കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ

കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി.  കുഴഞ്ഞു മറിയുന്ന സ്ഥലകാലങ്ങളിലൂടെയും സ്വന്തം മനസിന്റെ രഥവേഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളിലൂടെയും രൂപം കൊള്ളുന്ന നോവൽ ഒടുവിൽ ഒരു പുരാവൃത്തത്തിന്റെ ഭാവശില്പമായി തീരുന്നു. കഥയുടെ തീരത്തു നിന്ന് നോവലിന്റെ വലിയ കടലിലേക്ക് എത്തപ്പെട്ടതെങ്ങനെയുന്ന് കഥാകാരി പറയുന്നു കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ 

ഞാനൊരു കുഴിമടിച്ചിയാണ്. കുഴിമടിച്ചിയായ എഴുത്തുകാരി. വര്‍ഷത്തില്‍ രണ്ട് കഥയെഴുതാന്‍ തന്നെ നല്ല മടിയാണ്. ഒരു കൊല്ലം എഴുതിയാല്‍ അടുത്ത കൊല്ലം എഴുതുവാന്‍ പോണില്ല. ഒന്നെരാടന്‍ പൂക്കുന്ന എന്‍റെ വീട്ടിലെ മടിച്ചി മാവിനെ പോലെ ഞാനെഴുത്തില്‍ പതിവായ് ഒറ്റപൂത്തു.

എഴുതാന്‍ എനിക്ക് സധാരണ എഴുത്തുകാര്‍ പറയും പോലത്തെ കാരണങ്ങളില്ല. “എഴുതൂ എഴുതൂ പശ്യപ്രിയെ കൊങ്കണെ” എന്ന് നിര്‍ബന്ധിയ്ക്കുന്ന ഭര്‍ത്താവില്ല. “എഴുത്തിന്‍റെ റാണീ എന്‍റെ റാണീ “എന്ന് ആസ്വാദനവും പ്രേമാരധനയുമായ് നടക്കുന്ന കാമുകരില്ല. എഴുത്തിന്‍റെ  രാജാവെ, ഭടാ, എന്‍റെ പിന്മുറേ എന്നൊന്നും പറയുന്ന തരം ഗോഡ് ഫാദര്‍ മദര്‍കള്‍ ഇല്ല, എന്‍റെ കഥയ്ക്കായി ക്യൂ നില്‍ക്കുന്ന പ്രസാധകര്‍, എഴുതിക്കാനോടുന്ന പത്രാധിപര്‍ ആരുമില്ല. ഇനി ഉണ്ടെങ്കിലും എനിക്കിതൊന്നും എഴുത്തിനും കാരണമാകുമായിരുന്നില്ല.

എഴുത്തെനിക്ക് ആന്തരികമായ പ്രവര്‍ത്തിയായിരുന്നു. എനിക്ക് വേണ്ടിയുള്ള  ഒരുള്‍പ്രവര്‍ത്തനം. എന്‍റെ ആനന്ദം എന്‍റെ സങ്കടം, എന്‍റെ ഉന്മാദം എന്‍റെ അപകര്‍ഷത, എന്‍റെ അഹന്ത, എന്‍റെ നഗരം. എന്‍റെ എന്ന് വിളിക്കാവുന്ന തീര്‍ത്തും വ്യക്തിപരമായ സ്വകാര്യതകളാണ് ഒരാന്തരമര്‍ദ്ദം പോലെ എന്നെക്കൊണ്ടെഴുതിക്കുന്നത്. എനിക്ക് എഴുതാന്‍ മുട്ടുന്നെ എന്നലറി വരുന്ന ആശയാണത്. എന്‍റെ അകമൊരു മുട്ടയ്ക്കകം പോലെ കലക്കിയുയര്‍ത്തി കീഴ്മേല്‍ മറിച്ച് അകത്തും പുറത്തും വിസ്പോടനമുണ്ടാക്കുന്ന എന്നെ തട്ടിക്കലക്കാനും തകർത്ത് വീഴ്ത്താനും പാകമായ ഒന്ന് – എന്റെ എഴുത്ത്

