളിലോട്ട് ഒരു കയറ്റം കൂടി കയറിയപ്പോള്‍ വെളിച്ചം കണ്ടു. ഓരോരുത്തരായി പുറത്തേക്കിറങ്ങി. താന്‍ താത്തപ്പന്റെ കൂടെ വന്ന പാറക്കൂട്ടത്തിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. ഏറ്റവും മുകളില്‍. പാറകളില്‍ കൂടി ഇറങ്ങി പോവുന്നത് അപകടമാണ്: തിരികെ പോകണമെങ്കില്‍ തുരങ്കം വഴി തന്നെ വേണം.
അവര്‍ തിരിച്ചിറങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ വന്ന വഴിയെയല്ല നടക്കുന്നത് എന്ന് കതിരിനു തോന്നിത്തുടങ്ങി. ഏയ് മനുഷ്യര്‍ക്ക് തെറ്റിയാലും മൃഗങ്ങള്‍ക്ക് വഴി തെറ്റില്ല. പക്ഷെ ദൂരം കൂടും തോറും അവനു സംശയം ഏറി വന്നു. ഇങ്ങോട്ട് വന്നത് പോലെയല്ല. തലക്ക് മുകളില്‍ മരങ്ങളുടെ വേരുകള്‍ കുറവാണ്. മണ്ണിനത്രയും നനവില്ല. വഴി വളഞ്ഞു പുളഞ്ഞു പോവുന്നില്ല. കൂനിക്കൂടി നടക്കുന്നത് മാത്രമാണ് വ്യത്യാസം. വന്നതിലും കൂടുതല്‍ സമയവുമെടുക്കുന്നുണ്ട്. ഓരോരുത്തരായി മാളത്തിനു പുറത്തിറങ്ങി. ഒരു പുല്‍മേട്ടിലാണിപ്പോള്‍ നില്‍ക്കുന്നത്. കതിര്‍ ചുറ്റും നോക്കി. അകലെ താത്തപ്പനും താമയും തോട്ടത്തില്‍ പണിയെടുക്കുന്നു. താന്‍ തന്റെ വീട്ടിലെട്ടിയെന്നവന് മനസ്സിലായി. വിസ്മയത്തോടെ അവന്‍ തിരിഞ്ഞു നോക്കി. അവര്‍ തിരിച്ചാ മാളത്തിലൂടെ പോയിരുന്നു. താത്തപ്പന് അത്ഭുതമൊന്നുമുണ്ടായിരുന്നില്ല. ബുച്ചിയോടു പറഞ്ഞ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അടുത്ത ഘട്ടത്തിനുള്ള സമയമായി.
അവര്‍ മാളത്തിലേക്ക് തിരിച്ചു നടന്നു. ബുച്ചി അത് കുറച്ചുകൂടി വലുതാക്കിയിട്ടുണ്ട്. ചുരുളനും കൂട്ടരും ഇടയിലെവിടെ നിന്നോ അവരുടെ കൂടെക്കൂടി. ഇവിടെ നിന്നും മാളത്തിലേക്കുള്ള വഴി നിറം മാറുന്നവരെ അറിയിക്കണ്ട എന്ന കടുവയാണ് നിര്‍ദ്ദേശിച്ചത്. അവരെ മുഴുവനായും വിശ്വസിക്കാമെന്നു ഉറപ്പായിട്ടു മതി. ബുച്ചിക്കും മറ്റുള്ളവര്‍ക്കും അതു ശരിയാണെന്ന് തോന്നി. ഇതുവരെ അവരുടെ ക്രൂരത മാത്രമേ കണ്ടിട്ടുള്ളൂ. മേഘവും കതിരും ഇത് വരെ തങ്ങളോടങ്ങനെയൊന്നും ചെയ്തിട്ടില്ലെങ്കിലും ജാഗ്രതയിലിരിക്കുന്നത് നല്ലതാണ്.
ഇനിയുള്ള കാര്യങ്ങള്‍ മേഘം പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ കതിര്‍ കാട്ടിലേക്ക് വരും. കുറച്ചു കെണികള്‍ കെട്ടാനുണ്ട് എന്നാണു പറഞ്ഞത്. കാട്ടുവള്ളികള്‍ ഉള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കാന്‍ പറഞ്ഞിട്ടുണ്ട്. മറ്റു മൃഗങ്ങിളിലേക്ക് വിവരങ്ങള്‍ എത്തിക്കേണ്ട സമയമായിരിക്കുന്നു. സികപ്പനും കൂട്ടര്‍ക്കുമുള്ള പണികളാണ് ഇനി.
കടുവ കുറച്ചു പകലുകള്‍ മാളത്തിലുണ്ടാവും. കടുവയറിയാതെ കാട്ടില്‍ ഒന്നും നടക്കാറില്ല. കാലു പോയതിനു ശേഷം കടുവ കൂടുതല്‍ ശ്രദ്ധാലുവായി. ഇനിയൊരിക്കലും ഒരു കെണിയിലും പെട്ട് പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തു. അതിനാണ് കാടിന്റെ ഓരോ മുക്കും മൂലയും പഠിച്ചു വച്ചിരിക്കുന്നത്. കടുവയ്ക്കു ആരെയും വിശ്വാസമില്ല, മൃഗങ്ങലായാലും നിറം മാറുന്നവരായാലും. അതുകൊണ്ട് തന്നെ ബുച്ചി ആദ്യമായി പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ കടുവ അവന്റെ മേല്‍ ശ്രദ്ധ വച്ചിട്ടുണ്ട്. അവനു ചെയ്യാനുള്ള പണികള്‍ കഴിഞ്ഞു. ഇനി തങ്ങളുടെ കൂടെയുള്ളവരെ വിവരം അറിയിക്കക എന്ന പണിയാണ്. ഇപ്പോള്‍ തന്നെ കാട്ടിലെ മൃഗങ്ങള്‍ രണ്ടു ചേരിയിലാണ്. അതില്‍, പോരാടി മരിക്കാന്‍ വരെ തയ്യാറുള്ളവരെയാണ് തങ്ങള്‍ക്കു വേണ്ടത്.
(അടുത്ത വ്യാഴാഴ്ച അദ്ധ്യായം13 : കെണി )