കടൽ ആകാശത്തിനോട് പറഞ്ഞത്

എല്ലാറ്റിനുമുപരിയായി മനുഷ്യനായിരിക്കാൻ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട മനുഷ്യാ, തിരിച്ചു വരുവാൻ വഴികൾ കണ്ടുപിടിച്ചിട്ടല്ലാതെ ഒരു മനുഷ്യനിലേക്കും ഇറങ്ങിച്ചെല്ലരുതെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു. ഇത് തിരിച്ചു വരുവാനുള്ള ശ്രമമാണോ എന്നറിയില്ല. ചില ചിന്തകളെ പകർത്തി വെക്കണമെന്നുള്ളത് കൊണ്ട് എഴുതി വെക്കുന്നുവെന്നു മാത്രം.

“A Hundred Years Should Go To Praise Thine Eyes
And On Thy Forhead Gaze” എന്ന് ആൻഡ്രൂ മാർവെല്ലിനെപ്പറ്റിയും

“If Winter Comes, Can Spring be Far Behind”

“Oh! Lift me As a Wave, a Leaf, a Cloud!
I Fall upon The Thorns of Life
I Bleed!”

എന്ന് ഷെല്ലിയെപ്പറ്റിയുമൊക്കെ നിങ്ങൾ വാചാലനാകുമ്പോ ഒരു അന്തവുമില്ലാത്ത തിയറികൾ പഠിക്കാൻ ഞാൻ പാഴാക്കിയ വർഷങ്ങളെ കുറിച്ച് പരിതപിച്ചത് ഓർക്കുന്നുണ്ടോ. എന്നിൽ അവശേഷിച്ച ഇങ്ങനെയുള്ള ചില നഷ്ടബോധങ്ങളോ ആഗ്രഹങ്ങളോ ഒക്കെയാണ് ആദ്യം അടുപ്പം തോന്നാൻ കാരണമെന്നു തോന്നുന്നു.

Did I bleed???

ഇല്ല. പക്ഷെ ഹൃദയത്തിൻ്റെ ഏതോ മൂലയിൽ ചെറുതായി ഒരു കൊളുത്ത് വീണു. ആർക്കും ഉപദ്രവകരമല്ലാത്ത, കയ്പ്പും മധുരവും കലർന്ന കൊളുത്ത്.

അല്ലെങ്കിൽ തന്നെ എന്താ ഈ പ്രേമം. സ്നേഹം,ഇഷ്ടം എന്നീ വാക്കുകളുടെ പര്യായം തന്നെ ആണോ ഈ പ്രേമവും.

What is the difference between like and love???

സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഒറിയേന്റേഷൻ ക്ലാസ്സ് എടുക്കാൻ വന്ന ഒരു അദ്ധ്യാപകൻ ചോദിച്ചപ്പോഴാണ് ഇങ്ങനെ ഒരു വ്യത്യാസത്തിനെ പറ്റിയൊക്കെ ഗൗരവമായി ആലോചിച്ചത്.

ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു.

Like is get and forget.
Love is give and forgive.

ഈ ക്ലീഷേ പ്രസ്താവന അന്നൊക്കെ വലിയ എന്തോ സംഭവമായി ഓർത്തു വെച്ചതാണ്. വിശദീകരണങ്ങൾ കൊണ്ട് വേർതിരിച്ചെടുക്കാവുന്നതാണോ ഇതെല്ലാമെന്നുള്ള സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.

നിങ്ങളോടെനിക്ക് ഇഷ്ടം മാത്രമേ ഉള്ളൂ, പ്രേമമില്ല എന്ന് പറഞ്ഞപ്പോൾ തിരുത്തിയത് നിങ്ങളാണ്. എത്ര തന്നെ തിരുത്തിയിട്ടും, ആലോചിച്ചിട്ടും ഇഴ പിരിച്ചെടുക്കാൻ പറ്റാത്ത ഒരു ചരടുണ്ട് നമുക്കിടയിലെന്നു പിന്നെയും കുറേകഴിഞ്ഞാണ് ഞാൻ തിരിച്ചറിഞ്ഞത്.