നോവലെഴുതാനും ഇതേ കാരണമാണ്. എന്റെ നഗരത്തെ എന്റെ കുട്ടിക്കാലത്തെ എന്റെ കിറുക്കുകളെ വ്യാധികൾ വ്യഥകളെ എഴുതണം. ആ ആശയിൽ നിന്നും വിത്തുകൾ മുളപൊട്ടുന്നു. നഗരം എന്‍റെ പൊങ്കടലാകുന്നു. വൈകുന്നേരത്തെ തിരക്കില്‍ എന്‍റെ കടല്‍പ്പുറം എന്നെ അസ്തമയം കാണിച്ച, വീടണയുന്ന മുക്കുവരുടെ തോണികള്‍ കാണിച്ച കടല്‍. ഗുരുവായൂരപ്പന്‍ കോളേജ് കുന്നില്‍ നിന്നും ചുട്ടവാള്‍ച്ചിരി ചിരിച്ച് അകലെ തിളങ്ങിയ  എന്‍റെ കടല്‍ ആ കടലിനെ എനിക്ക്  എന്‍റെ നോവലിലേക്ക് തന്നത് എന്‍റെ നഗരമാണ്

എന്റെ നഗരം എന്നെയെഴുതിക്കുന്ന എന്‍റെ നോവല്‍

ഒരു നഗരം. ഒരു മനുഷ്യന്‍റെ സ്വപനങ്ങളെയും പ്രതീക്ഷകളെയും  ആഗ്രഹങ്ങളെയും  മഴക്കൂണു പോലെ വളര്‍ത്തിയ നഗരം. ആനന്ദങ്ങളെയും ആഹ്ലാദങ്ങളെയും പിറകൊടുത്ത നഗരം. മുറിവുകളെയും പ്രാണസങ്കടങ്ങളെയും നിസ്സഹായതയേയും നെഞ്ചിന്‍റെ ഉള്‍ച്ചൂടിലേക്ക് ചേര്‍ത്തു വെച്ച നഗരം. ഗർവ്വിനെയും അഹന്തയെയും ഊട്ടിയ നഗരം ഇനിയും ഇനിയും നേടാനെത്ര ബാക്കിയെന്ന് പറഞ്ഞ് ഉന്തിയ നഗരം. എന്‍റെ നഗരം. ആ നഗരത്തിന്‍റെ പേരാണു കോഴിക്കോട്. ആ മനുഷ്യന്‍റെ പേരാണു ഞാന്‍. എന്റെ എഴുത്തിന്റെ വലിയ സിരയാണത്. എന്റെ നഗരത്തിന്റെ ആഹ്ളാദം കൊണ്ട് ഞാനെഴുതി. കോഴിക്കോടിന്‍റെ വഴികള്‍, കടല്‍, കോഴിക്കോടിന്‍റെ കഥകള്‍. മുസ്ലിം സംസ്കാരം. അതേ, എന്‍റെ നഗരം എന്നെ എഴുതിപ്പിക്കുന്ന എന്‍റെ നഗരം

ഈ നഗരം പിറകൊണ്ട അന്നേ എന്‍റേതായിരുന്നു. കോഴിക്കോടിന്‍റെ ഹൃദയത്തിലെ പേറ്റാശുപത്രിയില്‍ പെണ്ണായി പിറകൊണ്ട അന്നു മുതലേ എന്‍റെയായിരുന്നു ഈ നഗരം. ഞാനെന്‍റെ കുട്ടിക്കാലത്ത് എത്രമേല്‍ എന്‍റെയെന്‍റെയെന്നാര്‍പ്പിട്ടോ അത്രമേല്‍ ആളുകള്‍ ഈ നഗരം എന്‍റെയല്ല എന്‍റെയല്ല എന്ന് വിധിച്ചു. കാരണം എന്‍റെയച്ഛന്‍ കൊല്ലത്ത് നിന്ന് കോഴിക്കോട്ടേക്ക് കുടിപാരത്ത സ്റ്റേറ്റ്കാരനായിരുന്നു.

