കണ്ണേ… കരളേ… v/s തേനേ… പാലേ…

കുട്ടി
ദൈവത്തോടുചോദിച്ചു:
ദൈവമേ
തീയെ ആളിക്കുന്ന
കാറ്റിനോടോ
തീയെ കെടുത്തുന്ന
കാറ്റിനോടോ
നിനക്കേറെ പ്രിയം ?
ദൈവം
കുട്ടിയെ നോക്കി
കണ്ണുരുട്ടി
കുട്ടിക്ക്
ദൈവത്തിന്റെ അസ്തിത്വം
ബോധ്യപ്പെട്ടു
ഭയം
കുട്ടിയെ സ്നാനപ്പെടുത്തി…

നൂറുവർഷം
വെള്ളവും വെളിച്ചവും
തൊട്ട ഒരു ശരീരം –
“കണ്ണേ… കരളേ….”
പുരുഷാരം;
ആരവങ്ങൾ
താലോലിക്കുന്ന
ഉടൽ
ദൈവം നോക്കിനിന്നു…

പാതയോരത്ത്
പാതിരാമഴനനഞ്ഞ്
ശവഘോഷയാത്ര
കണ്ടുനിൽക്കുന്ന
വൃദ്ധൻ
ദൈവത്തോടു ചോദിച്ചു:
ദൈവമേ
ജീവനുള്ളവിഗ്രഹത്തിനുമേൽ
പുരുഷാരം ചൊരിഞ്ഞ
നിന്നെ ചൊടിപ്പിച്ച
അതേ വായ്ത്താരി
ഉടഞ്ഞ വിഗ്രഹത്തിനു മേലും
ചൊരിയുന്നല്ലോ….?

ദൈവം
തുറിച്ചുനോക്കി
പിന്നെ പുഞ്ചിരിച്ചു
വൃദ്ധന്
ദൈവത്തിന്റെ
അസ്തിത്വം ബോധ്യപ്പെട്ടു
ഭക്തി
വൃദ്ധനെ
സ്നാനപ്പെടുത്തി.

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി, വരവിളിക്കോലങ്ങൾ (ഖണ്ഡകാവ്യം)- തസ്റക്കിൽ ഖണ്ഡശ്ശമായ് പ്രസിദ്ധീകരിച്ചത് - എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.