ജന്മാന്തരങ്ങളുടെ ഏതോ കൂട്ടിൽ വെച്ച് നാം തമ്മിൽ പരസ്പരം കണ്ടിട്ടുണ്ട്. കോടമഞ്ഞ് പുതച്ച താഴ്‌വാരങ്ങളിൽ കൈകോർത്ത് നടന്നിട്ടുണ്ട്. കടൽക്കാറ്റ് വീശുന്ന വൈകുന്നേരങ്ങളിൽ കടും ചുവപ്പ് നിറമണിഞ്ഞ സൂര്യനെ സാക്ഷിയാക്കി കണ്ണിൽ കണ്ണിൽ നോക്കിയിരുന്നിട്ടുണ്ട്. കടുത്ത വേനലിനിടയിൽ കുളിര് പകർന്ന മഴകളൊക്കെയും ഒരുമിച്ച് നനഞ്ഞിട്ടുണ്ട്. ഒരേ പോലെ ഇഷ്ടമുള്ള അനുപല്ലവികളിൽ തുടങ്ങി പല്ലവിയിലേക്ക് എത്തുന്ന ഈരടികൾ മൂളി നടന്നിട്ടുണ്ട്. മുൻപേ കേട്ട ഒരു പാട്ടിൻ്റെ ഈണമോ വരികളോ ഓർത്തെടുക്കാൻ ശ്രമിച്ചു ജയിച്ചും തോറ്റുമിരുന്നിട്ടുണ്ട്. ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ഓർമ്മകളിൽ കുടുങ്ങി, കാണാമറയത്തായി പോകുന്ന മനുഷ്യരെയോർത്ത് ആധി പിടിച്ച് നിന്നിട്ടുണ്ട്.

അന്നും ഞാൻ നട്ടാൽ മുളക്കാത്ത ഫിലോസഫി വിളമ്പി നിങ്ങളെ ബോറടിപ്പിച്ചിട്ടുണ്ടാവും. അതിസമർത്ഥമായ വാക്കുകൾ കൊണ്ടെന്നെ ഉത്തരം മുട്ടിക്കുമ്പോൾ, ഒന്നും രണ്ടും പറഞ്ഞു അടി വെച്ചിട്ടുണ്ടാവും. ഞാനെന്നൊരാൾ ഉള്ളത് പോലും ഗൗനിക്കാതെ പിണങ്ങിപോകുമ്പോൾ ഇനിയെന്നോട് ഒരിക്കലും മിണ്ടുകേ ഇല്ലേന്നു കണ്ണ് നിറച്ചു ഞാൻ പിന്നാലെ വന്നിട്ടുണ്ടാവും. പിണങ്ങിയത് എൻ്റെ കുഴപ്പം കൊണ്ടല്ലേന്നു സമാധാനിപ്പിച്ചു നിങ്ങൾ തിരിച്ചു വന്നിട്ടുണ്ടാകും. ചൊറിയൻ ചേമ്പിൻ്റെ കണക്കുള്ള നിങ്ങളെ സ്വഭാവം മാറ്റാനായില്ലേന്നു പിന്നെയും ഞാൻ കെറുവിക്കുമ്പോ ഇണങ്ങാൻ വേണ്ടി മാത്രം പിന്നെയും പിണങ്ങിയിട്ടുണ്ടാവും.

നിറയെ മരങ്ങളും ഇടവഴികളും കാട്ടു പൂക്കളും ഒക്കെയുള്ള ഒരു ഗ്രാമത്തിൽ വീട് കെട്ടിയാവും നമ്മൾ താമസിച്ചിട്ടുണ്ടാവുക. മുന്തിരിവള്ളികളും മാതളനാരങ്ങയും തളിർക്കുന്നതിന് പകരം ചാമ്പങ്ങയോ പേരക്കയോ പൂവിടുന്നത് കണ്ട് സന്തോഷിച്ചിട്ടുണ്ടാവും. ഒരുമിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹം പങ്കു വെച്ചിട്ടുണ്ടാവും.