“അയ്യെ നീ സ്റ്റേറ്റ്കാരിയല്ലെ? ഇയ്യെങ്ങന്യാ കോഴിക്കോട്ട്യാവ്ണേ?” എന്ന് പറഞ്ഞ് എന്നെ സ്റ്റേറ്റ്കാരിയാക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നിരുന്നു. കോഴിക്കോട് എനിക്കെത്ര ഭ്രാന്തായിരുന്നോ അത്രയും കളിയാക്കലിന്‍റെ  ശക്തിയും കൂടിയിരുന്നു. ഒരു കടിനായയുടെ വീറോടേ എന്‍റെയാ എന്‍റെയാ കോഴിക്കോട് എന്‍റെയാ എന്ന് ഞാന്‍ യുദ്ധം ചെയ്തുകൊണ്ടേയിരുന്നു.

അല്ല അല്ല ഞാന്‍ സ്റ്റേറ്റ്കാരിയല്ല ഞാന്‍ കോഴിക്കോട്ടുകാരിയാണ്. ആ എന്റെ കോഴിക്കോടിനെ പറ്റി ഞാനെഴുതുകയാണ്. മറ്റാര്‍ക്കും എഴുതാന്‍ കൊടുക്കാതെ ഈ നഗരത്തെ എന്റ്റെയാക്കുന്ന പ്രവര്‍ത്തിയാണ് എന്‍റെ നോവല്‍.

എന്‍റെ കുറുമ്പുകള്‍ എന്നെയെഴുതിക്കുന്ന  കുട്ടിക്കാലം

ചെറുപ്പകാലത്ത്  എന്‍റെ ഏറ്റവും വലിയ മറ്റൊരപകര്‍ഷതാ ബോധം എന്‍റെ മുടിയായിരുന്നു. കാപ്പിരിപ്പൂർവ്വികരുടെ ഏറ്റവും വലിയ സമ്മാനമായിരുന്ന കൌരുകുരാ പൊടിച്ച് ചുരുള്‍മുടി ആളുകള്‍ക്ക് കൌതുകവും തമാശയുമായി. തലയില്‍ വെച്ച ബൊക്കമുടിയുമായി വികൃതികള്‍ കാട്ടി നടന്ന എന്നെ തളയ്ക്കാന്‍ എന്‍റെ സ്പ്രിങ്ങ് മുടിയില്‍ കസിൻസ്സ് കയ്യും നാവും വെച്ച് അയ്യെ അയ്യെ എന്ന് കളിയാക്കി.

അച്ഛന്‍റെ നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ സഹതാപം പൂണ്ടു.

“വിക്രോമ്പിള്ളേ യെന്തോ ചെയ്യുവെടേ? ഇത് വളരുവോ? വൊഹ് കാപ്പിരിക്കാരു കറുമ്പന്മാരെ കൂട്ട്”  കൊല്ലത്ത്, അച്ഛന്‍റെ നാട്ടില്‍ എന്‍റെ മുടിയെ എത്ര മോശമായാണ് കണ്ടത്.

എന്നാല്‍ എന്‍റെ നഗരം എന്‍റെ മുടിയെ ഏറ്റവും ഭംഗിയുള്ളതായി കണ്ടു. “കൊടുങ്കാറ്റേ കൊടുങ്കാറ്റേ നിന്‍റെയീ മുടിയെനിക്ക് തരുമോ?” എന്നെന്‍റെ കുറ്റപ്പേരിനൊപ്പം പുന്നാരം ചോദിച്ചു. ചില ബിജേപിക്കാര്‍ എനിക്ക് ശ്രീകൃഷ്ണന്‍റെ മുടിയാണു കിട്ടിയതെന്ന് അസൂയപൂണ്ടു. എന്നാല്‍ മറ്റു ചിലര്‍ എന്നെ കാണുമ്പോള്‍ സായിബാബക്കുട്ടിയെന്ന് ആദരവോടെ കൊഞ്ചിച്ചു.

“എത്ത് രസാ ബളെ അന്‍റെ മുടിയ്ക്ക്” കൂട്ടുകാരികള്‍ മുടിഗോപുരത്തില്‍ കൈ വെച്ചു നോക്കി.

“പ്രിങ്ങ് മാരി” അവരെന്‍റെ മുടിച്ചുരുളെ സ്പ്രിങ്ങാക്കി വലിച്ച് വിട്ടു.

