കണ്ണട മാറാം, കാഴ്ചകൾക്കു തെളിച്ചം വരട്ടെ…

വൈകുന്നേരം, ഗാന്ധിജിയെക്കുറിച്ചുള്ള തെളിവാർന്ന ഓർമകൾ ചുറ്റും നിറഞ്ഞ സന്ധ്യയിൽ തീർത്തും അപ്രതീക്ഷിതമായാണ് വാട്സാസാപ്പിലേക്ക് സുഹൃത്തിൻ്റെ ഒരു സന്ദേശം പിറന്നു വീണത്. പത്തു വർഷം മുൻപ് എടുത്തുവെച്ച പാസ്പോർട്ടിൻ്റെ കാലാവധി തീരാറായിട്ടും ഇന്ത്യ വിട്ടു പുറത്തേക്കു സഞ്ചരിച്ചിട്ടില്ലെന്നും, റിട്ടയർ ചെയ്തതിനാൽ ആരോഗ്യം മോശമാകുംമുൻപ് ഇനി യാത്രകൾ സാധിക്കുമോ എന്നുമുള്ള ആ ചാറ്റിങ് ക്രമേണ അയാൾ നിലവിൽ സാഹചര്യങ്ങളുടെ തടവിലാണ് എന്ന വാക്യത്തിൽ വന്നുടക്കി. സാഹചര്യങ്ങളുടെ തടവ് ഒരുവിധം മനുഷ്യരുടെയെല്ലാം പ്രശ്നമായതിനാൽ ഒരു ചോദ്യചിഹ്നത്തോടെ ഞാനാ വാക്യത്തിൽ ഒരു കൊളുത്തിട്ടു. തൊണ്ണൂറു പിന്നിട്ട അച്ഛൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. അച്ഛനെ നോക്കണം അതിനാൽ യാത്രകൾ സാധിക്കില്ല. ഇതാണ് സുഹൃത്തു പറഞ്ഞ സാഹചര്യക്കുരുക്ക്!

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും എൻ്റെ ചിന്ത ആ സുഹൃത്തു പറഞ്ഞ കാര്യങ്ങളിൽ നിന്നും അടർന്നുമാറാൻ കൂട്ടാക്കിയില്ല. യുവാക്കൾ കൂടൊഴിയുന്ന കേരളം, വൃദ്ധരുടെ ഹബ് ആകുന്ന കേരളം, തൊണ്ണൂറു പിന്നിട്ട അച്ഛനെ പരിചരിക്കാൻ അറുപതു പിന്നിട്ട മകൻ, നൂറു കടന്ന അമ്മയ്ക്കു കൂട്ട് എൺപതുകാരി മകൾ. എന്തോ എവിടെയോ ഒരു പന്തികേട്. കഴിഞ്ഞ കാലഘട്ടത്തിൽ നമ്മൾ ഏറെ ചർച്ച ചെയ്തിരുന്നത് അടുക്കളയിൽ നിന്നും മോചനം കിട്ടാതിരുന്ന സ്ത്രീകളെക്കുറിച്ചായിരുന്നു. മുണ്ടു മുറുക്കിയുടുത്ത് കുടുംബം പുലർത്തിയ പുരുഷന്മാരെക്കുറിച്ചുമായിരുന്നു.