ഉരുണ്ട ഈ ഭൂമിയിൽ ഇനിയുമിനിയും കണ്ട് മുട്ടാമെന്നു പറഞ്ഞു പിരിഞ്ഞു പോയതാകുമോ നമ്മൾ. അറിയില്ല. എന്നത്തെയും പോലെ സഞ്ചി നിറയെ ചോദ്യങ്ങളും നിറച്ചാണല്ലോ നിൻ്റെ വരവെന്നോർത്ത് ഇത് വായിക്കുമ്പോ നിങ്ങൾ ചിരിക്കുമായിരിക്കും. കണ്ണുകൾ ചുരുങ്ങി കവിളിൻ്റെ വശങ്ങളിൽ ചുഴി വരുത്തുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിരി. ഹൃദയത്തിൽ നന്മ നിറഞ്ഞവർക്ക് മാത്രം സ്വന്തമായുള്ള ചിരി.

പുനർജ്ജനിയുടെ ഈ പുതിയ കൂട്ടിൽ എന്നെ നിങ്ങളൊരിക്കലും തിരിച്ചറിഞ്ഞില്ല എന്നൊരു സങ്കടം തികട്ടി വരുന്നുണ്ട്. പ്രണയിക്കപ്പെടുക എന്ന സങ്കീർണതയിലേക്ക് നടന്നടുക്കുവാൻ കഴിയാത്ത ഭീരുവാണു ഞാനിപ്പോൾ. ഒരായിരം ചിന്തകൾ ഉള്ളിലൊതുക്കി പുറമെ ശാന്തത നടിക്കുന്ന കടലായി ഞാൻ മാറുന്ന നേരങ്ങളിൽ എന്നിൽ നിന്നും ആയിരം കാതങ്ങൾ അകലെ നിവർന്നു കിടക്കുന്ന ആകാശമാകുന്നു നിങ്ങൾ. അകലെ നിന്നും നോക്കുമ്പോൾ കൈ കോർത്ത് പിടിക്കുമെന്നു തോന്നിപ്പിക്കുന്ന, ഒരിക്കലും ഒന്നിക്കാത്ത കടലും ആകാശവും.

വിശാലമായ ഈ ലോകത്തിൻ്റെ ഏതെങ്കിലും കോണിൽ വെച്ച് കണ്ടു മുട്ടിയാൽ വിരിച്ചു പിടിച്ച നിങ്ങളുടെ കൈകൾക്കുള്ളിൽ ഹൃദയം ചേർത്തു അമർന്നു നിൽക്കണമെന്ന ആഗ്രഹം മനസ്സ് നിറക്കുന്നുണ്ട്. നിറഞ്ഞു തൂവുന്ന സ്നേഹത്തിൻ്റെ ഗന്ധം ആഞ്ഞു ശ്വസിക്കാൻ, ജൻമാന്തരങ്ങളുടെ ഏതു കൂട്ടിൽ വെച്ചാണ് പരസ്പരം അറിഞ്ഞിരുന്നതെന്നു ഓർത്തെടുക്കാൻ, കടലും ആകാശവുമായി പിന്നെയും വേർപിരിയാൻ.

എന്ത് തന്നെ ആയിരുന്നാലും പ്രിയപ്പെട്ട മനുഷ്യാ നിങ്ങളെ ഒരിക്കലും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പെയ്തൊഴിയാത്ത മഴയായി, എന്നും പൂത്തു നിൽക്കുന്ന വസന്തമായി നിങ്ങളെന്നിൽ അലിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പത്മരാജൻ പറഞ്ഞതു പോലെ ഓർമ്മിക്കാൻ നമുക്കിടയിൽ ഒന്നുമില്ലെങ്കിലും മറക്കാതിരിക്കാൻ തക്ക എന്തോ ഒന്ന് തീർച്ചയായും ഉണ്ട്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ താമസിക്കുന്നു.ആലുവ സ്വദേശിയാണ്. എഴുത്തിലും വായനയിലും താൽപ്പര്യം. ജില്ലയിൽ തന്നെയുള്ള ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപിക ആയി സേവനം അനുഷ്ഠിക്കുന്നു.