എന്‍റെ മുടി എത്രമേല്‍ ഭംഗിയുള്ളതാണെന്ന് ഈ നഗരവും ഇവിടുത്തെ മനുഷ്യരും എന്നെ പഠിപ്പിച്ചു. ഒരു ചെറിയകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസമായിരുന്നു അത്. മനുഷ്യരുടെ സ്വഭാവഗുണമായല്ല എന്‍റെ കൊയ്ക്കൊടിന്‍റെ ഗുണമായാണ് ഞാനതിനെ വായിച്ചതും കണ്ടതും. ഞാന്‍ പഠിച്ച എന്‍ എസ് എസ് സ്കൂളൂം തളിയും ചാലപ്പുറവും പാളയം ബസ്റ്റാന്‍റും കടപ്പുറവുമെല്ലാം എന്‍റെ എന്‍റെയായിരുന്നു. നോവലില്‍ നടക്കുന്ന എല്ലാ പെണ്കുട്ടിക്കാലവും എന്‍റെയായിരുന്നു. സരസ്വതി നടന്നു പോയ വഴികള്‍ എന്‍റെയായിരുന്നു. സരസ്വതിയുടെ കുറുമ്പുകള്‍ അതും എന്‍റെയായിരുന്നു.

എന്‍റെ മുടി സാക്ഷാല്‍ സത്യസായിബാബയുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ആന്‍റിമാരെ ഞാനെന്ന അവിശ്വാസി നിര്‍ദ്ദയം ചൂഷണം ചെയ്ത കുറുമ്പുകള്‍. പുഷ്പ ജംഗ്ഷനിലൂടെ നടന്ന് പോകുമ്പോള്‍ സായി ആശ്രമത്തില്‍ നിന്ന് വരുന്ന പെണ്ണൂങ്ങളില്‍ ചിലര്‍-പ്രത്യേകിച്ച് ഗീതാന്‍റി  ഞാന്‍ കൊടുക്കുന്ന റ്റാറ്റാ, അഭയമുദ്രയിലുള്ള സായീ അനുഗ്രഹമെന്ന് വിശ്വസിച്ചു. വെള്ള രസഗുള പ്രസാദം പതിവായ് കിട്ടാന്‍ പോസില്‍ നിന്നാല്‍ മതിയെന്ന് ഞാന്‍ മനസ്സിലാക്കി..രസഗുള തിന്നെ, രണ്ട് കൈകൊണ്ടുമായി അനുഗ്രഹം ചൊരിയുന്ന ബാബ സ്റ്റൈല്‍ ഞാനെടുത്തു. മണ്ടികളായ ആന്‍റിമാര്‍ സായിക്കുഞ്ഞിന്‍റെ മുടി നീളുന്ന വരെ പ്രസാദം നല്‍കി അനുഗ്രഹിച്ചു. അന്നേ ഒരു കൈ നോക്കിയിരുന്നെങ്കില്‍ നല്ല ഒരു യോഗിനിയായ് എനിക്ക് പ്രാക്റ്റീസ്സ് ചെയ്യാമായിരുന്നു. കുഞ്ഞായിരുന്നപ്പോഴെ ഉള്ളതാണ് കുറുമ്പ്. നുണക്കഥകള്‍ക്കും സ്വപ്നങ്ങള്‍ക്കും മീതെ കുറുമ്പ് കലര്‍ത്തി സ്വപ്നമോ സത്യമോ എന്നറിയാത്ത ഒരു മൂഡില്‍ പോവുക. ചെറുകഥയില്‍ ഇല്ലാത്തതും പെരുംങ്കഥയില്‍ ഉള്ളതുമായ് ഒന്നാണത് ആ കുറുമ്പ്. പേങ്ങാട് സ്കൂളിനെ പറ്റിയെഴുതുമ്പോള്‍ മമ്മിക്കോയയും പ്രജിതയും ഷീനയും അയമുട്ടിമാഷും കഥാപാത്രങ്ങളാകുമ്പോള്‍ കുറുമ്പ് തോന്നുന്നു. ആ കുറുമ്പ് ചെറിയ കഥയായല്ല നോവലായ് തന്നെ പുറത്ത് വരുന്നു.