കാലം മാറിമറിഞ്ഞപ്പോൾ വിവാഹം ഒരു അവശ്യകാര്യമാണോ എന്ന് യുവതലമുറ സംശയം ഉയർത്തിത്തുടങ്ങിയിരിക്കുന്നു. അന്ന് അടുക്കളയിൽ ജീവിതം ഹോമിച്ചവർ ഇന്ന് ജീവിതത്തിൻ്റെ അവസാന ലാപ്പിലാണ്. അവരാണ് ഇന്ന് തൊണ്ണൂറും നൂറും കടന്നിരിക്കുന്നവർ. അവരെ പരിചരിക്കേണ്ടവർ ഇപ്പോൾ അറുപതു പിന്നിടുന്നവരാണ്. അവരും തൊട്ടു മുന്നിലെ തലമുറയെപ്പോലെ സ്വന്തം സ്വപ്നങ്ങൾ ബലി കൊടുത്തും കുടുംബം കെട്ടിപ്പടുത്ത ആണും പെണ്ണുമാണ്. അവരും പരിഗണന അർഹിക്കുന്നവരാണ്. പുതിയ കണക്കുപ്രകാരം യുവത്വം എൺപതിലേക്കു നീണ്ടതോടെ അറുപതു പിന്നിട്ട യുവാക്കൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ട്. ഇതൊരു സാമൂഹ്യപ്രശ്നമാണ്. ഇന്നും വൃദ്ധസദനം എന്ന വാക്കിനോടു മലയാളിക്ക് അത്ര മമതയില്ല. കഴിയുമെങ്കിൽ ‘എൻ്റെ അച്ഛനെ, എൻ്റെ അമ്മയെ ഞാൻ തന്നെ നോക്കും പരിചരിക്കും, ഇല്ലെങ്കിൽ നാട്ടുകാരെന്തു കരുതും’ എന്ന ചിന്തയുള്ളവരും, സ്വന്തം ഉത്തരവാദിത്തം മറ്റുള്ളവരെ ഏൽപ്പിക്കാനാകില്ല എന്നു ചിന്തിക്കുന്നവരും അവർക്കു ‘യുണൈറ്റഡ് നേഷൻസ്’ കനിഞ്ഞു നൽകിയ യുവത്വത്തിനപ്പുറം പലവിധ മാനസിക ശാരീരിക വിഷമതകൾ പേറുന്നവരാണ്. തൊണ്ണൂറു പിന്നിട്ട അച്ഛൻ്റെ ആരോഗ്യം ഒരു യഥാർത്ഥ്യമാണെങ്കിൽ, അറുപതു പിന്നിട്ട മകൻ്റെ സ്വപ്നങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളും തുല്യപ്രാധാന്യമുള്ളതാണ്. വർഷങ്ങൾ കടന്നുപോകുമ്പോൾ കൊഴിഞ്ഞുവീഴുന്ന ആരോഗ്യം അയാളെ നിരാശനാക്കുന്നുണ്ട്. ഇനിയൊരു ബാല്യം തനിക്കില്ലെന്ന ഖേദം അയാളിൽ നിറയുന്നുണ്ട്. ഒരു ദിവസം പോലും ഇനി കുടുംബത്തിൽ നിന്നും വിട്ടുനിൽക്കാനാവില്ലെന്നും അച്ഛനെ മറ്റൊരാൾ പരിചരിച്ചാൽ ശരിയാവില്ലെന്നും അയാൾ ചിന്തിക്കുന്നു. ഇത് തൻ്റെ സാഹചര്യമാണെന്നയാൾ വാദിക്കുമ്പോൾ ഇത് അയാൾ സ്വയം സ്വീകരിക്കുന്ന സാഹചര്യമാണെന്നു പുറത്തു നിന്നു നോക്കുന്നവർക്കു വ്യക്തമാണ്. ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനം അയാൾ ഭൂമിയിൽ ജീവിക്കുന്ന കാലം സന്തോഷമായി ജിവിക്കുക എന്നതാണ്. അതു കടപ്പാടുകളുടെ പേരിൽ ത്യാഗമെന്ന പേരിൽ ആകാതിരിക്കേണ്ടതും പ്രധാനമാണ്. അച്ഛൻ/അമ്മ എനിക്കു വേണ്ടി ജീവിച്ചു, അവരുടെ ജീവിതം ഹോമിച്ചു. അതിനാൽ ഞാൻ അവർക്കു വേണ്ടി എൻ്റെ സന്തോഷങ്ങൾ മാറ്റിവയ്ക്കണം എന്ന ചിന്തയിലാണ് ഒരാൾ സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരുങ്ങുന്നതെങ്കിൽ അതൊരു നല്ല തീരുമാനമാണെന്നു പറയാൻ വയ്യ. സ്വന്തം സന്തോഷങ്ങൾ ബലി കൊടുക്കണം എന്ന ചിന്തപോലും തുടർന്നു ചെയ്യുന്ന മഹത് പ്രവൃത്തിയുടെ ശോഭ കെടുത്തും. അതായത്, ത്യാഗം എന്ന വാക്ക് പഴമക്കാരിലൂടെ പുതുതലമുറയിൽ എത്തുമ്പോൾ, ആ വാക്കിനോടു ചേർന്ന് നഷ്ടബോധം എന്ന ചിന്ത കൂടി ചേർത്തുവായിക്കേണ്ടി വരുന്നു.

എനിക്ക് യാത്ര ചെയ്യണം എന്നുണ്ട്, എന്നാൽ എൻ്റെ സാഹചര്യം എന്നെ അതിനനുവദിക്കുന്നില്ല എന്ന വാദം, അയാൾ നിലവിൽ സാഹചര്യത്തിൻ്റെ പേരിൽ അനുവർത്തിക്കേണ്ടി വരുന്ന കർമത്തിൻ്റെ ശോഭ കെടുത്തും. ഇവിടെ കരണീയമായത് തത്ക്കാലം ഒരു യാത്ര പോകാൻ വേണ്ട കാര്യങ്ങൾ ചെയ്ത് സ്വസ്ഥമായി അതു നിർവ്വഹിച്ച്, പൂർണ സന്തോഷത്തോടെ മടങ്ങിവന്ന് അച്ഛൻ്റെ പരിചരണം ഏറ്റെടുക്കുകയുമാണ്. മറിച്ചാണെങ്കിൽ കിടന്നു പോയ അച്ഛൻ, ഈ വേദനയിൽ നിന്നും രക്ഷപ്പെടാൻ ദൈവം കനിയണേ എന്നു സുഖാന്വേഷണം നടത്തുന്നവരോടു പറഞ്ഞു പോകുന്ന മകനാവുകയാവും ഫലം! നിങ്ങൾക്കു സാധ്യമാകേണ്ട ചെറിയ സ്വപ്നങ്ങൾ അത് ഇത്തരത്തിൽ വ്യാജ സാഹചര്യത്തിൽ കുടുക്കാതിരിക്കുക. ഒരാഴ്ച, നിങ്ങളുടെ അച്ഛനെ, അമ്മയെ പരിചരിക്കാൻ ഹോം നഴ്സിനെ കിട്ടാത്ത ലോകമല്ല ഇത്. നിങ്ങൾ ദയവായി ഒന്നും ത്യജിക്കാതിരിക്കുക, ത്യജിച്ചിട്ട് കണക്കു പറയാതിരിക്കുക. ഒന്നും ചെയ്യാതിരിക്കുന്നത് ഈ കണക്കു പറച്ചിലിനേക്കാൾ ഭേദമാണ്.

അതെ, ആ ത്യാഗക്കണ്ണട ഒന്ന് ഊരി വയ്ക്കാം. എന്നിട്ട് സ്വന്തം സന്തോഷം ത്യാഗത്തിൻ്റെ പേരിൽ എരിക്കാതിരിക്കാം. കൂടുതൽ സന്തോഷത്തോടെ കടമകൾ നിർവ്വഹിക്കാം.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.