യാത്രകള്‍ എഴുതുന്ന നോവല്‍

യാത്രകള്‍ നിര്‍ബന്ധ ബുദ്ധികളാണ്. കണ്ടതത്രയും പകര്‍ത്തിയെഴുതാന്‍ നമ്മളോട് വാശി പിടിക്കും. ഞാന്‍ ഭയങ്കര യാത്രക്കരിയാണ്. ചെറിയ പഴുതില്‍ പെട്ടിയും കുട്ടിയെമെടുത്ത് യാത്രപോകുന്നവള്‍. ഈ യാത്രകളത്രയും നമ്മോട് നിര്‍ബന്ധം പിടിയ്ക്കും എഴുത് എന്നെയെഴുത് എന്ന്. കടല്‍ കാണാന്‍ പോയിപ്പോയി കടല്‍ കണ്ട് പൊട്ടിച്ചിരിച്ചും ആനന്ദിച്ചും വരുമ്പോള്‍ കടലെഴുത്ത് ഹൃദയത്തില്‍ ബാക്കിയാവും. കാലങ്ങളായ് ബാക്കിയായ കടലെഴുത്തുകളാണ് കപ്പലായും കടലായും കടലാസില്‍ നിറഞ്ഞു വന്നത്.

ചെറുപ്പകാലത്ത് എന്നെ കുതിരക്കുഞ്ഞെന്നവണ്ണം തുള്ളിച്ചാടിച്ച കോഴിക്കോട്ടെ കടല്‍, അവധിക്കാലങ്ങളില്‍ ചെറുതിരയായ് വന്ന് പരിചയം  കാലില്‍ നക്കിയറിയിക്കുന്ന  കൊല്ലത്തെ കടല്‍, കുപ്പിയുരുക്കിയെ പച്ച നിറമുള്ള വിഴിഞ്ഞത്തെ കടല്‍, എന്‍റെ ചെരുപ്പിനെ കട്ടെടുത്ത ദാദറിലെ കടല്‍, മുംബൈയില്‍ തിര കുറഞ്ഞ ജൂഹുക്കടല്‍. ഇക്കണ്ട കാലം എന്‍റെ സ്വപങ്ങളിലെ കടല്‍  എത്ര സുന്ദരമായ് വന്നുവോ അത്രമേല്‍ നിറവോടെയെഴുതാന്‍ എനിക്ക് പേജുകള്‍ വേണം. ചെറുകഥയില്‍ അതൊതുങ്ങുമായിരുന്നില്ല അതങ്ങനെ പരന്ന് തുടിച്ച് പെരുങ്കടല്‍പ്പെരുമ പൂണ്ട് അങ്ങനെ അക്ഷരങ്ങളില്‍ വാര്‍ന്ന്‍ ഞങ്കണ്ട ഞാങ്കണ്ട എന്‍ കടലെ എന്ന് എഴുതിക്കൂടി .

അങ്ങനെയൊക്കെയാണെ ഒരു നോവലുണ്ടായത്.

ആദ്യ നോവലായ കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരം നേടി. കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌ക്കാർ, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, മാതൃഭൂമി കഥാപുരസ്ക്കാരം, ജനപ്രിയ ട്രസ്റ്റ് അവാർഡ്, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാള ശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കഥാസമാഹാരങ്ങളായ ഒരു ലെസ്ബിയൻ പശു, സംഘ് പരിവാർ, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷൻ, ഇന്ദു മേനോന്റെ കഥകൾ, ചുംബനശബ്ദതാരാവലി, പ്രണയക്കുറിപ്പുകൾ, എന്റെ തേനേ എന്റെ ആനന്ദമേ, ഓർമ്മക്കുറിപ്പായ എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ എന്നിവയും പ്രസിദ്ധീകരിച്ചു. മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. സോഷ്യോളജിയിൽ മൂന്നാം റാങ്കോടെ ബിരുദാന്തര ബിരുദം. സംഗീതജ്ഞനായ ഉമയനലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകൾ.